ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)

“നിങ്ങൾ എപ്പോഴെങ്കിലും ശരിക്കും വിഷാദത്തിലാണെങ്കിൽ, ഒരു ടെറി അലൻ ആൽബം ഇടുക. അത് നിങ്ങളെ ചിരിപ്പിക്കും. അദ്ദേഹത്തിന്റെ നർമ്മബോധം, വാക്കുകളുടെ വഴി, അവൻ എഴുതുന്ന സാഹചര്യങ്ങൾ എന്നിവ വിലമതിക്കാനാവാത്തതാണ്.” – ഗൈ ക്ലാർക്ക്

ടെറി അലൻ എന്ന അമേരിക്കൻ കലാകാരന്റെ ലോകം വിപുലമാണ്. ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ, ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഗീതലോകത്തെ കുറിച്ച് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. റോഡ്‌നി ക്രോവൽ (Rodney Crowell) എഴുതിയ ലേഖനം അദ്ദേഹത്തിന്റെ വിശാലമായ കലാലോകത്തെ സ്പർശിക്കുന്നു. ടെറി അലൻ തന്റെ ചുറ്റുപാടുകളെ സാധാരണമായി കാണുകയും എന്നാൽ അർത്ഥവത്തായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അനുവദിക്കുന്ന വിധത്തിൽ തന്റെ കലാലോകത്തെ വിപുലപ്പെടുത്തുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ, കോർമാക് മക്കാർത്തിയുടെ ആക്ഷേപഹാസ്യം പോലെയാണ് തന്റെ കഥാപാത്രങ്ങളും. ഒരു വ്യക്തിയുടെ ജീവിതം ലൗകികമോ പ്രാധാന്യമോ ഉള്ളതാണെന്ന വ്യത്യാസമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം.

OLYMPUS DIGITAL CAMERA

ഒരേ സമയം സംഗീതത്തിലും എഴുത്തിലും ചിത്ര ശില്പകലയിലും ഒരേപോലെ ശ്രദ്ധേയരായ വളരെ ചുരുക്കം പേരെ ലോകത്ത് ഉണ്ടായിട്ടുള്ളൂ അതിൽ ടെറി അലന്റെ സ്ഥാനം പ്രധാനമാണ്. അദ്ദേഹത്തിന്റെ കോർപ്പറേറ്റ് ഹെഡ് എന്ന ശിൽപം തന്നെ കൃത്യമായി രാഷ്ട്രീയം പറയുന്നു. കോർപ്പറേറ്റ് കെട്ടിടത്തിലേക്ക് തല കയറ്റിവെക്കേണ്ട കോർപ്പറേറ്റ് ജീവനക്കാരനെ നമുക്ക് നമ്മളിൽ കൂടി കാണാം. നാം ഓരോരുത്തരും ഇത്തരത്തില് നമ്മുടെ തലകൾ എവിടെയോ കോൺക്രീറ്റ് ചെയ്തു വെച്ചിരിക്കുന്നു എന്നതിലേക്കും ഇതിനെ ചേർത്ത് വായിക്കാം. അദ്ദേഹത്തിന്റെ പല ശില്പങ്ങളിലും മുഖങ്ങൾ ഇല്ലാതാകുന്നത് കാണാം. ഫിലിപ്പ് ലെവിന്റെ കവിതയുമായി ഈ ശില്പത്തെ ചേർത്തുവായിക്കാം. 1980-കൾ പൊതുനന്മയുടെ അളവുകോൽ പണമായി കണ്ട ഒരു ദശാബ്ദമായി അറിയപ്പെട്ടു. അക്കാലയളവിൽ ഉപരിവർഗത്തിന് ഉദാരമായ നികുതി ആനുകൂല്യങ്ങൾ സർക്കാർ നൽകി. ഒപ്പം ജനക്ഷേമപ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പരിപാടികൾ ഇല്ലാതായികൊണ്ടിരുന്നു, സേവിംഗ്സ് ആന്റ് ലോൺ വ്യവസായത്തിന്റെ നിയന്ത്രണം എടുത്തുകളയൽ, ദേശീയ കടം നാലിരട്ടിയാക്കൽ ഇങ്ങനെ പല മാറ്റങ്ങളും ജനതയെ കാര്യമായി ബാധിച്ചു. ഈ രാഷ്ട്രീയത്തെയാണ് കോർപറേറ്റ് ഹെഡ് എന്ന ശില്പത്തിലൂടെ നിർവചിക്കാൻ ടെറി അലൻ ശ്രമിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ റൊണാൾഡ്‌ റീഗൻ- ജോർജ്ജ് ബുഷ് ഭരണകാലയളവിനെ രാഷ്ട്രീയമായി കൊത്തിവെക്കുന്നു ഈ ശില്പം. മൂല്യങ്ങളും ധാർമ്മികതയും ലക്ഷ്യമാക്കി ചെയ്തിട്ടുള്ള കോർപ്പറേറ്റ് ഹെഡ് എന്ന ശില്പം വലുപ്പത്തിൽ താരതമ്യേന ചെറുതാണെങ്കിലും, കോർപ്പറേറ്റ് മാനസികാവസ്ഥയെ ശക്തമായി വിമർശിക്കുന്നു

Shioto Lounge Deer എന്ന ശില്പത്തിൽ മനുഷ്യ രൂപത്തിൽ കിടക്കുന്ന മാനിനെ കാണാം, “മാൻ രോമങ്ങൾ” എന്നതിന്റെ ഷവോനി പദത്തിൽനിന്നാണ് “സിയോട്ടോ” വരുന്നത്. ഇക്കാര്യമാണ് ടെറി അലൻ ഈ സീരീസ് നിർമ്മിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്, ഇതോടെ “മനുഷ്യവൽക്കരിക്കപ്പെട്ട” മാനുകളുടെ കഥാപാത്രം വരുന്ന ഒരു പരമ്പരതന്നെ ചെയ്തു,

നഷ്ടപെടലുകൾ ആണ് ഒട്ടുമിക്ക ശില്പങ്ങളും, അതിലൂടെ അദ്ദേഹ കൃത്യമായ തന്റെ രാഷ്ട്രീയം പറയുന്നു. തലകൾ നഷ്ടപെട്ടവരുടെ ഒരു സീരീസ് തന്നെ ഇൻസ്റ്റലേഷൻ ആയി ചെയ്തിട്ടുണ്ട്, പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം കെട്ടിപ്പൂട്ടിയ ഐടിമാനെ കാണിക്കുന്ന ശിൽപം, വായയിൽ ഷൂസ് തിരുകിയ കോർപ്പറേറ്റ്മാനെ കാണിക്കുന്ന ശിൽപം ഇതൊക്കെ മോഡേൺ കമ്മ്യൂണിക്കേഷൻ എന്ന സീരീസിൽ പെടുന്നു. ഇത്തരത്തിൽ ഇക്കാലത്തെ രാഷ്ട്രീയത്തെ കൃത്യമായി തുറന്നു കാട്ടുന്ന ശില്പങ്ങളാണ് ടെറി അലന്റെത്. കോർപ്പറേറ്റ് വത്കരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ നേർചിത്രങ്ങളാണ് തന്റെ ശില്പങ്ങൾ. തലയില്ലാതാകുന്ന ആധുനിക മനുഷ്യരെ കൊത്തി വെക്കുമ്പോൾ തന്നിലെ രാഷ്ട്രീയമാണ് അദ്ദേഹം തുറന്നു കാണിക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാന അടയാളമായ മുഖത്തെതന്നെ ഇല്ലാതാക്കികൊണ്ടാണ് ഇവിടെ ശില്പങ്ങളിലൂടെ പുതിയ കാലത്തിന്റെ കോർപ്പറേറ്റ് രാഷ്ട്രീയത്തെ പറ്റി ടെറി അലൻ പറയുന്നത്. ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ നഷ്ടമാകുന്നത് ലോകം തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് ഈ ശില്പങ്ങൾ നമ്മെ എത്തിക്കുന്നു.

മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.