ഹൃദയ സ്പന്ദനങ്ങൾ

ഒരിക്കല്‍ നീയെന്‍റെയരികില്‍ വന്നിടും
ഒടുവില്‍ നീയെന്നെ തിരിച്ചറിഞ്ഞിടും
ഒരിക്കലൂതിയ വിളക്കു നീതന്നെ
അരികിലായ് വീണ്ടും കൊളുത്തിവച്ചിടും

ഒരിക്കല്‍ നീതന്ന മുറിപ്പാടൊക്കെയും
മധുമലര്‍കൊണ്ടു തഴുകി നിന്നിടും
കൊഴിഞ്ഞ സ്വപ്നത്തിന്‍ കിളുന്നു തൂവലാല്‍
പൊതിഞ്ഞുമൂടി നീയരികില്‍ നിന്നിടും

ഒടുവില്‍ നീയെന്‍റെ ചിതയ്ക്കരികിലായ്
തപിച്ച നില്‍പ്പിലും നിനയ്ക്കാമോരോന്ന്
മിഴിത്തടങ്ങളിലൂറന്ന കണ്ണുനീ –
രൊഴുകിച്ചേര്‍ന്നൊരു തടാകമായിടും

ശവക്കുഴിയില്‍ നീ വിതറുക പൂക്കള്‍
നനുത്ത ധാന്യത്തിന്‍ തരിമണികളും
അവപൊടിച്ചൊരു മുകുളം കൂമ്പുമ്പോ-
ളതിലറിയുമെന്‍ തരളഹൃല്‍സ്പന്ദം.

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.