പെൻഡുലം

തെരുവിൽ
പൊളിയാറായ
ഇരുനിലക്കെട്ടിടത്തിനു പിൻവശം
കാറ്റ് വീശാത്ത നേരത്ത്
ഇമവെട്ടാതെ
ഒരിലയങ്ങനെ
പൊഴിഞ്ഞു
അനാദിയായ കുടുസ്സുവഴിയിൽ.

അതിന്
ഏറ്റവും ഇഷ്ടമുള്ള
ഇളംപച്ചക്കുപ്പായം
കാലിനറ്റംവരെ
പുതപ്പിച്ച് കൊടുത്ത്
വളരെ പതിഞ്ഞ ഒച്ചയിലൊടുക്കം
ഉമ്മ വെച്ച് പിൻവലിഞ്ഞു,
പത്തുനാഴിക തുടർന്ന
ഇടിവെട്ടിൻ പഞ്ചാരിമേളം.

തെരുവിൽ
ഒറ്റയ്ക്ക്
മണ്ണിൽ കിടന്നത്
വെന്തു ചൂടിൽ
അനന്തം.

ആളുകൾ
കരിയിലകൾ
ഇരുട്ടിൽ പൊങ്ങും പൊന്തകൾ.
തലങ്ങും വിലങ്ങും
നടന്നും ഇരുന്നും
പറന്നു, മോടിയും കിതച്ചും
ചവിട്ടിമെതിച്ചതിനെ.

കാറ്റ്
ചട്ടുകവും
ഭൂമി
വറചട്ടിയുമായി.

ഒഴുകിപ്പരന്നു
നെഞ്ചോളം
തിളച്ചു,
വെയിലെണ്ണയതിൽ.

തിക്കിത്തിരക്കി
മരക്കൂട്ടങ്ങൾ കടന്ന്
ചില്ലകളിൽ ചാടിച്ചാടി
കുട്ടിക്കരണം മറഞ്ഞ്
കന്നിമഴ നൂണിട്ടു മറഞ്ഞ
ആകാശച്ചുഴിയിൽ നിന്ന്
വട്ടംകറങ്ങി വീണു ഇല,
തെരുവിന്റെ സ്വർഗവാതുക്കൽ.

പിന്നെയും
പൊഴിയുമിലകൾ
വീഴുമൊച്ച
മിനുട്ടുകൾ
സെക്കന്റുകൾ
നിശബ്ദതയിലെ
ടിക്
ടിക്.

അതിരാവിലെ
ഇലകളെല്ലാം
പൊഴിച്ച മരം
ആകാശഭിത്തിയിലെ
നിലച്ചുപോയ നാഴികമണി.

വിളർത്തതും
മെലിഞ്ഞതുമായ
സൂചികൾ പോലെ
പന്ത്രണ്ടിലും
ആറിലുമായി
നീണ്ടുനിവർന്നു കിടന്നു
മരം.

സെക്കന്റുകളുടെ
നിമിഷങ്ങളുടെ
മണിക്കൂറുകളുടെ
ചില്ലയിൽ
കുരുങ്ങിക്കിടന്നു
കരിയിലക്കുരുവികൾ
ഒന്ന്, രണ്ട്
മൂന്ന്, നാല്… എന്നിങ്ങനെ
അക്കങ്ങളാണവയുടെ
നിഴല്.

അവസാനമായ്
രാത്രിയിൽ
നേർത്ത് നേർത്തത്
തെരുവിൻ മീതെ
കാറ്റത്ത്
ഹൃദയാകൃതിയിൽ
ഇലയൊരു പെൻഡുലമായ്
ടിക്
ടിക് എന്ന്
കുറുകുമൊച്ച.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു