സൂര്യനെ കാണുക, ദൂരെയാവിണ്ണിന്റെ-
ലോകങ്ങളാകെ ദീപാന്വിതം മുന്നിലെ
ഭൂമിയെ, വംശവൃക്ഷങ്ങളെ, നേരിന്റെ
താരകൾ മിന്നും നഭോ മണ്ഡലങ്ങളെ;
കാണുന്നു സ്നിഗ്ദനേത്രങ്ങളാൽ ഗൂഢമാം-
തേജസ്സുണർത്തുന്ന സൗരയൂഥത്തിനെ..
പാലപൂക്കുന്ന സുഗന്ധം, കിനാവി ൻ്റെ
ചേലൊഴുകുന്ന ഗന്ധർവ്വഗീതസ്വരം-
പാതി വഴിയ്ക്ക്പിരിഞ്ഞു പോയീടുന്ന
പാതിരാവിന്റെ പുരാതനഗാനങ്ങൾ!
ഒരോ ശരറാന്തലും താഴ്ത്തി ദൂരെയാ-
രാവ് മെല്ലെപ്പടിവാതിലടയ്ക്കവേ;
ഒന്ന് തിരിഞ്ഞുണർന്നെത്തുന്ന ഭൂമിയെ-
വർണ്ണാഭമാക്കും പ്രഭാതാർദ്രസന്ധ്യകൾ.
സൂര്യൻ വരുന്നു സുരാസുരമണ്ഡല-
വേദങ്ങൾ, സിന്ധിനുമപ്പുറമപ്പുറം
തീരസംസ്ക്കാരം, യവനർ, യഹൂദരീ-
ദേവനെ കാണും കഥാമണ്ഡപങ്ങളിൽ;
സൂര്യ! ഞാൻ തേടുന്ന ലോകത്തിനുള്ളിലായ്-
നീയഗ്നിഹോത്രങ്ങൾ ചെയ്യുന്നു, നിന്നിലെ
രാജകല, സ്വർണ്ണസിംഹാസനം, മിഴി-
ക്കോണിൽ തിളങ്ങും കൃപാകണം!
ഭൂമിയുടെ തീരങ്ങളിൽ വെളിച്ചം,
ഊർജ്ജമേകുന്ന സ്രോതസ്സിൻ-
സൗവർണ്ണരാജനഭസ്ഥലം!
കാന്തികസ്പർശം, കനത്ത് ചെങ്കൽ-
ക്കനൽ തീയിലാ സൂര്യന്റെ ചാരത്ത് നീങ്ങുന്ന-
സ്നേഹം- ബുധൻ നീണ്ടതാകുന്ന പാതയിൽ
ഗൂഢഗർത്തങ്ങൾ, ഹോമാഗ്നി, തിളങ്ങുന്ന-
ലോഹനാളങ്ങൾ ത്രിസന്ധ്യാജപങ്ങളിൽ
നീ കനൽദീപം തെളിച്ചുയർന്നീടുന്നു…
ശുക്രൻ! ശുഭാന്ത്യകാലങ്ങളിൽനിന്നാദി-
നിത്യസൗന്ദര്യമാം വീനസ്സ് – ഒലിവുകൾ.
കത്തുന്നതെന്തെന്ന് ചോദിച്ച ജീവന്റെ
സത്യഭ്രമണ പ്രദക്ഷിണപാതകൾ.
ഭൂമി! പ്രിയപ്പെട്ടതാകും വസുന്ധരേ!
നീയെന്റെ ജീവന്റെ സ്നേഹം, സ്വരം
മഴത്തുള്ളിക്കിലുക്കം, പുഴകൾ, സമുദ്രങ്ങൾ
നിത്യഹരിതവനങ്ങൾ, നീർച്ചോലകൾ,
സ്നേഹപ്രയാഗകൾ, പർവ്വതങ്ങൾ
ചുറ്റിലെന്നും തുടുക്കും ഋതുക്കൾ, സരസ്സുകൾ
കൃഷ്ണപക്ഷത്തിൻ കറുപ്പ് പടരാത്ത-
നിത്യപഥം നിന്റെ നക്ഷത്രമണ്ഡലം!
ഓർമ്മയായന്നുനാൾ കാണുന്ന സത്യമേ!
നീയാണ് സർവ്വംസഹ, പരിത്യാഗത്തിനാഴം-
ദയ, കൃപ, ദാനസ്നിഗ്ദം നിന്റെ-
ജീവൻ അനന്തദിഗന്തമാകർഷക- കാന്തിക-
മാന്ത്രികസ്പർശം പ്രദക്ഷിണപാതയിൽ
നീ ജീവസ്നേഹം നിറയ്ക്കുന്നു….
രക്തവർണ്ണം മംഗളഗ്രഹം ദിക്കുകൾക്കിത്ര-
യാകാംക്ഷ നിന്നെക്കുറിച്ചോർക്കുവാൻ
മിഥ്യയോ, സത്യമോ,ജീവനെ തേടുന്ന-
നിത്യസ്ഥലങ്ങളിൽ യാത്രയ്ക്ക് പോകുവാൻ
ഇത്ര തിടുക്കമാർന്നീഭൂവിലെത്രയോ-
സത്യങ്ങളങ്ങനെ മിന്നിനിന്നീടുന്നു.
വ്യാഴമേ! വ്യാഴവട്ടങ്ങളിൽ നിന്നു നീ-
സൂര്യനെ ചുറ്റുന്ന താരാപഥത്തിലായ്-
ആരോ പറഞ്ഞു സമുദ്രങ്ങളെത്രയോ
നീയൊതുക്കുന്നു നിന്നുള്ളിന്റെയുള്ളിലായ്
ദൂരെ ഒളിമ്പസ് ഗിരിശൃംഗമുണ്ടെന്ന്
ജീവകണങ്ങളുണ്ടെന്നും പറയുന്നു
ലോകമിന്നും നിന്റെതാഴ്വാരമാകവെ
കാണുവാനാകാംക്ഷയോടെയിരിക്കുന്നു
സന്ധ്യമായും വഴിയ്ക്കപ്പുറം കാണുന്ന
സൗരയൂഥത്തിളക്കം നീണ്ട പാതകൾ..
ആര് നീ ചൊല്ലൂ നിനക്കേകുവാൻ ജീവ-
നീരാഞ്ജനം, നീലശംഖുപുഷ്പങ്ങളും,
ദൂരെയാവാനത്തിലെ ശ്യാമമേഘങ്ങൾ
നീർമഴയാരോഹണം ചെയ്ത് മായുന്നു..
നിൻ്റെ കടുംകറുപ്പിന്റെ തിളക്കമോ?
നിർണ്ണയം തേടും നവധാന്യവഹ്നിയോ?
നീലക്കടൽത്തിരയേറ്റം പുരാതനദേവ-
രഥങ്ങളിരുണ്ട വനങ്ങളും..
താരകളായിരം, ആകാശഗംഗകൾ-
സ്നേഹസ്മിതം രാശിതെറ്റുന്ന സങ്കടം-
നീ ശനി, നിൻ നീല വസ്ത്രത്തിലെ നോവ്
തീയെരിക്കുന്നൊരീ ഹോമകുണ്ഠത്തിലായ്-
പ്രീതനായീടുക നിന്നെക്കുറിച്ചെത്ര ശോകം
കുടിച്ചു നിൽക്കുന്നൊരീ ഭൂമിയിൽ
ആകാശ ദേവൻ യുറാനസിന്നുള്ളിലായ്
ആകെ മഞ്ഞോ, പർവതത്തിന്റെ ഭാരമോ
മെല്ലെപദം വച്ചു സൂര്യനെ ചുറ്റുന്ന,
നിർണ്ണയരേഖയിൽ വോയേജറേകുന്ന
നിർമ്മമാകുമിടങ്ങൾ മൗനം, തണുപ്പിന്ന്-
പുതുപ്പാക്കിയീഗ്രഹം ആഥൻസിനെന്നും
ഔറാനസീന്റെയോർമ്മയുമീസ്ഥലം
*നെപ്ട്യൂണരികിൽ സമുദ്രത്തിലെ
ദേവനിത്രയും ദൂരെയുയരത്തിലാകാശ-
ഭിത്തിയിൽ ചിത്രം വരച്ചു നീങ്ങീടവെ
നിത്യമദൃശ്യമെന്നാകിലും സൂക്ഷ്മമാം
ദർശിനിയ്ക്കുള്ളിൽ തെളിഞ്ഞു കാണും,
നിന്റെയുള്ളിലെയഗ്നി നിഗൂഢത തേടുന്ന
ഭൗമചിത്രം പലേ നൂറ്റാണ്ടുകൾ തീർത്ത-
സങ്കല്പലോകത്തിനത്ഭുതച്ചിന്തുകൾ…
പേരുകേൾക്കാനെന്തൊരാകർഷണം പ്ലൂട്ടോ..
നേരിൽ നീയിന്നൊരു കുള്ളൻഗ്രഹം,
അധോധീശനാം ദേവനെ നീ ശിരസ്സേറ്റുന്നു
എത്ര ദൂരം സൂര്യനെങ്കിലും ചുറ്റുന്ന-
ദിക്കുകൾ ദൂരത്തിലാണെങ്കിലും നിത്യ-
സത്യങ്ങൾ തേടുന്നൊരീഭൂവിലിന്നു നീ-
അത്രയും മഞ്ഞും തണുപ്പും പുതയ്ക്കുന്നു…
ചുറ്റുമപൂർണ്ണമാം വിസ്മയം സൂര്യന്റെ-
നിത്യവാസസ്ഥലം, സൗരയൂഥം തേടി-
എത്രയോ യാത്രകൾ, ദൈവകണത്തിൻ്റെ
ചിത്രരഹസ്യം, തമോഗർത്തപാളികൾ,
ആകാശഗംഗകൾ, ആസുരയാനങ്ങൾ
ആകെയതിഗൂഢമിന്നീപ്രപഞ്ചവും..
രാപ്പകൽ പക്ഷികൾ കൂടുമാറുന്നതിൻ-
യാത്രാന്തരങ്ങൾ ഋതുക്കൾ, നിയോഗങ്ങൾ
കത്തുന്ന തീയും, തണുക്കുന്ന മഞ്ഞുമായ്
നിത്യസഞ്ചാരം നടത്തും ഗ്രഹങ്ങളിൽ
ഒന്നിൽ ജലം, ജീവസ്പർശമീ ഭൂമിയെ-
കൈയിലേറ്റുന്ന പ്രപഞ്ചമൊരത്ഭുതം