ഉദയസൂര്യൻ്റെ നാട്ടിലൂടെ – 6

വഴിയാത്രക്കാരുടെ സംസാരവും സൈക്കിൾ മണിനാദവും നിറയുന്ന ഫുജിക്കാവാഗുച്ചിക്കോ തെരുവിലെ ഭക്ഷണശാലകളിൽ നിന്നുയരുന്ന ഗന്ധം എനിക്കുചുറ്റും നിറഞ്ഞു. പേരറിയാത്ത ഭക്ഷണങ്ങളുടെ സുഗന്ധം എൻ്റെ വിശപ്പ് നൂറിരട്ടിയാക്കി വർദ്ധിപ്പിച്ചു. അവിടെ കുറച്ച് ഇന്ത്യൻ റെസ്റ്റോറൻ്റുകൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് ഞാൻ പരിചിതമായൊരു ഭാഷ കേട്ടത്. അത് ഹിന്ദിയാണ്! അപരിചിത ദേശങ്ങളിൽ യാത്ര ചെയ്യവേ പിരിചിതഭാഷ കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അതോ ആനന്ദമോ എന്താണു പറയുക!

“നിങ്ങൾ ഇന്ത്യയിൽ നിന്നോ അതോ ശ്രീലങ്കയിൽ നിന്നോ?”

മധ്യവയസ്കനായ ഒരു ഇന്ത്യക്കാരനാണ് ജപ്പാനിലെ ഒരു ഉൾനാട്ടിൽ നിന്നുകൊണ്ട് എന്നോടു സംസാരിക്കുന്നത്! ഒന്നു പറയട്ടെ, പലപ്പോഴും അപരിചിത നാടുകളിൽ എത്തുമ്പോൾ സാധാരണ നേരിടുന്ന ചോദ്യമാണ് ‘നിങ്ങൾ ഏതു ദേശക്കാരനാണ്, ഇന്ത്യനോ അതോ ശ്രീലങ്കനോ’ എന്നത്. ഒരുപക്ഷേ, കാഴ്ചയിൽ എനിക്കൊരു ശ്രീലങ്കൻ രൂപമുണ്ടാകുമായിരിക്കും. ഏതായാലും ഹിന്ദി ഭായിയുടെ ചോദ്യത്തിന് ഞാനും ഒരു ഇന്ത്യാക്കാരനാണെന്ന് വളരെ അഭിമാനത്തോടെ മറുപടി കൊടുത്തു. അദ്ദേഹം ഫുജിക്കാവാഗുച്ചിക്കോയിൽ റെസ്റ്ററൻ്റ് നടത്തുകയാണ്. ചന്ദ്രനിലും മലയാളിക്ക് ചായക്കടയുണ്ട് എന്ന ചൊല്ലുപോലെ ജപ്പാനിലെ ഒരു ഉൾനാട്ടിൽ ഒരു ഇന്ത്യാക്കാരൻ്റെ ബിസിനസ് സംരംഭം! ആ ചിന്ത എന്നെ രസിപ്പിച്ചു.

“വരൂ, എൻ്റെ റെസ്റ്റോറൻ്റിൽ നല്ല ഹൈദരാബാദി ബിരിയാണി ഉണ്ട്.” അദ്ദേഹം എന്നെ ക്ഷണിച്ചു.

സത്യം പറഞ്ഞാൽ ഞാൻ ബിരിയാണിയുടെ ആരാധകനൊന്നുമല്ല. എന്നിരുന്നാലും, വിശപ്പ് സത്യമാണല്ലോ. ബിരിയാണിയെങ്കിൽ അത്. ഞാനയാളുടെ പിന്നാലെ നടന്നു. റെസ്റ്റോറൻ്റിനുള്ളിൽ കയറി, എൻ്റെ ബാക്ക്പാക്ക് മേശയുടെ അരികിൽവെച്ച് ഞാൻ ഇരിപ്പുറപ്പിച്ചു. അങ്ങോട്ടു പേര് ചോദിക്കുന്നതിനുമുമ്പ്, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഇഖ്ബാൽ എന്നാണു പേര്. ഏതൊരു കച്ചവടക്കാരനേയും പോലെ അയാളും കച്ചവടം കുറഞ്ഞുവരുന്നതിനെക്കുറിച്ചും, എന്നാൽ ചെലവുകൾ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചും വാചാലനായി. ഞാനതൊക്കെ ശ്രദ്ധയോടെ തല കുലുക്കി കേട്ടിരുന്നു. തുടർന്ന് ആവി പറക്കുന്ന ഹൈദരാബാദി ബിരിയണി എത്തി. ചൂട് പറക്കുന്ന, സുഗന്ധം പരത്തുന്ന, നാവിൽ തൊട്ടപ്പോൾതന്നെ അലിഞ്ഞുപോകുംവിധം രുചികരമായ ബിരിയാണി. എന്തൊരു രുചി! ഒരു വറ്റുപോലും ബാക്കിവയ്ക്കാതെ ഞാനതു മൊത്തം കഴിച്ചു. പിന്നെ ആ നല്ല ഭക്ഷണം നൽകിയ ആലസ്യത്തിൽ അവിടെത്തന്നെ പത്തു പതിനഞ്ചു മിനിറ്റു നേരം ചെലവിട്ടു.

ഈസമയം ഞാൻ ഇഖ്ബാലിനോട് ആ പ്രദേശത്ത് കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണ് എന്ന് അന്വേഷിച്ചു. തടാകങ്ങൾ, പർവതത്തിലേക്കുള്ള റോപ്പ്‌വേ, ഓക്കിഗഹാര ഫോറസ്റ്റ് മ്യൂസിയം, കവാഗുച്ചി സെൻഗൻ ദേവാലയം, കൂടാതെ സമീപത്തുള്ള മറ്റ് ചില സ്ഥലങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പറഞ്ഞുതന്നു. ഇതിൽ ഓക്കിഗഹാര വനം ഒഴികെ എല്ലായിടത്തും പോകാനും എന്നെ പ്രോത്സാഹിപ്പിച്ചു. ഓക്കിഹാരയെക്കുറിച്ച് പറയാൻ അദ്ദേഹത്തിന് നല്ല കഥകൾ ഒന്നുമില്ലായിരുന്നു. ഞാൻ യഥാർത്ഥത്തിൽ ജപ്പാനിലേക്ക് വന്നത് ഫുജി പർവതാരോഹണത്തിനാണ്. എന്നാൽ ഓക്കിഗഹാര വനം കാണുക എന്നതും വളരെ പ്രധാനമാണ് എനിക്ക്. എന്തുകൊണ്ടാണവിടം സൂയിസൈഡൽ ഫോറസ്റ്റ് എന്നറിയപ്പെടുന്നത്? എന്തുകൊണ്ട് മനുഷ്യർ മരിക്കാനായി അവിടം തിരഞ്ഞെടുക്കുന്നു? അതോ അവിടെ എത്തുന്നവർ മറ്റെന്തെങ്കിലും കാരണത്താൽ മരിക്കുന്നതാണോ? എന്താവും അവരെ മരണത്തിലേക്കു തള്ളിവിടുന്ന കാരണം? എന്നിങ്ങനെയുള്ള നൂറുകണക്കിന് ചോദ്യങ്ങൾ എൻ്റെയുള്ളിലുണ്ട്. അത്രയും ജിജ്ഞാസ എനിക്കപ്പോൾ മറ്റൊന്നിനോടും ഉണ്ടായിരുന്നുമില്ല.

കവാഗൂച്ചി ടൗൺ കാണാനുള്ള ഏറ്റവും നല്ല മാർഗം ടാക്സിപിടിച്ച് ചുറ്റിക്കറങ്ങുന്നതാണ്, അത് സമയം ലാഭിക്കാനും കൂടുതൽ പ്രദേശങ്ങൾ കവർ ചെയ്യാനും സഹായിക്കും. ഞാൻ ഇക്ബാലിനോട് നന്ദി പറഞ്ഞു പുറത്തേക്കിറങ്ങി. അപ്പോഴും എൻ്റെ മനസ്സിൽ ഓക്കിഗഹാര വനമായിരുന്നു. ഓക്കിഗഹാര വനത്തെക്കുറിച്ചുള്ള കഥകൾ കോടമഞ്ഞുപോലെ എൻ്റെ മനസ്സിലേക്ക് ഇഴഞ്ഞുകയറി.

ഞാനൊരു ടാക്സി വിളിച്ചു, ഡ്രൈവർക്ക് അല്പം ഇംഗ്ലീഷ് വഴങ്ങുന്നുണ്ട്. അയാളോട് ഓക്കിഗഹാര കാടിനു സമീപം കൊണ്ടുപോകുമോ എന്നു ചോദിച്ചു. അവൻ ചിരിച്ചുകൊണ്ട് പൊടുന്നനെ ചോദിച്ചു, നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണോയെന്ന്. ഉറപ്പായും അല്ല എന്ന് ഞാൻ ഉത്തരം കൊടുത്തു. ഞങ്ങൾ രണ്ടുപേരും ചിരിച്ചു. യാത്ര പുറപ്പെട്ടു. കാടിനടുത്തെത്താൻ കുറച്ച് സമയമെടുത്തു. കാട് കാണാൻ തുടങ്ങിയപ്പോൾ ഞാൻ അവനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു, ഞാൻ പണം നൽകി. അവൻ പറഞ്ഞു, “ഇതു വഴി കാടിനുള്ളിലേക്ക് പോകാനാകില്ല.” ഞാൻ പറഞ്ഞു, “ഞാൻ കാടിനുള്ളിലേക്ക് പോകുന്നില്ല, എനിക്ക് ഇവിടെനിന്ന് കുറച്ചുദൂരം നടന്ന് പുറത്തുനിന്ന് കാടു കാണണം.” അവനത് വിശ്വസിച്ചിട്ടില്ല എന്നുറപ്പാണ്. എങ്കിലും “ഓക്കേ ടേക്ക് കെയർ ആൻ്റ് താങ്ക്യൂ” എന്നുപറഞ്ഞ് അവൻ വണ്ടിയോടിച്ചുപോയി. ഒരു പക്ഷേ ഒരാഴ്ച്ചകഴിഞ്ഞ് പുറത്തിറങ്ങുന്ന പത്രത്തിൽ അവൻ എൻ്റെ മുഖം പരതിയേക്കാം.

എനിക്കുമുന്നിൽ റോഡ് തികച്ചും ശൂന്യവും നിശ്ശബ്ദവുമായിരുന്നു. ഓക്കിഗഹാര വനത്തിൻ്റെ അരികിലേക്ക് പോകുന്ന വിജനമായ റോഡിനരികിൽ നിൽക്കുമ്പോൾ, ഇലകളുടെ മങ്ങിയ നിറങ്ങളും ഒറ്റപ്പെട്ട പക്ഷിയുടെ ശബ്ദവും മാത്രം എനിക്കു ചുറ്റും നിറഞ്ഞു. കനത്ത നിശ്ശബ്ദത എന്നെ പൊതിഞ്ഞു. ചുറ്റുപാടുകളുടെ ശൂന്യത എൻ്റെ ഹൃദയമിടിപ്പു വർദ്ധിപ്പിച്ചു. സ്പഷ്ടമായ ഒരു പിരിമുറുക്കം എൻ്റെ ഇന്ദ്രിയങ്ങളെ പിടികൂടി, ഒരു വശത്ത് സുരക്ഷിതത്വത്തിൻ്റെയും പരിചിതത്വത്തിൻ്റെയും പരിചിതമായ സുഖസൗകര്യങ്ങൾ കിടക്കുന്നു, മറുവശത്ത് അനിശ്ചിതത്വത്തിൻ്റെ അജ്ഞാതപ്രദേശങ്ങൾ നിലകൊള്ളുന്നു. ഏതു തിരഞ്ഞെടുക്കും?

ഞാൻ റോഡിൽ നിന്നും വനത്തിൻ്റെ നനഞ്ഞ മണ്ണിലേക്കു പ്രവേശിച്ചു. ഓക്കിഗഹാര വനത്തിലെ നിഴൽനിറഞ്ഞ വഴികളിൽനിന്നും പുറപ്പെടുന്ന ശബ്ദങ്ങൾ എന്നിൽ വിശദീകരിക്കാനാകാത്തൊരു മാനസികനില സൃഷ്ടിച്ചു. എന്താകും കാടിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നത്? മുന്നോട്ടുള്ള ഓരോ ചുവടിലും കാട് എന്നെ മുഴുവനായി വിഴുങ്ങുന്നതായി തോന്നി, ഒരു വിലാപം പോലെ മുഴങ്ങുന്ന ഭയാനകമായ നിശബ്ദതയാൽ കാട് എന്നെ പൊതിഞ്ഞു. അപ്രതിരോധ്യമായ ഉൾവിളിയിൽ ഞാൻ മുന്നേറി, കുറച്ച് മിനിറ്റുകൾക്കുശേഷം തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ നടക്കാൻ തുടങ്ങിയിടത്ത് നിന്നുള്ള റോഡ് കാണാനാകുന്നുണ്ട്, മടങ്ങിപ്പോക്കണമോ അതോ കാട്ടിലേക്ക് കൂടുതൽ മുന്നേറണമോ എന്ന് ഞാൻ ചിന്തിച്ചു. കാട് അതിൻ്റെ ഗർഭത്തിലേക്കെന്നെ കൂടുതൽ ശക്തമായി ആകർഷിച്ചു. ഓകിഗഹാര വനത്തിൻ്റെ ഹൃദയത്തിലേക്ക് കൂടുതൽ ആഴത്തിൽ ചെന്നപ്പോൾ, അപ്രതീക്ഷിതമായി ഒരു ശാന്തത എന്നെ പൊതിഞ്ഞു. കുറച്ചു സമയം ഞാൻ കാടിൻ്റെ ഗന്ധം നുകർന്ന്, തണുപ്പുപറ്റി നടന്നു. വഴുവഴുപ്പുള്ള പാറകൾ നിറഞ്ഞ, വെള്ളം കിനിയുന്ന കാടിൻ്റെ മണ്ണ്. മരങ്ങൾ വിചിത്ര ആകൃതികളിൽ പിണഞ്ഞ വേരുകൾ ആഴ്ത്തി നിൽക്കുന്നു. സമയം കടന്നു പോകുന്നതറിയുന്നില്ല. അതുവരെ മനസ്സിൽ ശേഖരിച്ച ചോദ്യങ്ങൾ അപ്പാടെ ഒഴുക്കുനിലച്ച് നിശ്ചലമായിരിക്കുന്നു.

ഒരു പേരറിയാപ്പക്ഷിയുടെ ഒച്ച എന്നെ ഉണർത്തി. ആകാശത്ത് മേഘങ്ങൾ കനത്തുനിൽപ്പുണ്ട്. കാട്ടിൽ കയറി മഴപെയ്യുംമുൻപേ പുറത്തിറങ്ങി ഹോട്ടലിലേക്ക് മടങ്ങേണ്ടതുണ്ട്. അതിനുമുൻപ് അല്പം കൂടി അകത്തേക്കു നടക്കണം. മനുഷ്യരെ ശക്തമായി പിടിച്ചു വലിക്കുംവിധം ആകർഷകമാണീക്കാട്. പച്ചയുടെ വിവിധ നിറങ്ങൾ മേളിക്കുന്ന ഇലച്ചാർത്തുകൾ. സദാ ഈർപ്പം നിൽക്കുന്നതിനാൽത്തന്നെ, വലിയ മരങ്ങളെ പൊതിഞ്ഞ് പന്നൽച്ചെടികളുടെ വൈവിധ്യം. ഈർപ്പം നിറഞ്ഞ കാടിൻ്റെ മണ്ണിൽ അഴുകിയ ഇലകൾ മനുഷ്യസ്പർശമേൽക്കാതെ പലവിധ ഷഡ്പദങ്ങൾക്ക് അഭയമേകുന്നു. ഞാൻ ഒന്നുറപ്പിച്ചു, ഇവിടെനിന്നും സുരക്ഷിതമായി കാടിൻ്റെ പുറത്തേക്കിറങ്ങണം. ആത്മഹത്യ ചെയ്യാനല്ലാതേയും കാട്ടിൽ മനുഷ്യർക്കു കടക്കാനാകുമെന്നു തെളിയിക്കണം. ഞാൻ നേരെ നടക്കാൻ തീരുമാനിച്ചു, വലത്തോട്ടും ഇടത്തോട്ടും തിരിയരുത്, നേരെ നടന്ന് കാട്ടിൽ നിന്ന് പുറത്തുകടക്കുക. ഈ കാടിനെക്കുറിച്ചുള്ള ദുഷിച്ച കഥകൾക്കു പകരം, ഈ വനം മനോഹരവും സുരക്ഷിതമാണെന്നു വിളിച്ചുപറയണം. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ സുഗമമായിരുന്നില്ല. ഓരോ ചുവടുവെയ്‌പ്പിലും, ആശങ്ക വർദ്ധിച്ചു. ചില മരങ്ങളിൽ ചുവന്ന റിബൺ കെട്ടിയിരിക്കുന്നതും കുറച്ച് ജാപ്പനീസ് അക്ഷരങ്ങൾ എഴുതിയിരിക്കുന്നതും കണ്ടത് അപ്പോഴാണ്. ഞാൻ അവയെ എൻ്റെ വഴിയടയാളങ്ങളായി ഉപയോഗിച്ചു. ഞാൻ വനത്തിനുള്ളിൽ കൂടുതൽ മുന്നോട്ട് പോകുകയായിരുന്നു. ആകാശത്തു മേഘങ്ങൾക്കു കട്ടികൂടുകയാണ്. ഇരുട്ടും മുമ്പ് കുറച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കണം.

ചിത്രങ്ങളെടുത്തു. കാടിൻ്റെ സിംഫണിയിൽ മയങ്ങിയ ഞാൻ, സമയത്തെയും ദിശയെയും കുറിച്ചുള്ള എല്ലാ ബോധവും മറന്നു. കാട് അതിൻ്റെ മാസ്മരികതയിൽ എന്നെ തളച്ചിടുകയാണ്. കാടിനു പുറത്തേക്കോ അകത്തേക്കോ എന്നതുമറന്ന് ഞാനാ മരങ്ങൾക്കിടയിലും വഴുക്കുന്ന പായൽ പിടിച്ച പാറകൾക്കിടയിലും ലക്ഷ്യമില്ലാതെ അലഞ്ഞുനടന്നു. എപ്പോഴാണ് സ്ഥിരബോധം എനിക്കു തിരിച്ചു കിട്ടിയത്? അറിയില്ല. വീണ്ടും തിരികെ ഹോട്ടലിലേക്ക് പോകണമെന്നുള്ള ചിന്ത ഉണർന്നു കഴിഞ്ഞു. ഇരുട്ടു തുടങ്ങിയിരിക്കുന്നു. ഞാൻ ഒരു കാന്തിക ശക്തിക്കടിപ്പെട്ടപോലെയാണ് ഇത്രനേരം നടന്നതെന്നു ഞെട്ടലോടെ മനസിലാക്കി. വഴിയെവിടെ? ഒന്നുപോലുള്ള മരങ്ങൾ, ചുറ്റും ഇരുട്ട്!

കാടിനുള്ളിൽ വഴിതെറ്റിക്കഴിഞ്ഞു എന്നതിനപ്പുറം ദിക്കറിയാതെ കൊടുങ്കാട്ടിൽ കുടുങ്ങിയിരിക്കുന്നു. ശ്വാസം മുട്ടിക്കുന്ന ഭയം എൻ്റെ നെഞ്ചിൽ പിടിമുറുക്കി. ഓരോ നിമിഷവും കടന്നുപോകുമ്പോൾ, മുകളിലെ ആകാശം കൂടുതൽ ഇരുണ്ടുതുടങ്ങി, കൂനിൻമേൽക്കുരുപോലെ മഴയുടെ ആദ്യതുള്ളികൾ വീണുതുടങ്ങിയതോടെ കാര്യത്തിൻ്റെ ഭീകരത ഞാൻ തിരിച്ചറിഞ്ഞു. കുളിരുന്ന മഴ എൻ്റെ അസ്ഥി വരെ നനച്ചു. ഇരിക്കാൻ ഒരിടം തേടി ഞാൻ നടന്നു, ഒടുവിൽ ഒരു മരം കണ്ടെത്തി. അതിൻ്റെ വലിയ വേരുകൾക്കിടയിൽ ഞാൻ ചുരുണ്ടു. നനഞ്ഞ മണ്ണിൻ്റെയും ചീഞ്ഞളിഞ്ഞ ഇലകളുടെയും ഗന്ധം കൊണ്ട് വായു ഭാരമുള്ളതായിരുന്നു, ജീവിതവും മരണവും ഇഴചേർന്ന് കിടക്കുന്നു.

ഭയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഞാൻ കാവാഗുച്ചിക്കോയെക്കുറിച്ച് എഴുതാൻ ആരംഭിച്ചത്. ഇപ്പോൾ അതേ ഭയത്തിൻ്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഞാൻ അമ്പേ ദുർബലനാണ്. മഹാവൃക്ഷത്തിൻ്റെ വേരുകൾക്കുള്ളിൽ ഞാൻ മയങ്ങുമ്പോൾ, ഭയം അതിൻ്റെ മഞ്ഞുവിരലുകൾ കൊണ്ട് എൻ്റെ ഹൃദയത്തെ ചുറ്റിപ്പിടിച്ചു, ശ്വാസംമുട്ടിച്ചു. കാട്ടിലെ ഇരുട്ടിൽ, ഓരോ നിഴലും ഭീകരരൂപങ്ങളായി എന്നെ ഭയപ്പെടുത്തി. കാട്ടുമൃഗങ്ങളെക്കുറിച്ചോ ഇഴജന്തുക്കളെക്കുറിച്ചോ അല്ല, പിണഞ്ഞുകിടക്കുന്ന അടിക്കാടുകൾക്കിടയിൽ പതിയിരിക്കുന്ന പ്രേതരൂപങ്ങളേയും ദുഷ്ടാത്മാക്കളേയും ഓർത്താണ് ഞാൻ ഭയന്നുവിറച്ചത് എന്നുപറഞ്ഞാൽ ലോകമെന്ന പരിഹസിക്കുമെന്നറിയാം. എന്നാൽ അതാണ് സത്യം. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിലുള്ള വിടവ് ഏറ്റവും നേർത്തതെന്നു കരുതപ്പെടുന്ന ഓക്കിഗഹാര വനത്തിൻ്റെ ആഴങ്ങളിൽ, ഓരോ ശബ്ദവും വിനാശത്തിൻ്റെ അടയാളമായി മാറി, ഓരോ മുഴക്കവും വരാനിരിക്കുന്ന ഭീകരതയുടെ ഒരു സൂചനയായി. കാടിൻ്റെ ക്രൂരമായ ആലിംഗനത്തിൽ ജീവൻനഷ്ടപ്പെട്ടവരുടെ നിശബ്ദ നിലവിളികൾക്ക് സാക്ഷ്യം വഹിച്ച ഓരോ മരവും നൂറ്റാണ്ടുകളായി മരിച്ച മനുഷ്യർ മന്ത്രിച്ച രഹസ്യങ്ങളുടെ ഭാരംകൊണ്ട് കനപ്പെട്ടിരുന്നു.

ഓക്കിഗഹാര വനത്തിലെ ഭയാനകമായ നിശ്ശബ്ദതയിൽ, മനുഷ്യൻ്റെ ഉപബോധമനസ്സിൻ്റെ ശക്തിയെക്കുറിച്ച് ഞാൻ നന്നായി ബോധവാനായി, ഇലകളുടെ ഓരോ ചലനത്തിലും എൻ്റെ ഇന്ദ്രിയങ്ങൾ ഭയം കൊണ്ട് അതിജാഗ്രതയുടെ അവസ്ഥയിലെത്തി. ആ വൃക്ഷത്തിൻ്റെ നനഞ്ഞ വേരുകൾക്കിടയിൽ ഇരിക്കുമ്പോൾ, എൻ്റെ മനസ്സ് യുക്തിയുടെയും സഹജവാസനയുടെയും ഒരു യുദ്ധക്കളമായി. ഓരോ നിമിഷവും കടന്നുപോകുമ്പോൾ, യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള വ്യത്യാസം എനിക്കു തിരിച്ചറിയാൻ കഴിയാതെയായി. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലെന്നു പറയപ്പെടുന്ന ഓക്കിഗഹാര വനത്തിൻ്റെ ഹൃദയഭാഗത്ത് ഇരുന്നുകൊണ്ട്, യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്താനും അഗാധമായ ഭയത്തിൽ നിന്ന് ഭീകരതയുടെ കഥകൾ നെയ്യാനുമുള്ള മനുഷ്യമനസ്സിൻ്റെ അതിശയകരമായ ശക്തി ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ഓക്കിഗഹരയിൽ അകപ്പെട്ടുകഴിഞ്ഞു. ഞാൻ മരണത്തിനു തൊട്ടടുത്താണ്.

ഞാൻ സമയം നോക്കി, രാത്രി എട്ടുമണിയാകുന്നു. ഞാനീ പ്രേതക്കാട്ടിൽ പെട്ടുപോയിരിക്കുകയാണെന്ന സത്യം ആരോടാണു പങ്കുവയ്ക്കുക? കിഷോർ യോക്കോഹാമയിൽ താമസമുണ്ട്. ഇതിപ്പോൾ ഞാൻ സ്വയം വരുത്തിയ വിനയാണ്. അയാളെ ഈ രാത്രി പരിഭ്രമിപ്പിക്കാം എന്നതിനപ്പുറം ഇക്കാര്യം കിഷോറിനെ അറിയിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പ്രേതങ്ങളോ, മൃഗങ്ങളോ, ഇഴജന്തുക്കളോ ആക്രമിച്ചില്ലെങ്കിൽ നേരം വെളുക്കുമ്പോൾ ഒരു വഴി തുറന്നു കിട്ടാതിരിക്കില്ല. നന്നായി വിശക്കുന്നുണ്ട്. ഫുജിക്കാവാഗുച്ചിക്കോയിലേക്ക് ബസ് പിടിക്കുന്ന സമയത്ത് ബാഗിൽ സൂക്ഷിച്ച ഒരു ചെറിയ പാക്കറ്റ് ബിസ്ക്കറ്റും കുപ്പിവെള്ളവും അതിൽത്തന്നെ ഉണ്ടാകണം. ഞാനാ ബിസ്ക്കറ്റിനായി തോളിലിട്ടിരുന്ന ബാക്ക് പാക്ക് മടിയിലെടുത്തുവെച്ച് തുറന്നു. ആദ്യം കൈയിൽ തടഞ്ഞത് ഞാനൊട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു, എൻ്റെ ജി പി എസ് ഉപകരണം! ഞാനതിൽ അതുവരെ സഞ്ചരിച്ച വഴി നോക്കി. ഓരോ ചെറിയ അനക്കങ്ങൾ പോലും അതിലുണ്ട്. മതി. ഇതു മാത്രം മതി, ഈ കാട്ടിൽ നിന്നും അനായാസം പുറത്തു കടക്കാനാകും. പക്ഷേ അതിനും നേരം വെളുത്തു കിട്ടിയേ പറ്റൂ. രാത്രി താണ്ടുക എന്നതു മാത്രമായി എൻ്റെ മുന്നിലെ പ്രതിബന്ധം. ഇപ്പോഴും അപകടം ഒഴിഞ്ഞിട്ടില്ല. ഒരു വർഷം കുറഞ്ഞത് പത്തിരുന്നൂറുപേർ ഈ വനത്തിൽ മരണത്തിനു കീഴടങ്ങുന്നുണ്ട്. അവർ ഭൂരിപക്ഷവും ആത്മഹത്യ ചെയ്യുന്നതല്ലേ എന്നു വാദിച്ചാൽ പോലും ഒരു പ്രത്യേക സമയത്ത് ജീവിതം അവസാനിപ്പിച്ച ആത്മാക്കൾ വിഹരിക്കുന്ന കാട് എന്ന ചിന്ത ഒരു നിമിഷം പോലും ആ കാടിനുള്ളിൽ അതിജീവിക്കാൻ പ്രതിബന്ധമാണ്. നമ്മുടെ ഉള്ളിൽ നിന്നും ശക്തിയാർജിക്കാതെ നേരം വെളുപ്പിക്കുക തികച്ചും അസാധ്യമായിരുന്നു.

ഞാൻ എൻ്റെ മുത്തശ്ശിയെ ഓർത്തു. എൻ്റെ ജീവിതത്തിൽ അവരോളം പ്രിയപ്പെട്ട മറ്റൊരാൾ എനിക്കില്ല. കുട്ടിക്കാലം മുതൽ അവർ എൻ്റെ വഴികാട്ടിയായിരുന്നു, ജ്ഞാനത്തിൻ്റെയും സ്നേഹത്തിൻ്റെയും വിളക്കായിരുന്ന അവരുടെ സാന്നിധ്യം ഏറ്റവും മോശം ദിവസങ്ങളിൽ പോലും എനിക്ക് ആശ്വാസം നൽകിയിരുന്നു. അവർ എനിക്ക് പകർന്നുതന്ന ഏറ്റവും ശക്തമായ പാഠങ്ങളിലൊന്ന് ഭയത്തിൻ്റെ സമയങ്ങളിൽ പ്രാർത്ഥന നൽകുന്ന കരുത്തിനെക്കുറിച്ചുള്ളതായിരുന്നു. കുട്ടിക്കാലത്ത്, ഇരുട്ടിൽ പേടിസ്വപ്നങ്ങളും നിഴലുകളും എന്നെ ഭയപ്പെടുത്തിയപ്പോൾ, അവരുടെ സൗമ്യമായ ശബ്ദമാണ് എൻ്റെ അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കിയത്. ഇപ്പോൾ, ഓക്കിഗഹാര വനത്തിൻ്റെ നിഴലുകൾക്കിടയിൽ ഞാൻ നിൽക്കുമ്പോൾ, എൻ്റെ മുത്തശ്ശിയുടെ വാക്കുകൾ മനസ്സിനെ തൊടുന്നു. എൻ്റെ ചുറ്റും നിറഞ്ഞ ഇരുട്ടിൽ ഒരു വഴികാട്ടിയായി അതു നിലകൊള്ളുന്നു. ഈ ഇരുട്ടിനെ അതിജീവിക്കാൻ, ഭയത്തിൻ്റെ ചങ്ങല പൊട്ടിക്കാൻ മുത്തശ്ശിയൊരുക്കിത്തന്ന വഴിയിലൂടെ മുന്നേറാൻ ഞാൻ നിശ്ചയിച്ചു. വൻമരത്തിൻ്റെ ഭീമാകാരങ്ങളായ വേരുകൾക്കിടയിൽ നനഞ്ഞുകുതിർന്നു കിടുകിടാ വിറച്ചുകൊണ്ടു ഞാൻ കണ്ണുകളടച്ചു. ദീർഘശ്വാസമെടുത്തു, ശ്വാസത്തിൻ്റെ താളാത്മകമായ സ്പന്ദനം എന്നെ ധ്യാനത്തിൻ്റെ ആഴങ്ങളിലേക്ക് നയിച്ചു. ഓരോ ഇഞ്ചിലും അപകടം പതിയിരിക്കുന്നന്ന ഓക്കിഗഹാര വനത്തിൻ്റെ ഇരുട്ടിൽ, എന്നെ വിഴുങ്ങുന്ന ഭയത്തെ നേരിടാൻ ഞാൻ എൻ്റെ മനസ്സിൻ്റെ ആഴത്തിൽ ചേക്കേറി.

ഉള്ളിലെ നിശ്ശബ്ദതയിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ, എൻ്റെ ഭയത്തിൻ്റെ ഭാരം അയഞ്ഞുതുടങ്ങി. ഓരോ നിശ്വാസത്തിലും എൻ്റെയുള്ളിലെ പിരിമുറുക്കം ഞാൻ വിടുവിച്ചു, ധ്യാനത്തിൻ്റെ നിശ്ശബ്ദതയിൽ എൻ്റെ ഉൾക്കാഴ്ചയെ മറച്ച സംശയത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും പാളികൾ അടർന്നു മാറി. കാടിൻ്റെ അടിത്തട്ടിൽ നിഴലുകൾ നൃത്തം ചെയ്യുന്ന ഓക്കിഗഹാരയുടെ ഇരുട്ടിൽ, എൻ്റെ ഉള്ളിലെ വെളിച്ചം ഞാൻ കണ്ടെത്തി. സമയം കടന്നുപോകുന്നു. പ്രഭാതത്തിൻ്റെ മൃദുസ്പർശനത്തിന് നീണ്ട രാത്രി പതിയെ കീഴടങ്ങുമ്പോൾ, മരങ്ങളുടെ ഇടതൂർന്ന മേലാപ്പിലൂടെ സ്വർണ്ണവെളിച്ചം അരിച്ചിറങ്ങാൻ തുടങ്ങി. ഞാൻ ആ വലിയ വൃക്ഷത്തിൻ്റെ വേരുകൾക്ക് താഴെയുള്ള എൻ്റെ അഭയകേന്ദ്രത്തിൽ നിന്ന് എഴുന്നേറ്റു. പ്രതീക്ഷ എന്നിൽ നിറഞ്ഞു. അങ്ങനെ, ലക്ഷ്യബോധത്തോടെയും ദൃഢനിശ്ചയത്തോടെയും ഞാൻ കാട്ടിൽ നിന്നും പുറത്തു കടക്കാൻ തയ്യാറെടുത്തു. ആ യാത്രയും അനായാസമായതല്ല, വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നിറഞ്ഞതാണ്. ഞാൻ ജിപിഎസ് പിന്തുടർന്ന് ഒരു മണിക്കൂറിലധികം സമയമെടുത്ത് കാട്ടിൽനിന്ന് റോഡിൽ എത്തി. കാട്ടിലെ മഴയിൽ നനഞ്ഞു കുതിർന്നതിനാൽ വസ്ത്രം ഉണങ്ങും വരെ നടക്കാൻ നിശ്ചയിച്ചു. അപ്പോഴാണ് ഒരു ടാക്സി വന്ന് എൻ്റെ അരികിൽ നിർത്തിയത്. ഞാൻ ഡ്രൈവറോട് എൻ്റെ വസ്ത്രങ്ങൾ നനഞ്ഞതാണ് എന്നുപറഞ്ഞു. അവൻ അതു കുഴപ്പമില്ല എന്നുപറഞ്ഞ് എന്നെ വണ്ടിയിൽ കയറ്റി ഹോട്ടലിൽ സുരക്ഷിതനായി എത്തിച്ചു.

ഒരു രാത്രിയുടെ ക്ഷീണം നന്നായിട്ടുണ്ട്. പക്ഷേ എനിക്കങ്ങനെ അലസമായിരിക്കാനാകില്ല. ഫുജി പർവതത്തിലേക്കുള്ള ബസ് പിടിക്കണം, തലേദിവസം ബസ് സ്റ്റേഷനിൽ കണ്ട ടൈംടേബിൾ പ്രകാരം ഒന്നര മണിക്കൂറിനുള്ളിൽ ബസ് പുറപ്പെടും. ട്രക്കിങ്ങിനു കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഞാനെടുത്തു. അവ എൻ്റെ ട്രക്കിങ് ബാഗിലേക്കു മാറ്റി ഞാൻ വേഗം റെഡിയായി. റിസപ്ഷനിൽ താക്കോൽ കൊടുത്തു, ഞാൻ മല കയറാൻ പോകുകയാണെന്നറിയിച്ചു. അപ്പോൾ റിസപ്ഷനിലെ വയോധികൻ തലേന്നു രാത്രി ഞാൻ ഹോട്ടലിൽ തിരിച്ചെത്തിയിരുന്നില്ലേ എന്ന് ചോദിച്ചു. എന്താണ് അയാളോടു പറയുക? മറ്റൊരു രാജ്യത്തിൽ നിന്നും വന്ന്, നാട്ടുകാർ ഭയത്തോടെ മാത്രം സംസാരിക്കുന്ന പ്രദേശത്ത് ഒറ്റയ്ക്കുചെന്ന് വഴിതെറ്റി രാത്രി മുഴുവൻ കഴിയേണ്ടിവന്നുവെന്നോ? ഞാൻ കാര്യകാരണങ്ങൾ ഒന്നും അയാളോട് വിശദീകരിക്കാൻ നിന്നില്ല. രാത്രി പുറത്തായിരുന്നു എന്നുമാത്രം പറഞ്ഞ് ഞാനാ സംസാരം അവിടെ അവസാനിപ്പിച്ചു.

പിന്നെ പുഞ്ചിരിച്ചുകൊണ്ട് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി. മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ്, മറക്കാനും ഭൂതകാലത്തിൻ്റെ ഭാരങ്ങൾ ഒഴിവാക്കാനും, അജ്ഞാതമായ ഭാവിയിലേക്കു മുന്നേറാനുമുള്ള കഴിവ്. ജീവിതത്തിൻ്റെ സങ്കീർണ്ണതകളിലേക്ക് സഞ്ചരിക്കാനും, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും, വരാനിരിക്കുന്ന അനന്തമായ സാധ്യതകളെ ഉൾക്കൊള്ളാനും നമ്മെ പ്രാപ്തരാക്കുന്നത് ഈ കഴിവാണ്. ഒരു യാത്ര ആരംഭിക്കുക എന്നാൽ അനിശ്ചിതത്വത്തെ മനസ്സോടെ സ്വീകരിക്കുക, സുഖത്തിൻ്റെയും സുരക്ഷിതത്വത്തിൻ്റെയും പരിചിതമായ പരിധിക്കപ്പുറം പ്രവചനാതീതവും അജ്ഞാതവുമായ മണ്ഡലത്തിലേക്ക് ചുവടുവെക്കുക എന്നതാണ്. എന്നിരുന്നാലും, ഒരു യഥാർത്ഥ യാത്രികനാകുക എന്നത് യാത്രയിൽ അപകടസാധ്യതകളും വെല്ലുവിളികളും ഇല്ലാത്തതല്ലെന്ന് മനസ്സിലാക്കുക എന്നതുകൂടിയാണ്. വഴിയിൽ പതിയിരിക്കുന്ന അനിവാര്യമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കാനും, സംശയത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും കൊടുങ്കാറ്റുകളെ അതിജീവിക്കാനും, മറുവശത്ത് കൂടുതൽ ശക്തരും വിവേകികളുമായി ഉയർന്നുവരാനുമാണ് ഇത്. ആത്യന്തികമായി, ഈ വെല്ലുവിളികളെ സ്വീകരിക്കാനും അവയിൽ നിന്ന് പഠിക്കാനുമുള്ള കഴിവാണ്. ഇവയാണ് യാത്രകളിൽ നിന്നും വർഷങ്ങൾ കൊണ്ടു ഞാൻ പഠിച്ച വിലപ്പെട്ട പാഠം!

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.