ഒരു പ്രണയം
എന്റെ കൈത്തണ്ടയിൽ
സ്വർണ്ണച്ചരടായ്
ക്ലാവു പിടിച്ചു കിടക്കുന്നു.
നാളിതുവരേയും
ലാളനകളേൽക്കാതെ
പ്രണയഗീതികകൾ കേൾക്കാതെ
മീനച്ചൂടിലും മകരമഞ്ഞിലും വീർപ്പുമുട്ടി
കൈയും മെയ്യും തളർന്ന്
എന്റെ ഹൃദയ കല്ലറയ്ക്കുള്ളിൽ
ആവാഹിക്കുവാൻ കൊതിച്ച്
മൃത്യുവിന്റെ പിണിയാളന്മാരുടെ
ആത്മാക്കൾ കുടിയിരിക്കുന്ന
ഗുഹകൾ പോലെ
ഉൾവലിഞ്ഞ കണ്ണുകളാൽ
തുറിച്ചു നോക്കിക്കൊണ്ട്
ഹതാശനായ് കിടക്കുന്നു.
ഒരു പ്രണയം
എന്റെ നര ബാധിച്ച ഹൃദയത്തിലേശാത്ത
സ്വപ്നസ്ഫുടമാർന്ന ഗാനം.
കൂർത്ത കൂരിരുളിൽ
ദിക്കുമാറിയിഴഞ്ഞു പോയ
വിരഹിയാം കറുത്ത സർപ്പംപോലെ
അജ്ഞാത ദു:ഖം
നുണഞ്ഞിറക്കി
ഭയാശങ്കകളാൽ വിറയ്ക്കുന്ന
പിഞ്ചു പൈതലേപ്പോലെ
എന്റെ കണ്ണുകളൊഴുക്കുന്ന ദു:ഖച്ചാറിൽ
മുങ്ങിക്കുളിച്ച് ദേഹശുദ്ധി വരുത്തി
ദേവതർപ്പണം ചെയ്ത്
സുന്ദര സുഖസുഷുപ്തിയിലാണ്ട്
ഇരുൾസ്വപ്നം കണ്ടു കിടക്കുന്നു..
ഒരു പ്രണയം
എന്റെ,
കരിന്തിരി കത്തുന്ന ആത്മാവു
മീട്ടാത്ത മഴ മേഘരാഗം.
നാലു മണിപ്പൂവിന്റെ
നീലിച്ച കണ്ണുകളിൽ
ഓർമ്മകളൊഴുക്കിവിട്ട നീറുന്ന നൊമ്പരം.
മൂപ്പെത്താതെ
കൊഴിഞ്ഞു പോയ മാമ്പൂക്കളിൽ
മരിച്ചു കിടക്കുന്ന
കിനാക്കളുടെ കൂമ്പാരം.
ദേവദാരുക്കൾ പൂക്കുന്ന
തണുത്ത താഴ്വാരങ്ങളിൽ
മദിച്ചു പെയ്യുന്ന മലർമഴ.
സങ്കടക്കടലുകളിൽ കുറുകുറുക്കുന്ന
കുറുന്തോട്ടിക്കാറ്റ്.
ഒരു പ്രണയം
എന്റെ നര ബാധിച്ച ഹൃദയത്തിലേശാത്ത
സൗഗന്ധികപുഷ്പത്തിന്റെ ഉന്മാദ ഗന്ധം.
കണ്ണീർ തോടുകളിലൂടൂറി വരുന്ന
പനിനീരിറ്റിച്ച,
തുളസി ചുവയ്ക്കുന്ന
തീർത്ഥജലമായ്
ആകാശച്ചെരുവിലെ
അപ്പൂപ്പൻ താടികൾക്കിടയിൽ
ചിരിച്ചും ചിണുങ്ങിയും
മാറി മറയുന്ന
പരിഭവത്തിങ്കളേപ്പോൽ
ഇടയ ഗ്രാമങ്ങളിലൂടിടറി വീശുന്ന
ആടിമാസക്കാറ്റുപോൽ
ഷോഡശക്രിയകളേൽക്കാതെ
കത്തിയമരുന്ന മൃതന്റെ
മൗനം പോൽ
പ്രണയം എന്റെ കൈത്തണ്ടയിൽ
ചോരപ്പൊടിപ്പുകളവശേഷിപ്പിച്ചു കൊണ്ട്
നാളിതുവരേയും
ഒരു നീലഞരമ്പായി കിടക്കുന്നു