സൗഹൃദങ്ങളിലേയ്ക്ക് നിലാവ് പൊഴിയുമ്പോൾ

ചില രാവുകളുണ്ട്, കടകൾക്കു മുന്നിൽ അലുക്കിട്ട തോരണ ബൾബുകളിൽ പ്രകാശം പുഞ്ചിരിക്കുന്ന രാവുകൾ. ഒരേ വലിപ്പത്തിലും നീളത്തിലും വെട്ടിയൊതുക്കിയ സുന്ദരികളുടെ മുടി തുമ്പ് പോലെ പ്രകാശം പൊഴിഞ്ഞു വീഴുന്നു, ഒടുവിൽ മണ്ണിൽ വന്നു മുട്ടുന്നതിനു മുൻപ് തന്നെ അത് പാതിയിലാരോ അദൃശ്യമായി കൈക്കുമ്പിളിൽ പേറുന്നു. രാത്രികളിൽ പോലും വെളിച്ചം ഒരിക്കലും മരിക്കാതെ തുടരുന്നത് എപ്പോഴും ഇത്തരം അലുക്കു ദീപങ്ങളുടെ ആവേശത്തോടെയുള്ള കരുതൽ കൊണ്ടാവില്ലേ? ചില സൗഹൃദങ്ങളുണ്ട്, കൃത്യമായ അടുക്കുകളിൽ മുടി വെട്ടിയൊതുക്കിയ ബൾബുകൾ പോലെയേ അല്ല. അടുക്കും ചിട്ടയുമില്ലാത്ത ജീവിതങ്ങളുടെ താളമെന്താണെന്ന് അന്വേഷിക്കാൻ പോലും തോന്നാതെ ഒഴുക്കിനെതിരെ നീന്തുന്ന ഓരോ നിമിഷങ്ങളിലും എല്ലായ്പ്പോഴും ഒപ്പമുണ്ടെന്നു തോന്നിപ്പിക്കുന്ന സൗഹൃദങ്ങൾ. അത്തരമൊരു കൂട്ടിനൊപ്പം തൃസന്ധ്യയിൽ നിന്നുമിറങ്ങി സന്ധ്യയിലേയ്ക്ക് നടന്നു കയറുമ്പോൾ റോഡിനിരുവശത്തും നിന്ന് മിന്നാമിന്നി ബൾബുകൾ കണ്ണ് ചിമ്മി കാട്ടുന്നുണ്ടായിരുന്നു.

ആരാണ് ആദ്യമായി പറഞ്ഞത് ആ മുഖം എന്റെ മുഖത്തോടു സാമ്യമുണ്ടെന്ന്? ഒരാളല്ല, പലർ. നീണ്ടു ചുരുണ്ട മുടിയുടെ സാദൃശ്യമോ, നീണ്ടു വളഞ്ഞ മൂക്കിന്റെ ഏകതയോ, കണ്ണുകളോ… വാക്കുകൾ ആരുടേതാണ്? എവിടെ നിന്നാണ്? ഒരേ വാക്കുകൾ പലർ പറഞ്ഞാൽ അതെങ്ങനെയാണ് വിശ്വസിയ്ക്കാൻ തോന്നുന്നത്? സിനിമകളിലും പത്രത്താളുകളിൽ ചിരിക്കുന്ന രൂപത്തിലും ഒന്നും എനിക്കങ്ങനെ തോന്നിയിട്ടേയില്ലല്ലോ! ജോയ് മാത്യു എന്ന വ്യക്തി എനിക്ക് മുന്നിൽ ആമേൻ എന്ന സംഗീത സാന്ദ്രമായ ചിത്രത്തിലെ പുതുമുഖമാണ്, ഷട്ടർ എന്ന വ്യത്യസ്തമായ ചിത്രത്തിന്റെ, അത്രയ്ക്കൊന്നും പരിചിതനല്ലാത്ത  സംവിധായകനാണ്. അതിനു മുൻപ് എവിടെയും കണ്ടിട്ടില്ലാത്ത വിദൂരതകളിൽ മുഖമൊളിപ്പിച്ച ഒരു ചിരി മുഖം സ്വന്തം മുഖത്തോടു താരതമ്യപ്പെടുത്തുന്നതാരാണ്!

“ആദ്യമായി എഴുതിയ നോവലിന് ആമുഖമെഴുതാൻ എന്തിനു നീയെന്നെ തിരഞ്ഞെടുത്തു?”, നോവലിന്റെ കോപ്പി വായനയിൽ പലവട്ടം ആവർത്തിച്ച ചോദ്യത്തിന് ഉത്തരം എനിക്കും അറിയുമായിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള സെലിബ്രിറ്റിയായ സിനിമാക്കാരൻ എന്നതിലുപരിയായി ജോയ് മാത്യു എന്ന വ്യക്തിയെ കുറിച്ച്‌ അല്ലെങ്കിലും അന്നെനിക്ക് ഒന്നുമറിയുമായിരുന്നില്ല. പ്രിയപ്പെട്ട രംഗനാഥ് പറഞ്ഞു തന്ന അറിവിനപ്പുറം ഗൂഗിൾ കാട്ടി തന്നെ വിവരങ്ങൾക്കുമപ്പുറം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് വായനകൾ തന്ന ഒരു തീപ്പൊരി മനസ്സിലെവിടെയോ വീണു കിടന്നു പൂത്തിരി പോലെ മിന്നുന്നുണ്ട്. ആ തീപ്പൊരിയിൽ നിന്നുമാണ് ആ രാത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നതും. രാഷ്ട്രീയം എന്ന വാക്ക് കേട്ട നാൾ മുതൽ മനസ്സിനുള്ളിൽ അടക്കി വച്ച സങ്കല്പങ്ങളിലേക്കുള്ള തൂക്കുപാലമായിരുന്നു “സഖാവ്” എന്ന വിളി. ചില വിളികൾ അങ്ങനെയാണ് എവിടെ വച്ചോ കേട്ടത് പോലെ തോന്നും. പിന്നെ  ഉള്ളിലേയ്ക്ക് ഒരു മിന്നൽ വന്നു തുളച്ചിറങ്ങിയത് പോലെ കടന്നു വരും, ഒട്ടിയിരിക്കും. ആദർശങ്ങൾ എന്നും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. പക്ഷെ രാഷ്ട്രീയത്തിന്റെ വിരലുകളിലേയ്ക്ക് സ്വന്തം വിരലുകൾ കൊരുത്തിരിയ്ക്കാൻ എന്തോ മടി കാട്ടുന്നത് കൊണ്ടാവണം, പലപ്പോഴും ഹൃദയം പക്ഷങ്ങളിൽ നിന്നും എത്രയോ അകലങ്ങളിലായിരുന്നു! തുറന്നു പറച്ചിലുകൾ നേടി തന്ന പാർട്ടി വിരുദ്ധത ഒരുകാലത്ത് കിട്ടിയ എത്ര സൗഹൃദങ്ങളെ വരെ നിശബ്ദമാക്കി. ചില സൗഹൃദങ്ങൾ അങ്ങനെയാണത്രെ, രാഷ്ട്രീയം അവയ്ക്കിങ്ങനെ അരികുകൾ മെനഞ്ഞു കൊണ്ടേയിരിക്കും. ആ അരികുകൾ നാം നഷ്ടപ്പെടുത്തിയാൽ ആർത്തലച്ചു സൗഹൃദക്കടൽ വഴി മാറിയൊഴുകിയങ്ങു പോകും. തിരുത്തുകൾ ആവശ്യമായി വരുന്നത് ചിലർ നമ്മളിൽ ചേക്കേറുമ്പോഴാണത്രെ. രാഷ്ട്രീയത്തെക്കാൾ സൗഹൃദങ്ങളിൽ വിശ്വസിച്ചിരുന്ന ഒരുവൾക്ക് അത്തരം പഠനങ്ങൾ ബാധ്യതയായി തീരും.

എന്തുകൊണ്ടാണ് ഒരു അവതാരികയ്ക്കു വേണ്ടി ഒരാളുടെ പുറകെ നടന്നത്? ചിലരിലുള്ള തീപ്പൊരികൾ നമ്മുടേതുമാണെന്നു തിരിച്ചറിയുന്നത് കൊണ്ടാകുമോ? അതെയെന്ന് സംശയമില്ലാതെ തോന്നിയത് ജോയ് മാത്യുവിന്റെ കോമ്രേഡ് എന്ന വിളിയിലായിരുന്നു. രാഷ്ട്രീയം എന്ന അന്ധമായ വിശ്വാസങ്ങൾക്കപ്പുറം വാചകങ്ങൾക്കുള്ള സത്യസന്ധതയിൽ ഒളിഞ്ഞു കിടന്ന കനലുകൾ വന്നു തൊടുന്നു. അത് എത്രയോ പഴക്കം ചെന്ന കനലാണ്. മനസ്സിനുള്ളിൽ അതിനു ആഴമുണ്ടെന്ന തിരിച്ചറിവ് .തെറ്റായിരുന്നോ എന്ന് എപ്പോഴൊക്കെയോ മനസ്സ് ആവർത്തിച്ചു ചോദിച്ചിരുന്ന പല സ്വത്വ ചോദ്യങ്ങളും ശരി തന്നെയായിരുന്നു എന്ന കണ്ടെത്തൽ. അതൊരു വലിയ തിരിച്ചെടുക്കലാണ്! കൃത്യമായി അവനവനെ നിർണയിക്കാതിരിക്കാൻ കണ്ടെത്തുന്ന കാരണങ്ങളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്തോറും നഷ്ടമായി പോകുന്ന അസ്ഥിത്വം. എങ്ങോട്ടേയ്ക്കാണ് രക്ഷപെടൽ എന്നറിയില്ല, രക്ഷപെടുകയാണോ എന്ന് പോലും അറിയില്ല. പക്ഷെ വൈകി വന്ന വസന്തം പോലെ കാലം മാറി, ഒരു തലമുറ പിന്നിട്ട് ജനിക്കേണ്ടി വന്നതിന്റെ സങ്കടങ്ങളിലേക്കാണ് ആ തിരിച്ചറിവെത്തിയത്. അവിടേക്കാണ് കോമ്രേഡ് എന്ന വിളിയും പരിധികളില്ലാത്ത സൗഹൃദവുമെത്തിയത്.

അന്നത്തെ സന്ധ്യയ്ക്ക് ചുവപ്പ് ഏറിയിരുന്നോ? കോഴിക്കോടിന്റെ കടൽത്തീരങ്ങളിൽ കൂടി വേഗതയിൽ പോകുന്ന കാറിന്റെ ഇടതു വശം ചേർന്നിരുന്നു നോക്കുമ്പോൾ ചുവന്ന ചായം പൂശിയ ആകാശത്തിന് അതിരുകൾ നഷ്ടപ്പെടുന്നത് പോലെ തോന്നൽ. ചുവന്ന വെയിൽ ചീളുകൾ ചില്ലിൽ തട്ടി തെറിച്ചു റോഡിൽ വീണു പോകുന്നു. തൃസന്ധ്യയിലേയ്ക്ക് ഇറങ്ങുമ്പോൾ ഒപ്പം നടക്കാൻ എപ്പോഴും ചിരിയും കോമ്രേഡ് എന്ന വിളിയുമുള്ള ഒരു കൂട്ടം ആൾക്കാരുണ്ട്. മാതൃഭൂമി പബ്ലിക്കേഷൻ മാനേജർ നൗഷാദ്, കെ പി രമേശൻ, ഓഷോ സന്ന്യാസി എന്ന പി സി ജോസി പിന്നെ സ്നേഹിതരുടെ സ്വന്തം ജോയ് മാത്യുവും.അഭ്രപാളിയ്ക്കു അകത്തുള്ള, ജോയേട്ടൻ എന്ന് ആൾക്കാർ സ്നേഹത്തോടെ വിളിക്കുന്ന രൂപം ഇപ്പോൾ അവരുടെ കൺ മുന്നിലാണ്. മാനാഞ്ചിറയ്ക്കു പുറത്ത് റോഡരികിലൂടെ ഞങ്ങൾ നടക്കുകയായിരുന്നു അപ്പോൾ. കഴിഞ്ഞ ഇരുപത്തിയെട്ടു വർഷത്തോളം സിനിമ ലോകം അവഗണിച്ച് , പിന്നീട് സ്വയം പിടിച്ചെടുത്ത ലോകങ്ങളിൽ അതെ പഴയ വിപ്ലവത്തിന്റെ തീപ്പൊരികൾ പാറിക്കുന്ന ജോയ് മാത്യു എന്ന നടനെ അല്ല കോഴിക്കോട്ടുകാർ അറിയുന്നത്, പകരം സ്റ്റാറിടത്തിന്റെ അഹങ്കാരങ്ങളില്ലാതെ വലിപ്പ വ്യത്യാസങ്ങളില്ലാതെ എല്ലാവരോടും കയ്യുയർത്തി ഹായ് പറഞ്ഞും ചിരിച്ചും നടക്കുന്ന തനി കോഴിക്കോട്ടുകാരൻ മാത്രമാണ്. . തട്ടുകടയ്ക്കും അലങ്കാര ബൾബുകൾക്കും അരികിലൂടെ സന്ധ്യയ്ക്ക് നടക്കുമ്പോൾ എന്തക്കെയോ പറയുന്നുണ്ട് അദ്ദേഹം…

വർഷങ്ങൾക്കു മുൻപ് ദീപ്തമായി മാറിയ എത്രയോ രാത്രികളെ കുറിച്ച്, അലങ്കാര വിളക്കുകൾ പോലും ആവശ്യമില്ലാത്ത സദസ്സുകളെ കുറിച്ച്… ഇനി അടുത്ത തവണ കാണുമ്പോൾ കൂടേണ്ട ഗസൽ സന്ധ്യയെ കുറിച്ച്…

പരിഭ്രമത്തിന്റെ കണിക പോലുമില്ലാതെ അരക്ഷിതാവസ്ഥയുടെ ആശങ്ക പോലുമില്ലാതെ ഒപ്പം നടക്കുമ്പോൾ  ഉള്ളിലെവിടെയോ ഉണ്ടായിരുന്ന കനലുകളിൽ നിന്നും തീ ചിതറാൻ തുടങ്ങിയിരുന്നു.

എത്ര പെട്ടെന്നാണ് ജോയ് മാത്യു എന്ന വ്യക്തി സെലിബ്രിറ്റി സിനിമാ താരവും ഒരു പുരുഷനും ഒന്നും അല്ലാതായി മാറിയത്. നിരന്തരം സൗഹൃദങ്ങളെ കുറിച്ച്‌ സംസാരിക്കുന്ന, ഉള്ളിലെ തീക്കനലുകളിൽ നിന്ന് വളരെ കുറച്ചു മാത്രം വാക്കുകൾ പൊടിച്ച് ചേർത്ത്, മാധവിക്കുട്ടിയെ കുറിച്ചും, എഴുത്തുകളെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുന്ന കുറെയേറെ പേരുടെ മുന്നിലേക്കാണ് അന്നത്തെ സന്ധ്യയിൽ ഞാനിത്തപ്പെട്ടത്. ഒരേ മനസ്സോടെ ലിംഗഭേദമില്ലാതെ സ്നേഹം എന്ന ആശയത്തിൽ മാത്രം വിശ്വസിക്കുന്ന ചിലർ. എന്നോ എനിക്ക് അതൊക്കെ അസാധ്യമായി തോന്നിയിരുന്നു. ആൺ പെൺ സൗഹൃദങ്ങളിൽ പ്രണയത്തിന്റെ നനുത്ത മുൾവേലികൾ എപ്പോഴും പരിഭവവും കലഹവും പറഞ്ഞു വരുമെന്ന് ഭയപ്പെട്ടിരുന്ന കാരണം കൊണ്ട് തന്നെ പുരുഷ സുഹൃത്തുക്കളിൽ നിന്നും ഒരടി അകലം പാലിച്ചു നടന്നവൾക്കു മുന്നിലേയ്ക്ക് “നീ പെണ്ണല്ലല്ലോ… കോമ്രേഡല്ലേ ” എന്ന ചോദ്യവുമായി അവർ വന്നു നിന്നത്. സൗഹൃദത്തിന് വേണ്ടി ഒരു രാവിന്റെ ദിവ്യ വെളിച്ചത്തിലേക്ക് എന്നെ കാണാൻ വേണ്ടി എത്തിപ്പെട്ട ആ സൗഹൃദ കൂട്ടത്തിനോട് എങ്ങനെ സ്നേഹം പ്രകടിപ്പിക്കണമെന്നറിയാതെ എത്രയോ നിമിഷം മനസ്സുകൊണ്ട് നിശബ്ദമായിപ്പോയി. അബു ചേട്ടന്റെ ഹോട്ടലിലെ ചൂടൻ പൊറോട്ടയുടെ രുചിയുടെ പങ്കെടുക്കുമ്പോൾ സൗഹൃദത്തിന്റെ സത്യം അത്രനാൾ മനസ്സിനെ ഭരിച്ച വിചാരങ്ങളിൽ എത്രയോ അകലത്തായിരുന്നു എന്ന് മനസ്സിലാകുന്നു. ഒരു രാത്രി തന്നത് അപൂർവ്വ സുന്ദരമായൊരു സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ നിലാവാകുമ്പോൾ ആ രാത്രി എങ്ങനെ ഒഴിവാക്കപ്പെടും? പെണ്ണത്തിന്റെ നിലാവെളിച്ചത്തിൽ നിന്നും രാത്രിയുടെ ഇരുട്ടിലേക്ക് തനിച്ചു നടന്നു കയറേണ്ടതില്ലെന്നു ഓർമ്മപ്പെടുത്തുന്ന സൗഹൃദങ്ങൾ നൽകുന്ന അനുഭവങ്ങൾ തീക്ഷ്ണമാണ്. ഒരിക്കൽ അവഗണനയുടെ തീപ്പൊട്ടുകൾ എല്ലാവരാലും അനുഭവിച്ചു കരഞ്ഞിരുന്നവൾക്കു മുന്നിൽ അതെ തീപ്പന്തത്തെ സ്വയംഅനുഭവിച്ചു തീർത്തൊരാൾ വഴികാട്ടിയാകുന്നു. സ്നേഹത്തിന്റെ ഗന്ധമുള്ള ആ കോഴിക്കോടൻ രാത്രിയ്‌ക്കുള്ളിലേയ്ക്ക് ഞാനിറങ്ങി നടക്കുന്നു.

മീനുകൾ ചുംബിക്കുന്നു എന്ന നോവലും പ്രണയപ്പാതി എന്ന പ്രണയക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകയും കോളംനിസ്റ്റും