സ്ത്രീപര്‍വ്വം
പ്രകൃതി
ആത്മവിന്റെയും
ശരീരത്തിന്റെയും
അന്നദാതാവ്
അതിന്മേല് അവകാശം
സ്ഥാപിക്കാന്‍
നിനക്കാരധികാരം നല്കി…?
അനുശാസനം
ഒരു സ്ത്രീയാണ് പാപം തുടങ്ങിവച്ചത്
അവള് നിമിത്തം നാമെല്ലാവരും മരിക്കുന്നു….
(ബൈബിള്‍)
സ്ത്രീകളുടെ ഇടയില്‍ ഇരിക്കരുത്
വസ്ത്രത്തില്‍ നിന്നും കീടങ്ങള്‍ എന്നപോലെ
സ്ത്രീയില്‍ നിന്നും ദുഷ്ടത വരുന്നു
സ്ത്രീയുടെ നന്മയേക്കാള് ഭേദമാണ് പുരുഷന്റെ ദുഷ്ടത…
(പ്രഭാഷകന്റെ പുസ്തകം)
ഗൃഹസ്ഥാശ്രമ സ്മൃതിയില്‍ മനു സൃഷ്ടിച്ച മുറിവ്:
ഭാര്യയോടൊപ്പം ഒരേ പാത്രത്തില്‍ ഭുജിക്കരുത്
ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ഭാര്യയെ നോക്കരുത്
തുമ്മുകയോ,കോട്ടുവായ് ഇടുകയോ സ്വൈര്യമായി
ഒരിടത്ത് ഇരിക്കുകയോ ചെയ്യുന്ന അവളെ നോക്കരുത്……
സ്ത്രീധര്‍മ്മ സ്മൃതിയില്‍ മനു സൃഷ്ടിച്ച മുറിവ് :
ബാലയോ,യുവതിയോ,വൃദ്ധയോ ആരായാലും
സ്ത്രീ ഗൃഹത്തില്‍ പിതാവ്,ഭര്‍ത്താവ് മുതലായവരുടെ
അനുമതി കൂടാതെ ഒരു കാര്യവും സ്വേച്ഛയാ ചെയ്യരുത്
ഭര്‍ത്താവ് ഇഹത്തിലും പരലോകത്തിലും സുഖദാതാവാണ്
സദാചാരഹീനനോ
പരസ്ത്രീസക്തനോ
വിദ്യാധി ഗുണശൂന്യനോ ആയാലും
ഭര്‍ത്താവിനെ പതിവ്രതയായ സ്ത്രീ
ദേവനെപോലെ ആരാധിക്കണം
മരണാനന്തരം ഭര്തൃലോകം പ്രാപിക്കാന്‍
വിധവ വ്രതാദികളാല്
ശരീരം ശോഷിപ്പിക്കണം……
പുരുഷന് ദൈവത്തിന്റെ പ്രതിഛായയും മഹിമയുമാകയാല്‍
അവന് തല മൂടരുത്.സ്ത്രീയാകട്ടെ പുരുഷന്റെ മഹിമയാണ്
(കോറിന്തോസ്)
ശീമോന് പത്രോസ് അവരോട് :
‘മറിയം നമ്മളെ വിട്ടുപോകണം.കാരണം
സ്ത്രീകള്‍ നിത്യജീവന് അര്‍ഹരല്ല’
യേശു അതിന് :
‘പുരുഷനാകാന്‍ വേണ്ടി ഞാന്‍ അവള്‍ക്ക് വഴിയൊരുക്കും.
അപ്പോള്‍ അവളും നിങ്ങള്‍ പുരുഷന്മാരെപ്പോലെ
ജീവിക്കുന്ന ആത്മാവായിത്തീരും.
എന്തുകൊണ്ടെന്നാല്‍ തന്നെത്താന്‍ പുരുഷനാകുന്ന
ഓരോ സ്ത്രീയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കും
(The Aquarian Gospel of Jesus,the Christ-Levi)
മായ
കേള്ക്കാനെത്രയിമ്പം പദം-
‘ദര്‍ശനം’;അതിന്നുപുമ
കേട്ടുകേള്വിയായ് മറയും
നോട്ടപ്പിശകായ് പെണ്ണുടല്‍
വീടുവിട്ടിറങ്ങാന്‍ നിന-
ക്കെത്രവെമ്പല്; നിനക്കെല്ലാം
മായ ; മറവിയുംമായ
മിടിക്കും ഹൃദയം മായ
ഉടലതിന് പൊരുള്‍ മായ
കടലതിന് തിര മായ…
ജ്ഞാനമുഷ്കിന് ദ്വിജത്വം നീ
പിളര്ത്തിരണ്ടായ് പെണ്ണുടല്‍
രണ്ടു ജന്മങ്ങള്‍ക്കു രണ്ടായ്
പകുത്തു നെഞ്ചിന് ചതുപ്പില്‍
ദംഷ്ട്ര ; നഖക്ഷതപ്പാടാല്
അന്നം തന്ന മുലകളും….
വളര്‍ത്തി ; കൈകള്ക്കരുമ
ഒന്നാം മുലകുടിയെത്ര
കുലീനം ; നാവതിന്മായ
നിലയറ്റ പിതൃത്വമേ
രണ്ടാം മുലകുടിയെത്ര
കുടിലം ; കാമവിശേഷം
ചത്തുകിടപ്പു നിന്നുടെ
നാവതിന് കാലദ്വിജത്വം
മൌനം ഭദ്രം ഉടലകം ;
പഠിച്ചു വാക്കൊളിപ്പിക്കാന്
ഉരഗത്തെക്കാള് ഭയമോ
നേര്ക്കുനേരൊന്നു നോക്കുവാന്‍
നിനക്ക് സൂര്യന് തിരുവുടല്‍
എനിക്ക് ഭൂമി പെരുവയര്‍..
പെണ്ണുടല്‍ നിനക്കുമന്നം
മായയിലതിനെന്ത് ന്യായം ?
ജീവന്റെയാത്മാവു വെള്ളം
വെള്ളത്തിലതിനെന്ത് ന്യായം ?.
വെള്ളത്തിലാത്മാവതഗ്നി
അഗ്നിയില്‍ ഞാനല്ലോ മായ….
അച്ഛന്റെ ആത്മാവ് പുത്രനായ്
പുത്രന്റെ ആത്മാവ് അച്ഛനായ്
*‘ആത്മാവൈ പുത്രനാമസി’-
ഗര്‍ഭത്തില്‍ പുത്രിക്കെന്ത് ന്യായം?
അച്ഛന് പുത്രന് ആത്മമിത്രം
പെണ്ണ്… കേവലം നാമരൂപം….
പരമാത്മസ്വരൂപമേ
മായ നിനക്കെന്നുദരം
ജനിതക വഴികളില്‍
കണ്ണിമുറിയാത്ത ജന്മ
പരമ്പരയ്ക്കെന്നുമന്ന-
മേകും പൊക്കിളതിന് വള്ളി
ഉടല് വിറപ്പിക്കുമഗ്നി
തീ തന്ന വിത്തിന്റെ മൂര്‍ച്ച
രതി രൂപഭാവച്ചൊരുക്ക്
തീവെട്ടി പോലുള്ളൊരാന്തല്
കണ്ണില്‍ കാലം കരിമേഘം
നിനക്കത് സത്ചിത് ആനന്ദം
അറുതിയില്ലാപ്പിറവി
ഉദരം ക്ഷത്രീയകുലം…?
* ആത്മാവൈ പുത്രനാമസി- താന്‍തന്നെ പുത്രനെന്ന പേരോടുകൂടിയവനായിത്തീരുന്നു…
(ബൃഹദാരണ്യകോപനിഷത്ത്)