സൽവാ ചാരിഫ്

സൽവാ ചാരിഫ്…
എന്റെ സ്വപ്‌നങ്ങൾ വിൽക്കപ്പെടുന്ന
മെറാക്കിഷ് തെരുവ്.
ജീവിതമാലകളൊന്നായി
കാതങ്ങളിലിരുത്തുന്ന
മാന്ത്രിക നാദം.

കാണാതിരുന്നിട്ടും
ഞാൻ ജീവിച്ചു.
കൊഴിഞ്ഞു വീണ
ഓർക്കിഡുകളാൽ
പാത്രങ്ങളുണ്ടാക്കി
അറ്റ്ലസിന്റെ നെറുകയിൽ
അവള് നേരുന്ന
നേർച്ച കണ്ട്.

രാവോടടുക്കുമ്പോൾ മാത്രം
അവള് പാടാൻ തുടങ്ങും
നോക്കൂ..
ഇതൊരു തീരാറായ സായാഹ്നമാണ്..
ഈ പാത്രങ്ങളിലെല്ലാം
നമുക്കുള്ള പ്രാർത്ഥനകളാണ്.
പറയൂ..
ഹിന്ദുറങ്ങുന്ന വഴികളേതാണ്?

മധു മൊഴികളിൽ
വിശന്നലഞ്ഞു
ഞാനാശ വെച്ചതോ
ഒരു യുദ്ധം തുടങ്ങിയാലെത്ര നന്നായിരുന്നു
എനിക്കഭയാർഥിയായിപ്പോകാമായിരുന്നു.
ചാരിഫിലൊരു പേര് കെട്ടാമായിരുന്നു.

ആരോ പറഞ്ഞു കേട്ടു
ഉടനെയൊരു യുദ്ധം വരും
എന്തിന്?
പേരിന്റെ പേരിൽ

സൽവാ ചാരിഫ്..
എന്റെ ഉടയാടകളേ..
എനിക്ക് പച്ച ഓർക്കിഡുകൾ കിട്ടുമെന്ന് തോന്നുന്നു
പച്ചയോ ?
അതെ,ഭാഗ്യത്തിന്റെ ഒച്ചകൾ

പകല് വിഴുങ്ങി
ആകാശം കടന്നു പോകുന്നു
ഒരു പകൽ,
രണ്ടു പകൽ
അവളിതൊന്നും കേട്ടില്ലെന്നേ..
കിനാവുണ്ടായില്ല
മഴ വന്നില്ല..
ബോംബ് വീണില്ല
കിതച്ചു പോകുന്ന
കാറ്റിനെ വെറുത്താണ്
അവളോടുന്നതെന്നറിഞ്ഞു
തെരുവായിരുന്നു ലക്ഷ്യം
ഭൂമി മറിഞ്ഞിരിക്കുന്നു.
മഗ്‌രിബിന്റെ
ആണിയിലാരോ വാങ്ക് വിളിച്ചിരിക്കുന്നു
ആരുമല്ലത്
പടച്ചോനാണേ..

അഗാദറിലൊരു കിടപ്പാടമുണ്ടെന്നു കേട്ടു
തലയിൽ കല്ല്
കല്ലിന്മേൽ ഉടൽ
ചിതറിപ്പോയ വിത്തുകൾ,
നാളെ മുളക്കുമെന്ന് കരുതുന്ന
കൈകാലുകൾ
കണ്ണിൽ കുരുങ്ങിയ വളപ്പൊട്ടുകൾ.
ഞാനെങ്ങനെ പോയി നോക്കും?

എന്റെ ശരീരത്തിനിത്രയും
തണുപ്പിഴയുന്നതെന്തിനാണ്?
ചന്ദ്രവെളിച്ചമെവിടെ?
ജനാല മറക്കുന്ന പട്ടാളക്കാരനെവിടെ?
ഐറാൻ ചോദിക്കുന്ന  കുട്ടികളിതെവിടെ?
അവള് പ്രാർത്ഥിച്ച പാത്രങ്ങളെവിടെ?

ദൈവമേ നേര് പറ
ഇവർക്കെന്താണ്  സ്വർഗത്തിൽ ജോലി?

(മൊറൊക്കോയിലെ പ്രിയപ്പെട്ടൊരാളുടെ ഓർമ്മയിൽ)

കണ്ണൂർ മാണിയൂർ സ്വദേശി, ആനുകാലികങ്ങളിലും, ഓൺലൈനിലും എഴുതുന്നു. ബിരുദാനന്തര വിദ്യാർത്ഥിയാണ്.