ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 26
പതിവ് ആഘോഷങ്ങളൊന്നുമില്ലതെയാണ് വേട്ടസംഘം ഗ്രാമത്തിലേക്ക് കയറിയത്. ഇറച്ചിയില്ല, മാനക്കെടില്‍ നിന്നും രക്ഷിക്കാന്‍ കൈയ്യില്‍ ആകെയുള്ളത് ഒരു പീറ കാട്ട് പൂച്ചയുടെ ശവമാണ്. പുഴക്കടവില്‍ നെടുമാന്‍ അതിന്റെ തോലുരിഞ്ഞിരുന്നു. ചോദിക്കുന്നവരുടെ വായടപ്പിക്കാന്‍ അത് പോര. വേട്ടക്കാര്‍ വരുന്നത് കണ്ട് കിണറ്റിന്‍ കരയിലുണ്ടായിരുന്ന സ്ത്രീകള്‍ വലിയ പാത്രങ്ങളില്‍ വെള്ളം കോരി വച്ചു. ശുദ്ധി വരുത്തിയാലേ അവര്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് പോലും കടക്കാന്‍ പറ്റൂ.
ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ ഒരു അസ്വസ്ഥത ചുറ്റും പടര്‍ന്നിരിക്കുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു. വേപ്പിന്‍ ചുവട്ടില്‍ ചൂത് കളികളുടെയും, വൃദ്ധന്മാരുടെയും ബഹളമില്ല. അവിടെയിരിക്കുന്നവര്‍ തന്നെ വളരെ നിശ്ശബ്ദരാന്. ഇനി മാണിക്കത്തിനെന്തെങ്കിലും സംഭവിച്ചിരിക്കുമോ? അയാള്‍ക്ക് ആധിയായി. ഒരു വിധത്തില്‍ കുളിച്ചെന്നു വരുത്തി അയാള്‍ മുക്കിയന്റെ വീട്ടിലേക്ക് ഓടി. അവിടെ ഒരു ആള്‍ക്കൂട്ടം തന്നെയുണ്ട്. ഒരു വിധത്തില്‍ അകത്തു കയറിയപ്പോള്‍ അവിടെ കുടുംബാംഗങ്ങളെല്ലാം ഇരിക്കുന്നുണ്ട്. നടുവില്‍ ഒരു പായില്‍ മാണിക്കം കിടക്കുന്നു. “ഉറങ്ങുകയാണ്.ശല്യപ്പെടുത്തണ്ട.” മുക്കിയന്‍ അയാളെയും കൂട്ടി പുറത്തേക്ക് നടന്നു.
“നാട്ടുകാരെല്ലാം പേടിച്ചിരിക്കയാണ്. മാണിക്കത്തിനു ഇന്ന് ഉച്ചക്കാണ് ബോധം വന്നത്. അപ്പോള്‍ മുതല്‍ അവന്‍ പറയുന്നത് അവനെ തട്ടിക്കൊണ്ടു പോയത് കാര്‍മേഘമാണെന്നാണ്. അവനെ വേട്ട മൃഗത്തെപ്പോലെ കെട്ടിയിട്ടിരുന്നത്രേ. അവന്റെ കാവലിനു ഒരു പെരുംപാമ്പും മൂന്നു കാലുകളുള്ള ഒരു കുറുക്കനുമായിരുന്നെന്നു. അവന്‍ എങ്ങിനെയോ രക്ഷപ്പെട്ടു വന്ന വഴിയില്‍ കറുംകൂന്തലിയമ്മയെയും കണ്ടുവത്രെ!
ഇവിടുത്തെ മുതിര്‍ന്നവരൊക്കെ ഭയന്നിരിക്കുകയാണ്. ഈ ഗ്രാമം നമുക്ക് തരുമ്പോള്‍ കറും കൂന്തലി നമ്മുടെ മുത്തശ്ശന്മാരോട് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് കാട് നശിച്ചു തുടങ്ങുമ്പോള്‍ അവര്‍ തിരികെ വരുമെന്ന്. അന്ന് കാടിനെ രക്ഷിക്കാന്‍ ഈ ഗ്രാമത്തെ ഇല്ലാതാക്കും എന്നാണു അവര്‍ പറഞ്ഞത്. അവന്‍ കൂടെക്കൂടെ അത് തന്നെ പറയുകയായിരുന്നു. അവസാനം വൈത്തിയര്‍ വന്നു കുറച്ചു മരുന്ന് കൊടുത്തപ്പോഴാണ് ഒന്ന് മയങ്ങിയത്.”
“വേട്ട കുറവായിരുന്നു. ആകെ ഒരു കാട്ടു പൂച്ചയെ ആണ് കിട്ടിയത്. ഇപ്രാവശ്യം എന്തോ വിചിത്രമായതു കാട്ടിലുണ്ടെന്നു തോണി. എന്തോ വേട്ടക്കൂട്ടത്തിന്റെ ഓരോ നീക്കവും ശ്രദ്ധിക്കുന്ന പോലെ! കഴിഞ്ഞ വേട്ടയുടെ സംഭവങ്ങള്‍ കാരണമാണെന്ന് തോന്നുന്നു, സംഘത്തിലുള്ളവര്‍ കുറച്ചു ഭയപ്പെട്ടിരുന്നു. ഇനി ഇതും കൂടിയായാല്‍ അവരുടെ പേടി ഇരട്ടിക്കുകയെയുള്ളൂ.” നെടുമാന്‍ ഒച്ച താഴ്ത്തി പറഞ്ഞു.
“മാണിക്കത്തിനു ഭേദമായാല്‍ മണ്ട്രം വിളിക്കേണ്ടി വരും. ഇത് രണ്ടാം തവണയാണ് കാട്ടില്‍ നഷ്ടപ്പെട്ട ഒരാള്‍ തിരിച്ചു വരുന്നത്. രണ്ടു പേര്‍ക്കും കാര്‍മേഘം പ്രത്യക്ഷപ്പെട്ടു എന്നും പറയുന്നു. ചേരനെ മണ്ട്രത്തില്‍ ചോദ്യം ചെയ്തതു പോലെ തന്നെ മാണിക്കത്തെയും ചെയ്യേണ്ടി വരും. ഈ ഗ്രാമത്തിന്റെ നാളേക്ക് അത് ആവശ്യമാണ്. മുതിര്‍ന്നവരെ ഞാന്‍ വിവരമറിയിക്കാം.” നെടുമാന്‍ പറഞ്ഞു നിര്‍ത്തി.
കാര്യങ്ങള്‍ കാടിനനുകൂലമായി ആണ് നീങ്ങുന്നതെന്ന് പെരിയോര്‍ക്ക് തോന്നി. ചേരന്റെ അനുഭവം സത്യമെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. കാട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ ബോധപൂര്‍വമല്ലെങ്കിലും കാര്‍മേഘത്തെ കണ്ടു എന്ന വിശ്വാസത്തിന്റെ വിത്ത് പാകാന്‍ കഴിഞ്ഞത് തങ്ങളുടെ ജോലി എളുപ്പമാക്കിയിരിക്കുന്നു. ഇപ്പോള്‍ മാണിക്കത്തിന്റെ തിരച്ചു വരവും ജല്‍പ്പനങ്ങളും അവരുടെ വിശ്വാസങ്ങളുടെ ഏറ്റവും മറക്കപ്പെട്ട അധ്യായങ്ങളാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് ശേഷം പലരും കറുംകൂന്തലിയെയും കാര്‍മേഘത്തെയും സ്വപ്നത്തില്‍ കണ്ടെന്നു വരെ അവകാശപ്പെടുന്നു. ഗ്രാമത്തില്‍ ഭയം വേരുറപ്പിച്ചു തുടങ്ങിയിരിക്കുന്നു.
താമ മാണിക്കത്തിന്റെ വീട്ടില്‍ തലേന്ന് വൈകിട്ട് പോയിരുന്നു. അവന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഗ്രാമത്തിലെ പെണ്ണുങ്ങള്‍ എല്ലാവരും ആകെ ഭയപ്പെട്ടിരിക്കുകയാണ്. കുടുംബത്തിലെ ആണുങ്ങളുടെ വേട്ടയെയും അവര്‍ കൊണ്ട് വരുന്ന മുതലുകളെയും കുറിച്ച് പരസ്പരം വീമ്പു പറയാന്‍ മത്സരിക്കുന്നവര്‍, കാട്ടില്‍ പോയവര്‍ തിരിച്ചു വരാന്‍ പ്രാര്‍ഥിക്കുകയാണ്. അടുത്ത പടി അവരാണ്. കറും കൂന്തലിയും കാര്‍മേഘവും അവരുടെയും ഉറക്കം കെടുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമായി.
അന്ന്, വളരെ നാളുകള്‍ക്കു ശേഷം വൈത്തിയര്‍ കാട്ടിലേക്കിറങ്ങി. വേട്ടക്കാരില്ലാത്തത്തിന്റെ ശാന്തത അവിടെങ്ങും അനുഭവപ്പെട്ടു. തന്‍റെ ചെറുപ്പത്തില്‍ വേട്ടയ്ക്കല്ലെങ്കിലും ഈ ശാന്തത അനുഭവിക്കാന്‍ വേണ്ടി മാത്രം ഈ കാടിനുള്ളിലേക്ക് വന്നിരുന്നത് അയാളോര്‍ത്തു. അവരുടെ ക്രൂരതകള്‍ കാട് മറന്നു തുടങ്ങിയിരിക്കുന്നു. പുതിയ ജീവന്‍ എങ്ങും പടര്‍ന്നു തുടങ്ങി. വേട്ടക്കാര്‍ മരങ്ങള്‍ക്ക് മീതെ വെട്ടിയിട്ട പാടുകള്‍ പോലും പായല്‍ മൂടി മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇടയ്ക്കു തീറ്റ തേടി ഇറങ്ങിയ ചില മൃഗങ്ങളെ കണ്ടു. നിറം മാറുന്നവരെ ഭയക്കാതെ അവരുടെ കാട്ടില്‍ ജീവിക്കാനും തീറ്റ തേടാനും കാട്ടു നീതികള്‍ക്കനുസരിച്ച് ഇരയാക്കാനും പെരുകാനും അവര്‍ മറന്നു തുടങ്ങിയ ജീവിത രീതികള്‍ അവര്‍ക്ക് തിരികെ ലഭിക്കും. സമാധാനത്തില്‍ വേട്ടക്കാരനും ഇരയും വംശമറ്റു പോകാതെയിരിക്കും .
കടുവയുടെ ഗുഹക്കുള്ളിലാണ് ഇപ്പോള്‍ എല്ലാവരും കണ്ടു മുട്ടുക. ഇപ്പോൾ അവരെ പിന്തുണക്കുന്നവരാണ് കാട്ടില്‍ കൂടുതല്‍ പേരും. നിറം മാറുന്നവര്‍ക്ക് ഇര കിട്ടാതായാല്‍ അവരീ കാടിനുള്ളിലേക്ക് വരുന്നത് കുറയും. ഈ കാട്ടില്‍ സമാധാനമുണ്ടാകും എന്നുള്ള കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലായിതുടങ്ങിയിരുന്നു. ചെറിയവരുടെ കൂടെകൂടാനും തങ്ങളുടെ അധികാരങ്ങള്‍ നഷ്ടപ്പെടുത്താനും ഇഷ്ടമില്ലാത്ത കുറച്ചു വലിയവര്‍ മാത്രം ഇപ്പോഴും പ്രത്യക്ഷത്തില്‍ അകന്നു നിന്നു. എന്നാല്‍ പോലും കാവല്ക്കൂട്ടങ്ങള്‍ കാട് തോറും കൈമാറുന്ന സന്ദേശങ്ങളെ അവരും അനുസരിച്ച് തുടങ്ങിയിരുന്നു. തങ്ങള്‍ കൂടുതല്‍ സുരക്ഷിതരായി തുടങ്ങി എന്ന് കാടിനുള്ളിലുള്ളവര്‍ക്ക് തോന്നി തുടങ്ങിയിരുന്നെങ്കിലും മൃഗങ്ങള്‍ ഇപ്പോഴും ശ്രദ്ധലുക്കളായി തന്നെ തുടരുന്നു. ചെറിയ ഒരു പിഴ മാത്രം മതി ഇത് വരെ പ്രയത്നിച്ചു നേടിയത് മുഴുവന്‍ ഇല്ലാതാവാന്‍ എന്ന് ബുച്ചിയും ബൂബുവും കടുവയും കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ബുച്ചിയും കൂട്ടരും ഇപ്പോള്‍ കാടിന്‍റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്തു മൃഗങ്ങളെ കൂടെ കൂട്ടുകയാണ്. പുഴയുടെ അക്കരെ കാട് ഇടതൂര്‍ന്നു നില്‍ക്കുന്ന ഇടമായതുകൊണ്ട് വേട്ട സംഘങ്ങള്‍ കാട്ടു പോത്തിനെയോ പന്നികളെയോ കരടിയെയോ വേട്ടയാടാന്‍ മാത്രമാണ് അവിടെ പോകാറുള്ളത്. അവിടുള്ളവരും കാട്ടു കൂട്ടങ്ങളും മറ്റും വേറെയായിട്ടാണ് കൂടാറുള്ളത്. പക്ഷെ കാട്ട്കാവല്‍ ഒരുമിച്ചായത്തില്‍ പിന്നെ ജോലി കുറച്ചു കൂടി എളുപ്പമാണ്. അവര്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ കൂടെ കൂടിയിരുന്നു. അവിടെ വലിയവര്‍ ചെറിയവര്‍ എന്നുള്ള വഴക്കുകള്‍ ഇല്ലാതതൂകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമായിരുന്നു. വേട്ടസംഘത്തിന് ഇപ്രാവശ്യം ഇക്കരെ നിന്നും ഒന്നും കിട്ടാത്തതുകൊണ്ട് അടുത്ത തവണ അക്കെരെ പോകാനാണ് സാധ്യത. കതിര്‍ വന്നപ്പോള്‍ അവിടെ പോയി പെരിയ പോത്തിനോടും പന്നിക്കൂട്ടങ്ങലോടും സംസാരിച്ചിരുന്ന കാര്യങ്ങള്‍ അവര്‍ അങ്ങിനെ തന്നെ ചെയ്തിരുന്നു. ഇവിടുള്ളവര്‍ കതിരിനെ സംശയിച്ചിരുന്നത്ര അവിടെയില്ല.
അവിടിവിടെ വിരിഞ്ഞു തുടങ്ങിയ കാട്ടുപൂക്കളുടെ മണം കാറ്റില്‍ വരുന്നുണ്ടായിരുന്നു. കാട് മാറുകയാണ്. അവിടുള്ളവരുടെ ഭയം ഇല്ലാതാകും തോറും കാട് വളര്‍ന്നു തുടങ്ങുന്നത് ബുച്ചിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 27 : ഗ്രാമം കാക്കുന്ന ആത്മാക്കള്‍ ചതിക്കുന്നുവോ