ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 24
കട്ടിലിനരികില്‍ അഗിലന്‍ ചുറ്റിപ്പറ്റി നിന്നു. അയാളാരാണെന്നോ എന്തിനാണീ മഴയുള്ള രാത്രിയില്‍ ഇവിടെ വന്നെന്നോ അറിയില്ല. അയാള്‍ അവന്റെ നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി. പകരം ഉണങ്ങിയവ ധരിപ്പിച്ചു. കട്ടിലിനടുത്തേക്ക് നെരിപ്പോട് നീക്കി വച്ചു. അവനടുത്തു തന്നെ ചുരുണ്ട് കൂടി. അയാള്‍ക്കുറക്കം വരുന്നുണ്ടായിരുന്നില്ല. പകല്‍ മൂടല്‍ പോലെ ചുറ്റുമുള്ളത് കാണാമെങ്കിലും രാത്രിയായാല്‍ പൂര്‍ണ്ണമായും അന്ധനാണ്. ശബ്ദം കൊണ്ട് മാത്രമേ ആള്‍ക്കാരെ തിര്‍ച്ചറിയാന്‍ കഴിയൂ. പുറത്തു കാറ്റ് വീശുന്നതിന്റെയും ഇടി വെട്ടുന്നതിന്റെയും ശബ്ദങ്ങള്‍ കാതോര്‍ത്തു അയാള്‍ നേരം വെളുക്കാന്‍ കാത്തു കിടന്നു.
ഇടക്കെപ്പോഴോ മാണിക്കം ഞരങ്ങി. അഗിലന്‍ അവനെ തൊട്ടു നോക്കി. പൊള്ളുന്ന പോലെ പനിയുണ്ട്. ഇവിടെയെങ്ങാനും കിടന്നു ചത്തു പോയാല്‍ പിന്നെ അതിന്റെ വിഷമവും ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടി വരും. അയാള്‍ അവനു കാവലിരുന്നു.
നേരം വെളുക്കുന്നതിനു മുന്‍പേ അഗിലന്‍ ഇറങ്ങി. പരിചയമുള്ള നാട്ടു വഴികളിലൂടെ വടിയും തട്ടി തന്‍റെ വഴികാട്ടിയായ വയസന്‍ പട്ടിയുടെ കൂടെ വേഗം നടന്നു. വൈത്തിയരുടെ വീടെത്തിയപ്പോഴേക്കും അയാള്‍ മഴ കഴിഞ്ഞുള്ള കുളിരിലും വിയര്‍ത്തു കുളിച്ചിരുന്നു.
‘പെരിയോരെ’, അയാള്‍ വെപ്രാളത്തില്‍ വിളിച്ചു.
താമ കയറി വരുന്നുണ്ടായിരുന്നു, ”അഗിലണ്ണാ! എന്താ ഇവിടെ വെളുക്കുമ്പോഴേക്കും?” അവര്‍ സംസാരിച്ചു നില്‍ക്കുമ്പോഴേക്കും കതിരും വൈത്തിയരും മരുന്ന് പെട്ടിയുമായി ഇറങ്ങി വന്നു. അഗിലന്‍ തന്‍റെ പട്ടികള്‍ക്ക് വയ്യാതായാല്‍ മാത്രമേ അങ്ങോട്ട് വരാറുള്ളൂ. അവന്റെ മുഖത്തെ വെപ്രാളം കണ്ടപ്പോള്‍ വൈത്തിയര്‍ ഒന്ന് നിന്നു “എന്ത് പറ്റി? നീ പോയി ഇവന് കുടിക്കാന്‍ കുറച്ചു വെള്ളം കൊടുക്ക്” അയാള്‍ താമയോടായി പറഞ്ഞു.
“ഇന്നലെ രാത്രി പട്ടികള്‍ക്ക് തീറ്റ കൊടുത്തു തിരിച്ചു വരുമ്പോള്‍ ഒരാളെ കിട്ടി. വീട്ടു പടിക്കല്‍ ബോധം കേട്ട് കിടക്കുകയായിരുന്നു. ഇത് വരെ എഴുന്നേറ്റിട്ടില്ല. ഞാനൊരു വിധത്തില്‍ നേരം വെളുത്ത ഉടനെ ഇങ്ങോട്ടോടിയതാ.”
താമയും കതിരും പരസ്പരം നോക്കി. “നീ മുക്കിയനോട് അഗിലന്റെ വീട്ടിലേക്കു വരാന്‍ പറയ്. ഇങ്ങനെയുള്ള സംഭവങ്ങള്‍ മുക്കിയനെ അറിയിക്കേണ്ടതുണ്ട്.” പെരിയോര്‍ കതിരിനോടായി പറഞ്ഞു. താമയെയും കൂട്ടി അദ്ദേഹം അഗിലന്റെ വീട്ടിലേക്കു നടന്നു. അവരെത്തുമ്പോള്‍ പട്ടികള്‍ കുര തുടങ്ങിയിരുന്നു.” അയാളെ അകത്തു കിടത്തിയിട്ടുണ്ട്” അഗിലന്‍ അവക്കുള്ള തീറ്റ തയ്യാറാക്കാനായി വീടിനു പിന്നിലേക്ക് നടന്നു. അയാള്‍ പോയപ്പോള്‍ താമയെ നോക്കി പെരിയോര്‍ ഒന്നും മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. അവള്‍ സമ്മതഭാവത്തില്‍ തലയാട്ടി.
കട്ടിലില്‍ കിടക്കുന്ന രൂപം മാണിക്കം തന്നെ! അവന്‍ ആകെ ക്ഷീണിച്ചിരുന്നു. അഴുക്കു പുരണ്ട ശരീരം. ഇടയ്ക്കു ഞരങ്ങുന്നുണ്ടായിരുന്നു. അവിട്ടിരുന്ന ഒരു കസേര വലിച്ചു വൈത്തിയര്‍ കട്ടിലിനരികില്‍ ഇരുന്നു. താമ വെള്ളം ചൂടാക്കാനായി അടുക്കളയിലേക് നടന്നു. മരുന്നെല്ലാം എടുത്തു വയ്ക്കുമ്പോഴേക്കും കതിര്‍ തിരിച്ചെത്തി. കൂടെ മുക്കിയനും നെടുമാനും ഉണ്ടായിരുന്നു. “മാണിക്കമാണ്. ബോധമില്ല. കാട്ടില്‍ കുറെ അലയേണ്ടി വന്നുവെന്ന് തോന്നുന്നു.” വൈത്തിയര്‍ പറഞ്ഞു. ഇടിവെട്ടേറ്റട്ടത് പോലെ മുക്കിയന്‍ നിന്നു. കതിര്‍ അയാളെ താങ്ങി കട്ടിലില്‍ ഇരുത്തി, തന്‍റെ മകന്റെ മുഖം മെല്ലെ അയാള്‍ തലോടി.
“ഇപ്പോള്‍ വീട്ടിലേക്കു കൊണ്ട് പോകാമോ?” നെടുമാന്‍ ചോദിച്ചു
“കഷായമായിട്ടുണ്ട്. അത് കുടിപ്പിച്ചു കുറച്ചു നേരം കഴിഞ്ഞാല്‍ കൊണ്ട് പോകാം. നടക്കാനുള്ള ശക്തിയില്ല. പെട്ടന്ന് ഒരു മഞ്ചലുണ്ടാക്കണം.”
കതിര്‍ പെട്ടന്ന് തന്നെ പുറത്തു പോയി അടുത്തുള്ള ഇല്ലിക്കാട്ടില്‍ നിന്നും ബലമുള്ള രണ്ടു വടികള്‍ മുറിച്ചു കൊണ്ട് വന്നു. അവ കുറച്ചകലത്തില്‍ വച്ച് അവിടെയുണ്ടായിരുന്ന കയറുപയോഗിച്ചു കയറ്റുപായ പോലൊന്നുണ്ടാക്കി.”ചെക്കന്‍ പണിയൊക്കെ പഠിച്ചു വരുന്നുണ്ടല്ലോ വൈത്തിയരെ”,നെടുമാന്‍ തന്‍റെ ചുമലില്‍ പുതച്ചിരുന്ന പുതപ്പു അതിനു മുകളിലിട്ടു കയര്‍കൊണ്ട് നാലറ്റവും കെട്ടിയുറപ്പിച്ചു. കഷായം കൊടുത്തതിനു ശേഷം മാണിക്കത്തെ പതുക്കെ അതിലേക്കു കയറ്റി. നാല് പേരും ആ മഞ്ചലുമെടുത്ത് ഇറങ്ങി.
അവര്‍ മുക്കിയന്റെ വീടെത്തുമ്പോഴേക്കും ഗ്രാമത്തിലാകെ മാണിക്കം തിരികെ വന്ന വാര്‍ത്ത പടര്‍ന്നിരുന്നു. മുറ്റം നിറയെ ആള്‍ക്കാരുണ്ടായിരുന്നു. എല്ലാവരും മരണത്തില്‍ നിന്നും തിരിച്ചു വന്നവനെ കാണാന്‍ തിരക്ക് കൂട്ടി. താമ മുന്നില്‍ നടന്നുകൂടി നിന്നവരെ വകഞ്ഞു മാറ്റി. അവര്‍ അവനെ അകത്തെ മുറിയില്‍ കിടത്തി. ”അവനു സുഖമായിട്ടു എല്ലാവർക്കും കാണാം. അത് വരെ അവനെ വിശ്രമിക്കാന്‍ അനുവദിക്കൂ.” താമയുടെ അച്ഛന്‍ എല്ലാവരോടുമായി പറഞ്ഞു. പതുക്കെ ആള്‍ക്കൂട്ടം പിരിഞ്ഞു.
വൈത്തിയരും പിള്ളാരും യാത്ര പറഞ്ഞിറങ്ങി.”അവനെങ്ങിനെയാണ് ഗ്രാമത്തിന്റെ അപ്പുറത്തെ അറ്റത്തെതിയത്? അവനെ അവസാനം കണ്ടത് വച്ച് കണക്കു കൂട്ടിയപ്പോള്‍ അവന്‍ എത്തേണ്ടത് വിളക്ക് വച്ചിരുന്നയിടതല്ലേ?” താമ കടിച്ചു” ഇടയ്ക്കു വച്ച് അരുവി രണ്ടായി പിരിയുന്നുണ്ട്. മാണിക്കത്തിനു ദിശ തെറ്റിയതാവനം. എന്തായാലും അവന്‍ തിരിച്ചു വന്നല്ലോ!”
“ഇനിയെങ്ങിനെയാവും? “താമക്ക് സംശയമായി. മാണിക്കത്തെ അവള്‍ക്കറിയാം. ആരോഗ്യം വീണ്ടെടുത്താല്‍ കാട്ടില്‍ സംഭവിച്ചത്, തന്‍റെ ഭയം, താന്‍ കണ്ടതൊക്കെയും, അവന്‍ പുറത്തു പറയാന്‍ മടിക്കും. മരണമാണ് അവനു മറ്റുള്ളവരുടെ പരിഹാസത്തിലും സ്വീകാര്യം.
വൈത്തിയര്‍ നടക്കുന്നതിനിടയില്‍ പറഞ്ഞു.”അവനെ മരുന്ന് പൊടിക്കുള്ളില്‍ ഉമ്മത്തിന്‍ കാ പൊടിച്ചിട്ടിട്ട്ണ്ട്.. നല്ല ആരോഗ്യമുള്ള ഒരാള്‍ അത് കഴിച്ചാല്‍ വലിയ വ്യത്യാസമുണ്ടാവില്ല. പക്ഷെ അവന്റെ ശരീരത്തിനു സാധാരണയുള്ളത്ര ബലമില്ല. “
“പനിയുടെയും മരുന്നിന്റെയും ഭ്രമത്തില്‍ അവന്‍ കാട്ടില്‍ നടന്നതൊക്കെ സത്യമായി തോന്നും.” കതിര്‍ പൂര്‍ത്തിയാക്കി.
“നാളെ വേട്ടക്കാര്‍ കാട് കയറും” താമ പറഞ്ഞു.
“ആവശ്യത്തിനുള്ളത് ഇവിടെയുണ്ടല്ലോ. മാണിക്കത്തിനു കുറച്ചു കൂടി കഴിഞ്ഞാല്‍ ബോധം തെളിയും. അവന്‍ പറയുന്നതനുസരിച്ചാവും ഇനി കാട് കയറണോ ആത്മാക്കളെ സന്തോഷിപ്പിക്കണോ എന്ന് തീരുമാനിക്കുന്നത്.” താത്തപ്പന്‍ പ്രവചിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള കോലാഹലങ്ങള്‍ കാരണം വൈത്തിയരുടെ വീട്ടില്‍ കുറച്ചധികം പണികളുണ്ടായിരുന്നു. മരുന്ന് കെട്ടുകളുണ്ടാക്കുകയും മരുന്ന് കൂട്ടങ്ങള്‍ തയ്യാറാക്കുകയും ചെയ്തു കഴിഞ്ഞപ്പോഴേക്കും സന്ധ്യയായിരുന്നു. താമ വീട്ടിലേക്കു കയറിയതും എല്ലാവരും അവള്‍ക്ക് ചുറ്റും കൂടി. വിശേഷങ്ങള്‍ അറിഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ അപ്പന്‍ കയറി വന്നു. “നാളെ വേട്ട സംഘം കാട് കയറുകയാണ്. അത്താഴം എടുത്തു വച്ചു കൊള്ളൂ. പുലര്ച്ചയാകുമ്പോഴേക്കും എഴുന്നേല്‍ക്കണം” അയാള്‍ കിണറ്റിന്‍ കരയിലേക്ക് നടന്നു.
കൃഷിയിടത്തില്‍ നിന്നും വിളവു കൊണ്ട് വരാന്‍ വേണ്ടി വീടിനു പുറത്തിരുന്നു കുട്ട നെയ്തുകൊണ്ടിരുന്ന ചേരന്‍ പണികള്‍ നിര്‍ത്തി വച്ച് അകത്തേക്ക് കയറിപ്പോയി. നാളെ അവനും കാട് കയറണമല്ലോ? ഈ വേട്ട എങ്ങിനെയായിരിക്കും എന്നതിനെ ആശ്രയിച്ചാണ് ഇനി എല്ലാം. അവള്‍ മരുന്ന് സഞ്ചി തൂക്കിയിട്ടു. അമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ കൂടി.
“നാളെ വെട്ടസംഘം ഇറങ്ങുന്നുണ്ട്” നീയെല്ലാവരോടും ജാഗ്രതയോടെ ഇരിക്കാന്‍ പറയണം. വിശപ്പിനുള്ളത് മാത്രമേ അവര്‍ക്ക് കിട്ടാവൂ. മുക്കിയന്‍ വേട്ടക്കുണ്ടാവില്ല. അതുകൊണ്ട് നെടുമാനാണ് സംഘത്തലവന്‍. മാണിക്കം നമുക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയിട്ടുണ്ടാവും. “താത്തപ്പന്‍ പതിയെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പറഞ്ഞു.
“കടുവയെ അറിയിച്ചിട്ടുണ്ട്. മാണിക്കത്തെ കാണാതായിടത്തു നാളെ ആരുമുണ്ടാവില്ല. അവരുന്ടെന്നു പറയപ്പെടുന്നയിടങ്ങളിലും. “ കതിര്‍ എഴുന്നേറ്റു. പുലരും മുന്‍പ് പോയാലേ അവര്‍ക്ക് മുന്‍പേ കട്ടിലെത്താന്‍ പറ്റൂ. നാളെ പുതിയ കളികളാണ്.
അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 25 : നാളെ വേട്ടയാണ്