മാണിക്കം മടങ്ങി വരുമോ?

ബുച്ചിബൂബൂ  നോവൽ – അദ്ധ്യായം 22
മാണിക്കത്തിന്  ഇപ്പോഴുമൊന്നും  മനസ്സിലാകുന്നുണ്ടായിരുന്നില്ല.  ഇടയ്ക്കിടെ  ഓരോ  ജീവികള്‍  ആ ഗുഹയ്ക്കുള്ളില്‍ വന്നു പോകുന്നുണ്ട്. തന്നെ തൊടുന്നുണ്ട്. വിരലുകളില്‍ കടിക്കുന്നുണ്ട്. പേടിച്ചു കരയുമ്പോള്‍ ഒരു പുകമറയിലെന്നോണം അവ മറഞ്ഞു പോകുന്നു.ഗുഹക്കകത്തു തന്നെയുള്ള  തോണിയുടെ ആകൃതിയിലുള്ള ഒരു കുഴിയിലാണ് തന്നെ കിടത്തിയിരിക്കുന്നത്. ഭയന്ന് മൂത്രമൊഴിക്കുന്നതും മലം പോവുന്നതുമെല്ലാം ആ കുഴിയിലേക്കാണ്. പട്ടിണി മൂലം താന്‍ ചാവുമ്പോള്‍ ഇതേ കുഴിയിലിട്ടാവും മൂടുക. കാട്ടില്‍ നിന്നും മൃതപ്രായരായ മൃഗങ്ങളെ കൊണ്ട് വന്നു ചന്ത ദിവസം വരെ  ഇതുപോലെ വെള്ളം മാത്രം കൊടുത്തിടുന്നത് അവന്‍ ഓര്‍ത്തു. പച്ച വേട്ടയിറച്ചിക്ക് നല്ല വില കിട്ടും.  
തന്നെയിവിടെ കെട്ടിയിട്ടിട്ടുള്ള ആ മനുഷ്യന്‍ ശരിക്കും മുത്തശ്ശികഥകളില്‍ കേട്ടിട്ടുള്ള കാര്‍മേഘത്തെപോലെ തന്നെയുണ്ട്. കാട് നശിക്കാറാവുമ്പോള്‍ കാര്‍മേഘം വരും എന്ന  ചൊല്ല് സത്യമാണോ? ഗ്രാമത്തിലെ ഓരോ വേട്ടക്കാരനും അപകടത്തിലാണ്. അവന്‍ വീണ്ടുമൊന്നു കുതറി. കെട്ട് മുറുകിയിടത്തു ചോര കല്ലിച്ച് നീര് വച്ചിരുന്നു. വേദനയില്‍ അവന്‍ അലറി. മൂന്നു കാലുള്ള ആ കുറുക്കന്‍ തലയുയര്‍ത്തി ഒന്ന് നോക്കിയിട്ട് അവന്റെ മയക്കത്തിലേക്ക് തിരിച്ചു പോയി.
 
ദിവസങ്ങളോളമുള്ള പട്ടിണി അവന്റെ  ചിന്തകളെ സ്വാധീനിച്ചു തുടങ്ങി.  ഗുഹയുടെ നിലത്തു ആവി പൊന്തുന്ന ചൂട് ചോറിനരികില്‍ അമ്മയെ അവന്‍ കണ്ടു. താന്‍ വലിയൊരു കടുവയെയോ കാട്ടുപോത്തിനെയോ പിടിച്ചു കൊണ്ടുവരും എന്ന് സ്വപ്നം കണ്ടിരിക്കുന്ന അച്ഛനെ അവന്‍ കണ്ടു. ഗ്രാമത്തിലുള്ള പലരെയും അവന്‍ കണ്ടു. വൈത്തിയര്‍ അവന്റെ കാതില്‍ വന്നു പറഞ്ഞു, “കാട് തിരിച്ചുപദ്രവിച്ചു  തുടങ്ങുമ്പോള്‍ സഹിക്കാനാവില്ല.” അവന്‍ മയക്കത്തില്‍ നിന്നും പണിപ്പെട്ടുണര്‍ന്നു. കണ്ണ് വലിച്ചു തുറന്നു ചുറ്റും നോക്കി. അയാള്‍ തന്റെയരികിലുണ്ട്. നട്ടെല്ലിനു മുകളിലൂടെ  ആ കത്തി  അയാള്‍ ഓടിക്കുകയാണ്. പെട്ടന്ന് കൈയ്യിലെയും കാലിലെയും കെട്ടുകളയാള്‍ അറുത്തു. കൈയ്യിലേക്ക് ചോര കുതിച്ചൊഴുകുന്നത് അവനു അറിയാനായി. ആയിരം സൂചികള്‍ കുത്തുമ്പോഴുണ്ടാകുന്ന വേദന! അവനു ബോധം നശിച്ചു.  ഒരു വശത്തേക്ക് ചരിഞ്ഞു.
ബോധം തിരിച്ചു വരുമ്പോള്‍ അവന്‍ ആ ഗുഹയില്‍ ഒറ്റയ്ക്കായിരുന്നു.  ആ കുറുക്കന്‍ പോലുമില്ല. അവന്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. കാലിലിപ്പോഴും ചെറുതായി തരിപ്പുണ്ട്. ഒരറ്റത്ത് ഒരു പാത്രമിരിപ്പുണ്ട്. അവന്‍ അതിന്റെയടുത്തെക്ക് ഇഴഞ്ഞു നീങ്ങി.  കഷ്ട്ടിച്ച് തൊണ്ട നനക്കാനുള്ള വെള്ളമുണ്ട്. ആര്‍ത്തിയോടെ അവന്‍ അതെടുത്തു കുടിച്ചു. വെള്ളത്തിനു ചെറിയ പഴക്കവും കയ്പ്പുമുണ്ടായിരുന്നു. അവന്‍ ചുറ്റും നോക്കി. ഇത്രയും ദിവസം ഈ ഗുഹയിലുണ്ടായിരുന്നിട്ടും  ആ കുഴിയില്‍ നിന്നും പുറത്തു വരാനായിട്ടില്ല. വലിയ ഗുഹയാണ്. ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടന്ന് ഇവിടെ നിന്നും പുറത്തു കടക്കണം. അവന്‍ ചുമരില്‍ താങ്ങി പതുക്കെ നടക്കാന്‍ ശ്രമിച്ചു. വേച്ചു വീഴുന്നു. ഇനി ഇങ്ങനെയൊരു അവസരം കിട്ടിയെന്നു വരില്ല. ആ കുറുക്കന്‍ എവിടെപ്പോയി? തലയ്ക്ക് ഭാരം കുറയുന്ന പോലെ. അവന്റെ കാല്‍ തണുത്ത എന്തിലോ ചെന്ന് തട്ടി. അതനങ്ങുന്നു. വലിയൊരു പാമ്പ്!  ഗുഹയില്‍ മറ്റാരുമില്ലാതത്തിന്റെ കാരണം അവനു മനസ്സിലായി: ഈ പാമ്പ് തനിക്കു കാവല്‍ കിടക്കുകയാണ്!
അവന്‍ നിലത്തിരുന്നു. ഇതിനകത്ത് മുഴുവന്‍ ആ കുറുക്കന്റെയും ചീഞ്ഞ ഇറച്ചിയുടെയും മണമാണ്. തനിക്കു കാവലായി എല്ലാ സമയവും ഏതെങ്കിലും മൃഗമുണ്ടായിരിക്കും. അയാള്‍ ഈ മൃഗങ്ങളോട് എങ്ങിനെയോ സംസാരിക്കുന്നുണ്ട്. അയാള്‍ മുരളുന്നതൊക്കെ അവ അനുസരിക്കുന്നുണ്ട്. കാര്‍മേഘത്തിനും അങ്ങിനെയുള്ള കഴിവുകളുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കുറുക്കനെപ്പോലെ നടക്കാനും പരുന്തിനെപ്പോലെ ഇരപിടിക്കാനും കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. തന്നെ ഈ ഗുഹയില്‍  തടവിലിട്ടിരിക്കുന്നയാള്‍  വൈത്തിയരുടെ പൂമുഖത്തു തൂക്കിയിട്ടിരിക്കുന്ന വലിയ ചിത്രത്തിന് ജീവന്‍ വച്ചത് പോലെയുണ്ട്.
ചെറുപ്പം മുതല്‍ മുത്തശ്ശികള്‍ പറഞ്ഞു തന്നിട്ടുള്ള കഥകളില്‍ കാട് നശിച്ചു ഗ്രാമത്തിലുള്ളവരുടെ അഹങ്കാരത്തിനു അവസാനമുണ്ടാക്കാന്‍,കറുംകൂന്തലിയമ്മ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുമെന്നും ഇക്കാണുന്ന വേട്ടക്കാരുടെ ഗ്രാമം ഇല്ലാതാകുമെന്നുമാണ്. പക്ഷെ തനിക്കു പ്രത്യക്ഷപ്പെടുന്നത് കാര്‍മേഘമാണ്. കുറച്ചു നാള്‍ മുന്ന് ചേരന് പ്രത്യക്ഷപ്പെട്ടതും കാര്‍മേഘം തന്നെ. അതിനേക്കാള്‍ ശക്തിയുള്ള ആത്മാവാണ് കറുംകൂന്തലിയമ്മയുടേത്. ഗ്രാമത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനാണ് കാര്‍മേഘം എത്തിയിരിക്കുന്നത്.  നട്ടെല്ലിലൂടെ ഒരു വിറയല്‍ ഇറങ്ങുന്ന പോലെ അവനു തോന്നി. കാല്‍മുട്ടുകള്‍ നെഞ്ചോടടുപ്പിച്ച് അവന്‍ അയാളുടെ അടുത്ത വരവും കാത്തിരുന്നു.
പിറ്റേന്ന് മൂക്കില്‍ കുറുക്കന്റെ മണമടിച്ചപ്പോഴാണ് മാണിക്കം എഴുന്നേറ്റത്. അതവന്റെ ഉടുപ്പില്‍ കടിച്ചു വലിച്ചു. അവന്‍ പതിയെ എഴുന്നേറ്റു അതിന്‍റെ അടുത്തേക്ക്‌ ചെന്നു. അതവനെ തന്നെ നോക്കിയിരുന്നു. ശാന്തമായ അതിന്‍റെ മഞ്ഞ കണ്ണുകളിലേക്കു നോക്കിയപ്പോൾ അതുവരെ തോന്നിയിരുന്ന ഭയം ഇല്ലാതാവുന്ന പോലെ അവനു തോന്നി.  അത് ഗുഹയുടെ വായില്‍ പോയി നിന്നു. ഉറക്കത്തിലെന്ന വണ്ണം അവന്‍ അതിന്‍റെ പിന്നാലെ നടന്നു. വേച്ച് വേച്ച് അവന്‍ പുറത്തെത്തി. കാട്ടില്‍ വെളിച്ചം വന്നു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഇത് വരെ കാടിന്റെയുള്ളിലെ നിധി അതിലുള്ള മൃഗങ്ങളുടെ ജീവനാണെന്നു മുതിര്‍ന്നവര്‍ പറഞ്ഞതു വിശ്വസിച്ച താനെന്തു വിഡ്ഢിയാണ്. മുകളിലുള്ള മരങ്ങളിലൂടെ സ്വര്‍ണ്ണ നിറമുള്ള പച്ചപ്പരിച്ചിറങ്ങുന്നത് അവന്‍ മയക്കത്തിലെന്ന വണ്ണം നോക്കി നിന്നു. 
എത്ര നേരം അങ്ങിനെ നിന്നെന്നറിഞ്ഞില്ല, ഞെട്ടി ചുറ്റും നോക്കുമ്പോള്‍ ആ കുറുക്കന്‍ അടുത്തില്ല. പക്ഷെ തന്നെ തന്നെ നോക്കി ഒരു ചുവന്ന മലയണ്ണാന്‍! അവന്‍ അതിന്റെയടുത്തെക്ക് നീങ്ങി. അതനങ്ങാതെ നിന്നു. അതിനടുത്തിരുന്നപ്പോള്‍ പോലും അതോടി മാറിയില്ല. അവനെയൊന്നു പാളി നോക്കിയതിനു ശേഷം അടുത്തു കണ്ട മരത്തിലേക്ക് ഓടിക്കയറി.ഒരു തളിരില കരണ്ട് തുടങ്ങി. എന്ത് ഭംഗിയാണതിന്! തവിട്ടും കറുപ്പും ചുമപ്പും കലര്‍ന്ന നിറം. പഞ്ഞിക്കെട്ടു പോലെയുള്ള നീണ്ട വാല്‍ അവന്‍ ഇടയ്ക്കിടയ്ക്ക് ഇളക്കി. വേട്ട പഠിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ എത്രയെണ്ണതിനെ കൊന്നിട്ടുണ്ട്! ഇറച്ചിക്ക് വേണ്ടി മാത്രമായിരുന്നില്ല കൂടുതലും. തന്‍റെ തോളില്‍ ഒരു ചരടില്‍ തൂങ്ങി കിടക്കുന്ന അതിന്‍റെ ശവത്തെ കാണുമ്പോള്‍ സമപ്രായക്കാര്‍ ആദരവോടെയും മുതിര്‍ന്നവര്‍ പ്രതീക്ഷയോടെയും തരുന്ന നോട്ടങ്ങള്‍ക്കും പ്രശംസകള്‍ക്ക് വേണ്ടിയായിരുന്നു. ഒരു പക്ഷെ അതേ  പ്രശംസക്കുവേണ്ടി ആഗ്രഹിച്ചു അന്ന് വെറുതെ ഒറ്റയ്ക്ക് വേട്ടക്കിറങ്ങിയിരുന്നില്ലെങ്കില്‍ തനിക്ക് ഇന്നീ ഗതി വരില്ലായിരുന്നു.
ഇരുട്ട് വീണ് തുടങ്ങിയിരുന്നു. അവനു പേടിയായിത്തുടങ്ങി. ഇത് വരെ കൊന്ന മൃഗങ്ങളുടെ ആത്മാക്കള്‍ തന്‍റെ ചുറ്റുമുള്ളതായി അവനു തോന്നി. അവര്‍ തന്നെ വേട്ടയാടാന്‍ തുടങ്ങും. അവന്‍ വേച്ച് നടക്കാന്‍ ശ്രമിച്ചു. ഇരുട്ടില്‍ കല്ലുകളിലും വേരുകളിലും തടഞ്ഞു പലയിടങ്ങളില്‍ വീണു.  ഇനി നടക്കാനാവില്ല എന്നായപ്പോള്‍ വരുന്നത് വരട്ടെ എന്ന് കരുതി ഒരു മരത്തില്‍ ചാരിയിരുന്നു. 
ചീവീടുകളുടെ കരച്ചില്‍ ഉച്ചത്തിലായിരുന്നു. ഇരുട്ടിലൂടെ എന്തൊക്കെയോ ശബ്ദങ്ങള്‍ അവന്റെ ചെവിയിലെത്തി. എന്തൊക്കെയോ,ആരൊക്കെയോ  തന്‍റെ ഓരോ അനക്കങ്ങളും ശ്രദ്ധിക്കുന്ന പോലെ! അകലെ നിന്നും അരുവിയുടെ നേര്‍ത്ത ശബ്ദം അവന്‍ കേട്ടു. കിഴക്കോട്ടേക്കാണ് നടക്കേണ്ടത്‌. അരുവിക്കരികിലൂടെ നടന്നാല്‍ ഗ്രാമത്തിലെത്താം. ഉറങ്ങിപ്പോയാല്‍ അപകടമാണ്. ഗുഹയില്‍ നിന്നൊരു വിധത്തില്‍ രക്ഷപ്പെട്ട താന്‍ ഏതെങ്കിലും മൃഗത്തിന്‍റെ ഭക്ഷണമാവാന്‍ ഒരു നിമിഷത്തെ പിഴവ് മതി. പക്ഷെ അവനു സ്വയം രക്ഷിക്കാന്‍ മരത്തില്‍ കയറാനുള്ള ശക്തിയുണ്ടായിരുന്നില്ല. ഉറങ്ങിപ്പോവാതിരിക്കാന്‍ അവന്‍ പ്രിയപ്പെട്ടവരേ ഓര്‍ത്തു. ചെറുപ്പം മുതല്‍ അറിയാവുന്ന പാട്ടുകളും കഥകളും പിറുപിറുത്തുകൊണ്ടിരുന്നു. പതുക്കെ അവന്‍ ഉറക്കമായി. അവന്‍റെ ജീവന് കാവലായി ഏതാനും കീരികളും പന്നികളും പൊന്തകള്‍ക്കുള്ളില്‍ പതുങ്ങിയിരുന്നു.
മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം കണ്ണില്‍ തൊട്ടപ്പോഴാണ് അവന്‍ ഉണര്‍ന്നത്. ക്ഷീണം കാരണം അവന്‍ കുറച്ചു കൂടി നേരം അവിടെ തന്നെ കിടന്നു. അവനു വിശക്കുന്നുണ്ടായിരുന്നു. മരത്തില്‍ താങ്ങി അവന്‍ എഴുന്നേറ്റു. കാല്‍ വണ്ണയിലും കൈ വണ്ണയിലും നീര് വച്ചിട്ടുണ്ടായിരുന്നു. അവന്‍ നടക്കാന്‍ നന്നേ ബുദ്ധിമുട്ടി. രാത്രി കേട്ട അരുവിയുടെ ശബ്ദം നേര്‍ത്തിരുന്നു. അവന്‍ അതിനു നേരെ നടന്നു. കാട് നിശ്ശബ്ദമായിരുന്നു. വേട്ടക്കാര്‍ ആരുമില്ല. എന്നാല്‍ തന്നെ ആരോ ശ്രദ്ധിക്കുന്നതായി അവനു തോന്നി. കാര്‍മേഘം തന്നെ പിന്തുടരുന്നുണ്ടോ? കഴിയുന്നത്ര വേഗത്തില്‍ എന്തിയും വലിഞ്ഞും അവന്‍ നടന്നു.
അരുവിയുടെ ശബ്ദം കൂടി വന്നു. പാറക്കെട്ടുകളിലൂടെ കുതിച്ചൊഴുകുകയാണ്. അവന്‍ ഒഴുക്കു കുറഞ്ഞ ഒരിടത്തിറങ്ങി. ഓടുന്ന വെള്ളം അവന്റെ പുകയുന്ന കാലുകള്‍ക്ക് ആശ്വാസമായിരുന്നു. കുനിഞ്ഞു മുഖം കഴുകി നിവർന്നപ്പോഴാണ് അവന്‍ അപ്പുറത്തെ കടവില്‍ ഒരു പാറയില്‍ ആരോ ഇരിക്കുന്നത് കണ്ടത്. ചെറിയ കോടയുള്ളതുകൊണ്ട് ആരെന്നു മുഖം വ്യക്തമല്ല. ചുവന്ന ചേലയാണ്. ഗ്രാമത്തില്‍ നിന്നും വേട്ടക്കാര്‍ പോലും അക്കരെ കൂട്ടമായെ പോവാറുള്ളൂ. മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നത് കൊണ്ട് അവിടെ കൂടുതല്‍ ഇരുട്ടാണ്‌. പണ്ട്, ഗ്രാമത്തിലുള്ളവര്‍ താമസിക്കാന്‍ ഒരിടത്തിനായി അലഞ്ഞു ഈ വഴി വന്നപ്പോള്‍ ഇവിടെ വസിച്ചിരുന്ന കറും കൂന്തലി ആണ് അവര്‍ക്ക് വീടുകളുണ്ടാക്കാന്‍ ഇക്കരെയുള്ള കുറച്ചു കാട് തെളിക്കാന്‍ അനുമതി കൊടുത്തത്.അങ്ങിനെയാണ് കാട്ടിലെ പെരും വേട്ടക്കാരി ഗ്രാമത്തിന്റെ അമ്മയായത്. ഗ്രാമത്തിലെ പെണ്ണുങ്ങള്‍ കാട് കയറാറില്ല. നാടോടികളാവാനാണ് സാധ്യത. 
പെട്ടന്ന് അവളിരുന്ന പാറയനങ്ങി. അതൊരു പോത്താണന്ന് അവന്‍ അപ്പോഴാണ്‌ കണ്ടത്. അവനിതുവരെ കണ്ടതില്‍ ഏറ്റവും വലിയ കാട്ടുപോത്ത്! അതിന്‍റെ പുറത്തു അവളിരുന്നു. ചുവന്ന ചേലയും കറുത്തു നീണ്ട മുടിയും കല്ലുകൊണ്ടും പൂക്കള്‍കൊണ്ടുമുള്ള അലങ്കാരങ്ങളും കൈയ്യിലെ വില്ലും! കറുംകൂന്തലിയമ്മ ! അനങ്ങാനാവാതെ അവന്‍ അവിടെ നിന്നു. പോത്തും വേട്ടക്കാരിയും കാട്ടില്‍ മറഞ്ഞു.
കുറേ നേരം കഴിഞ്ഞാണ് അവനൊന്നനങ്ങാന്‍ കഴിഞ്ഞത്. ഒരു വിധത്തില്‍ കരയ്ക്ക്‌ കയറി അവന്‍ ചുറ്റും നോക്കി. തനിക്കു തോന്നിയതാവുമോ? കാടിന് കാവലാളുകളാണ് അവര്‍ രണ്ടു പേരും. കാട് നശിക്കുമ്പോള്‍ മനുഷ്യരോട് കണക്കു ചോദിക്കാന്‍ അവര്‍ തിരിച്ചു വരും എന്നാണു ഐതീഹ്യം. മുത്തശ്ശിക്കഥകള്‍ എന്ന് കരുതി കളിയാക്കിയിരുന്നതൊക്കെ സത്യമാവുകയാണോ? അതോ വിശപ്പ്‌ തന്‍റെ ചിന്തകളുമായി കളിക്കുന്നതാണോ?
അരുവിക്കരികില്‍ ഒരു വലിയ മാവ് നില്‍ക്കുന്നുണ്ട്. അതിനു ചുവട്ടില്‍ കുറച്ചു പഴങ്ങളും. അവന്‍ ഒന്ന് രണ്ടെണ്ണം ആര്‍ത്തിയോടെ കടിച്ചു വലിച്ചു. മാമ്പഴത്തിന് ഇത്രയും മധുരം ഇതുവരെ തോന്നിയിട്ടില്ല. വിശപ്പ്‌ ഒരു വിധം ശമിച്ചപ്പോള്‍ അവന്‍ ആ മാവിന്‍ ചുവട്ടില്‍ കിടന്നു..
അവിടെ ധാരാളമായി വളര്‍ന്നു നില്‍ക്കുന്ന ആനപ്പുല്ലുകള്‍ക്കിടയില്‍ എന്തോ അനക്കം കേട്ട് അവന്‍ ഞെട്ടിയെഴുന്നേറ്റു. കാര്‍മേഘം ആയിരിക്കുമോ? അവന്‍ ശ്രദ്ധിച്ചു. എന്തോ ചിറകിട്ടടിക്കുന്ന ശബ്ദമാണ്. അവന്‍ പതുക്കെ അവിടേക്ക് നീങ്ങി പുല്ലുകൾ പകുത്തു നോക്കി. ഒരു കുളക്കോഴിയാണ്. വേട്ടക്കാര്‍ ഇട്ടിരുന്ന കെണികള്‍ക്കിടയില്‍ പെട്ടതാണ്. അതിന്‍റെ പിടച്ചില്‍ കണ്ടപ്പോള്‍ അവന്‍ ഒന്ന് വിറച്ചു. കുറച്ചു ദിവസം കെട്ടുകളില്‍ നിന്ന് മോചിതനാവാന്‍ താനും ഇതേപോലെ ശ്രമിച്ചത് അവന്‍ ഓര്‍ത്തു. അതിനെ പിടിച്ചാല്‍ ഗ്രാമത്തില്‍ കൊണ്ട് പോകാം. കാട്ടില്‍ കാണാതായതിന്റെ നാണക്കേട്‌ കുറച്ചു ശമിക്കും. അവന്‍ പതുക്കെ കെണിയുടെ അടുത്തെത്തി. മേലുടുപ്പഴിച്ചു കോഴിയുടെ തലവഴിയിട്ടു മുറുക്കിപ്പിടിച്ചു. ബലം പ്രയോഗിച്ചു പല്ലുകള്‍ തുറന്നു. കെണി മാറ്റിയിട്ടു. “സൂക്ഷിക്കണം. ഞാനിനി ഇക്കാട്ടിലെത്തുമ്പോള്‍ ഒരു പക്ഷെ ഇതേ കരുണ കാട്ടിയെന്ന് വരില്ല.” ആരോടെന്നില്ലാതെ പിറുപിറുത്തു അവന്‍ ഗ്രാമത്തിനു നേരെയുള്ള ദിശയില്‍  നടന്നു 
പൊ ന്തക്കാടുകള്‍ക്കിടയില്‍ മറഞ്ഞിരുന്നു താമ പതുക്കെ ചിരിച്ചു. പാറ എന്ന ആ കാട്ടുപോത്ത് കണ്ട കാര്യങ്ങള്‍ കാട്ടില്‍ പറയാന്‍ അരുവിക്ക്‌ കുറുകെ നടന്നു.
 
അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 2​3 :  അഗിലന്റെ മുന്നിൽ
ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.