ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും ഹൃദയഹാരിയായ പ്രണയനാടകം

പാട്ടും ഡാൻസും തമാശയും തല്ലും ആശങ്കയും ആകാംഷയുമെല്ലാം ആർക്കും ഇഷ്ടപ്പെടാൻ തക്കവണ്ണം ആവോളമുണ്ട് സുരേശൻ്റെയും സുമലതയുടെയും ‘ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിൽ. കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ചേർത്താണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകൻ ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. കഥ പറയുന്ന രീതിയും അതിലൂടെ പറഞ്ഞു വയ്ക്കുന്ന ജാതിയും രാഷ്രീയവുമാണ് ഈ സിനിമയെ അടുത്ത കാലത്തിറങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാക്കുന്നത്. ആദ്യമായി നായക വേഷത്തിൽ അഭിനയിച്ച രാജേഷ് മാധവൻ സിനിമയിൽ ഉടനീളം ഉടലിൻ്റെ സാധ്യതകളെ ഒരു മാന്ത്രികൻ്റെ കൈയടക്കത്തോടെയാണ് കാഴചവച്ചിരിക്കുന്നതും.

നാടുവിട്ട് പോയ സുരേശൻ മുത്തശ്ശിയുടെ മരണത്തിന് അപ്രതീക്ഷിതമായി നാട്ടിലെത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. യുവർ ഡെസ്റ്റിനേഷൻ ഈസ് ഓൺ ദി ലെഫ്റ്റ് എന്ന് ഗൂഗിൾ മാപ്പിലേത് എടുത്ത് പറഞ്ഞുകൊണ്ടാണ് നായകനെ സംവിധായകൻ കഥയിലേക്ക് ഇറക്കി വിടുന്നത്.

ഒരു ഓട്ടോ വാങ്ങി പണിയെടുത്ത് ജീവിക്കാൻ തുടങ്ങുന്ന സുരേശൻ നാട്ടിലെ നാടക കുതുകികളായ കുറേപേരെ ചേർത്ത് സദാരാമ നാടകം അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്ലോട്ട്. കാമുകിയായ സുമലതയുടെ അച്ഛൻ സുധാകരൻ നാഹർ മഹാരാജാവും സുരേശൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ നായികയുമായി നാടകം റിഹേഴ്‌സൽ തുടരവേ സുമലതയുമായുള്ള സുരേശൻ്റെ പ്രണയ കഥ പാരലൽ ട്രാക്കിൽ മുന്നേറുന്നു.

ഏതോ ഒരു പ്രണയസുരഭില നിമിഷത്തിൽ സുരേശൻ അവളുടെ വീട്ടിലെ റേഷൻ കാർഡിൻ്റെ പുറം ചട്ടയിൽ ഒരു സു എഴുതിച്ചേർത്ത് ‘സുറേഷൻ കാർഡ്’ എന്നാക്കി. പലരും പറഞ്ഞ് അറിഞ്ഞിരുന്നെങ്കിലും സുധാകരൻ നാഹർക്ക് മകളുടെ പ്രേമം തെളിവ് സഹിതം കൈയ്യിൽ കിട്ടിയത് അപ്പോഴാണ്. അയാൾ ആത്മഹത്യാ നാടകം നടത്തി മകളുടെ മനസ് മാറ്റിച്ചു. കാരണം സുരേശൻ അവരെക്കാൾ താഴ്ന്ന ജാതിക്കാരനാണ്. മറ്റൊരു കാരണവും കൂടെയുണ്ട്. നാട്ടുകാർക്കൊക്കെ അത് അറിയാമെങ്കിലും വെറുതെ പറഞ്ഞു കൊച്ചാക്കണ്ട എന്നതുകൊണ്ട് എല്ലാവരും മറന്നുകളഞ്ഞ മറ്റൊരു സംഭവം. ആ കഥ സ്‌ക്രീനിൽ തന്നെ കാണണം. അതാണ് സിനിമയുടെ നാടകീയത.

ഇതിനെല്ലാം ഒടുവിൽ മകളെ പ്രേമിച്ചതിന് സുധാകരൻ സുരേശനോട് നാട്ടുകാരുടെ മുന്നിൽ പകരം ചോദിക്കുന്നുണ്ട്. നാടകത്തിൻ്റെ അരങ്ങിലാണ് അത് അരങ്ങേറുന്നത്. കഥാപാത്രമായ അയാൾ സുരേശനെ പ്രോപ്പർട്ടിയായ ഗദ കൊണ്ട് തല്ലിച്ചതച്ചു. ഈ രാത്രി ഇവിടം വിട്ടുപോയിരിക്കണമെന്ന് കാണികൾ കേൾക്കാതെ ഡയലോഗുകൾക്കിടയിലൂടെ ഭീഷണിപ്പെടുത്തി. അതുവരെ മറച്ചുവച്ചിരുന്ന ജീവിതത്തിലെ അയാളുടെ ഇരട്ട മുഖം അവിടെ അഭിനയമില്ലാതെ വെളിവായി. നടൻ സുധീഷ് കസറിയ ഭാഗങ്ങളാണത്. അടികൊണ്ട് അവശനായ സുരേശൻ വെറുമൊരു തെരുവ് പട്ടിയെക്കാൾ നിരാശ്രയനായി നടന്നകലുന്നു. നടൻ എന്നതിനൊപ്പം സഹസംവിധായകനും കാസ്റ്റിങ്ങ് ഡയറക്ടറുമായി കഴിവ് തെളിച്ച്, പെണ്ണും പൊറാട്ടും എന്ന സിനിമയിലൂടെ സംവിധായകനുമാകുന്ന രാജേഷ് മാധവൻ്റെ നടന മികവ് ഈ സിനിമയിൽ ആദ്യാവസാനം കാണാം. ചിത്ര നായരും ശരണ്യ നായരും ജിനു ജോസഫും സാംസണും ധനേഷും അനീഷും നാടക പശ്ചാത്തലമുള്ള അഭിനേതാക്കളായ ബാബു അന്നൂരും ഷൈനി വിജയനും മറ്റ് എല്ലാവരും പ്രകടനത്തിൽ ഒന്നിനൊന്ന് മികച്ചു നിന്നു. ഭർത്താവിൻ്റെ മുകളിലേക്ക് കയറി ഇരുന്ന് ഭീഷണിപ്പെടുത്തുന്ന പെണ്ണും കൊട്ടേഷൻ കൊടുക്കുന്ന അമ്മച്ചിയും അടക്കമുള്ള സ്ത്രീ കഥാപാത്രങ്ങളെല്ലാം ഒരുപടി മുന്നിലാണ്.

സദാരാമ നാടകത്തിൽ ഒരു ഗന്ധർവ്വ കഥാപാത്രമുണ്ട്. നായികയുടെ ശരീരത്തിൽ കൂടിയ ആ ഗന്ധർവ്വനെ സ്റ്റേജിൽ അവതരിപ്പിക്കാൻ മുപ്പത് വർഷം ഊട്ടിവളർത്തിയ താടിയും മുടിയും വടിക്കാൻ തയ്യാറായ എംടി എന്ന വയസൻ ഉണ്ടെങ്കിലും സുരേശനാണ് കഥയിലെ ഗന്ധർവ്വൻ. പത്മരാജൻ്റെ വാക്കുകളിൽ പറഞ്ഞാൽ മാനാകാനും മയിലാകാനായും നിൻ്റെ ചുണ്ടിൻ്റെ മുത്തമാകാനും നിമിഷാർദ്ധം പോലും വേണ്ടാത്ത ഗഗനചാരി. എൽഇഡി സ്ട്രിപ്പ് തലയിൽ പിടിപ്പിച്ച് രാത്രി കുളി മുറിക്ക് മുന്നിൽ ചെന്നാണ് വർഷങ്ങൾക്ക് മുൻപ് സുരേശൻ സുമലതയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് അവളുടെ അച്ഛൻ്റെ കൈകൊണ്ട് പിടിക്കപ്പെടാതെ രക്ഷപെട്ട് പോയ സുരേശൻ പിന്നിപ്പോഴാണ് തിരിച്ചു വരുന്നത്.

അന്നുമിന്നും ഈ പ്രേമത്തിന് അവസാനം വരെ കൂട്ടായി നിൽക്കുന്നത് സദാരാമയുടെ തമിഴ് വേര് പോലെ കഥയിൽ പടർന്ന് നിൽക്കുന്ന ഒരു തമിഴൻ കൂട്ടുകാരനാണ്. സിനിമയിൽ മൂന്നു കാലങ്ങളിലൂടെയാണ് കഥ പറഞ്ഞിരിക്കുന്നത്. അവയെ പരസ്പരം കൂട്ടിക്കുഴച്ച് സൃഷ്ടിച്ചിരിക്കുന്ന കാലിഡോസ്കോപിക് കാഴ്‌ചാനുഭവം സിനിമക്ക് ഒരു മാജിക്കൽ റിയലിസത്തിൻ്റെ ടച്ച് നൽകുന്നുമുണ്ട്.

വളരെ പഴയ ഒരു സംഗീത നാടകമാണ് സദാരാമ. ഒന്നേകാൽ പതിറ്റാണ്ടിന് മുൻപ്, കൃത്യമായി പറഞ്ഞാൽ 1903 ൽ പരവൂർ കെ.സി.കേശവപിള്ള എഴുതി പ്രസിദ്ധീകരിച്ച കൃതിയാണിത്. കേശവീയം എന്ന മഹാകാവ്യം അടക്കം നിരവധി കാവ്യങ്ങളും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തമിഴ് നാടകസംഘം അവതരിപ്പിച്ചുകൊണ്ടിരുന്ന സദാറാം എന്ന തമിഴ് നാടകത്തെ ആവശ്യമായ മാറ്റങ്ങളൊക്കെ വരുത്തി കെ.സി.കേശവപിള്ള മലയാളത്തിലാക്കിയതാണ് സദാരാമ. രാജകുമാരിയായ നായികയുടെ പോരാണ് സദാറാം. അതുവരെ നമുക്ക് അത്ര പരിചിതമല്ലായിരുന്ന സംഗീത സമ്മിശ്ര കഥാകദന രീതിയായിരുന്നു മലയാളത്തിൽ എത്തിയപ്പോൾ സദാരാമയുടേത്. ആവശ്യത്തിന് പാട്ടും ഡാൻസും സസ്‌പെൻസും സെൻ്റിമെൻസുമൊക്കെ ചേർന്നൊരു നാടകം.

സിനിമയിൽ സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയ്ക്ക് ഈ നാടകം പശ്ചാത്തലമാകുമ്പോഴും പാട്ടും ഡാൻസും സസ്‌പെൻസും സെൻ്റിമെൻസുമൊക്കെ ആവോളമുണ്ട്. പ്രണയിച്ചു കൊണ്ടെഴുതിയതുപോലെ മനോഹരമാണ് ഓരോ പാട്ടും. അത്രത്തോളം നെഞ്ചുരുക്കുന്ന വിരഹ വൈകാരികതയുമുണ്ട് ‘ചങ്കുരിച്ചാലെന്ത് പ്രേമമല്ലാതെന്ത് പ്രേമിയല്ലാതെന്ത്’ എന്നത് പോലുള്ള വൈശാഖ് സുഗുണൻ്റെ വരികളിൽ. ഡോൺ വിൻസെൻ്റിൻ്റെ സംഗീതവും നൃത്ത സംവിധാനവും കലാ സംവിധാനവും ക്യാമറയും മേക്കപ്പും സിനിമയുടെ മികവ് കൂട്ടുന്നതാണ്.

ഒരു പ്രണയ കഥയെ നാടകത്തിൻ്റെ പശ്ചാത്തലത്തിൽ അതീവ രസകരമായി അതോടൊപ്പം രാഷ്ട്രീയമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം.

മുസ്ലീമായ കഥാപാത്രത്തിന് ജാതിയുടെ പേരിൽ കുറവ് തോന്നാതിരിക്കാൻ വേണ്ടി മാത്രമാണ് നാടകത്തിൽ ചെറുതല്ലാത്ത വേഷം കൊടുത്തിരിക്കുന്നത് എന്ന് പറയുന്നുണ്ട് സിനിമയിൽ. അടികൊണ്ട് അവശനായ സുരേശൻ്റെ കാവി ചുറ്റിയ കഥാപാത്രം ഒടുവിൽ നാടുവിട്ട് പോകാൻ ബസിൽ കയറുമ്പോൾ പാർലമെൻ്റിലേക്കായിരിക്കും ഇല്ലേ എന്ന് കണ്ടക്ടർ ചോദിക്കുന്നുണ്ട്. സുമലത അവളുടെ വീടിൻ്റെ മുകൾ നിലയിലെ ജാലകത്തിലൂടെ താഴേക്ക് നോക്കുന്നതായോ സുരേശൻ കാമുകിയെ കാണാൻ മുകളിലേക്ക് നോക്കുന്നതായോ ഒന്നിലധികം തവണ കാണിക്കുന്നുതും യാദൃശ്ചികം ആകാനിടയില്ലല്ലോ.

സദാരാമ നാടകത്തിൽ കഥയെ ഒടുവിൽ കൂട്ടികെട്ടുന്ന ഒരു കള്ളനുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ ഓഫ് ആയ ഈ ചിത്രത്തിൽ ഏറെ കൈയ്യടി നേടിയ കുന്നുമ്മൽ രാജീവൻ എന്ന കള്ളൻ വീണ്ടും കയറി വരുന്നത് യാദൃശ്ചികമല്ലാതാകുന്നത് അങ്ങനെയാണ്.

ജാതി എന്നത് രാഷ്ട്രീയവും രാഷ്ട്രീയം നാടകവുമായിരിക്കുന്ന കാലമാണിത്. കല കാലത്തെ അടയാളപ്പെടുത്തുകയും ചെയ്യും. അതാണ് സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രസക്തി. സിനിമ കൊണ്ട് തൻ്റെ സാമൂഹിക അവസ്ഥയോട് എങ്ങനെ പ്രതികരിക്കാം എന്ന് രചയിതാവും സംവിധായകനുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ കാട്ടിത്തരുകയാണിവിടെ. നായകനായ രാജേഷ് മാധവനും കൂട്ടരും അത് മനോഹരമായി സ്ക്രീനിലും എത്തിച്ചിരിക്കുന്നു.