അസാധാരണമായ തുടക്കത്തോടെ ഒരു കഥ, പ്രകാശവേഗത്തിൽ അത് കുതിച്ചുയർന്നു. അവസാനിക്കുമ്പോഴും അതാ നക്ഷത്രശോഭ കൈവിട്ടില്ല, അത് ചിന്താതലങ്ങൾ ചിതറിച്ചുകൊണ്ട് അപകടകരമായി കത്തിനിൽക്കുന്നു ഇപ്പൊഴും!
“പുലർന്നാലും പൊലിയാതിരിക്കാൻ രണ്ടു നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി പുണർന്നുകിടന്നു. ‘മാനം’ വാശിയോടെ അവരെത്തന്നെ നോക്കിനിന്നു; നേരമൊന്നു വെളുപ്പിക്കാൻ. സർവ്വശക്തിയും നിറച്ച ഒരു നക്ഷത്രം മറ്റതിനോട് ചെവിയിൽ മന്ത്രിച്ചു: അണയരുത്. അപകടകരമായി കത്തിനിൽക്കണം.”
‘ഇരുന്തത് ഒരേയൊരു ചേല’ എന്ന കൃപ അമ്പാടി എഴുതി സമകാലിക മലയാളത്തിൽ’ വന്ന ചെറുകഥ വാക്കുകൾ കൊണ്ടൊരു ചാട്ടുളിപോലെ വായനക്കാരൻ്റെ ചിന്തയിലേക്ക് ആഴ്ന്നിറങ്ങുകയും, രക്തം കിനിയാതെ അവൻ്റെ ഉള്ളിനെ പിളർക്കുകയുമാണ് ചെയ്യുന്നത്. കഥയുടെ തുടക്കത്തിൽ ആ ചാട്ടുളിച്ചൂണ്ട, ‘അടിവയറ്റിലിഴയുന്ന ചെറുപുല്ലുകളുടെ നിരതെറ്റിക്കാൻ വലത്തോട്ടു തിരിയുന്ന പെരിയാറിൻ്റെ പൊക്കിൾച്ചുഴിയിലേക്ക് അവൻ കൊതിയോടെ നോക്കി’ എന്ന ഒറ്റ പ്രയോഗത്തിലൂടെയാണ് അതുവരെയുള്ള മറ്റു ചിന്തകളിൽ നിന്നും വായനക്കാരെ ചിതറിച്ച് അവരുടെ ചിന്തകളിലേക്ക് ആഴ്ന്നുകയറാൻ ആരംഭിക്കുന്നത്.
ഇവിടെ കഥപറച്ചിലിന് മിന്നൽ വേഗമാണ്, അതെ, ഇന്നിൻ്റെ ഓരോ നിമിഷവും അർദ്ധനിമിഷത്തിലേക്കു ചുരുക്കിയാണല്ലോ നമ്മൾ പായുന്നത്. പ്രണയം, മൊട്ടിടാനൊരു നിമിഷാർദ്ധം, അതിലും പാതി സമയത്തിലതു രതിയിലെത്തുകയും, പലവട്ടം തുടരുന്ന സുരതത്തിനിപ്പുറം, ഒന്നും രണ്ടും പറഞ്ഞും പറയാതെയും പൊട്ടിയകന്നും പൊട്ടിയടർന്നും കുതിക്കുന്ന മനുഷ്യജീവിത കഥയെഴുതുമ്പോൾ വേഗതയില്ലാതെങ്ങനെ? ആ വേഗതയിൽ കഥ പറയുമ്പോഴും, ഒരു ബൈക്ക് അഭ്യാസിയുടെ നിയന്ത്രണം ഈ കഥയിൽ അല്പം പോലും വരി തെറ്റാതെ കണ്ടെടുക്കാനാകുന്നു എന്നതു പറയാതെ വയ്യ.
കഥാതന്തുവിൽ പഴയതും പുതിയതുമായ മനുഷ്യരുടെ മനസ്സു കാണാം. പഴയ തലമുറ, മെസഞ്ചറിൽ, വാട്സ്ആപ്പിൽ ഒക്കെ സദാചാരം മുറുകെപ്പിടിച്ച് പ്രഘോഷണം നടത്തുമ്പോൾ, ധാനിഷ് ഒറ്റ രാത്രിയിൽ തകർന്നുവെന്നു വിശ്വസിക്കുന്ന തൻ്റെ ജീവിതത്തെ ഓർത്ത് പനിച്ചു കിതച്ചു കിടപ്പിലായി. തെറ്റു ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു പറയുമ്പോൾ, അന്ന് കല്ലെടുത്തവർ കല്ലുകൾ നിലത്തിട്ടു കുനിഞ്ഞു നിന്നു. ഇപ്പോൾ അങ്ങനെ പറയാൻ ഒരു മിശിഹ ഇല്ലാത്തതുകൊണ്ട് എല്ലാ പിടിക്കപ്പെടാത്ത അപരാധികളും, മറ്റൊരു പിടിക്കപ്പെട്ട അപരാധിക്കുമേൽ ചാടി വീഴുന്നു. കല്ലെറിയുന്നു, പൊട്ടിച്ചിരിക്കുന്നു.
രതി, തെറ്റും പാപവുമാണ് നമുക്കിന്നും. എന്നാൽ ഈ സോഷ്യൽ മീഡിയയുഗത്തിൽ സൈബർ സെക്സിൽ ഒരിക്കലെങ്കിലും ഇടപെട്ടു പോകാത്തവർ എത്ര പേരുണ്ടാകും? പുറത്തറിയാതിരിക്കുകയേ വേണ്ടൂ. അവിടെ ദിൽഷ, ജീസസ് ആകുന്നു കുറഞ്ഞപക്ഷം ധാനിഷിനു വേണ്ടി. അവളുടെ വാക്കുകൾ, അത്ര നേരവും അപമാനം കൊണ്ടു കുനിഞ്ഞ അവൻ്റെ ശിരസ്സുയർത്തുന്നു. അവൻ, ”അത്രമേൽ നിഗൂഢമായി തനിക്കുവേണ്ടി ഉടൽ പകുത്തവളുടെ ഉയിർതൊട്ട് ഉള്ളിൽ തൊഴുതു” എന്നെഴുതുന്നിടത്ത് രണ്ടു മനുഷ്യർ തെളിഞ്ഞു വരുന്നു.
അല്പം കൂടാതെ, ഇത്തിരിയും കുറയാതെയൊരു കഥ, “ഇരുന്തത് ഒരേയൊരു ചേല!”