ബോർഡ് ഗെയിം

കിഴക്ക് നീലയിൽ
സിൽപോളിൻ ഷീറ്റ് പോലെ
വലിച്ചു പിടിച്ച് വെള്ള കീറി,
ഉമ്മറത്ത്
വെളുത്ത
നിറത്തിലൊരിൻലന്റ്
വാരിവാരിയെറിഞ്ഞ്
പടിഞ്ഞാറെ
വഴികടന്നതിവേഗം
പോകുമൊര,ഞ്ചലോട്ടക്കാരൻ.

വിഴുപ്പുമായി
ഇറയം ചുറ്റിവരവ്‌
വെളിച്ചം
അടിച്ചു പൂസായ പാമ്പായി.
ഭിത്തിയിൽ
കോണിപ്പടിയുടെ ചാരിയിരുത്തം
അതിന്മേലതിൻ
വളഞ്ഞു പുളഞ്ഞ് ചാരിക്കിടത്തം.

വീടിനു മുന്നിലെ
പാടത്തുങ്കരയ്ക്ക,ക്കരെയാദ്യം
ഉയർന്നു വന്നു
അഞ്ചലോട്ടക്കാരനേം കൊണ്ട്
പറന്നുയരുംമട്ടിലത്യുഗ്രൻ
മൈനാകം.

അന്തിവെട്ടത്തിലുടുപ്പഴിച്ച്
ഹാങ്ങറിൽ തൂക്കി
നെഞ്ച് വിടർത്തി വെച്ചുഴിഞ്ഞു
ഭിത്തിയിൽ നിഴലത്
കൂർമ്പൻ ഫണം.

പറക്കും വഴി
മൈനാകം വിഴുങ്ങിയ
വീട്ടിലവർ
പാമ്പും കോണിയും
കളി തുടങ്ങി.

എണ്ണം തെറ്റി
പിന്നെയും പെരുക്കി
വീണ്ടും സങ്കലനം
കരുക്കൾ പലാവർത്തി കശക്കി
കുറച്ചു കുറച്ച്
പിഴച്ച,ടവ് തെറ്റി.
താഴേക്കിറങ്ങുമ്പോൾ
കൂപ്പുകുത്തി
പഞ്ചകരുക്കൾ.

വരിഞ്ഞു മുറുക്കി കാറ്റ്
കെട്ടുപിണഞ്ഞു
കോണിപ്പടിമേൽ
ഘനീഭവിച്ചതണുപ്പായതിനെ
തൊട്ടറിഞ്ഞു.

നെഞ്ചിൽ
സീൽക്കരിച്ചു പാപം
കല്ലിച്ചു കിടന്നു
കടിച്ച വിഷം.
ജനാല താനേയടഞ്ഞു, ച്ചത്തിൽ
കണ്ണും.

നൂറക്കങ്ങൾ
കേറിക്കേറിപ്പോകുന്തോറും
കുലങ്കുത്തിയൊഴുകും
പുഴയിലൊലിച്ചു
പൊട്ടിപ്പൊളിഞ്ഞ കോണി.

നീ ഒറ്റയ്ക്ക്
കളിതുടരുമ്പോൾ
കൂന്തലഴിച്ചഴിച്ച്
ഉടുമുണ്ടുരിഞ്ഞുരിഞ്ഞ്
കോണിപ്പടികളിലൂടെ വലിച്ചിഴച്ച്
നൂറ്റവർ വന്നു.

കിഴക്കീന്ന്
വലിച്ചു പിടിച്ച്
വെള്ളത്തുണിയുടലിൽ കീറിയിട്ട്
വഴികടന്നതിവേഗത്തിൽ
പോകുകയാണ,ഞ്ചലോട്ടക്കാരൻ..

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു