പെനാല്‍റ്റി കിക്കെടുക്കാനൊരുങ്ങുന്ന കളിക്കാരെന്‍റെ നെഞ്ചിടിപ്പുകൾ…

മരങ്ങൾക്കുള്ളിലാണ് മൈതാനം, ചെമ്മൺമൈതാനം. അവിടെ കാണികളാരുമുണ്ടായിരുന്നില്ല. ശബ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. കാറ്റുണ്ടായിരുന്നില്ല. വെയിലുമുണ്ടായിരുന്നില്ല. പക്ഷേ, ഞാനുണ്ടായിരുന്നു. ഗോൾപോസ്റ്റിനുള്ളിൽ കഴുതപ്പുലിയെപോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഗോളിയുമുണ്ടായിരുന്നു.

മണ്ണുപുരണ്ട പന്ത് നെഞ്ചോടുചേർത്ത് ഗോൾ മുഖത്തേക്കു ഞാൻ നടന്നടുക്കുകയാണ്….
ഗോളി തൂങ്ങിയാടുന്ന ചുരുൾമുടിയിഴകൾ കുലുക്കി ഗോൾപോസ്റ്റിന്‍റെ ബാറിലേക്കു ചാടി, തൂങ്ങിനിന്നു, ആൾക്കുരങ്ങിനെപോലെ ഗോൾപോസ്റ്റിന്‍റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു നീങ്ങുന്നു. ഞാൻ പന്തുമായി പെനാൽറ്റി പോയിന്റിലേക്കെത്തുമ്പോൾ ഗോളി ചെമ്മണ്ണിലേക്കു ചാടി, കൈകൾ വീശി കൊട്ടിക്കൊണ്ടിരുന്നു, വാ..വാ…എന്നു തലകുലുക്കി വിളിച്ചു.

പന്ത് ഞാൻ നിലത്തുവെച്ചു. പരുന്ത് ചെമ്മൺ മൈതാനത്തിനുചുറ്റും റാകിപ്പറക്കുന്നു. ഞാനും ഗോളിയും പരുന്തിന്‍റെ ചീറലുകൾക്കൊപ്പം മാനത്തേക്കു തലചെരിച്ചു നോക്കി. പന്ത് ആഞ്ഞടിക്കാനായി ഞാൻ പിറകിലേക്കു ചുവടുകൾവെച്ചു. ഗോളി വലക്കു മുൻപിൽ കൈകൾ വിടർത്തിനിന്നു. പെനാൽറ്റികിക്കിനായി ഞാൻ പന്തിലേക്കു കുതിച്ചു…

പള്ളിമണിമുഴങ്ങി…

സ്വപ്നംമുറിഞ്ഞു പോയി..!

മലർന്നുകിടക്കുന്ന ഞാൻ കണ്ണുകൾതുറന്നു.

ഗോളിയുടെ ഭാര്യ എന്‍റെ നെഞ്ചിൽ മുലകളമർത്തി കിടക്കുന്നു. അവൾ നല്ല ഉറക്കത്തിലാണ്. എന്തോ പിറുപിറുക്കുന്നുമുണ്ട്. ഞങ്ങളുടെ നഗ്നതയിലേക്ക് ഇടിമിന്നലുകൾ വെളിച്ചം കുടഞ്ഞുകൊണ്ടിരുന്നു. മഴ അകന്നു പോയതോടൊപ്പം തണുത്ത കാറ്റ് വീശിയടിക്കുന്നു. ഞാൻ കാൽച്ചുവട്ടിലെ കമ്പിളി ഞങ്ങളുടെ മേനികളിലേക്കു വലിച്ചിടുന്നതിനിടയിൽ ഗോളിയുടെ ഭാര്യ ഉണർന്നു.

“സ്വപ്നം അണച്ചുകളഞ്ഞല്ലോ..!” അവൾ പറഞ്ഞു.

“എന്തായിരുന്നു നിന്‍റെ സ്വപ്നം.?” ഞാൻ ചോദിച്ചു.

“പെനാൽറ്റികിക്കെടുക്കാൻ പോവുന്ന ഒരാളുണ്ടായിരുന്നു സ്വപ്നത്തിൽ…!”

“അതാരായിരുന്നു..?”

“അയാളുടെ മുഖം വ്യക്തമല്ല.” അവൾ പറഞ്ഞു.

“ഗോളിയുടെ മുഖമോ..?” ഞാൻ ചോദിച്ചു.

“അതും മങ്ങിപ്പോയിരുന്നു.”

“എന്നിട്ടെന്തുണ്ടായി..?”

“അയാൾ കിക്കെടുക്കാനായി ഒരുങ്ങി. ഗോളി ചെമ്മണ്ണിൽ കാലുകളുരച്ച് പൊടിപാറിച്ച് വലക്കുമുൻപിൽ ഒച്ചവെച്ചു. ഓടിവന്ന അയാൾ വലത്തോട്ടാഞ്ഞ് പന്ത് ഇടത്തോട്ടടിച്ചു ഗോളിക്കരികിലൂടെ ഉരുണ്ടുപോയ പന്ത് വലക്കുള്ളിൽ പുളഞ്ഞു. കളിക്കാരൻ സ്നേഹ ചിഹ്നം വിരലുകൾകൊണ്ടൊരുക്കി മൈതാനമധ്യത്തിലേക്കു തിരിഞ്ഞു. വലക്കുള്ളിൽ കിടക്കുന്ന ഗോളി ചിരിയോടെ മൈതാനത്തിനിരുവശത്തേക്കും വിരൽചൂണ്ടി കൈകൾ വിടർത്തി ആട്ടിക്കൊണ്ടിരുന്നു. അപ്പോൾ, താഴ്‌വരയിലെ മരങ്ങൾക്കുള്ളിൽനിന്നാരോ ഓടി വരുന്നു… കുറെ രൂ പങ്ങൾ…!”

“അതാരായിരുന്നു..?” ഞാൻ ചോദിച്ചു.

“അതിനിടയിൽ നീയാ സ്വപ്നം തട്ടിമറിച്ചു പൊട്ടിച്ചില്ലേ..?” അവൾ നെറ്റിയാൽ എന്‍റെ നെറ്റിയിലിടിച്ചു. പള്ളിമണി വീണ്ടും മുഴങ്ങുന്നു. അവളെഴുന്നേറ്റ് മുടികെട്ടി വെച്ചു. ഞാൻ കിടക്കയിൽ മലര്‍ന്നുകിടന്നു. നിലത്തുകിടക്കുന്ന വസ്ത്രങ്ങളോരോന്നായി എടുത്ത് അവള്‍ അണിയാന്‍തുടങ്ങി.

“പുലർകാലത്ത് കാണുന്ന സ്വപ്നം നടക്കുമെന്നല്ലേ പറയാറ്…! ഗോളി നമ്മളെ തേടിവരുമോ..?”

“ഏത് ഗോളിയേയും കബളിപ്പിച്ചു വലകുലുക്കാൻ കഴിയുന്ന കളിക്കാരനല്ലേ, നീ. എന്തിന് ഭയക്കുന്നു..?” അവൾ ചോദിച്ചു .

“ഇത് കളിയല്ല. ജീവിതമാണ്. ഇവിടെ തെറ്റ് എന്‍റെ ഭാഗത്താണ്. ഗോളിയുടെ ഭാര്യയായ നിന്നെ ഞാനല്ലേ കടത്തിക്കൊണ്ടുവന്നത്…!”

“ഭാര്യ, സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണ്. ഇതിലൊരു ഫൗളുമില്ല. ഭയക്കാതിരിക്ക്”

അവൾ മുറിയുടെ വലതുവശത്തെ മരവാതിൽ തുറന്നു. മുകൾനിലയിലെ ആ മുറിക്കു മുൻപിലെ ടെറസിലൂടെ അവൾ നടന്നുനീങ്ങുന്നതും നോക്കി ഞാൻ കിടക്കയിൽ ചെരിഞ്ഞുകിടന്നു. മഴവെള്ളം തെറിപ്പിച്ചുകൊണ്ട് ടെറസിന്‍റെ മുൻവശത്തെ കൈവരിയിലേക്കവൾ നടന്നെത്തുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന വാഴത്തോട്ടങ്ങൾക്കു നടുവിലെ ഈ ഫാംഹൗസ് അവളുടെ സുഹൃത്തിന്‍റെതാണ്.

നഗരത്തിൽവെച്ച് സുഹൃത്തിനെ ഞങ്ങൾ കണ്ടപ്പോൾ, ഫാംഹൗസിന്‍റെ താക്കോൽ കൈയിൽത്തന്ന്, എത്രനാൾ വേണമെങ്കിലും അവിടെ താമസിക്കാമെന്നു പറഞ്ഞു. അവൾ സുഹൃത്തിനെ അണച്ചുപിടിച്ച് കവിളിൽ ചുംബിച്ചു. യാത്രപറഞ്ഞ്, രാത്രിതന്നെ ഗ്രാമത്തിലേക്കു തിരിച്ചു. ഒരാഴ്ചയായി ഞങ്ങൾ ഈ ഫാം ഹൗസിൽ കഴിയുന്നു. കാറ്റിനൊപ്പം മുറിക്കുള്ളിലേക്കുവരുന്ന വാഴക്കൂമ്പിന്‍റെ മണത്തിനൊപ്പം ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റു, വസ്ത്രങ്ങളണിഞ്ഞു.

ടെറസിലെ കൈവരിയിൽ പിടിച്ച് അവൾ മഴനനഞ്ഞ വാഴക്കൂട്ടങ്ങളെ നോക്കി നിൽക്കുന്നു. വെള്ളത്തുള്ളികൾ വാഴയിലകളിലൂടെ തെന്നിതെന്നി നീങ്ങി മണ്ണിലേക്കിറ്റുന്നുണ്ട്. കാറ്റ്, അവളുടെ മുടിക്കെട്ടിനെ അഴിച്ച് മുടിയിഴകളെ ഉലയ്ക്കുന്നു. ഞാൻ അവൾക്കരികിലേക്കു നടന്നു. വാഴക്കൂട്ടങ്ങൾക്കുള്ളിൽനിന്ന് തത്തക്കൂട്ടങ്ങൾ ചിലപ്പോടെ പറന്നുയരുന്നു. ചില ഫുട്ബോള്‍ സീസണുകളിൽ ഗോളിക്കൊപ്പം ഭാര്യയും സ്റ്റേഡിയങ്ങളിലേക്കു വരാറുണ്ടായിരുന്നു. അങ്ങനെയാണ് അവളെ കാണുന്നതും അടുക്കുന്നതും. ഗോളി തകർപ്പൻ സേവുകൾ നടത്തുമ്പോഴെല്ലാം നിശ്ശബ്ദയാവുന്ന അവൾ, എന്‍റെ കാലുകളിൽനിന്ന് ഗോളുകൾ പിറക്കുമ്പോൾ ആഹ്ലാദവതിയാവുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കളികഴിഞ്ഞാൽ, ചിലപ്പോഴെല്ലാം ഡ്രസ്സിംഗ്റൂമിലേക്കു വന്ന് എന്‍റെ ഗോൾമുന്നേറ്റങ്ങളെക്കുറിച്ചു വാചാലയാവാറുമുണ്ട്, അവൾ.

ഞാൻ അവൾക്കു പിറകിൽനിന്ന് വാഴപ്പരപ്പുകളെ നോക്കി. എന്‍റെ കൈകൾ അവളുടെ അരക്കെട്ടിൽ വലയംതീർത്ത്, അവളെ നെഞ്ചിലേക്കുചേർത്തു. വാഴക്കൂമ്പിനുള്ളിൽ നിന്ന് തേൻകുടിക്കുന്ന കുരുവികൾ ഞങ്ങളെ നോക്കി പറന്നുപോയി. എവിടെനിന്നോ തുറന്നുവിട്ട വെള്ളം വാഴകൾക്കടിയിലെ ചാലിലൂടെ കലങ്ങിമറിഞ്ഞൊഴുകി വരുന്നു. ഞാൻ അവളുടെ മുടിയിഴകളിൽ മുഖംമുരച്ചു. വൈകുന്നേരം ഞങ്ങൾ വാഴത്തോട്ടത്തിനുള്ളിലൂടെ നടക്കാനിറങ്ങി. പണിക്കാരെല്ലാം പോയിക്കഴിഞ്ഞിരുന്നു. വെട്ടിയിട്ട റോബസ്റ്റക്കുലകൾ വഴിയരികിൽ കൂട്ടിവെച്ചിട്ടുണ്ട്. വെള്ളം ചാലുകളിലൂടെ അപ്പോഴും ഒഴുകുന്നുണ്ട്. നരിച്ചീറുകൾ തോട്ടത്തിനുള്ളിലൂടെ ഒച്ചവെച്ചു പറക്കുന്നു. പുതുതായി നട്ട കുഞ്ഞു വാഴക്കന്നുകൾക്കരികിലൂടെ നടന്നു നീങ്ങുമ്പോൾ അവളെന്നെ നോക്കി. “കളിക്കാൻ പോകുന്നയിടങ്ങളിലെല്ലാം അയാൾക്ക് കാമുകിമാരുണ്ടായിരുന്നു. ഗോളി വരുന്നുണ്ടെന്നറിഞ്ഞാൽ കാമുകിമാർ ഫോണ്‍ വിളിക്കാൻ തുടങ്ങും. കളികഴിഞ്ഞാൽ അയാൾ അവരെ തേടിപ്പോവും…!”

“നീയിതെല്ലാം എത്രയോതവണ എന്നോട് പറഞ്ഞുകഴിഞ്ഞതാണ്. ഞാനിതെല്ലാം നേരിട്ട് കണ്ടിട്ടുമുണ്ട്. ഗോളി നമ്മളെ തേടിവന്നാൽ എങ്ങനെ നേരിടുമെന്നാണ് ആലോചിക്കേണ്ടത്.” ഞാൻ പറഞ്ഞു

“ഞാൻ നിന്‍റെ കൂടെയുണ്ടാവും. ഇത്രയുംകാലം എന്‍റെ ജീവിതം പിച്ചിച്ചീന്തിയവനാണയാൾ. പുതിയ ക്ലബ്ബുമായുള്ള നിന്‍റെ കാരാർ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ…”

“അതൊന്ന് പെട്ടെന്ന് ശരിയായാൽ നമുക്കീ നാടു വിടാമായിരുന്നു..” തൂങ്ങിനിൽക്കുന്ന കദളിക്കുലയിൽനിന്ന് പഴുത്ത രണ്ടെണ്ണം പറിച്ചെടുത്ത് അവൾ എനിക്കു തന്നു. ഞങ്ങൾ പഴംതിന്ന് നടത്തം തുടർന്നു.

“ക്ലബ്ബ്ഫുട്ബോളിൽ കപ്പടിച്ച ഞങ്ങളുടെ ടീമിന് രണ്ടുമാസം മുമ്പ് മാനേജ്മെൻറ് ഡിന്നർ ഒരുക്കിയിരുന്നില്ലെ…? അന്ന് രാത്രി, ഗോളിയെങ്ങോട്ടോ പോയ സമയം നീയെന്നെ റൂമിലേക്ക് വിളിച്ചില്ലേ..? നിന്‍റെ ദുഃഖങ്ങളെല്ലാം എന്നോട് പങ്കുവെച്ച് നമ്മളൊന്നായ്തീർന്ന രാത്രി.. ആ രാത്രിതന്നെയാണ് ഫോട്ടോകളാരോ എടുത്തത്…!”

“അതവിടെനിന്നാവില്ല. അതന്ന് നമ്മൾ ബീച്ച്റിസോർട്ടിൽ…”

“അല്ല. അവിടെവെച്ചല്ല. എന്‍റെ സോക്കർ ജീവിതം തകർക്കാൻ ഞങ്ങളുടെ ടീമിലെ ആരോ നടത്തിയ നീക്കമാണത്. ഫോട്ടോകളെല്ലാം ടെലഗ്രാമിലൂടെ എന്‍റെ ഭാര്യക്കും കൈമാറി. അതോടെ അവളുടെ സംശയങ്ങളെല്ലാം ബലപ്പെട്ടു. വീട്ടിലെയെന്‍റെ സ്വസ്ഥത നഷ്ടപ്പെട്ടു. കളിക്കളത്തിൽ നിരന്തരമെനിക്ക് പിഴവുകളും പറ്റി…!”

“പഴയതെല്ലാം മറന്നേക്ക്. ഇനി നീ എന്‍റെതും ഞാൻ നിന്‍റെതുമാണ്. കളിക്കളത്തിലിനി നിന്‍റെ മുന്നേറ്റങ്ങളാണ് വരാൻപോവുന്നത്.” അവൾ പറഞ്ഞു.

“ആ ഫോട്ടോകൾ ഗോളിക്കും കിട്ടിയിരിക്കുമോ..?” ഞാൻ ചോദിച്ചു.

“ഗോളിയത് കാണുകതന്നെ വേണം. കാമുകിമാരോടൊത്തുള്ള അയാളുടെ ഫോട്ടോകൾ കണ്ട് ഞാൻ വിങ്ങിയിട്ടുണ്ട്. നമ്മുടെ ഫോട്ടോ കണ്ട് ഗോളി നീറിയെരിയണം.”

വാഴത്തോട്ടങ്ങൾ അവസാനിക്കുകയാണ്. ഞങ്ങൾ നടന്ന്, താഴ്വരകൾക്കു മുകളിലെത്തി. ഇവിടെവരെ എന്നും ഞങ്ങൾ നടക്കാറുണ്ട്.

ദൂരെ, താഴ്‌വരയിലെ, മരങ്ങൾക്കുളളിലെ ചെമ്മൺ മൈതാനത്തെ നോക്കി ഞാൻ നിന്നു. അവൾ പുൽനാമ്പുകളിലൂടെ പറന്നുപോകുന്ന ചുമന്നതുമ്പിയെ പിടിക്കാൻ പതിയെ നടക്കുന്നു. അകലെയുള്ള മലകൾക്കുള്ളിൽ സൂര്യൻ മറയുന്നു. തുമ്പിയെ പിടിച്ച അവൾ എന്‍റെ വിരലിൽ കടിപ്പിച്ചു. ഞാൻ കൈ കുടഞ്ഞു, തുമ്പി താഴ്വരയിലേക്കു പറന്നുപോവുന്നതു ഞങ്ങൾ നോക്കി.

നേരിയ ഇരുട്ടുപരന്നവഴിയിലൂടെ മടങ്ങുമ്പോൾ മനസ്സിൽ ആർത്തിരമ്പുന്ന മൈതാനമായിരുന്നു. ഫൈനൽമത്സരത്തിൽ, ടൈബേക്കറിൽ, രണ്ടുപെനാൽറ്റികിക്കുകൾ തടഞ്ഞിട്ട്, ഗോളി ടീമിനെ വിജയത്തിലേക്കെത്തിച്ചപ്പോൾ ഒരു യുവതി മൈതാനത്തിലേക്കോടിവന്ന് ഗോളിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഗ്രൗണ്ട്ഗാർഡ് ഓടിവന്ന് യുവതിയെ തള്ളിമാറ്റിയയുടനെ ഗോളി ഗാർഡിനെ മുഖത്തടിച്ചു, പുൽമൈതാനത്തിട്ട് ചവിട്ടി. മുഖാസ്ഥികൾ തകർന്ന അയാൾ ഏറെനാൾ ആശുപത്രിയിൽ കിടന്നു. അവൾക്കൊപ്പം നടന്നു നീങ്ങുന്നതിനിടയിൽ എന്‍റെ കൈ ജീൻസിന്‍റെ പോക്കറ്റിലേക്കിറങ്ങിപ്പോയി, വിരലുകൾ പിസ്റ്റളിന്‍റെ കാഞ്ചിയെ തൊട്ടു. പള്ളിമണിമുഴങ്ങുന്നു. ദൂരെ, ഫാംഹൗസിൽനിന്നുള്ള വെളിച്ചംമിന്നുന്നു.

ഉറക്കത്തിനിടയിലേക്ക് പന്തിന്‍റെ തുള്ളൽശബ്ദം കടന്നുവരുന്നു. പടികൾ കയറിക്കയറി പന്ത് മുകൾനിലയിലേക്കടുക്കുന്നു. പൂച്ച ഉച്ചത്തിൽ കരയുന്നുണ്ട്. പൊടുന്നനെ, മുറിയുടെ വാതിൽ അകത്തേക്കു തകർന്നുവീണു. ഞങ്ങൾ കിടക്കയിൽനിന്നു പിടഞ്ഞെഴുന്നേൽക്കുമ്പോൾ പന്ത് മുറിക്കുള്ളിലേക്കുവീണ് തുള്ളിക്കളിക്കുന്നു. ജേഴ്സിയും ഗ്ലൗസുമണിഞ്ഞ ഗോളി, വാതിൽചവിട്ടി, ചുമലിലേക്കുതൂങ്ങിയ മുടികുലുക്കി ചിരിക്കുകയാണ്.

ഞാൻ തലയിണക്കടിയിൽനിന്ന് പിസ്‌റ്റെളെടുത്ത് ചാടിയിറങ്ങിയപ്പോഴേക്കും ഗോളിയത് തട്ടിത്തെറിപ്പിച്ച്, സോക്സിനുള്ളിൽനിന്ന് നീണ്ടകത്തി വലിച്ചെടുത്തു. കത്തിയുടെ മൂർച്ച തിളങ്ങുമ്പോൾ വസ്ത്രങ്ങളണിയാൻ ഗോളി ആംഗ്യംകാണിച്ചു. എനിക്കായി ജേഴ്സിയും ബൂട്ടും അയാൾ എറിഞ്ഞുതന്നു. പൂച്ച മുറിയിലൂടെ വാൽച്ചുഴറ്റിനടക്കുന്നു. ഞങ്ങൾ വസ്ത്രങ്ങളണിയുന്നതും നോക്കി ഗോളി കത്തിയാൽ മീശതടവി.

ഫാം ഹൗസിൽനിന്നു പുറത്തിറങ്ങി, കാറിനരികിലെത്തിയയുടനെ ഗോളി എനിക്കായി മുൻഡോർ തുറന്നുതന്നു. ഗോളിയും ഭാര്യയും പൂച്ചയും പിറകിൽകയറി. ഞാൻ വണ്ടി സ്റ്റാർട്ട്ചെയ്തു. വളയം തിരിച്ചു. കാർ വാഴത്തോട്ടത്തിനുള്ളിലെ നിലാവിലൂടെ നീങ്ങി. വഴിയിൽ കൂട്ടിയിട്ട വാഴക്കുലകൾ ഇടിച്ചുതെറിപ്പിച്ചു പോകുമ്പോൾ ഗോളിവിരൽ കൊണ്ട് പന്തിൽകൊട്ടി തലകുലുക്കി.

താഴ്വരകൾക്കു മുകളിലെത്തുമ്പോൾ ചന്ദ്രൻ മലകൾക്കുമുകളിൽ ഉരുണ്ടുകളിക്കുന്നതു കണ്ടു. മുൻപിലെ കുഴിയിലേക്കു നോക്കി ഞാൻ പിറകോട്ടു തലവെട്ടിച്ചു. ഗോളി കത്തി വിന്റ്സ്ക്രീനിലേക്കു നീട്ടി മുന്നോട്ടുനീങ്ങാൻ അലറി. പൂച്ച മുൻസീറ്റിലേക്കു ചാടി എനിക്കരികിലിരുന്ന് മുരണ്ടു. കാർ ആടിയുലഞ്ഞ് താഴ്വരയിറങ്ങാൻ തുടങ്ങി. പലപ്പോഴും രണ്ടുചക്രങ്ങളിൽ നീങ്ങി, ചെരിഞ്ഞുചെരിഞ്ഞ്, മൺത്തിട്ടകൾ കയറിയിറങ്ങി, അടിവാരത്തെ കുറ്റിപ്പൊന്തകൾക്കുള്ളിലേക്കു പാഞ്ഞു.

മരങ്ങൾക്കിടയിലൂടെ ഓടി, ചില മരങ്ങളിൽ ഇടിച്ച്, ബോണറ്റ് അടർന്നുവീണ്, കാർ വേഗം നീങ്ങി. കാട്ടുമൃഗം അമറിക്കൊണ്ട് മുൻപിലൂടെ ഓടി കിടങ്ങിലേക്കു ചാടി. അകലെ ചെമ്മൺ മൈതാനം കണ്ടപ്പോൾ ഗോളി പന്ത് എന്‍റെ മടിയിലേക്കിട്ടു തന്നു. ഞാൻ പന്തിലേക്കും വഴിയിലേക്കും മാറിമാറി നോക്കി കാറോടിച്ചു. മൈതാനത്തേക്കുള്ള കയറ്റം കയറി കാർ കിതക്കുമ്പോൾ ഗോളി നിർത്താൻ പറഞ്ഞു. എല്ലാവരും പുറത്തിറങ്ങി. പൂച്ച പുറത്തേക്കുചാടി മൂരിനിവർത്തി.

“ഇവളെ നിനക്ക് സ്വന്തമാക്കണമെങ്കിൽ ഒരുവഴിയേയുള്ളൂ, ആ കടമ്പ നീ കടന്നില്ലെങ്കിൽ കത്തിക്ക് പണിയാവും.”

“ഞാൻ…എങ്ങനെ..?”

“നീയൊരു ഗോളടിച്ചിരിക്കണം. ഈ ഗോളിയെ കബളിപ്പിച്ച്…”

“എപ്പോൾ..?” ഞാൻ ചോദിച്ചു.

“ഇപ്പോൾ. പെനാൽറ്റികിക്കിൽ പന്ത് പുറത്തേക്ക് പോവുകയോ, ഞാൻ തട്ടിത്തെറിപ്പിക്കുകയോ ചെയ്താൽ ഇവൾ എന്‍റെതായിരിക്കും, കത്തി നിന്‍റെ നെഞ്ചിലേക്കും..” ഗോളി കത്തിവീശിയെറിഞ്ഞു. ഗോൾപോസ്റ്റിന്‍റെ ബാറിൽ അത് തറച്ചുനിന്നു. ഗോൾവലകാക്കാൻ അയാൾ ചാടിച്ചാടിപോവുന്നത് ഞാനും അവളും നോക്കി. പൂച്ച ചെമ്മണ്ണിൽ ഉരുണ്ടുകളിക്കുന്നു.

“ചെല്ല്. നീ ജയിക്കും. നമ്മളൊന്നായുള്ള ജീവിതത്തിനായി പുണ്യാളനോട് ഞാൻ പ്രാർത്ഥിക്കാം.” ഗോളിയുടെ ഭാര്യ നിറയുന്നകണ്ണുകളോടെ പറഞ്ഞു.

“എന്‍റെ തന്ത്രങ്ങളെല്ലാം ഗോളിക്കറിയാവുന്നതാണ്. തോറ്റാൽ.! എന്‍റെ ജീവൻ..!”

“പുണ്യാളൻ നമ്മെ രക്ഷിക്കും.”

ഞാൻ പന്തുമായി മൈതാനത്തുകൂടെ നടന്നു. ഗോളി വലക്കുള്ളിൽ മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിക്കുന്നു. ഗോൾപോസ്റ്റിന്‍റെ ബാറിൽ തറച്ചുനിൽക്കുന്ന കത്തിയിലേക്കു നോക്കി ഞാൻ പന്ത് നിലത്തുവെച്ചു. ഗോളി വലക്കുമുൻപിൽ കൈവിടർത്തി നിന്നു. ട്രൗസർ മുകളിലേക്കുകയറ്റി ഇരുതുടയിലും കൈകൾ കൊണ്ടടിച്ചു. പന്തടിക്കാനായി ഞാൻ പിറകോട്ടു ചുവടുകൾ വെക്കുമ്പോൾ പുണ്യാളനോടു മനമുരുകി പ്രാർത്ഥിക്കുന്ന അവളെ തിരിഞ്ഞുനോക്കി. പന്തിലേക്കോടുന്ന ഞാൻ കാൽ വലത്തോട്ടാഞ്ഞ്, പൊടുന്നനെ, കാലിടത്തോട്ടുവെട്ടിച്ചടിച്ചു. വലത്തോട്ടുചാടിയ ഗോളിയുടെ കാലുകൾക്കരികിലൂടെ പന്ത് വലയിലേക്ക്…

പിടഞ്ഞുചാടി, ഞാനവൾക്കരികിലേക്കു കുതിച്ചു. അവളും എനിക്കരികിലേക്കോടി വരുന്നു. പൂച്ച ഞങ്ങളെ കണ്ണുരുട്ടിനോക്കി നിൽക്കുന്നു.

വലക്കുള്ളിൽകിടന്നു ചിരിക്കുന്ന ഗോളി വായിൽ വിരലുകൾകടത്തി ചൂളംവിളിച്ചു. മരങ്ങൾക്കുള്ളിലത് മാറ്റൊലികൊള്ളുമ്പോൾ കാട്ടിനുള്ളിൽനിന്ന് സ്ത്രീകളുടെ കൂട്ടച്ചിരികളുയർന്നു. ഒരുകൂട്ടം യുവതികൾ മരങ്ങൾക്കിടയിൽനിന്നു ഓടിവരുന്നതു ഞാനും ഗോളിയുടെ ഭാര്യയും കണ്ടു. മൈതാനത്തേക്കിറങ്ങി വരുന്ന യുവതികൾ ഗോളിക്കരികിലേക്കോടുമ്പോൾ പൂച്ച വായുവിൽ പുളഞ്ഞുചാടി യുവതികൾക്കു പിറകെ ഓടുന്നു. കാറിനരികിൽനിൽക്കുന്ന ഞാനും അവളും ആ കാഴ്ചയിൽ അന്തിച്ചുനിൽക്കുമ്പോൾ, ഗോൾ പോസ്റ്റിന്‍റെബാറിലെ കത്തിവലിച്ചെടുത്ത് ഗോളി യുവതികൾക്കു നേരെ നീട്ടി.

“ആവേശം കാണിക്കല്ലേ, സുന്ദരികളെ… ഈ കളിയിൽ ഞാൻ തോറ്റത് നിങ്ങൾക്കുവേണ്ടിയും എന്നിലെ ഭർത്താവിന്‍റെ ചങ്ങല എന്നെന്നേക്കുമായി പൊട്ടിച്ചുകളയാനുമാണ്. ശരിക്കും പറഞ്ഞാൽ ഭർത്താവൊരു ഗോളിയാണ്, സുന്ദരികളെ. ജീവിതക്കളത്തിലും എനിക്ക് ഗോളിയായി നില്‍ക്കാനാവില്ല. അതുകൊണ്ടെന്നെ ഭർത്താവാക്കാമെന്ന് കരുതി ആരും, പുതിയകാമുകിയും ഓടിവരേണ്ട. സുന്ദരികളെ, നിങ്ങൾ നിങ്ങളുടെ ഭർത്താക്കന്മാരെയും കുഞ്ഞുങ്ങളെയും മറക്കാതെ എന്നെ കാമുകനായി മാത്രം കാണൂ…”

“മതി. ഞങ്ങൾക്കതുമതി.” യുവതികൾ കൂട്ടത്തോടെ പറയുമ്പോൾ പൂച്ച അവരുടെ കാലുകൾക്കിടയിലൂടെ ദേഹമുരസി കരഞ്ഞു.

“സുന്ദരികളെ… ഒരുനിമിഷംകൂടി. എന്‍റെ പുതിയകാമുകിയെ എനിക്കൊന്ന് ചുംബിക്കണം. അവളുടെ ഭർത്താവ് ഞങ്ങളെ തേടിവരുമെന്ന ഭയത്താൽ ഞങ്ങളേറെ ഭയപ്പെട്ടാണ് സ്നേഹിച്ചിരുന്നത്. ഞാനൊന്നവളെയൊന്ന് വിളിച്ചോട്ടെ..?”

“വിളിക്കൂ… നിങ്ങൾ വിളിക്കൂന്നേ…”

ഗോളി പേരുവിളിച്ചു. മരങ്ങൾക്കുള്ളിലെ മഞ്ഞിനുള്ളിൽനിന്നവൾ മൈതാനത്തേക്കിറങ്ങിവന്നു. ചെമ്മണ്ണിലൂടെ, ഉലയുന്നവസ്ത്രങ്ങളുമായി നീങ്ങുന്നു. കാറിനരികിലൂടെ അവൾ ഓടിപ്പോവുമ്പോൾ ഞാനും ഗോളിയുടെ ഭാര്യയും വിറങ്ങലിച്ചുനിന്നു. എന്‍റെ കണ്ണുകളിൽ ഇരുട്ടടയുന്നു. തല ചുറ്റുന്നു. വീഴാൻപോയ എന്നെ ഗോളിയുടെ ഭാര്യ പിടിച്ചു. കാറിലെ സീറ്റിലേക്കിരുത്തി. വളയത്തിൽ നെറ്റിയുരച്ച് ഞാൻ കിതച്ചു, “എന്‍റെ ഭാര്യ..!”

സ്വപ്നം കീറിപ്പറിഞ്ഞു.

ഞാൻ വിതുമ്പി..!

പള്ളിമണി മുഴങ്ങുന്നു…

എന്‍റെ നെഞ്ചിലെ രോമങ്ങളിൽ മുഖം ചേർത്തുകിടക്കുന്ന ഗോളിയുടെ ഭാര്യ ചിരിക്കുകയാണ്.

“എന്തിനാ ചിരിക്കുന്നേ…?” ഞാൻ ചോദിച്ചു.

“പുലർകാലത്ത് കണ്ട സ്വപ്നം നടക്കുമെന്നല്ലേ നീ പറഞ്ഞത്. ഇനി ഗോളി ഒരിക്കലും നമ്മെ തേടിവരില്ല..!” അവൾ പറഞ്ഞു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. വള്ളുവനാടൻ കഥകൾ, പ്രണയവും ഫുട്ബോളും, കരുണം മുതൽ ശാന്തം വരെ, താരങ്ങൾ വെടിയേറ്റുവീണ രാത്രി, കടൽശരീരം, രാജ്യദ്രോഹികളുടെ വരവ്, ആദംതുരുത്ത് തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തിലെന്നപോലെ ചിത്രരചനയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്നു.