ഓർമ്മയിലുണ്ട്
കൗമാരകാലത്ത്
ആദ്യമായി വൈകീട്ട്
ആറരയുടെ ബസ്സിന്
ചങ്ങായിയുടെ വീട്ടിൽ
കോതാമൂരിയാട്ടം കൂടാൻ
തനിച്ചുപോയത്.
ബസ്സിറങ്ങി
ഏതോ പറമ്പിലെ
മുൾവേലി കടന്നു
കിളിക്കൂവലിൽ കാതുപൊത്തി.
ഏറ്റവും വലിയ ഇലയില്ലാ –
മരച്ചോട്ടിലിരുന്നണച്ചു.
നേർവഴിതെറ്റി
കണ്ടിടങ്ങളിലൂടെ നടന്നു പോകവേ
ക്രമേണ അതൊരു ഓട്ടമായി
വരണ്ട തൊണ്ടയിൽ കിതപ്പായി
പൊട്ടിവന്ന കരച്ചിലിനെ അടക്കി.
അകലെ കണ്ടു,
കുത്തിക്കെടുത്തിയാലും
കെട്ടുപോകാത്ത
ചിമ്മിനിയടുപ്പുള്ള വീട്.
ബീഡിയും വലിച്ച്
അണഞ്ഞ പുകയൂതും
ചൂട്ടുമായി നിൽക്കുന്നു
സ്വപ്നത്തിലിന്നലെ കണ്ട കാർന്നോരെപ്പോലെ.
ആ വീട്ടിലേക്ക് പോകണം
ആദ്യമായി.
രണ്ട് കണ്ടം കടന്നു
തോടിന് കുറുകെയിട്ട തെങ്ങിൻ ഒറ്റത്തടിപ്പാലം ചാടിക്കടന്ന്
വിറച്ചുകടന്നക്കരേയ്ക്ക്.
കുന്നിറങ്ങിയപ്പോൾ
മുന്നിലാരോ നടക്കുമ്പോലെ
ഒരുൾവിളി കാറ്റൂതുന്നു ചെവിയിൽ,
‘വരേണ്ടായിര്ന്നു…’
അടുത്തെത്തുന്തോറും
വീടകലുന്നു
ഒഴുകിപ്പോകുന്ന ആകാശം
ഉമ്മറപ്പടിയിലെ അസ്പൃശ്യത
ചിതലരിച്ച മേൽക്കൂരയുടെ
അപഭ്രംശം
പണ്ടെങ്ങോ നിലച്ച പുഴയുടെ
കുത്തൊഴുക്കിന്നൊച്ച,
കാണാമറയത്ത്.
തിരിച്ചൊഴുകാത്ത
വഴിപിരിഞ്ഞ ഭൂമിയിൽ നിന്ന്
ഉപ്പുകാറ്റ് പറത്തിക്കൊണ്ടുപോകുന്നു
കാലടിയിലെ മണ്ണ്.
ആദ്യമായി പേടി വന്നു
കൗമാരമെന്ന് ഓർമ വന്നു .
പിന്നെയും നടന്നപ്പോൾ
കൗമാരം കഴിയാറായി.
മറ്റാരോ നിവർത്തിയിട്ട
ചിക്കുപായ പോലെ
മൊസൈക് ചെയ്ത
ഫോട്ടോ ഓർമ്മിപ്പിച്ച്
കണ്മുന്നിൽ നീണ്ടുനിവർന്ന് കിടന്നു
അറ്റമില്ലാത്ത കണ്ടങ്ങൾ.
വിരണ്ട് തിരിച്ചോടി
മുന്നിൽ മറ്റൊരു തോട്
ചാലിട്ടുകീറിയ പുതുവഴിയിൽ
ഇളകി വന്ന് കലിതുള്ളി നിൽക്കുന്നു
ഒരുഗ്രൻ കലക്കൻ വെള്ളം.
നീന്തിക്കടന്നന്ന് രാത്രി
സ്വപ്നത്തിൽ
ആകാശത്ത് നിന്നാരോ
താഴ്ത്തിയിട്ട
ആത്മഹത്യാക്കുരുക്കു മാതിരി
ചുറതെറ്റിപ്പിണഞ്ഞ് നീണ്ടു വന്നു
അറ്റത്തു ചുഴിയുള്ള കൈത്തോട്.
യൗവനകാലത്ത് ബസ്സിറങ്ങി
പുറപ്പെട്ടയിടത്ത് തന്നെ.
വഴിയിൽ കൈകൊട്ടി
വിളിക്കുന്നു, ആരോ.
ഇടത്തോട്ട് നട
വലത്തോട്ടോട്
മോളിലോട്ട് കേറ്
താഴേക്ക് ചാട്
തിരിച്ചു പോ .
നേരംപുലർന്നപ്പോൾ
പുറംതിരിഞ്ഞു നിൽക്കുന്നു
തേടിയിറങ്ങിയ ചങ്ങായിയുടെ
അതേ വീട്.
നരച്ചകൂന്തലിൽ തെളിഞ്ഞു കാണാം
തലയിലാണിയടിച്ചതുമാതിരി
ചിമ്മിനിക്കുഴലിനറ്റം.