ചരിത്രത്തിന്റെ സിൽക്കു നൂലിഴകളാൽ നിർമ്മിക്കപ്പെട്ട ഒരിടം

“ഇതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എഴുത്തുകാരന്റെ പേരിലുള്ള സ്ട്രീറ്റ്” എറിക്ക പറഞ്ഞു. “ചിങ്ക്ഹിസ് സ്ട്രീറ്റ്, ഞങ്ങൾ കിർഗുകളുടെ അഭിമാനമായ കഥാകാരൻ ചിങ്ക്ഹിസ് ഐത്മറ്റോവവിന്റെ (Chinghiz Aitmatov) പേരിലുള്ള പാത”. വാഹനത്തിന്റെ ഒച്ച കൊണ്ട് എനിക്ക് എറിക്കയുടെ ഒച്ച വ്യക്തമായില്ല. ഞാൻ ഫോൺ അവൾക്ക് കൊടുത്തു. എറിക്ക പേര് ടൈപ്പ് ചെയ്തു കാണിച്ചു. ചിങ്ക്ഹിസ് ഐത്മറ്റോവ്. ആളെ കണ്ടപ്പോൾ ഞാൻ പറഞ്ഞു, “ഓ, ഞാൻ ഇദ്ദേഹത്തിന്റെ ജാമില (Jamila) വായിച്ചിട്ടുണ്ട്”

12, ഡിസംബർ 1928- ലാണ് ഐത്മറ്റോവിന്റെ ജനനം. കിർഗിസ് പൗരനായ ഐത്മറ്റോവിന്റെ പിതാവ്, ടോറെക്‌ളോവിക് കമ്യൂണിസ്റ് പാർട്ടി ഭാരവാഹിയും അമ്മ നജിമ ഐത്മടോവ് സോവിയറ്റ് സിസ്റ്റത്തിന്റെ ഭാഗമായി വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. കുടുബത്തിനൊപ്പം ശേഖർ എന്ന കിർഗിസ് ഗ്രാമത്തിൽ നിന്നും റഷ്യയിലേക്ക് കുടിയേറിയ ഐത്മറ്റോവിന്റെ പിതാവ് 1937-ൽ സ്റ്റാലിന്റെ വിരോധത്തിന് പാത്രമായി. അതോടെ ബൂർഷ്വാമുതലാളിത്തത്തിന്റെ വക്താവെന്നും രാജ്യവിരുദ്ധനെന്നും ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 1938- ൽ 137 കിർഗിസ് ബുദ്ധിജീവികൾക്കൊപ്പം ഫയറിംഗ് സ്ക്വാഡ് കൊലപ്പെടുത്തി. ഈ 138 പേരുടെയും മൃതദേഹങ്ങൾ ബിഷ്ക്കെക്ക് പട്ടണത്തിൽ നിന്നും ഇരുപത്തിയഞ്ചു കിലോമീറ്റർ അകലെയുള്ള ചോങ് റ്റാഷ് ഗ്രാമത്തിൽ അടക്കം ചെയ്തു. പിതാവിന്റെ രക്തസാക്ഷിത്വത്തിനുശേഷം ഐത്മറ്റോവിന്റെ മാതാവ് മക്കളുമായി റഷ്യയിൽനിന്നും തങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചു പോകുമ്പോൾ ഐത്മറ്റോവിന് ഒൻപത് വയസായിരുന്നു പ്രായം. ഒരു ഒറ്റുകാരന്റെ കുടുംബമെന്ന നിലയിൽ അവരെ ചുറ്റുമുള്ളവർ കണ്ടു.

രണ്ടാം ലോകയുദ്ധകാലത്ത് സ്‌കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം ജില്ലാ ഭരണകൂടത്തിൽ ജോലിചെയ്യാൻ നിർബന്ധിതനായി. യുദ്ധാനന്തരം സ്‌കൂൾ പഠനം പുനരാരംഭിച്ച ഐത്മറ്റോവ് കാർഷിക കോളേജിൽ ചേർന്നു. മാക്സിം ഗോർക്കി ഇൻസ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചറിൽ രണ്ടു വർഷത്തെ യുവഎഴുത്തുകാർക്കുള്ള പഠനം പൂർത്തിയാക്കി. ഇക്കാലത്ത് അദ്ദേഹം നിരവധി കഥകൾ എഴുതി.1958-ൽ യഥാർത്ഥജീവിതത്തിലേക്ക് വേരൂന്നിയ പ്രമേയത്തെ അധികരിച്ച്, ജാമില എന്ന ആദ്യ നോവെല്ല എഴുതി. ബിരുദ പഠനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ നോവെല്ലയെഴുതിയത്. വിവാഹിതയായ ജാമില യുദ്ധത്തിൽ പരിക്കേറ്റ ഒരു സൈനികനെ പ്രണയിക്കുന്നതും സൈനികനായ അവളുടെ ഭർത്താവ് തിരിച്ച് ഗ്രാമത്തിലെത്തുന്നതിനു മുമ്പ് കാമുകനുമൊത്ത് ഒളിച്ചോടുന്നതുമാണ് ലോകശ്രദ്ധയാകർഷിച്ച ഈ നോവെല്ലയുടെ പ്രമേയം. 1959-ൽ പ്രവദയുടെ കിർഗിസ് പ്രതിനിധിയായി ജോലി ആരംഭിച്ചതോടെയാണ് അദ്ദേഹം ഒരു സാഹിത്യകാരനായി മാറിയതെന്നു പറയാം.

“ജാമില രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതായിരുന്നു, ഈ കഥ എഴുതുന്നതിലൂടെ ഞാൻ വീണ്ടും രണ്ടാം ലോകമഹായുദ്ധകാലത്തേക്ക് തിരിച്ചു പോയി, ഒപ്പം എന്റെ വേരുകളിലേക്കും. അതൊരു ഭീകരമായ കാലമായിരുന്നു. എത്രപേരുടെ ജീവനാണ് നഷ്ടമായത്. അതിഭയങ്കരമായിരുന്ന മഞ്ഞുകാലവും പട്ടിണിയും മറ്റെല്ലാ കഷ്ടപ്പാടുകളും ഒപ്പമെത്തി. ഈ ജീവിതാവസ്ഥ എന്റെ ജന്മഭൂമിയുടെ സംസ്കാരത്തെയും ജീവിതരീതികളെയും ധാർമ്മികതയെയും പ്രതികൂലമായി ബാധിച്ചു. ഞങ്ങൾ ഓരോ നിമിഷവും കടുത്ത പരീക്ഷണങ്ങൾക്ക് വിധേയരായി.” അദ്ദേഹം രേഖപ്പെടുത്തി.

പിന്നാലെ ഒട്ടേറെ കഥകളും നോവെല്ലകളും. 1980 ൽ ആദ്യ നോവൽ The Day Lasts More than a Hundred Years പുറത്തു വന്നു. അദ്ദേഹത്തിന്റെ കൃതികൾ 176 ഭാഷകളിലേക്ക് ഭാഷാന്തരീകരണം ചെയ്യപ്പെട്ടു. 128 രാജ്യങ്ങളിൽ അവ പ്രസിദ്ധീകരിക്കപ്പെട്ടു. 1985-ലെ ജവഹർലാൽ നെഹ്‌റു പുരസ്കാരം ഉൾപ്പടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നിരവധി അംഗീകാരങ്ങൾ തേടിയെത്തിയ അദ്ദേഹത്തെ നോബൽ പുരസ്കാരത്തിനും പരിഗണിക്കപ്പെട്ടു. അക്കാലത്തെ സോവ്യറ്റ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമായ പല സന്ദർഭങ്ങളും ചിന്തകളും അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളിൽ ഉൾപ്പെട്ടുവെങ്കിലും ഗോർബച്ചേവിനെപോലെയുള്ള സുഹൃത്തുക്കളും പാർട്ടിയിലും പ്രവദയിലും എഴുത്തുകാരുടെ സംഘടനയിലും അദ്ദേഹത്തിനുള്ള സ്വാധീനവും കൊണ്ട് അവ കടുത്ത സെൻസറിങ്ങിൽ നിന്നും രക്ഷപെട്ട് വായനക്കാരിൽ എത്തി.

എന്റെ പേരിലൂടെ വിക്കിപീഡിയയിൽ ഏത്തിയ എറിക്ക പറഞ്ഞു, “ഞാൻ സ്‌കൂളിൽ ഇംഗ്ലീഷാണ് പഠിപ്പിക്കുന്നത്. ടൂറിസ്ററ് ഗൈഡ് എന്ന ജോലി ഇപ്പോൾ സ്‌കൂൾ വെക്കേഷൻ കാലമായതുകൊണ്ട് ചെയ്യുന്നതാണ്. നിങ്ങളുടെ വിക്കി പ്രൊഫൈൽ കണ്ടു, ഇംഗ്ലീഷിലുള്ള ചില കവിതകളും വായിച്ചു. നമുക്കൊരു ഫോട്ടോ എടുക്കണം.”

വഴിക്ക് വച്ചു കണ്ട അലിയോടും അവന്റെ ഗേൾ ഫ്രണ്ടിനോടും എന്നെപ്പറ്റി പറഞ്ഞു, ഫോട്ടോ എടുക്കണമെന്നായി അവരും. “ഈ പാർക്ക് പ്രണയങ്ങളുടെ തുടക്കവും അവയുടെ വസന്തകാലവുമാകുന്നു.” അലിയും പെൺകുട്ടിയും നടന്നുതുടങ്ങിപ്പോൾ എറിക്ക പറഞ്ഞു.

“അപ്പോൾ നിന്റെ കൂട്ടുകാരൻ?”

“ഹേയ്, എനിക്ക് ഇപ്പോൾ സുഹൃത്തുക്കളില്ല. നാലഞ്ചു വർഷം കൂട്ടുകാരനായ ഒരുവനെ, അവന്റെ ശീലങ്ങളും സ്വഭാവവും താങ്ങാൻ കഴിയാതെ വന്നപ്പോൾ, വിവാഹത്തിലേക്ക് പോവാതെ ഞാൻ വിട്ടു. ഇപ്പോൾ ഇത്രയും പാടാണെങ്കിൽ ഒരുമിച്ചെങ്ങനെ”, അവൾ ആത്മഗതപ്പെട്ടു.

ബിഷ്ക്കെക്കിൽ വിനോദസഞ്ചാര മേഖലയിൽ കണ്ടുമുട്ടിയവരിൽ ഏറെയും യുവാക്കളാണ്. അവരിൽ തന്നെ സ്കൂൾ അവധിക്കാലം ആഘോഷിക്കുന്നവരും ചെറുപ്പക്കാരുമായ യുവതികളുടെ എണ്ണം വളരെക്കൂടുതലാണ്. ഈ കുട്ടികളിൽ ഏറെപ്പേരും കിർഗിസ്ഥാൻ വിട്ട് ജർമ്മനിയിലേക്കൊ അമേരിക്കയിലേക്കൊ പോവാൻ ആഗ്രഹിക്കുന്നവരാണ്. ദക്ഷിണകൊറിയയിലേയും മലേഷ്യയിലെയും സർവ്വകലാശാലകളിൽ വിദ്യാഭ്യാസത്തിനായി പോവാൻ ആഗ്രഹിക്കുന്നവരും ഇവർക്കിടയിലുണ്ട്. ദൂരം കണക്കാക്കുമ്പോൾ ടൂർ ഓപ്പറേട്ടറുമാർ കൂടുതൽ പ്രതിഫലം ആവശ്യപ്പെടുന്നതിന്റെ ഒരു കാരണം പ്രദേശവാസികളായ ചെറുപ്പക്കാരെ ഗൈഡുകളായി ഈ യാത്രകളിൽ ഉപയോഗിക്കുന്നതുകൊണ്ട് കൂടിയാവണം.


ബിഷ്ക്കെക്ക് നഗരത്തിൽ നിന്നും ഏകദേശം നാല്പത് കിലോമീറ്റർ അകലെയാണ് ആല- ആർച്ച ദേശീയ ഉദ്യാനം. ഇരുന്നൂറോളം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന, 1976-ൽ സംരക്ഷിത ഉദ്യാനമായി മാറിയ ആല- ആർച്ച ദേശീയോദ്യാനം വിവിധതരത്തിലുള്ള സസ്യങ്ങളുടെയും പക്ഷി,മൃഗാദികളുടെയും വാസസ്ഥലമാണ്. വിവിധ നിറത്തിലും വലിപ്പത്തിലും ഉള്ള ജൂനിപെർ (ചൂരൽച്ചെടി, ഒരുതരം കൃസ്മസ് വൃക്ഷം) ചെടികൾ ഉദ്യാനത്തിലുണ്ട്. “അഞ്ചു നിറങ്ങൾ ഉണ്ടാകും ഒരു ജൂനിപെർ ചെടിയിൽ”, ഇന്നത്തെ ഗൈഡ് നഗ്‌ദ പറയുന്നു. “എല്ലാ ഋതുക്കളെയും ഈ മരം അതിജീവിക്കുന്നു.”

ഞങ്ങൾ ഉദ്യാനത്തിന്റെ കവാടം കടന്ന് ഉള്ളിലേക്ക് നടന്നു. ഇവിടെ വഴി രണ്ടായി പിരിയുന്നു. ഒന്ന്, നടന്നു വന്ന പാതയുടെ തുടർച്ചയാണ്. ടാർ ചെയ്ത ഈ പാത മഴയിൽ തകർന്നു പോകാറുണ്ട്. രണ്ടാമത്തെ പാത കുറച്ചു കടുപ്പമേറിയതാണ്. അതിലൂടെ നടന്നാൽ ഒരു ജലപാതമുണ്ട്. ഒപ്പം രണ്ടു മണിക്കൂർ നടന്നു കയറിയാൽ ദൂരെക്കാണുന്ന പാറയിൽ എത്താം. അതിനെ ബ്രോക്കൺ ഹേർട് (തകർന്ന ഹൃദയം തന്നെ) എന്നാണു വിളിക്കുന്നത്. ഹൃദയാകൃതിയിൽ ഉള്ള ആ പാറയിൽ ഒരു വിള്ളൽ ഉണ്ട്. അവിടെ നിന്ന് നോക്കിയാൽ ഈ ഉദ്യാനത്തിന്റെ പനോരമിക് ദൃശ്യം കാണാം. ഈ വഴി തുടർന്ന് പോയാൽ യാത്ര ദുർഘടമല്ല. വശത്തുള്ള അരുവി കണ്ടുനടക്കാം.”

“എന്റെ കാൽമുട്ടുകൾ ഒരു ട്രെക്കിങ്ങിനു ചേർന്ന അവസ്ഥയിലല്ല. നമുക്ക് സുഗമമായ പാത മതി ”, ഞാൻ പറഞ്ഞു. മുകളിലേക്ക് നടക്കുന്നതിനിടയിൽ അണ്ണാന്റെ ജാതിയിൽ പെട്ട ഒരാളെ കണ്ടു. നഗ്‌ദ കയ്യിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങൾ എനിക്ക് തന്നു. “താങ്കൾ ഈ ഭക്ഷണം കൊടുത്ത് ആ അണ്ണാനെ വശീകരിക്കൂ. ഞാനതിന്റെ ചിത്രം പകർത്താം.” ആദ്യം അപരിചിതത്വം ഭാവിച്ച് അകന്നുനിന്ന അണ്ണാൻ ഭക്ഷണം കണ്ടപ്പോൾ അടുത്തേക്ക് വന്നു. കൈക്കുടന്നയിൽ നിന്നും ധാന്യങ്ങൾ എടുത്ത്, തോട് പൊളിച്ച് തിന്നു തുടങ്ങി. വളരെ ക്ഷമയോടെ, വൃത്തിയായി ആ ചങ്ങാതി ഭക്ഷണം അകത്താക്കുന്നതിന് ഇടയ്ക്ക് അടയ്ക്കാ കുരുവിയോളം പോന്ന ഒരു പക്ഷി പറന്നിറങ്ങി. അത് കൈക്കുള്ളിൽ നിന്നും ധന്യങ്ങൾ കൊത്തിയെടുത്ത് പറന്നു, വീണ്ടും തിരികെ വന്നു. ഇപ്പോൾ തീറ്റമത്സരം അവർ രണ്ടുപേരും മത്സരിച്ചായി. വയറു നിറഞ്ഞപ്പോൾ രണ്ടു പേരും രണ്ടു വഴിക്കായി. ഞങ്ങൾ വീണ്ടും മല കയറിത്തുടങ്ങി.

വന്നിറങ്ങിയ ദിവസം ബിഷ്കെകിൽ താപനില മുപ്പത്തിയാറ് ഡിഗ്രിയായിരുന്നു. ഒരു വിധം ചൂടുണ്ടല്ലോ; എന്ന ആത്മഗതത്തിന് ചൂട് എന്നല്ല ഇളംചൂട് – എന്നാണ് ഈ അവസ്ഥയെ പറയേണ്ടതെന്ന് നഗ്‌ദ. എന്നാൽ വന്നിറങ്ങിയ ദിവസം പോലെയല്ല ഇന്ന്, രാവിലെ ചെറിയ മഴ പെയ്തു. ഒപ്പം നല്ല കുളിരും എത്തി. മല കയറുമ്പോൾ കിതയ്ക്കുന്നതല്ലാതെ വിയർക്കുന്നില്ല. അക്-സായ് മഞ്ഞുപാളികളിൽ ഉരുകി വരുന്ന ഒരു അരുവിയുണ്ട്. പാതയുടെ ഒരു വശത്ത്. നല്ല തെളിഞ്ഞ, തണുത്ത വെള്ളം. ശുദ്ധമായ ജലമാണ് ഇത്. താഴെ വാഹനങ്ങൾ വന്ന് ഈ ജലം കുപ്പികളിൽ നിറച്ചു കൊണ്ടുപോകുന്നു. ഇപ്പോൾ നിങ്ങളുടെ കയ്യിലുള്ള ബോട്ടിൽ ജലം ഈ ആല -ആർച്ച് നദിയിലേതാണ്. ഉത്‌ഭവസ്ഥലത്തുനിന്നും അത് എഴുപത്തിയാറു കിലോമീറ്റർ സഞ്ചരിക്കുന്നു. നിങ്ങൾ അതീവ ഭാഗ്യവാൻ ആണെങ്കിൽ മാത്രം മഞ്ഞിൽ ജീവിക്കുന്ന ഹിമപ്പുലിയുടെ ദർശനം നിങ്ങൾക്ക് സാധ്യമാകും,” ഒരു വലിയ ബോർഡ് കാണിച്ച് നഗ്‌ദ പറഞ്ഞു.
“ആ ഭാഗ്യം ഇല്ലാതിരിക്കട്ടെ” എന്ന് ഞാൻ ചിരിച്ചു.


ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. പതിനാലാം നൂറ്റാണ്ടുവരെ ഏഷ്യമുതൽ മെഡിറ്ററേനിയൻ ഭൂവിഭാഗം വരെ, ചൈന, ഇന്ത്യ, പേർഷ്യ, അറേബ്യാ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൂടെ പടർന്നു കിടന്ന സിൽക്ക് റൂട്ട് അതിശയകരമായ ഒരു പാതയാണ്. ചൈനയിൽ നിന്നുള്ള മേൽത്തരം പട്ട് (സിൽക്ക്) പടിഞ്ഞാറൻ നാടുകളിലേക്ക് കൊണ്ടുപോകാനായി നിർമ്മിക്കപ്പെട്ട പാത. ചൈന പട്ട് വസ്ത്രങ്ങൾ കുറെ വർഷങ്ങൾക്കുമുൻപ് വരെ, ഗൾഫ് പ്രവാസത്തിന്റെ തുടക്കം വരെ, കേരളത്തിൽ പോലും പ്രശസ്തമായിരുന്നല്ലോ. നിർമ്മാണ രഹസ്യങ്ങൾ ഗോപ്യമായി സൂക്ഷിച്ചിരുന്ന ചൈനയായിരുന്നു വിലയേറിയതും മേൽത്തരവുമായ പട്ടിന്റെ കേന്ദ്രം. പിന്നീട് പട്ടിനൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങളും മൃഗങ്ങളും ലോഹവും തടിയും മേൽത്തരം കല്ലുകളും ഈ വിപണനത്തിന് ഭാഗമായി. പട്ടിന്റെ പാത ഒറ്റപ്പെട്ട ഒരു പാതയായിരുന്നില്ല. വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാതകളുടെ ഒരു സമൂഹമായിരുന്നു സിൽക്ക് റൂട്ട്. ആ പാതകൾ ചൈനയെയും മറ്റ് കിഴക്കൻ രാജ്യങ്ങളെയും ബന്ധിപ്പിച്ചു. യൂറോപ്പിനെയും മധ്യപൗരസ്ത്യരാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു. കാലം കടന്നുപോകവേ ഇടയിൽ വിവിധ വിപണന കേന്ദ്രങ്ങൾ ഉണ്ടായി. സംഭരണ കേന്ദ്രങ്ങളും ചുങ്കം പിരിക്കുന്ന ഇടങ്ങളും ഉയർന്നുവന്നു. കുതിരകൾക്കും ഒട്ടകങ്ങൾക്കും വ്യാപാരികൾക്കുമുള്ള വിശ്രമശാലകൾ നിർമ്മിക്കപ്പെട്ടു. പാതകൾ വിവിധ ജലപാതകളുമായി ബന്ധിപ്പിക്കപ്പെട്ടു. പുതിയ ജനപഥങ്ങളും നഗരങ്ങളും സൃഷ്ടിക്കപ്പെട്ടു. സിറിയയിലെയും ഈജിപ്തിലെയും ഇറ്റലിയിലെയും സ്പെയിനിലെയും ജോർജിയയിലെയും പല നഗരങ്ങളും നാഗരികതകളും സംസ്കാരങ്ങളും അങ്ങനെ ഉരുവായതാണെന്നു കരുതപ്പെടുന്നു. ചൈനയിൽ പിന്നീട് വെടിമരുന്നും കടലാസും കണ്ടെത്തപ്പെട്ടതോടെ അവയും പടിഞ്ഞാറൻ നാടുകളിലേക്കുള്ള വ്യാപാരത്തിന്റെ ഭാഗമായി എന്ന് ചരിത്രം പറയുന്നു. ഓട്ടോമൻ സാമ്രാജ്യം ശക്തരാവുകയും അവർ പാശ്ചാത്യരുമായുള്ള വ്യാപാരം തടയുകയും ചെയ്യുന്നതുവരെ ഈ പാതകൾ സജീവമായി തുടർന്നിരുന്നു. പിന്നീട് ജലഗതാഗതം സജീവമായതോടെ സിൽക്ക് റൂട്ടിന്റെ പ്രസക്തി നഷ്ടമായതായി കരുതപ്പെടുന്നു.

സിൽക്ക് റൂട്ടിനെ പറ്റി പറയാൻ കാരണം ബുറാന ടവറാണ്. സിൽക്ക് റൂട്ടിലുള്ള ബുറാന പ്രദേശത്താണ് ബാലസഗുണിലാണ് ബുറാന ടവർ സ്ഥിതി ചെയ്യുന്നത്. ബിഷ്കെക്കിൽ നിന്നും രണ്ടു മണിക്കൂറോളം (80 kms) വളരെ ശാന്തവും പച്ചപ്പ്‌ നിറഞ്ഞതുമായ കുന്നിൻ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ബാലസാഗുണിൽ എത്തിയത്. എന്തുകൊണ്ടാണ് കിർഗിനെ മധ്യേഷ്യയിലെ സ്വിറ്റ്‌സർലന്റ് എന്നുവിളിക്കുന്നത് എന്നതിന്റെ ഉത്തരം ഈ പാതയുടെ രണ്ടു വശങ്ങളും സന്ദർശകരോട് വെളിപ്പെടുത്തുന്നു. ഇരുവശത്തും പച്ചപ്പുനിറഞ്ഞ മൊട്ടക്കുന്നുകൾ, അവയ്ക്കിടയിലൂടെ തെളിനീർ ഒഴുകുന്നു. കുന്നുകളിലെ പച്ചപ്പിലൂടെ സ്വതന്ത്രരായി നടന്നു ഭക്ഷണം കഴിക്കുന്ന പശുക്കളും കുതിരകളും. അവയ്ക്കിടയിലൂടെ ചില സ്ഥലങ്ങളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്നമനുഷ്യർ. സ്ട്രാബെറിയും ചെറിയ ആപ്പിൾ മരത്തോട്ടങ്ങളുമുള്ള ഇടംകൂടിയാണ് ബാലസഗുൺ. ഒരിക്കൽ നാല്പത് മീറ്റർ ഉയരമുണ്ടായിരുന്നു കരുതപ്പെടുന്ന ബുറാന ടവറിന്റെ ഇപ്പോഴത്തെ ഉയരം ഇരുപത്തിയഞ്ചു മീറ്ററാണ്. സിൽക്ക് റൂട്ടിന്റെ ചരിത്രപരവും സാമ്പത്തികപരവുമായ ഓർമ്മകളെ അടക്കം ചെയ്ത ഒരു നിർമ്മിതി എന്ന നിലയിൽ കാണാവുന്നതാണ് ബുറാന ടവർ. ചുറ്റും മലകളാൽ ചുറ്റപ്പെട്ട് , കാണാനാവുന്ന ദൂരത്തോളം പച്ചപ്പ് മാത്രമുള്ള ഒരിടത്താണ് പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകത്തിന്റെ തലയുയർത്തിയുള്ള നിൽപ്പ്. ചുടുകട്ടകൊണ്ടാണ് നിർമ്മാണം. ബുറാന ടവറും അതുമായി ചുറ്റപ്പെട്ട നിർമ്മിതികളും പത്താം നൂറ്റാണ്ടിൽ ചൈന മുതൽ ആരൽ കടൽ വരെയുള്ള മദ്ധേഷ്യയുടെ കിഴക്കേ മേഖലകൾ ഭരിച്ചിരുന്ന കാരാഖിന്ദു (Karakhnids) വംശത്തിന്റെ കാലത്തുണ്ടായതാണ്. ബാലസാഗുൺ ഈ രാജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്നു. മോംഗോൾ അധിനിവേശകരുടെ വരവോടെ നിർത്താൻ പരിശ്രമിക്കുകയും എന്നാൽ പതിനാലാം നൂറ്റാണ്ടിൽ ഈ പ്രദേശം നേരിട്ട ഭൂകമ്പത്തോടെ ഈ നാഗരികത തുടച്ചു മാറ്റപ്പെടുകയും ചെയ്തു.

യൂസൂഫ് ഖാസ് ഹാജിബ് അഥവാ യൂസഫ് ബാലസാഗുനി (Yusuf Khass Hajib / Yusuf Balasugani) ജനിച്ചത് ഈ സ്ഥലത്താണെന്ന് വിശ്വസിക്കപ്പെടുന്നു. Kutadgu Bilig അഥവാ “അനുഗ്രഹീതമായ അറിവ്” എന്നപേരിലുള്ള കാവ്യം യൂസഫ് ബാലസുഗാനി എഴുതുന്നത് തന്റെ അൻപത്തിനാലാം വയസിലാണ്. മുസ്ലിം നവോത്ഥാനകാലത്ത് രചിക്കപ്പെട്ട ആദ്യ പുസ്തകമാണ് Kutadgu Bilig എന്ന് പറയപ്പെടുന്നു. ഒരു വർഷത്തിന് ശേഷം, അന്പത്തിയഞ്ചാം വയസിൽ മരണമടഞ്ഞതായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ സ്മാരകം സ്ഥിതിചെയ്യുന്ന തൈനാപ്, ചൈനയുടെ കിർഗിസ്ഥാൻ അതിർത്തിയിലുള്ള കഷ്ഗർ എന്ന സ്ഥലത്താണ്. ഈ ഓർമ്മസ്ഥലമാവട്ടെ, മാവോയുടെ കാലത്ത് നശിപ്പിക്കപ്പെടുകയും അദ്ദേഹത്തിന്റെ മരണശേഷം പുനർനിർമ്മിക്കപ്പെടുകയും ചെയ്തു.

ബുറാനയിലെ മ്യൂസിയത്തിൽ Yusuf Balasugan യുടെ പുസ്തകത്തിന്റെ പരിഭാഷകളും കാണാൻ കഴിയും. ബുറാന ടവറിനു പിന്നിലുള്ള മനുഷ്യരൂപങ്ങൾ കൊത്തിവച്ച സ്മാരകശിലകൾ സന്ദർശകരെ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകാൻ പര്യാപ്തമായ ഒന്നാണ്. ബാൽബലുകൾ (Balbals) എന്നറിയപ്പെടുന്ന ഈ ഇടം എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രണയത്തിന്റെയും പ്രണയഭംഗങ്ങളുടെയും ശവകുടീരമാവണം. കണ്ണടച്ചു നിന്നാൽ ഉന്മാദിയായ ഒരാളുടെ ചെവിയിൽ ഈ ഭൂമുഖത്തെ തുടച്ചു നീക്കപ്പെട്ട നാഗരികതകളുടെ നേർത്ത തേങ്ങൽ കേൾക്കാൻ ഇടയുണ്ട്. ബാൽബലുകൾ എന്ന വാക്ക് ബാബ എന്ന തുർകിക് വാക്കിൽ നിന്നുമുള്ള രൂപഭേദമെന്നു കരുതപ്പെടുന്നു.

ആറാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ മധ്യേഷ്യയിലും മംഗോളിയൻ സമൂഹങ്ങളിലും തങ്ങളുടെ ഗോത്രങ്ങളിലെ മുതിർന്നവരും പ്രാധാന്യമുള്ളവരുമായ വ്യക്തികളുടെ ഓർമ്മയ്ക്കായി ശവകുടീരങ്ങളിൽ അവരുടെ മുഖംകൊത്തിയ ശിലകൾ സ്ഥാപിച്ചിരുന്നതുവത്രേ. ഈ അടയാളക്കല്ലുകളാണ് ബുറാനയിലെ ബൽബലുകളിൽ ദൃശ്യമാവുന്നത്. ബുറാന ടവറിനുള്ളിലെ ഇരുട്ടിലൂടെ പടികൾ കയറി മുകളിൽ എത്തിയാൽ ചുറ്റുമുള്ള ബാലസഗുൺ ഭൂപ്രദേശം കാണാനാവും. ഒപ്പം താഴെയുള്ള ബൽബലുകളും. ആ ശിലകൾ കിഴക്കോട്ട് ദർശനം സാധ്യമായ നിലയിൽ, പ്രഭാത സൂര്യന് അഭിമുഖമായി നിൽക്കുന്നതായി കാണാം. രാത്രിയുടെ നേർത്ത തണുപ്പിൽ നിന്നും ഇളം വെയിൽ കൊണ്ട് ഒരു ദിവസം ആരംഭിക്കാൻ മരിച്ചവരുടെ ആത്മാവുകൾക്കും അർഹതയുണ്ടെന്ന് പറയുന്നത് പോലെ മനുഷ്യ മുഖം കോറിവച്ച ശിലകൾ. അവയുടെ ശരീരത്തിൽ ആയുധങ്ങളും കൊത്തി വച്ചിരിക്കുന്നു. ഒരു പക്ഷെ അവർ യോദ്ധാക്കളായ വീരന്മാർ ആയിരുന്നിരിക്കണം. ഒപ്പം ചില മനുഷ്യ ശിലാരൂപങ്ങളുടെ കയ്യിൽ ഒരു പാത്രമോ, വീഞ്ഞ് ഗ്ളാസോ കൊത്തിവച്ചിട്ടുണ്ട്. ഒരു പക്ഷെ ജീവിച്ചിരുന്നപ്പോൾ അവർക്കുണ്ടായിരുന്ന വിശപ്പും ദാഹവും മരണാനന്തരവും അവർക്കുണ്ടെന്ന വിശ്വാസത്താൽ ആവണം പാത്രങ്ങളും ഗ്ളാസുകളും ഈ ശിലകളിൽ കൊത്തിയിരിക്കുന്നത്. മൃത്യുവിന്റെയും ഓർമ്മയുടെയും അനിവർചനീയമായ അന്തർധാരകൾ ജീവിച്ചിരിക്കുന്നവർക്ക് അറിയുന്നതിനെക്കാൾ അപ്പുറമാകുമോ ?

ബിഷ്ക്കെക്ക് നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയുള്ള ഒരു മൈതാനമാണ് അല-ടൂ ( Ala-Too) സ്‌ക്വയർ. കിർഗിസ്ഥാൻ എന്ന രാജ്യത്തിൻറെ രാഷ്ട്രീയ ഭൂതകാലത്തെയും അതിന്റെ വർത്തമാനകാല രാഷ്ട്രീയത്തിലെയും വിവിധങ്ങളായ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും പ്രതിരോധസമരങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരിടമാണ് അല-ടൂ സ്‌ക്വയർ. ആഴ്ചാന്ത്യങ്ങളിൽ കുടുംബങ്ങൾ ഒത്തുചേരാൻ എത്തുന്ന ഒരു ഒരിടമാണ് അല-ടൂ സ്‌ക്വയർ. ഈദ് അവധി ദിവസങ്ങൾ ആയതിനാൽ (kurban Ait എന്നാണു കിർഗിസ്ഥാനിൽ ഈദ്-അൽ- അഥ കൊണ്ടാടപ്പെടുന്നത് ) അവിടെ ഒരു വലിയ ആഘോഷം നടക്കുന്നുണ്ടാരുന്നു. രാഷ്ട്രീയ മുന്നേറ്റങ്ങളുടേതായ ഒട്ടേറെ സ്മാരകങ്ങൾ അല-ടൂവിലുണ്ട്. 1984ൽ ഇവിടെ സ്ഥാപിക്കപ്പെട്ട വെങ്കലത്തിൽ നിർമ്മിച്ച പത്തുമീറ്റർ ഉയരവും ഇരുപത് ടൺ ഭാരമുള്ള, തന്റെ വലതു കരം അല-ടൂ മലമുകളിലേക്ക് ചൂണ്ടി നിൽക്കുന്ന ലെനിൻ പ്രതിമ ഏറെ പ്രശസ്തമായിരുന്നു. എന്നാൽ 1991ൽ കിർഗിസ്ഥാൻ, സോവ്യറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ മറ്റ് മുൻ സോവിയറ്റ് സ്റ്റേറ്റുകളെപ്പോലെ കിർഗിസ്ഥാനിലും ലെനിൻ സ്മാരകങ്ങൾ നീക്കംചെയ്യപ്പെട്ടു. എന്നിരുന്നാലും അല-ടൂ സ്‌ക്വയറിലെ ലെനിൻ സ്മാരകത്തിനു മാത്രം 2003-വരെ സ്വസ്ഥാനത്ത് തുടരാനുള്ള ഭാഗ്യം ലഭിച്ചു. 2003-വരെ ലെനിൻ സ്‌ക്വയർ എന്നറിയപ്പെട്ടിരുന്ന മൈതാനം അല-ടൂ സ്‌ക്വയർ എന്ന് പുനർനാമകരണപ്പെടുകയും ഈ സ്‌ക്വയർ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഈ സ്മാരകം അവിടെനിന്നും മാറ്റപ്പെടുകയും ചെയ്തു. തൊട്ടടുത്തുള്ള ഒരു ചത്വരത്തിൽ ഈ പ്രതിമ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ഈ സ്മാരകം സ്ഥിതിചെയ്യുന്നത് ഈ ചത്വരത്തിലാണ്. ഇപ്പോൾ വലതുകരമാവട്ടെ ഇപ്പോൾ കിർഗിസ് പാർലമെന്റ് മന്ദിരത്തിലേക്ക് ചൂണ്ടപ്പെട്ടിരിക്കുന്നു. ലെനിൻ സ്മാരകത്തിന് താഴെ നിൽക്കുമ്പോൾ ഒരു സാധാരണമനുഷ്യനേക്കാൾ പതിന്മടങ്ങ് ചരിത്രപരമായ പ്രാമുഖ്യമുള്ള സഖാവ് ലെനിന്റെ, കമ്യൂണിസത്തിന്റെ ഭാവിയിലേക്ക് ഉറ്റുനോക്കിനിൽക്കുന്ന ആ സ്മാരകത്തിന് മുന്നിൽ നിന്ന് അഭിവാദ്യം അർപ്പിക്കാൻ തോന്നിയതിൽ തെറ്റ് പറയാനാവില്ല. കിർഗിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ ലെനിനുള്ള പ്രാധാന്യം മൂലമാകണം ഒരിക്കൽ പിഴുതു മാറ്റപ്പെട്ട ഈ സ്മാരകം വീണ്ടും പ്രത്യക്ഷപ്പെട്ടതും അത് പുതിയ സ്ഥലത്ത് തുടരുന്നതും.

അല-ടൂ-വിലുള്ള ഏറ്റവും പ്രധാന സ്മാരകം മാനസിന്റേതാണ്. കിർഗിസ്ഥാന്റെ വീരപുരുഷനായ മാനസിന്റെ വീരകഥയാണ് ലോകത്തിൽ എഴുതപ്പെട്ട ഏറ്റവും ഇതിഹാസ കാവ്യമെന്നാണ് കരുതപ്പെടുന്നത്. കഴുത്ത് ആകാശത്തേക്ക് ചരിച്ചാൽ മാത്രം സാദെക്യവ് എന്ന ശിൽപി നിർമ്മിച്ച ഈ ശില്പത്തിലെ, 17 മീറ്റർ ഉയരെയുള്ള അശ്വാരൂഢനായ മാനസിന്റെ മുഖം കാണാനാവും. കിർഗിസ് മ്യൂസിയത്തിന്റെ തൊട്ടു മുന്നിലായാണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട Epic of Manas എന്ന കാവ്യത്തിൽ പ്രതിപാദിക്കുന്ന കഥ മൂന്നുറു വർഷം പഴക്കമുള്ളതാണ്. വായ്മൊഴി വഴക്കത്തിലൂടെ അതിനും ഒട്ടെറെ നൂറ്റാണ്ടുകൾ പ്രചരിക്കപ്പെട്ട ഈ കഥ തുർകിക് ഭാഷ സംസാരിക്കുന്ന മനുഷ്യരും മംഗോളിയരും തമ്മിലുള്ള യുദ്ധത്തിന്റെതാണ്. തലസ്‌ മേഖലയിൽ നിന്നുള്ള മാനസ് എന്ന വീര പുരുഷന്റെയും അദ്ദേഹത്തിന്റെ ഭാര്യ (കന്യേക്), മകൻ (സിമിറ്റി), ചെറുമകൻ (സൈടേക്) എന്നിവരുടെ ജീവിത കഥയിലൂടെ കിർഗിസ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ജീവിത രീതിയെയും പരിചയപ്പെടുത്തുന്നു ഈ ഇതിഹാസം. 1920-ലാണ് ഈ ഗ്രന്ഥം ആദ്യമായി അച്ചടിക്കപ്പെട്ടത്.

മറ്റൊരു സ്മാരകം സൌഹൃദത്തിന്റേതാണ്. കിർഗിസ്ഥാൻ സോവിയറ്റ് യൂണിയനിലേക്ക് ചേർത്തതിന്റെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ടതായി കരുതപ്പെടുന്നു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ സൌഹൃദത്തിന്റെ തെളിവായാണ് ഈ സ്മാരകത്തെ കാണുന്നത്. ഇതോടൊപ്പം തന്നെ രണ്ടാം സ്വാതന്ത്ര്യ സമരം ഉൾപ്പടെയുള്ള വിവിധ കാലങ്ങളിൽ കിർഗിസ്ഥാനിൽ നടന്ന ജനമുന്നേറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും സ്മാരകങ്ങളും ഇവിടെ കാണാനുണ്ട്.

രണ്ടു വൈറ്റ് ഹൌസുകളുണ്ട്, ബിഷ്കെക്കിൽ – സ്റ്റാലിനിസ്റ്റ് കാലത്തെ നിർമ്മാണ രീതി പിന്തുടർന്നു നിർമ്മിക്കപ്പെട്ട പഴയ വൈറ്റ് ഹൌസ്, അല-ടൂവിനടുത്താണ്. 2005ൽ നടന്ന തൂലിപ്പ് വിപ്ലവുമായി ബന്ധപ്പെട്ട അക്രമസമരങ്ങൾ നടന്നത് ഇവിടെയാണ്. 2010ൽ നടന്ന സമരത്തിൽ ഈ കെട്ടിടത്തിന്റെ ഒരു ഭാഗം തീവച്ച് നശിപ്പിക്കപ്പെട്ടു. അവധി ദിവസവും ചൂടുകൂടുതലായതും കാരണമാവണം ഒട്ടേറെ കുട്ടികൾ ഈ കെട്ടിടത്തിന് മുന്നിലുള്ള ജലപാതത്തിൽ കുളിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഒരു വൈറ്റ് ഹൌസ് ഇപ്പോൾ നിർമ്മാണത്തിലാണ്.

ബിഷ്ക്കെക്കിൽ നിന്നും നാൽപ്പത്തിയഞ്ച് കിലോമീറ്റർ തെക്കോട്ടുമാറിയാണ് ചുങ്കുർച്ചക്ക് (Chunkurchak) മലനിരകളുള്ളത്. വളരെ മനോഹരമായ പച്ചപ്പിന്റെ ഒരു ലോകമാണ് ചുങ്കുർച്ചക്ക്. വിവിധ നിറത്തിലുള്ള തുലീപ് ചെടികളാലും ജൈവസമ്പത്തുകളാലും സമ്പന്നമാണ് ഈ ഇടം. നഗരത്തിൽ നിന്നും ഇവിടെ എത്തുമ്പോൾ കാലാവസ്ഥയിൽ വലിയ മാറ്റം അനുഭവയ്ക്കാനാവും. ഹൈക്കിങ്ങിനും ട്രക്കിങ്ങിനും മലമുകളിലൂടെ കുതിര സവാരിക്കും മറ്റ് സാഹസിക വിനോദങ്ങൾക്കും വേണ്ട സംവിധാനങ്ങൾ ഇവിടെയുണ്ട്. ചുങ്കുർച്ചക്ക് മലമുകളിൽ നിന്നും ചുയി താഴ്വാരത്തിന്റെ ദൃശ്യം ഏറെ ഭംഗിയുള്ളതാണ്. മലമുകളിൽ നിന്നും സാഹസികമായി താഴേയ്ക്ക് ഇറങ്ങിയാൽ പിജിയൻ വെള്ളച്ചാട്ടത്തിന്റെ ജലപാതത്തിൽ എത്താനാവും. മുപ്പത്തിയഞ്ച് മീറ്ററാണ് ഈ ജലപാതത്തിന്റെ ഉയരം. മുകളിലായി രണ്ടു മലകളെ ബന്ധിപ്പിക്കുന്ന ലോഹക്കയറുകളാൽ നിർമ്മിച്ച ഒരു പാലമുണ്ട്. പാലം കയറി അപ്പുറം ചെന്നാൽ കുന്നിൽ നിന്നുള്ള കാഴ്ചയും ഏറെ മനോഹരമാണ്. സുപ്ര ചുങ്കുർച്ചക്ക് ഹോട്ടൽ വളരെ പ്രശസ്തമാണ്. ദിവംഗതനായ വ്യവസായ പ്രമുഖൻ Tabyldy Egemberdiev ഉടമസ്ഥതയിൽ ഉള്ള ഈ ഹോട്ടൽ ദൃശ്യഭംഗിയുള്ള പശ്ചാത്തലത്തിലാണ്. ആല- ആർച്ചയിലെപ്പോലെ തന്നെ നിരവധി യുർട്ടുകൾ (Yurt) ഉള്ള ഒരു സ്ഥലമാണ് സുപ്ര ചുങ്കുർച്ചക്ക്. യുർട്ട് എന്നത് കിർഗ് നൊമാഡുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. സഞ്ചാരികളായ പൂർവ്വസൂരികൾ മകുടത്തിൽ ആകൃതിയിലുള്ള ഇത്തരം വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഒടിയാത്ത മരത്തിന്റെ കഷണങ്ങൾ കൊണ്ട് വൃത്താകൃതിയിൽ കെട്ടിയുണ്ടാക്കുന്നവയാണ് യുർട്ടുകൾ. കയറുകൾ കൊണ്ട് ബന്ധിച്ച യുർട്ടുകളുടെ ഉൾവശം തുണികൊണ്ടും മഴയും തണുപ്പും താങ്ങാൻ കഴിയുന്നത്ര കട്ടിയുള്ള തുകൽ കൊണ്ട് പുറം ഭാഗവും മറച്ചിരിക്കുന്നു. അഞ്ചു പേർക്ക് താങ്ങാനാവുന്ന ഒരു യുർട്ടിന്റെ ദിവസ വാടക നൂറു ഡോളറാണ്.

നിരവധി തടാകങ്ങളുണ്ട് കിർഗിസ്ഥാനിൽ. ലോകത്തെ ഏറ്റവും ആഴമുള്ള തടാകങ്ങളിൽ ഏഴാം സ്ഥാനത്തുള്ള ഇസക്ക്-കൂൾ (Issyk-Kul) ഈ തടാകങ്ങളിൽ ഏറെ പ്രമുഖമായ ഒന്നാണ്. ഉപ്പുരസമുള്ള തടാകമാണ് ഇത്. പതിനൊന്നോളം കിലോമീറ്റർ നീളമുള്ള കോനോർചക് മലയിടുക്കുകൾ ബിഷ്ക്കെക്കിൽ നിന്നും നൂറ്റിയൻപതോളം കിലോമീറ്റർ ദൂരെയുള്ള ചെങ്കല്ലുകളാൽ സമൃദ്ധമായ ഒരിടമാണ്. ട്രക്കിങ് ഇഷ്ടമുള്ള, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ചേർന്ന ഒരിടമാണ് കോനോർചക്. കൊമോർചക് നദിയുടെ വരണ്ട നദീതടങ്ങളും ചു നദിയുടെ ഭാഗങ്ങളും ചേർന്നതാണ് ഈ മലനിരകൾ. നഗരത്തിൽ നിന്നും ഈ മലയിടുക്കിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇസക്ക്-കൂൾ തടാകമുള്ളത്.

കുതിരമാംസം ചേർത്ത ബേഷ്ബാർമ്കാണ് (Beshbarmak) കിർഗിസ്ഥാന്റെ ദേശീയ ഭക്ഷണം. കുതിരയുടെയോ ആടിന്റെയോ കാളയുടെയോ മാംസം മല്ലിയില ചേർത്ത് ചെറിയ ചൂടിൽ നിരവധി മണിക്കൂറുകൾ വേവിച്ച് ന്യൂഡീൽസോ ചോറോ ചേർത്താണ് ബേഷ്ബാർമ്ക്ക് പാകം ചെയ്യുന്നത്. ബേഷ്ബാർമ്ക്ക് എന്നാൽ അഞ്ചു വിരലുകൾ എന്നാണ് അർഥം. അതായത് അഞ്ചു വിരലുകളും കൊണ്ട് കഴിക്കേണ്ട ഭക്ഷണമാണ് ബേഷ്ബാർമ്ക്ക്. പക്ഷേ കാലം മാറിയപ്പോൾ ആളുകൾ സ്പൂണുകളും മറ്റും ഉപയോഗിച്ച് ഈ ഭക്ഷണം കഴിച്ചു തുടങ്ങി. നാവത്ത് (Navat) റെസ്റ്റോറന്റ് ബേഷ്ബാർമ്ക്ക് ഉൾപ്പെടെയുള്ള കിർഗിസ് ഭക്ഷണങ്ങൾക്ക് പേരുകേട്ടതാണ്.

കുമിസ്, മാക്സിം എന്നിവയാണ് കിർഗിസ്ഥാന്റെ ദേശീയ പാനീയങ്ങൾ. കുമിസ് ചെറിയ അളവിൽ ലഹരി തരുന്ന പാനീയമാണ്. കുതിരപ്പാലിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ചെറിയ പുളി രസമുള്ള മാക്സിം ആവട്ടെ ബാർലിയും മറ്റ് ധാന്യങ്ങളും പുളിപ്പിച്ചതിൽ നിന്നും നിർമ്മിക്കുന്നതാണ്. വഴിയരികിൽ വലിയ കലങ്ങളിൽ മാക്സിം വിൽക്കുന്ന സ്ത്രീകളെ കാണാനാവും. ഷോറോ എന്ന കമ്പനി പുറത്തിറക്കിയ മാക്സിം, ഷോറോ- മാക്സിം എന്ന പേരിൽ കടകളിൽ വാങ്ങാൻ കിട്ടുന്നുണ്ട്. മാക്സിം ഏഴു ദിവസം തുടർച്ചയായി കഴിച്ചാൽ വയറു ശുദ്ധമാകുന്നാണ് ഗൈഡുകൾ പറയുന്നത്. ബിഷ്ക്കെക്കിൽ നിരവധി മിനി ബാറുകളുണ്ട്. പലതിലും സ്ത്രീകളാണ് ജോലിചെയ്യുന്നത്. വിവിധ ജർമ്മൻ നിർമ്മിത ബീയറുകൾക്ക് ഒപ്പം വോഡ്കയും ഇവിടെ ലഭിക്കുന്നു. ലിറ്റർ അളവിലാണ് ബിയറിന്റെ വിപണനം. ഒട്ടും ഒച്ചപ്പാടില്ലാത്ത അന്തരീക്ഷത്തിൽ ബിയറും വോഡ്കയും നുണയാൻ എത്തുന്നവർ ഈ ചെറിയ ഇടങ്ങളിൽ മണിക്കൂറുകളോളം ഇരിക്കുന്നു, സൊറ പറയുന്നു.ഡോളർ കൈമാറ്റം ചെയ്യാനുള്ള നിരവധി എക്സ്ചേഞ്ചുകൾ തെരുവുകളിൽ കാണാനുണ്ട്. നീണ്ട പകലുകളാണ്. രാത്രി ഒൻപതു മണിക്ക് ശേഷവും സൂര്യപ്രകാശമുണ്ട്. രാവിലെ അഞ്ചു മണിക്ക് മുൻപേ തന്നെ പകൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

“വിദേശ മാധ്യമങ്ങൾ പറഞ്ഞുപരത്തുന്നത് പോലെയല്ല, ഇവിടെ ബിഷ്ക്കെക്കിൽ വിദേശ വിദ്യാർഥികളോട് ഒരു വിവേചനവുമില്ല. ഞങ്ങൾ പ്രാദേശിക വാദത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല.” ഗൈഡ് ഏറിക്ക ഈയ്യടുത്ത് ഇവിടെ മെഡിക്കൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികൾക്ക് നേരെ പ്രാദേശികരായ ചിലരുടെ ആക്രമണത്തെ സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു. ഏകദേശം പതിനായിരത്തിൽ ഏറെ ഇന്ത്യൻ കുട്ടികൾ വിവിധ കിർഗിസ്ഥാൻ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നുണ്ട്. അത്രത്തോളം തന്നെ പാക്കിസ്ഥാനി കുട്ടികളും ഈജിപ്തിൽ നിന്നുള്ള കുട്ടികളുമുണ്ട്. പോകുംവഴി ഈ സർവകലാശാലകളിൽ ചിലത് എറിക്ക കാണിച്ചു തന്നു. 2024, മെയ് 18നു എഴുന്നൂറോളം വരുന്ന തദ്ദേശീയരായ ചെറുപ്പക്കാർ വിദേശവിദ്യാർഥികൾ താമസിക്കുന്ന വിവിധ ഹോസ്റ്റലുകൾ ആക്രമിച്ചു. വിദേശീയരായ കുറെ കുട്ടികൾക്ക് പരിക്കുപറ്റി. മെഡിക്കൽ സർവകലാശാലകൾ അടച്ചിടപ്പെട്ടു. വിവിധ നിർമ്മാണ പ്രവർത്തനത്തിനായി സ്വദേശികളായ തൊഴിലാളികളെ ലഭ്യമാവാത്തത് കാരണം വിദേശത്തുനിന്നുള്ള തൊഴിലാളികൾക്ക് വിസ നല്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. സ്വദേശികളായ തൊഴിലാളികൾ സ്ഥിരമായി ജോലിക്ക് എത്താത്തതും ജോലി ചെയ്യാൻ റഷ്യയും യൂറോപ്പും പോലെയുള്ള ഇടങ്ങളിലേക്ക് ചേക്കേറുന്നതും വിദേശ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ സർക്കാരിനെ നിർബന്ധിതരാക്കി. വിദേശതൊഴിലാളികൾ തങ്ങളുടെ തൊഴിൽ അപഹരിക്കുന്നുവെന്ന പൊതുബോധ നിർമ്മിതിയും വിദേശവിദ്യാർഥികൾ ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിക്കുന്നു, കിർഗ് സംസ്കാരത്തെ വിലമതിക്കുന്നില്ല എന്നൊക്കെയുമുള്ള പ്രചരണം വിദേശ വിദ്യാർഥികൾക്ക് നേരെയുള്ള സ്വദേശി യുവാക്കളുടെ അസഹിഷ്ണുതയ്ക്കും ആക്രമണങ്ങൾക്കും വഴിവച്ചു. ഈജിപ്ത് – കിർഗ് വിദ്യാർഥികൾ തമ്മിൽ ആരംഭിച്ച സംഘർഷം ഇന്ത്യൻ, പാക്കിസ്ഥാനി വിദ്യാർഥികൾക്ക് നേരെയുമുണ്ടായി. ഈ വാർത്തകൾ വിദേശ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായി. ഇത് വിദേശസഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുന്ന സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമുണ്ട്. അത് ഒഴിവാക്കാനാണ് എറിക്കയെ പോലെയുള്ളവരുടെ ശ്രമം.

ഓഷ് ബസാർ പ്രാദേശികമായി നിർമ്മിക്കപ്പെട്ട വസ്തുക്കളുടെ വിപണന കേന്ദ്രമാണ്. ഉണങ്ങിയ പഴങ്ങളുടെയും പൊടിച്ച ധാന്യങ്ങളുടെയും പച്ചക്കറി, പഴങ്ങളുടെയും പ്രാദേശിക ഭക്ഷണങ്ങളുടെയും നിരവധി കടകൾ ഇവിടെയുണ്ട്. ഏറെക്കുറെ സമാധാനപരമാണ് ഈ ചന്തയുടെ അന്തരീക്ഷമെങ്കിലും പോക്കറ്റടിയ്ക്ക് സാദ്ധ്യതയുള്ള ഒരിടവും കൂടിയാണ് ഓഷ് ചന്ത. നടക്കുന്നതിനിടെ തോളുകൊണ്ട് മുട്ടി പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ജാഗ്രതൈ.

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )