പുതുഎഴുത്തുകാരും കഥകളും കവിതകളും മുഖ്യധാരയിലൂടെ

നവ എഴുത്തുകാരേയും അവരുടെ സൃഷ്ടികളേയും കുറിച്ച് ചിന്തിക്കുമ്പോള്‍, മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ വളര്‍ന്നുവരുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നുള്ള വിലയിരുത്തല്‍ ചിന്തനീയമാവുകയാണ്.

ചരിത്രാതീത കാലം മുതല്‍ക്കേ എഴുത്തും വായനയും മനുഷ്യന്‍റെ മാനസികമായ വളര്‍ച്ചക്കും അറിവിനും ഉല്ലാസത്തിനും വായനാശീലം വളര്‍ത്തുന്നതിനും വഴിതെളിച്ചിട്ടുള്ള വസ്തുതകള്‍ രൂപപരിണാമം പ്രാപിച്ച് തലമുറകളോളം മാറ്റങ്ങളിലൂടെ കടന്നു വന്നിരിക്കുന്ന നിരവധി സാഹിത്യ ഉത്കൃഷ്ട കൃതികളും ക്ലാസ്സിക്കുകളും ഭാഷാപുസ്തകങ്ങളും എഴുത്തും എഴുത്തു സംസ്ക്കാരവും വ്യക്തമാക്കുന്നു.

എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എഴുതിയവ അച്ചടി മഷി പുരണ്ടു കാണുകയും വായിക്കപ്പെടുകയും ചെയ്യുകയെന്നത് അവന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാകുന്നു. തപം പോലുള്ള സപര്യക്കിടയില്‍ എഴുതപ്പെടുന്ന സൃഷ്ടികള്‍ സാഹിത്യ സാമൂഹിക പശ്ചാത്തലത്തില്‍ മൂല്യാധിഷ്ടിതമാണോ എന്ന് വിലയിരുത്തുക ആവശ്യകവും.

മൂല്യമില്ലാത്ത എഴുത്തുകള്‍ പിന്തള്ളപ്പെടുകയും തുറന്ന വായനയ്ക്ക് വിധേയപ്പെടുകയും ചെയ്യുന്നില്ല. അതിനാല്‍ തന്നെയാകണം എഴുത്തു വഴികളില്‍ അതിനുള്ള കഴിവും കരുത്തും കാണിച്ചവര്‍, തിരഞ്ഞെടുക്കപ്പെടുന്നതും വായനയ്ക്കും ചര്‍ച്ചകള്‍ക്കും നിരൂപണങ്ങള്‍ക്കും വിധേയമാകുന്നതും. അങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാര്‍ കാലങ്ങളോളം അടക്കിവാഴുന്ന സാഹിത്യ മേഘലയില്‍, പുതു എഴുത്തുകാരുടെ വളര്‍ച്ച ത്വരിതഗതിയില്‍ നടന്നു കാണുന്നില്ലായെന്നുള്ള വസ്തുത ഈ കാലഘട്ടത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും ദൃശ്യമാകുന്നുണ്ട്.

അവാര്‍ഡും പേരും പ്രശസ്തിയുമില്ലെങ്കിലും ശുപാര്‍ശയും ബന്ധങ്ങളും ഒരു പരിധിവരെ സൃഷ്ടികളില്‍ അച്ചടി മഷി പുരളുന്നതിന് കാരണമായി തീര്‍ന്നിട്ടുണ്ട്. അതിനും ഉപരിയായി മുടക്ക് മുതല്‍ തിരികെപ്പിടിക്കാനുള്ള സാമ്പത്തിക ഉള്‍ക്കാഴ്ച്ചകളും പ്രസിദ്ധീകരണങ്ങളെ സ്വീകരിക്കപ്പെടുന്നതിനും കോപ്പികള്‍ വിറ്റു പോകുന്നതിനുമായി അതിനുതകുന്ന തരത്തിലുള്ള രചനകളുടെ ആകര്‍ഷക വലയത്തിലേക്ക് പരിഷ്കൃത സാഹിത്യ വഴികള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.

കാലം വരുത്തിയ രൂപാന്തരങ്ങളാകാം സുതാര്യതയില്ലാത്ത ഈ അവസ്ഥകള്‍ക്ക് കാരണങ്ങള്‍. പ്രസ്തുതാ സാഹിത്യ മേഘലയും പ്രസിദ്ധീകരണ ശൃംഖലയും പരസ്പരം മത്സരിക്കുന്ന ഈ കാലഘട്ടത്തില്‍ വായനയുടേയും എഴുത്തിന്റെയും മാറ്റുരച്ചു നോക്കാന്‍ മിനക്കെടാന്‍ അവര്‍ക്കെവിടെയാണ് സമയം. ഒരു പരിധിവരെ യാന്ത്രികമായ കച്ചവടാവസ്ഥയിലേക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ് എഴുത്തും അച്ചടിയും വായനയും.

അങ്ങിനെ വീക്ഷിക്കുമ്പോള്‍, മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രശസ്തരായവരുടെ രചനകള്‍ക്ക് മാത്രമായി പേജുകള്‍ നീക്കിവച്ചിരിക്കുന്നുവെന്ന അവസ്ഥാന്തരത്തില്‍ അതിശയോക്തിയില്ല.

അതിനാല്‍ തന്നെ ഇനിയും യുവതലമുറയിലെ എഴുത്തുകാര്‍ക്ക് കല്‍പ്പിച്ചിട്ടുള്ള അയിത്തവും ഭ്രഷ്ടും മാറിയിട്ടുമില്ല. എങ്കിലും വായനയുടെ വിശാലമായ വാതായനം തുറന്നുകൊണ്ട്, മുഖപുസ്തകവും ബ്ലോഗ്ഗുകളും എഴുത്തുകാരുടെ മനനം ചെയ്യപ്പെട്ട കാഴ്ച്ചകളുടെ ചൂടും തണുപ്പും മേഘങ്ങളുടെ നിര്‍വ്വികാരതയും നക്ഷത്രങ്ങളുടെ തിളക്കവും സൌരയൂഥങ്ങളുടെ രാശിയും ജീവിത സ്പന്ദനങ്ങല്‍ക്കിടയിലെ വീക്ഷണങ്ങളും ഭാവനയുടേയും അനുഭവത്തിന്റെയും കാല്പ്പനികതയുടേയും ഉൾത്താപങ്ങളിലൂടെ സര്‍ഗ്ഗാത്മകതയുടെ വിശാലമായ ആകാശത്തേക്ക് ഉറ്റുനോക്കുന്ന കാഴ്ച്ചകള്‍ നവധാരയിലെ എഴുത്തുകളിലും, അക്ഷരപ്പിടച്ചിലുകളിലും ദാര്‍ശനികമാകുന്നുണ്ട്.

മുന്‍ നിരക്കാര്‍ക്കൊപ്പമോ, അവരുടെ രചനകള്‍ക്കും മേലയോ കിടപിടിക്കുന്ന കുറച്ചെങ്കിലും ഉജ്ജ്വല സൃഷ്ടികള്‍ ബ്ലോഗ്ഗുകളിലൂടെ എഴുതിത്തെളിഞ്ഞ നിരവധി നവ എഴുത്തുകാര്‍ വായനാലോകത്ത് സമ്മാനിക്കുന്നുണ്ട്.

നല്ലൊരു ശതമാനം മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും കച്ചവട കണ്ണോടെ സാഹിത്യത്തെ വിപണനചരക്കാക്കുന്ന മത്സരാവസ്ഥയിലൂടെ സഞ്ചരിക്കുമ്പോള്‍, അതിനുതകുന്നവരുടെ രചനകള്‍ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന സഹതാപകരമായ അവസ്ഥ, അത്തരം പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും.
ചില വാരികകള്‍ ചെറുകഥകളും കവിതകളും പാടെ ഉപേക്ഷിച്ച അവസ്ഥയിലാണ്. കഥകള്‍ക്കും കവിതകള്‍ക്കും വായനക്കാരില്ലെന്നുള്ള അഭിപ്രായം സര്‍വ്വേയിലൂടെ കണ്ടുപിടിച്ചിരിക്കുന്നു ഈ പ്രസിദ്ധീകരണത്തിന്റെ പത്രാധിപന്മാര്‍. അത്തരം വാരികകളില്‍ വായനക്കാരെ ആകര്‍ഷിക്കാനുതകുന്ന ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന അഞ്ചോ അതില്‍ കൂടുതലുമോ നോവലുകള്‍ സ്ഥിരം എഴുത്തുകാരുടെ തൂലികയില്‍ നിന്നും അച്ചടിമഷി പുരട്ടി വിപണനം ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.

സ്ഥിതിഗതികളില്‍ കുറെയൊക്കെ മാറ്റങ്ങള്‍ ദൃശ്യവുമാണ്. ചില സമാന്തര പ്രസിദ്ധീകരണങ്ങള്‍, നല്ലെഴുത്തിനും യുവ സാഹിത്യകാരന്മാര്‍ക്കും അവസരം നല്‍കുന്ന വിഭിന്നമായ കാഴ്ച്ച, നിലവിലുള്ള ചില സ്വതന്ത്ര വാരികകള്‍ വായിച്ചാല്‍ മനസ്സിലാകും. കിടപിടിക്കാനല്ലെങ്കിലും, സാഹിത്യത്തെ സ്നേഹിക്കുന്ന, അക്ഷര സ്നേഹികളുടെ അത്തരം സംരഭങ്ങള്‍ സ്തുത്യര്‍ഹമാകുന്നു.

ശാസ്ത്രം അതിന്റെ വളര്‍ച്ചയിലൂടെ ഓടി തിമിര്‍ക്കുമ്പോള്‍, മാറ്റങ്ങള്‍ തീര്‍ച്ചയായും പുതിയ പാതകള്‍ തുറക്കുക തന്നെ ചെയ്യും. അവാര്‍ഡും വിപണന തന്ത്രങ്ങളും സാഹിത്യ മേഘലയിലെ രചനകളുടേയും, എഴുത്തുകാരന്റെയും വില നിശ്ചയിക്കുകയും പക്ഷം പിടിക്കുകയും ചെയ്യുന്ന നാണംകെട്ട അവസ്ഥ മാറുക തന്നെ വേണം. മറഞ്ഞിരുന്നാലും കാലഗമനത്തില്‍ സ്പന്ദിക്കുന്ന രചനകള്‍ സത്യം പോലെ തിരിച്ചറിയപ്പെടുകയും വാഴ്ത്തപ്പെട്ടവരുടെ വായനായിടങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്യുമെന്നുള്ളതില്‍ തര്‍ക്കമില്ല.

കഥകളില്‍ നിന്നും വിഭിന്നമായ അവസ്ഥയിലാണ് കവിതകളുടെ സ്ഥാനം. ബൃഹത്തായ നോവലിന്‍റെ തലത്തില്‍ നിന്നും ചെറുകഥയുടെ ലഘൂകൃത സമന്വയ രൂപത്തില്‍ നിന്നും കവിത കാച്ചിക്കുറുക്കിയ പാലുപോലെ രസപ്പെടാന്‍ ചിന്താമണ്ഡലത്തെ ഖനനം ചെയ്യുമ്പോള്‍, അതിന്‍റെ അന്തരാത്മാവിലേക്കിറങ്ങി ചെല്ലാന്‍ വിമുഖത കാട്ടുന്നവരാണ് ആസ്വാദകരില്‍ അധികവും. വൃത്തവും താളവും ചന്തവും മിഴിവേകിയ പദ്യങ്ങളില്‍ നിന്നും കവിതയുടെ യാത്ര, പുതുമയുടെ വഴികളിലൂടെ ആധുനീകരിക്കപ്പെട്ട വാക്കുകളുടെ ഘടനയാല്‍ നിര്‍മ്മിതമായ ഗദ്യരൂപത്തിലേക്ക് പരിണാമം പ്രാപിച്ചുതുടങ്ങിയിട്ട് കാലം കുറേയായിരിക്കുന്നു. പദ്യ കവിതയായാലും ഗദ്യ കവിതയായാലും ആശയങ്ങളുടെ നൂതനതയും വായനക്കാരനില്‍ ചിന്തക്ക് വകയേകുന്ന സാമൂഹ്യ പരിച്ഛേദങ്ങളിലേക്കും അവയ്ക്ക് കടന്നു ചെല്ലുവാന്‍ കഴിയുന്നുവെങ്കില്‍, കവിതയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ട ആവശ്യകതയുണ്ടോ ? ഇല്ല എന്ന് തന്നെയാണ് എന്‍റെ അഭിമതം.

ഇന്നത്തെ കവിതകളില്‍ നല്ലൊരു പങ്കും വൃത്തനിബിഡമോ, സംസ്കൃതശൈലിയെ സ്വീകരിക്കുകയോ, അതിനെ പിന്തുടരണമെന്ന് ശഠിക്കുകയോ ചെയ്യുന്നില്ല. അധികവും തീവ്രവും ചടുലവും ദ്വയാര്‍ത്തക പദങ്ങളുടെ അടക്കത്തോടെ, കവിക്ക്‌ വഴങ്ങുന്ന രീതിയില്‍ ഗദ്യഭാവത്തില്‍ എഴുതപ്പെടുകയാണ്. കവികളിലധികവും കവിതയുടെ സത്തയെ മനസ്സില്‍ നിന്നും പറിച്ചെടുത്ത് ആകാശമാകുന്ന വിശാലമായ കാന്‍വാസിലേക്ക് പറത്തിവിടുന്ന അനുഭൂതിയാകുന്ന ചിന്തകളിലേക്ക് സമന്വയിപ്പിക്കുമ്പോള്‍, തികച്ചും വേറിട്ട അനുഭവങ്ങളുടെ ചര്‍ച്ചിത ചാലകം വായനയിലേക്ക് വ്യാപിപ്പിക്കുന്ന നവലോകത്തിന്റെ രൂപാന്തരം വ്യക്തമാക്കുന്നുണ്ട് പല പുതു സമസ്യകളിലും.

ഓരോ ചിന്തകളും ചുറ്റുപാടുകളിലെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സൂക്ഷ്മ ദര്‍ശനങ്ങളായി പരിണമിക്കുന്ന അവസ്ഥാന്തരമായി മാറുമ്പോള്‍, കവിതയുടെ ജാലകം നേര്‍ക്കാഴ്ച്ചകളുടെ വിസ്തൃതിയിലേക്ക് തുറക്കപ്പെടുക തന്നെ ചെയ്യും. കടലുപോലെ വിശാലമായ മഷിപാത്രത്തില്‍ നിന്നും മുക്കിയെടുത്ത ഭാവനയുടെ ചിന്തുകള്‍, പിഴിഞ്ഞെടുത്ത മുന്തിരിസത്തുപോലെ ലഹരിയുണര്‍ത്തുന്ന അനുഭവത്തിന്‍റെ, നോവിന്റെ, നെഞ്ചുരുക്കത്തിന്‍റെ, പ്രണയ, പരിഭവ, ദാർഷ്ട്യത്തിന്റെ, ഉര്‍വ്വരതകളുടെ, ഉച്ചനീചത്വത്തിന്റെ, ജാതിമാതവൈരത്തിന്റെ, പ്രകൃതിയുടെ, സമസ്യാപൂരകങ്ങളായി ആവേഷിക്കപ്പെടുമ്പോള്‍, അവയെ അനന്തമായ വായനയുടെ, ആസ്വാദനത്തിന്റെ വിതാനത്തില്‍ സ്വതന്ത്രമായി പറത്തിവിടുവാന്‍ കവികള്‍ക്ക് കഴിയട്ടെ.

കഥയുടെ തന്ത്രങ്ങള്‍ ഇനിയും ടി. പദ്മനാഭന്‍ , മുകുന്ദന്‍, എം.ടി., സക്കറിയ എന്നിവരില്‍ നിന്നും മോചിതമായിട്ടില്ല എന്നു ചിന്തിക്കുന്നവനാണ് ഞാന്‍. ടി.ഡി രാമകൃഷ്ണൻ, വി.ജെ. ജെയിംസ്, ഇന്ദുഗോപൻ, ഷാഹിന ഇ. കെ, എന്നിവരൊക്കെ തനതായ ചിന്തകളിലൂടെയും, മത, രാഷ്ട്രീയ സാമൂഹ്യ, ചരിത്ര പശ്ചാത്തലങ്ങളിലൂടെയും ആധുനിക എഴുത്തിടങ്ങളിൽ വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിക്കുന്നുണ്ട്. ഇന്നത്തെ ഈ അവസ്ഥയിൽ ആധുനീകരിക്കപ്പെടുന്ന കഥയുടെ ചിന്തുകള്‍ക്ക് അനുഭവത്തിന്‍റെ ചൂരും ചൂടുമുണ്ടോയെന്ന് കഥാകാരന്മാര്‍ ചിന്തിക്കുക അനിവാര്യമായിരിക്കുന്നു. കഥയായാലും കവിതയായാലും അവയില്‍ ജീവിതത്തിന്റെ അംശവും സത്തയും സ്പന്ദനവും ആഴത്തിലുള്ള മാറ്റങ്ങളിലേക്കുള്ള നന്മയുടെ വാതായനങ്ങളെ തുറക്കുവാനുതകുന്ന സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നില്ലയെങ്കില്‍ ഓരോ സൃഷ്ടിയും പരാചിതമെന്നനുമാനിക്കാനാണ് എനിക്കിഷ്ടം. ഇതെന്‍റെ മാത്രം ചിന്തയാകുന്നു. മറിച്ചുള്ള വിശ്വാസങ്ങള്‍ ഓരോരുത്തരുടേയും മാനസികമായ താല്പര്യങ്ങളിലും വെളിപാടുകളിലും വേറിട്ട ചിന്തകളിലും ആശ്രിതമാകുന്നു.

എഴുത്തുകാരനെ അലോസരപ്പെടുത്തുന്ന കല്പനകള്‍, വിമര്‍ശന രൂപത്തില്‍ പലപ്പോഴും നമ്മള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരം വിമര്‍ശനങ്ങളെ നേരിടാനുള്ള ആര്‍ജ്ജവം എഴുത്താള്‍ക്ക് ഉണ്ടാകണം. അതിനെ ഭയപ്പെടുകയെന്നാല്‍, നമ്മള്‍ നമ്മുടെ കാവ്യജീവിതത്തോട് കാട്ടുന്ന അനീതിയാകും. മാഹാന്മാരായ എഴുത്തുകാര്‍ പോലും വൃത്തങ്ങള്‍ മാറ്റിമറിച്ചു എഴുതിയ ചില വായനകള്‍ ഈയിടെ മുഖപുസ്തകത്തിലെ ശ്രീലകം സാറിന്‍റെ കവിതാവൃത്താന്തം വൃത്തങ്ങളിലൂടെ എന്ന കുറിപ്പുകളിലൂടെ അനുഭവിച്ചിരുന്നു. അത്തരം നല്ല പ്രവണതകള്‍ നമ്മളെപ്പോലെയുള്ള എഴുത്തുകാര്‍ക്ക് പ്രചോദനമാവുകയും ചെയ്യുന്നുണ്ട്.

കേക വൃത്തം സ്കൂളില്‍ പഠിച്ച ഓര്‍മ്മയല്ലാതെ ആ വൃത്തത്തില്‍ കവിതകുറിക്കുന്ന പ്രാഗത്ഭ്യം പരിശ്രമിച്ചിരുന്നില്ല. എന്നാല്‍ കേകയില്‍ ഒരു കവിത എഴുതാന്‍ ശ്രമിച്ചു. എഴുതി, പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. വളരെ പ്രോചോദിതമായ അഭിപ്രായങ്ങളായിരുന്നു കവിതയ്ക്ക് ലഭിച്ചത്. തെറ്റുകള്‍ ചൂണ്ടികാണിക്കുവാനും, തിരുത്തുകള്‍ നിര്‍ദ്ദേശിക്കുവാനുമുള്ള മനോധര്‍മ്മം തീര്‍ച്ചയായും ഓരോ വായനക്കാരനും, നിരൂപകനും ഉണ്ടാകണം. പ്രത്യുത അത്തരം നിര്‍ദ്ദോഷകരമായ നിര്‍ദ്ദേശങ്ങളേയും തെറ്റുകളേയും മത്സരബുദ്ധിയോടെ കാണാതെ അതിനെ സ്വീകരിക്കുവാനും അംഗീകരിക്കുവാനുമുള്ള മനസ് എഴുത്താളിനും ഉണ്ടാകേണ്ടതും അനിവാര്യം. അങ്ങിനെ നന്മയും തിന്മയും നല്ലതും ചീത്തയും നെല്ലും പതിരും വേര്‍തിരിക്കുന്ന ഇടങ്ങളില്‍ വിരചിക്കുമ്പോള്‍, അവര്‍ക്കിടയില്‍ നല്ലവയെ അവിശുദ്ധമാക്കുവാനും, കെട്ടതിനെ വിശുദ്ധീകരിക്കുവാനും ശ്രമിക്കുന്ന പരിശുദ്ധാത്മാക്കളോട് പൊറുക്കുക.

കഥയും കവിതയും, നോവലും മരിക്കുന്നില്ല, ഓരോ സാഹിത്യ സൃഷ്ടിയും ഓരോ ജീവിതമാകുന്നു. ജീവനുള്ള ആത്മാക്കളുടെ സ്പന്ദനമാകുന്നു. എഴുതപ്പെട്ടവ, പേറ്റു നോവനുഭവിച്ചു പ്രസവിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ പ്രിയപ്പെട്ടതാകുന്നു. സൃഷ്ടിയുടെ മഹത്വം എത്രത്തോളം പുകഴ്ത്തിയാലും മതിവരില്ലല്ലോ.

കൊല്ലം സ്വദേശി. ഷാര്‍ജയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ്‌ മാനേജര്‍. കവിതാമത്സരത്തില്‍ സ്വരുമ ദുബായിയുടെ പുരസ്ക്കാരവും. കഥാമത്സരത്തില്‍ ഷാര്‍ജ പാം പുസ്തകപ്പുരയുടെ “അക്ഷരതൂലിക” അവാര്‍ഡും ലഭിച്ചു. ആനുകാലികങ്ങളില്‍ കഥ, കവിത എഴുതുന്നതിനൊപ്പം ഓൺലൈൻ പ്ലാറ്റുഫോമുകളിലും സജീവം. വെയിൽ പൂക്കും മരങ്ങൾ - (കവിതകൾ) , വിശുദ്ധ വിലാപങ്ങൾ - (കവിതകൾ), മരുഭൂമിയിലെ വീടുകൾ - (കഥകൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.