ഭ്രൂണഹത്യയിൽ ചിലത്

ചോരയാണ് മുന്നിൽ
ശാന്തം, ഇളവർണ്ണം.
ഈ കടൽ കടക്കുവതെങ്ങിനെ
നിദ്രയിൽ വിഷം പൂക്കുമ്പോൾ.
ജീവിതത്തിലേക്കൊരു
കുതിരവാഹനം വേണം, കുതി –
ക്കുവാനൊരുപാടു ദൂരം.
അക്രമിക്കുവാനെത്തുന്നു
പിന്നെയുമമ്മതൻ വാക്കു
കൊടുവാളുപോലെ.

” പിറക്കുവാനായില്ലയുണ്ണി, നിന-
ക്കീ മണ്ണ് പാകമായിട്ടില്ലിതേവരെ.
പൈതൃകം പേറുവാൻ –
നിനക്കൊരച്ഛനെ വേണമിരിക്കിലും,
തേടി മടുത്തു ഞാൻ നിനക്കായൊരായിരം
പുരുഷ താതപരമ്പര “.

“കൊല്ലണം നിന്നെ ” യെന്നാ
രോയിരുളിൻ്റെ ചങ്കിലിരുന്നു
പറയുന്നു നിത്യവും.

ചങ്കിടിപ്പോടെ നീ കേൾക്കണം,
കാരണം, മർത്യ ജന്മമതോ
നിനക്കില്ലാതെ പോകുന്നു.

ശേഷക്രിയ പോലിന്നു ഞാൻ
കരയുന്നു, ഉണ്ണി.. നിൻ്റെയീ
ലോകം ചോര-
ക്കടലാകുമ്പോൾ.

യാത്രയാകുന്നെന്നമ്മേ-
നിൻ ഉദരത്തിൽ നിന്നത്രമേൽ
കിനാകണ്ട ജീവിതം ഹോമിച്ച്.

പുത്ര ദുഖം
സഹിക്കേണ്ട, സ്മാർത്തവിചാര
ചൂരൽ പുറം പൊളിക്കേണ്ട,
ത്രമേൽ നിന്നിൽ ഞാൻ
രഹസ്യമായി തീർന്നിടാം.

അല്പമാത്രം കൊതിച്ച
താണി ഗർഭകാല-
സ്വർഗലോകത്തിരിക്കുവാൻ.
അത്രമാത്രം വിധിച്ചിതല്ലോ
നിൻ ഗർഭപാത്രമൊഴിഞ്ഞിടുവാൻ…..

എങ്കിലും-
നിന്നുദര ലോകത്ത്
എന്നുമെന്നുമൊരു
പൈതലായി ഞാൻ വസിച്ചിടും……

കാസർകോട് ജില്ലയിലെ മടിക്കൈ സ്വദേശി. 2021 ൽ കാസർകോട് ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ പാർട്ട് ടൈം ജീവനക്കാരനായി പോലീസ് വകുപ്പിൽ എത്തി. മഴ വീടണയുന്നു, തവള, വേവലാതി പിടിച്ചവൻ്റെ ആത്മഹത്യാ കുറിപ്പ് എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തൃശൂർ ബുക്കർ മീഡിയ പുറത്തിറക്കിയ "ഞാൻ കണ്ട നാർകേളൻ" എന്നത് ആദ്യ നോവലാണ്. ദേശാഭിമാനി പത്രത്തിൻ്റെ നീലേശ്വരം റിപ്പോർട്ടറായി 12 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ "മരണാസക്തൻ " എന്ന നോവലിൻ്റെ പണിപ്പുരയിലാണ്. കഥ, കവിത എന്നിവയ്ക്ക് പുറമേ നാടകം, തിരക്കഥ എന്നിവയും എഴുതിയിട്ടുണ്ട് കൊയിലാണ്ടി കുറുവങ്ങാട് ശക്തി തിയ്യറ്റേഴ്സ് 2010 ൽ ഏർപ്പെടുത്തിയ ഇ.കെ.പി സ്മാരക ചെറുകഥാ അവാർഡ്, പുരോഗമന കലാസാഹിത്യസംഘം ചെറുവത്തൂർ ഏരിയ കമ്മറ്റി ഏർപ്പെടുത്തിയ സംസ്ഥാനതല കെ.എം.കെ. സ്മാരക ചെറുകഥാ അവാർഡ്, ജോയിൻ്റ് കൗൺസിലിൻ്റെ 2010 ലെ സംസ്ഥാന ചെറുകഥാ അവാർഡ്, കൊടക്കാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സംസ്ഥാനതല വജ്രജൂബിലി പുരസ്ക്കാരം, 2015 ലെ ടി.എസ്. തിരുമുമ്പ് സ്മാരക കവിത പുരസ്ക്കാരം, തെളിനീർ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.