ഭാഗം രണ്ട് : സ്ത്രീപർവ്വം – തുടർച്ച
മാതൃവ്യഥ
ആദിയില്‍ വചനമുണ്ടായ്
വചനം മാതൃവ്യഥയായ്
ഉറങ്ങാനിത്തിരിനേരം
കൊതിച്ചുപോയ് ചക്രവാളം
കടലാകാശംസൂര്യവാഴ്വായ്
തൊട്ടുരുമ്മാനൊരുസന്ധ്യ….
ഉദിക്കുംസൂര്യനാകുക….
ഇരുണ്ടവാതിലില്‍ നോക്കി-
നിന്നിരുട്ടിലേക്കുള്ള നിന്‍
അന്ത്യയാത്രയ്ക്ക് മംഗളം…
മര്‍ത്ത്യജന്മത്തിനെന്തു-
ദൃഷ്ടാന്തം;മൃത്യുകൃതാര്‍ഥം
ചിറകുമുറ്റിയാല്‍ ചിന്ത
പലതാകിലുംഉള്ളാലെ
അമ്മമാരെല്ലാംകൊതിക്കും
കൈത്താങ്ങിനൊരുപുത്രനെ….
കാലത്തിന് പ്രായമേറെയായ്
സൂര്യനും മടുത്തു കാണും
കാഴ്ചയസ്തമിച്ചു കണ്ണില്‍
വെള്ളം ;രുചി തീരെയില്ല
അടഞ്ഞില്ല കണ്‍കുഴികള്‍
പൊന്തുന്നിടയ്ക്കിടെ കണ്ണീര്‍
പങ്കുവെച്ചു ദേഹം ദേഹി
പ്രാപ്തമായില്ല ജീവിതം
പെണ്‍മനസ്സെങ്കിലും പങ്കു-
വെച്ചതില്‍ കുറഞ്ഞോ പെണ്ണിന്….
നോവുന്നു വിരല്‍ത്തുമ്പുകള്‍
ചിന്തതന്നാന്തലാധിയും
ഉറക്കമായുയിരിനാ-
നന്ദനം ; ജന്മമെന്നവാക്കേ..
കാറ്റിനുണ്ട് സുരതതാളം
നീറ്റലെന്തിതു ദേഹമേ…
നിത്യശാന്തിക്കെന്തുത്തരം
തെക്കുദിക്കിന്‍വെളിച്ചമേ….
ഹൃദയരോദനമുറഞ്ഞു
ഉള്‍ശിലയിലുറവ പോലെ
വിവശയായ് പഴിശരങ്ങള്‍
ഫണംവിടര്‍ത്തിയാടിയാടി
ദുര്‍ദിനങ്ങളായി ജീവിതം…
ഋതുകന്യക-അപശ്രുതി
അറ്റില്ല;താലിയറുത്തില്ല
അറ്റില്ല പുടവതന്നിഴ
പെറ്റില്ല പേറ്റു നോവേറ്റില്ല
മലടി;സഹിച്ചു പേര്‍ദോഷം
അപചയിച്ചനുരാഗവും
അപഥമെന്നായ് പ്രണയവും
എതിരിടാനൊരുപെണ്ണുടല്‍
പരഭയം ദുരവസ്ഥകള്‍…
കത്തിനിന്നു ശിരസ്സിന്‍മേല്‍
ഉച്ച സൂര്യന്‍ നിഷ്കരുണം
ചപലയെന്ന ദുര്‍വ്യഥ
ഒരുപായയില്‍രണ്ടുടല്‍
ബന്ധമറ്റ കബന്ധങ്ങള്‍
ചിരവിരഹമങ്ങനെ…..
ഓര്‍ത്തില്ല ഋതുമതിയെന്ന്
കൊതിച്ചെത്ര നിശാമുഖം
മനമെത്ര ത്രസിച്ചെന്നോ
ഋതുവര്‍ഷംപുണരുവാന്‍
കനവുകള്‍ ശലഭങ്ങള്‍
തൊട്ടുരുമ്മുന്നുദരത്തെ
കൊതിപ്പൂ ഞാന്‍ കാതിനിമ്പം
വാക്കുകള്‍,കിളിയൊച്ചകള്‍
ഒരുമൃദുസ്പര്‍ശം,മൊഴി-
പെണ്‍മനം വ്യര്‍ഥസ്വപ്നങ്ങള്‍…
നിനക്ക് ഭൂമിയഴുക്കല്ലോ
നിനക്ക് പ്രണയമശുദ്ധവും…
പെണ്ണുടല്‍ അപശകുനം
നിനക്ക് ജീവന്‍ പ്രജ്ഞയല്ലോ….
മേല്‍ശാന്തിയറ്റ മനസ്സില്‍
ഓംശാന്തി നിര്‍വ്വാണമെന്നായ്
സൂര്യനും നീയും ജ്വലിക്കും
പുല്ലിംഗശബ്ദമായ് വാഴും
നിഴലായ് നീയെന്നെ വീഴ്ത്തി
അഴലായ് ഞാന്‍ നിന്നെ വാഴ്ത്തി…
പിടി തരുന്നില്ല കാലം
തൊട്ടതെല്ലാം പിഴയ്ക്കുന്നു
ഒട്ടൊന്നുമല്ല സഹിപ്പാന്‍
ലാഘവത്തോടെ സഹിപ്പാന്‍
ആര്‍ജ്ജവം പോരെന്നു പക്ഷം…
കാലചക്രം തിരിക്കും ഗര്‍വ്വ്
സൂര്യപുത്രനെന്നങ്ങ് ഭാവം
ഓരോന്നു കല്പിച്ചുറങ്ങാന്‍
ദുര്‍വിധി നീ തന്നു പോയി…
പ്രാണനോ നീ കൊണ്ടു പോയി….
അതിവാദിയായ് നിന്നുടല്‍
ക്രീഡിച്ചാത്മാവിനെ സ്വയം…
ദേഹനിന്ദയായ് സന്യാസം
മതിമോഹം പരബ്രഹ്മം…
അംഗഭംഗം വന്ന തെന്നല്‍;
വാതില്‍ തുറന്നെത്തുന്നു നീ
ചിലനേരങ്ങള്‍ ;മുക്തമോ?
ഗോപ്യം പൂര്‍വ്വാശ്രമ ദര്‍പ്പം
അമ്മേ വിളിയില്‍ പൊലിയും
കപടമദ്വൈതക്കനവ്…..