അരുവി
കണ്ണുകളിൽ നിന്ന് ഹൃദയത്തിലേക്ക്
നേരിട്ടൊരരുവിയുണ്ടെന്നറിഞ്ഞത്
നോട്ടത്തിലൂടെ ഒഴുകിയിറങ്ങിയപ്പോഴാണ്
കവിത
ദുഖങ്ങളുടെ ശവമടക്കിനു
തൊട്ടുമുൻപ് വയ്ക്കുന്ന
റീത്താണ് കവിത
നഷ്ടങ്ങൾ
മധുരം പകുത്ത്
നേട്ടങ്ങളെ പങ്കുവയ്ക്കുമ്പോൾ
സ്വയം കുടിക്കുന്ന കയ്പ്പാണ് നഷ്ടങ്ങൾ
നെയ്യപ്പം
കൈയിലിരുന്ന നെയ്യപ്പം
കാക്കകൊത്തി പോയപ്പോൾ
ബാക്കിയായ മണം മാത്രമെനിക്ക് സ്വന്തം
പേന
എന്നിൽ നിന്നെന്നെ
പിഴുതുമാറ്റാൻ കൊതിച്ചപ്പോൾ
കൈയിലെടുത്ത ആയുധമാണ് പേന