മേഘത്തെ പ്രണയിച്ച പെൺകുട്ടി

കാറ്റിനോടൊപ്പം
പറന്നെത്തിയ
മേഘം വന്നു
പ്രണയത്താൽ
പാതിയും മൂടി
യാത്ര പറയാതെ
വിദൂരതയിൽ
മാഞ്ഞു പോയപ്പോഴാണ്
അഗാധമായ ഒരു
കടൽച്ചുഴിയിലേക്കു
അവൾ
മുങ്ങിപ്പോയത്.

തിരകൾക്കിടയിലെ നീരാളിക്കൈകളിൽ നിന്നും
നീന്തിപ്പിടഞ്ഞു കരകയറിയ
അവൾക്കു മീതെ
പിന്നെ ആകാശമേ
ഇല്ലായിരുന്നു.

സ്മൃതികളിലെ
ജലമൗനത്തിൽ
ആകാശം കടലായും
മേഘം ചുഴിയായും
വീണ്ടും വന്നു
വീർപ്പു മുട്ടിച്ചപ്പോൾ
കാറ്റ്‌ മാത്രം
അവളെ ചേർത്തണച്ചു
കാതിൽ
മന്ത്രിച്ചു

മേഘത്തെ പ്രണയിച്ച
പെൺകുട്ടീ
ഇന്നുമുതൽ
ഞാനാണ്
ഋതുഭേദങ്ങളിൽ
വാടാതെ പൂക്കുന്ന
നിന്നിലെ
ഉന്മത്തവസന്തത്തിന്റെ
കൂട്ടുകാരൻ.
നീയാണെന്റെ
പ്രാണൻ പകുത്ത
നിത്യപ്രണയിനി.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.