തലേന്ന്
‘വീണ്ടുമൊരു സ്വാതന്ത്യ്രദിനം കൂടി സമാഗതമായിരിക്കുന്നു’ – പ്രമുഖ പത്രങ്ങളിലെ എഡിറ്റോറിയൽ വാചകം കടമെടുത്ത് പറയുകയാണെങ്കിൽ അങ്ങനെ. സ്വാതന്ത്ര്യദിനം ആഘോഷിക്കണം. ഒരു കൂട്ടർ തീരുമാനിച്ചു. അതും പതാകയുർത്തി, ദേശീയഗാനം ആലപിച്ചു തന്നെ. ആർക്കൊക്കെയോ എന്തിനൊക്കെയോ സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ്. സ്വാതന്ത്ര്യം അന്നും ഇന്നും എന്നും മൂന്നു വിധത്തിലായിരുന്നു. ചിലർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. ചിലർക്ക് ചിലതൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യം. ചിലർക്ക് ആദ്യത്തെ കൂട്ടരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം. തലേന്ന് തന്നെ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ചിലർ തീരുമാനിച്ചിരുന്നു. പതാക നേരത്തെ തുന്നിയിരുന്നു. ചിലർ അളവും നിറവുമൊക്കെ പരിശോധിച്ചു തൃപ്തിപ്പെട്ടു. പിന്നീട് മറ്റുള്ളവരെ തൃപ്തിപ്പെടുത്തി. കവലമധ്യത്തിലൊരു ഇരുമ്പു കൊടിമരമുണ്ട്. അവിടമാണ് സ്വാന്ത്ര്യം കിട്ടിയ ദിവസം രേഖപ്പെടുത്തുക. വളരെ ലളിതമായ ചടങ്ങാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. പതാകയ്ക്കുള്ളിൽ ഏതു പൂവിന്റെ താളുകളാണ് വെയ്ക്കേണ്ടതെന്ന കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായി. ആർക്കും അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. റോസാപ്പൂക്കളുടെ ഇതളുകളാണെന്നൊരു കൂട്ടർ. അരളിപ്പൂക്കളായാലോ എന്ന് മറ്റൊരു കൂട്ടർ. അതല്ല വെളുത്ത ഏതെങ്കിലും പൂക്കളായാലോ എന്നു മറ്റു ചിലർ. ഒടുവിൽ എന്താണൊ കിട്ടുന്നത് അതു വെയ്ക്കാമെന്നു മറ്റു ചിലർ. പൂക്കളല്ലെ? എല്ലാം ഒന്നല്ലെ?. ഇതൊക്കെ ആരു ശ്രദ്ധിക്കാൻ എന്നു ചിലർ. അവരെ മറ്റുള്ളവർ ഉടനടി ഒറ്റപ്പെടുത്തി. ഒരുകാര്യം ചെയ്യുമ്പോൾ തികഞ്ഞ ഗൗരവത്തോടെ വേണം ചെയ്യാൻ. ഇതൊക്കെയും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മറന്നു പോയോ?. പരിഹാസവും പരസ്യശാസനയും കാരണം അഭിപ്രായം പറഞ്ഞവർ മൗനികളായി. അവർ മുഖത്ത് ഗൗരവം വരുത്തി മിണ്ടാതിരുന്നു.
പതാകയുടെ കെട്ട് – അതു വളരെ പ്രധാനപ്പെട്ടതാണ്. ഇടയ്ക്ക് കുരുങ്ങാൻ പാടില്ല. ചരട് പിടിച്ച് വലിക്കുമ്പോൾ എവിടെയും ചെന്ന് തങ്ങി നില്ക്കാതെ ഉയരത്തിൽ വെൽഡ് ചെയ്ത് വെച്ച കമ്പി വരെ ചെല്ലണം. അതിനു ശേഷം ഒരൊറ്റ വലി. അപ്പോൾ പതാക വിടരുകയും പൂക്കളുടെ ഇതളുകൾ താഴേക്ക് വീഴുകയും വേണം. ഇതു പോലുള്ള അവസരങ്ങളിൽ പൂക്കളുടെ ഇതളുകൾ താഴേക്ക് വെറുതെ വീഴാറില്ല. അവ വർഷിക്കുകയാണ് പതിവ്. പുഷ്പവൃഷ്ടി എന്നും പറയും. അതൊക്കെ ഇതിഹാസങ്ങൾക്കും പത്രങ്ങൾക്കും മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന വാക്കുകളാണ്. കെട്ടുകൾ തയ്യാറാക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവർ വന്നു കെട്ട് പരിശോധിച്ചു. പതാക ഉയർത്താനും താഴ്ത്താനും കഴിയുമെന്ന് പരിശോധിച്ചു. കടലാസ്സു തുണ്ടുകൾ നിറച്ച് പതാകയുയർത്തി പുഷ്പവൃഷ്ടി തടസ്സമില്ലാതെ നടക്കുമെന്നും ഉറപ്പു വരുത്തി. എല്ലാം തയ്യാറായിരിക്കുന്നു. ഇനി വേണ്ടത് ദേശീയഗാനമാണ്. കഴിഞ്ഞ വർഷം ചിലർ വാക്ക് തെറ്റിച്ചു, ഈണം തെറ്റിച്ചും അലങ്കോലമാക്കിയത് കൊണ്ട് ഈ പ്രാവശ്യം അങ്ങനെയൊരു സാഹസത്തിനു മുതിരണ്ടാന്ന് മുൻകൂട്ടി തന്നെ തീരുമാനമായിട്ടുണ്ടായിരുന്നു. വർഷത്തിൽ ഒരു ദിവസം പാടിയാൽ ആരും തെറ്റിച്ചു പാടി പോവും. എന്നു തെറ്റു പറ്റിയവർ ഒഴിവുകഴിവു പറഞ്ഞു. എന്തായാലും ഇത്തവണ അത്തരമൊരു സാഹസം വേണ്ട എന്ന തീരുമാനമെടുത്തതിൽ ഏവരും ആശ്വാസം കൊണ്ടു. റെക്കൊർഡ് ചെയ്ത ഗാനം കേൾപ്പിച്ചാൽ മതി – ഐക്യകണ്ഠേന തീരുമാനമായി. സർവ്വസമ്മതം. സ്ഥലത്തെ പ്രാധാനപ്പെട്ട ആരേയെങ്കിലും കൊണ്ട് വേണം പതാക ഉയർത്താൻ എന്നും തീരുമാനമായി. അഴിമതി കേസ്സിൽ കോടതി വിധി വന്ന് ജയിലിൽ പോയെങ്കിലും ഉടൻ തന്നെ പൊതുജനമധ്യത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞ പൊതുപ്രവർത്തകനെ വിളിക്കുന്നത് ഔചിത്യമാവുമോ എന്നൊരു സന്ദേഹമുണ്ടായിരുന്നെങ്കിലും, അതൊക്കെ കഴിഞ്ഞിട്ടിപ്പോൾ എത്ര വർഷമായി. ഇപ്പോൾ സംശുദ്ധനല്ലെ? എന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ മറുകൂട്ടർ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. ഒരുകൂട്ടർക്കിടയിൽ തന്നെ എപ്പോഴും മറ്റൊരു കൂട്ടർ ഉണ്ടാവുമല്ലോ എന്നാണപ്പോൾ മൗനികൾ ചിന്തിച്ചത്. പക്ഷെ അവർ മൗനികളായി മാറിയത് കൊണ്ട് മൂന്നാമതൊരു കൂട്ടരായി തന്നെ തുടർന്നു. സത്യത്തിൽ മൗനികളാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകൾ. അവരാണ് ജനാധിപത്യം താഴേക്കുരുണ്ടു പോകാതെ പിടിച്ചു നിർത്തുന്നത്.
പതാകയുയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നതിനായി നിയോഗിതനായ ആൾ എല്ലാം തയ്യാറായി കഴിഞ്ഞോ എന്നു പരിശോധിച്ചു. പതാക, പൊട്ടി പോകാത്ത ചരട്, വൃഷ്ടിക്കാനുള്ള പൂക്കൾ, റെക്കോർഡ് ചെയ്യപ്പെട്ട ദേശീയഗാനം, പതാക ഉയർത്താൻ പ്രധാനി. ഇനിയെന്താണ്?. ഓ, വിട്ടുപോയി. ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ. അതാണാദ്യം ചെയ്യേണ്ടിയിരുന്നത്. അവരില്ലെങ്കിൽ പിന്നെ ഇത് കാണാൻ ആരാണ്ടാവുക?. മൗനികൾ അയാളുടെ വെപ്രാളം കണ്ട് അതിശയത്തോടെ ഓർത്തു. പാവങ്ങൾക്ക് ഒരു നേരത്തെ സദ്യ കൊടുക്കാൻ കൂടി ഇത്രയും ബുദ്ധിമുട്ടുണ്ടാവില്ല. ഇതു ശരിക്കും സങ്കീണ്ണമായൊരു കാര്യം തന്നെ. സംശയമില്ല. നേതാവിനെ സമ്മതിക്കണം. അവർ കണ്ണുകളിലും ചുണ്ടുകളിലും അതിശയഭാവം നിറച്ച് നിന്നു.
കുട്ടിനേതാക്കൾ പരിസരം വൃത്തിയാക്കി. അടച്ചിട്ട സൈക്കിൾക്കടയുടെ തിണ്ണയിൽ കിടക്കുന്ന വൃദ്ധൻ ഉറക്കമാണ്. ഒരാഴ്ച്ചയായി അയാളവിടെയുണ്ട്. എവിടെ നിന്നാണ് വന്നതെന്നാർക്കുമറിയില്ല. രാവിലെ ഭാണ്ഢവുമായി എവിടെയോക്കെയോ നടക്കാൻ പോവും. വൈകിട്ട് വന്നു കിടന്നുറങ്ങുകയും ചെയ്യും. ‘എത്ര സുഖമായിട്ടാണയാളുറങ്ങുന്നത്’ ചിലർ അത്ഭുതപ്പെട്ടു. ‘ഇവിടെ കിടന്ന് വടിയായാൽ അതു പണിയാവും’ ചിലർ ആശങ്കപ്പെട്ടു. ‘ഇയാൾക്ക് വല്ല അസുഖവും ഉണ്ടോ എന്തോ?’ ചിലർ സംശയിച്ചു. പക്ഷെ ഇതൊന്നും അയാൾ അറിയുകയോ, അറിയാൻ ശ്രമിക്കുകയോ ചെയ്തില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരിടത്തും പോകാതെ ഒറ്റകിടപ്പാണ്. കാരണം ആരും ചോദിക്കാൻ പോയില്ല. കുട്ടി നേതാക്കൾക്ക് ചെറിയ ഒരു ആധിയുണ്ട്. ഫോട്ടോയിൽ ഇയാളുടെ ചിത്രവും പതിഞ്ഞാലോ?. വെളുപ്പിനിടയിൽ കറുപ്പ് എന്നുമൊരു പ്രശ്നമാണ്.
‘അയാളവിടെ കിടക്കട്ടെ’
ഒടുവിൽ അയാളെ അവഗണിക്കാൻ തീരുമാനമായി.
തന്നെ അവഗണിച്ച കാര്യവും അയാളറിഞ്ഞില്ല. അയാൾ സുഖമായി ഉറങ്ങുകയായിരുന്നു.
തയ്യാറെടുപ്പുകൾ പൂർണ്ണമായി. ഇനി നാളെ നേരം വെളുത്താൽ മാത്രം മതിയാകും. അത് നിർബന്ധിച്ചു വെളുപ്പിക്കാൻ പറ്റാത്ത ഒരു കാര്യമായത് കൊണ്ട് എല്ലാരും കാത്തിരിക്കാൻ നിർബന്ധിതരായി.
അന്ന്
‘അങ്ങനെ ആ സുദിനം വന്നെത്തി’ – കുട്ടിമാസികയിലെ വാചകം കടമെടുത്ത് പറയുകയാണെങ്കിൽ അങ്ങനെ. വെളുപ്പിനെ പൂക്കൾ തേടി അണികളിൽ ഒരു വിഭാഗമിറങ്ങി. ചിലർ റോസാപൂക്കൾ എവിടുന്നോ കൊണ്ടു വന്നു. ‘ആരും കണ്ടില്ല’ എന്നവർ മിടുക്ക് പറഞ്ഞു. ചിലർ അരളി പൂക്കൾ കൊണ്ടു വന്നതാണ്. പക്ഷെ അതു അമ്പലത്തിൽ കൊടുക്കുന്ന പൂക്കളുടെ കൂട്ടത്തിൽ കണ്ടിട്ടുണ്ടെന്നും അത് മറ്റു കൂട്ടരുടെ പൂക്കളാണെന്നും ചിലർ പറഞ്ഞു. ഈ പറഞ്ഞ ‘മറ്റു കൂട്ടർ’ ആരെന്നാരും ചോദിച്ചില്ല. ചോദിക്കാതെ പലരും മനസ്സിലാക്കി വെച്ചിട്ടുണ്ട്. പ്രത്യേകിച്ചും സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷങ്ങളായി കഴിഞ്ഞപ്പോൾ. മൗനികളായി ഇരുന്നവരിൽ ചിലർ അപ്പോൾ വെറുതെ ആലോചിച്ചു – ഇപ്പോൾ ആ കൂട്ടരും, ഈ കൂട്ടരും മറ്റേ കൂട്ടരും അങ്ങനെ വെറും മൂന്നായി വിഭജിക്കാവുന്ന ജനവിഭാഗങ്ങൾ മാത്രമെ ഈ രാജ്യത്തിൽ ജീവിച്ചിരിപ്പുള്ളൂ ?. പക്ഷെ അവർ മൗനം കൊണ്ട് ചുണ്ടുകൾ തുന്നിവെച്ചത് കൊണ്ട് വിചാരങ്ങൾ വിചാരങ്ങളായി തന്നെ അവരുടെയുള്ളിൽ ശ്വാസം മുട്ടി കിടന്നു.
പൂക്കൾ തേടി പോയ ചിലർ വഴിവക്കിൽ അനാഥരായി വളർന്നു വന്ന ചില ശവംനാറി പൂക്കളിൽ കൈ വെച്ചു. പൂക്കളോ, ചെടികളൊ പ്രതിഷേധിക്കാത്തത് കൊണ്ട് പറിച്ചെടുക്കാൻ വന്നവർക്ക് വലിയ സൗകര്യമായി. പറിച്ചെടുത്ത പൂക്കൾ ആദ്യം ഒരു ന്യൂസ്പ്പേപ്പറിൽ വിടർത്തിയിട്ടു. ഉത്തരേന്ത്യയിൽ ഏതോ ഒരു മനുഷ്യനെ എന്തോ ഒരു കാര്യം പറഞ്ഞ് ചിലർ മർദ്ദിക്കുന്നതിന്റെ ചിത്രം പത്രത്തിലുണ്ടായിരുന്നു. പൂക്കൾ ആ ചിത്രം മുഴുവനായും മൂടിയത് കൊണ്ട് ചിത്രം ആരും കണ്ടില്ല. ഒരു പക്ഷെ പൂക്കൾ മൂടിയില്ലായിരുന്നെങ്കിൽ പോലും ആ ചിത്രം ആരും ശ്രദ്ധിക്കില്ലായിരുന്നു. ഒരുപക്ഷെ ശ്രദ്ധിച്ചാൽ പോലും ആരും ആ വാർത്ത വായിക്കില്ലായിരുന്നു. ഒരുപക്ഷെ ആ വാർത്ത വായിച്ചാൽ പോലും ആരും അതേക്കുറിച്ച് ഒരഭിപ്രായവും പറയില്ലായിരുന്നു. പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത് കൊണ്ടുള്ള ഗുണമാണത്.
അണികൾ കുളിച്ചൊരുങ്ങി. വെള്ളവസ്ത്രം ധരിച്ചു. അഞ്ഞൂറിന്റെ നോട്ട്, സംഖ്യ കാണും വിധം പോക്കറ്റിലേക്കിറക്കി വെച്ചു. മുഖം പൗഡറിട്ട് വെളുപ്പിച്ചു. സുമുഖന്മാരായി, സുന്ദരന്മാരായി. നേരെ കവലയിലേക്ക് വെച്ചു പിടിച്ചു. തോരണമെല്ലാം തൊഴിലില്ലാതെ വായ്നോക്കി നടക്കുന്ന ‘താഴേക്കിടയിലെ’ അണികളെ കൊണ്ട് നേരത്തെ തയ്യാറാക്കി തൂക്കിയിരുന്നു. ക്യാമറമാന്മാരെവിടെ?, ലോക്കൽ ചാനൽ വീഡിയോഗ്രാഫറെവിടെ?. എല്ലാരുമെത്തി കഴിഞ്ഞിരിക്കുന്നു. കൂട്ടത്തിലൊരാൾ പിന്നിലേക്ക് നോക്കിയപ്പോൾ കണ്ടു, വരത്തനായ വൃദ്ധൻ ഉറങ്ങുന്നത്. കഷ്ടം..അലസരായ ജനത. പിന്നെങ്ങനെ നാട് നന്നാവും?. പൊടി പറത്തിക്കൊണ്ട് ടൊയോട്ടയെത്തി. നേതാവിറങ്ങി. ആകെ മൊത്തം ബഹളം. നേതാവിനെ അതു വരെ കണ്ടിട്ടില്ലാത്ത പോലെ അണികൾ പൊതിഞ്ഞു. ക്യാമറകൾ തുടരെ തുടരെ മിന്നി കൊണ്ടിരുന്നു. എല്ലാ ഫോട്ടോയിലും പെടണം. ഏതാ പത്രത്തിൽ വരിക എന്നു പറയാനാവില്ല. അണികൾ ഇത്രയും മാനസികസംഘർഷം അനുഭവിക്കുന്ന മറ്റൊരവസരവുമില്ല. ഒരു ചെറു പ്രസംഗമായിരുന്നു ആദ്യം. എല്ലാം കേട്ടതു തന്നെ. ഒടുക്കം അഴിമതിക്കെതിരായി പോരാടണം എന്ന് പറഞ്ഞതു കേട്ട് അണികൾക്ക് രോമാഞ്ചമുണ്ടായി. പതാക ഉയർത്താൻ സമയമായി. പതാക ഉയർത്തുന്നു, എല്ലാരും പതാകയെ നോക്കി സല്യൂട്ട് ചെയുന്നു. നല്ല വെയിലുള്ളത് കൊണ്ട്, പതാകയെ നോക്കണ്ട, നോക്കാതെ സല്യൂട്ട് ചെയ്താൽ മതിയാവും എന്ന് തീരുമാനമായി. ഫോട്ടോഗ്രാഫർമാർ ഏറ്റവും നല്ല ഫോട്ടോ കിട്ടുന്നതിനായി പരക്കം പായുന്നു. അപ്പോഴാണ് ലോക്കൽ ചാനൽ വീഡിയോഗ്രാഫർ കടയുടെ മുന്നിൽ കിടന്നുറങ്ങുന്ന വൃദ്ധനെ കണ്ടത്. ‘ഹെന്ത്!. സ്വാന്ത്ര്യദിനമായിട്ട് ഇത്രയും സ്വാന്ത്ര്യത്തോടെ കിടന്നുറങ്ങുന്നോ?. അതും പതാകയുടെ മുന്നിൽ?’ ഇയാളെ പിടിച്ച് ഒരു സല്യൂട്ട് അടിപ്പിച്ചാൽ അതു വീഡിയോയിലാക്കി ചാനലിലിട്ടാൽ അതൊരു ക്ലാസ്സ് വാർത്തയാവും. ദേശീയവികാരം..സ്വാന്തന്ത്ര്യത്തിന്റെ മധുരം..അതു പ്രതിഫലിപ്പിക്കാൻ അതിലും നല്ലൊരു ചിത്രമുണ്ടാവില്ല. വീഡിയോഗ്രാഫർ അണികളിലൊരുത്തനെ കണ്ണു കൊണ്ട് തോണ്ടി വൃദ്ധന്റെ നേർക്കിട്ടു. ‘അയാളെ എഴുന്നേല്പ്പിച്ച് നിർത്ത് പതാകയ്ക്ക് ഒരു സല്യൂട്ട് കൊടുപ്പിക്ക്‘ അണിക്ക് അതൊരു ഉഗ്രൻ ഐഡിയ ആയിട്ട് തോന്നി. അണി ചാടി വീണു, വൃദ്ധനെ തട്ടിയുണർത്താൻ ശ്രമിച്ചു. അയാൾ തലയുയർത്തി നോക്കിയിട്ട് തിരിഞ്ഞു കിടന്നു. അണി മറ്റു ചിലരെ വിളിച്ചു. ഇപ്പോൾ അണികളായി. ’സ്വാന്ത്ര്യദിനമായിട്ട് കിടന്നുറങ്ങുന്നോ?..എണീറ്റ് പതാകയെ സല്യൂട്ട് ചെയ്യടാ‘. അയാൾക്കപ്പോഴാണ് സ്വാന്ത്ര്യമെന്തെന്നും, സല്യൂട്ട് ചെയ്തില്ലെങ്കിൽ എന്താവുമെന്നും മനസ്സിലായത്. അയാൾ വാടി കൊഴഞ്ഞ് ഒരു വിധമെഴുന്നേറ്റ് നിന്നു. ’പതാക ഉയർത്തുമ്പോ സല്യൂട്ട് ചെയ്തോള്ളണം‘. അതും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നയാൾക്ക് ബോധ്യമായി. അയാൾ പതാക ഉയർത്തുന്നതും കാത്തു നിന്നു. പതാക ഉയർന്നു, ഉയരത്തിലെത്തി നിന്നു വിടർന്നു, പുഷ്പവൃഷ്ടി നടന്നു. വൃദ്ധൻ സല്യൂട്ട് ചെയ്തു നിന്നു. ദേശീയഗാനം കേട്ടു തുടങ്ങി. വൃദ്ധൻ അപ്പോഴും സല്യൂട്ടിൽ തുടർന്നു. ’കൈ താഴ്ത്തി ഇടാൻ‘ നിർദ്ദേശം വന്നയുടൻ അയാൾ കൈ താഴ്ത്തി നിന്നു. ചടങ്ങ് ഗംഭീരമായി നടന്നു. എല്ലാം ശുഭമായി. ടൊയോട്ടോ ബാക്കി വന്ന പൊടി കൂടി പറത്തി തിരിച്ചു പോയി. വൃദ്ധൻ ഇനിയെന്ത് ചെയ്യണം എന്ന മട്ടിൽ നോക്കി നിന്നു. എല്ലാരും പോയി കഴിഞ്ഞപ്പോൾ, അയാൾ തല ചൊറിഞ്ഞു കൊണ്ട് വീണ്ടും കടത്തിണ്ണയിൽ പോയി കിടന്നുറങ്ങി.
പിറ്റേന്ന്
’പിറ്റേന്ന് പ്രഭാതം പൊട്ടി വിരിഞ്ഞു‘ – വാരികകളിലെ നീണ്ട കഥകളിലെ വാചകം കടമെടുത്ത് പറയുകയാണെങ്കിൽ അങ്ങനെ. വൃദ്ധൻ സുഖം ഉറക്കത്തിലാണ്. തലേന്ന് രാത്രി കഴിച്ച നാല് ഇഡ്ഡലികൾ അയാളുടെ സ്വപ്നത്തിൽ വന്ന് വീണ്ടും വീണ്ടും കൊതിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ്, ‘ടാ എണീരടാ’ എന്ന അക്രോശം കേട്ടുണർന്ന് പോയത്. തലേന്ന് തന്നെ വിളിച്ചുണർത്തിയ അതേ അണി തന്നെ. രോഷമാണ് ഭാവം. ചെറിയ വിറയലുണ്ടോ എന്നു സംശയം. അണി അയാളെ രണ്ടു വട്ടം തൊഴിച്ചു. അപ്പോൾ സ്വപ്നത്തിൽ കഴിച്ചു കൊണ്ടിരുന്ന ഇഡ്ഡലി കൂടി പുറത്തേക്ക് വരുമോ എന്നയാൾ ഭയപ്പെട്ടു. ‘അവന്റെ ഒരു പൊതിയും ഒരു കെട്ടും’..‘മേലാൽ ഇവിടെ കണ്ടു പോകരുത്’ വേറേയും ചിലർ അണിയുടെ കൂടെയുണ്ട്. തന്റെ ഭാണ്ഢം ദൂരേക്ക് വായുവിലൂടെ പോയി റോഡിൽ ചെന്നു വീഴുന്നത് വൃദ്ധൻ കണ്ടു. എന്താണ് കാര്യം?. അയാൾക്കൊന്നും മനസ്സിലായില്ല. കഴിഞ്ഞ എത്രയോ ദിവസങ്ങളായി ഈ കടത്തിണ്ണയിൽ കിടക്കുന്നു. ആരും ഇതേ വരെ ഒന്നും പറഞ്ഞിട്ടില്ല. കിടക്കാൻ മാത്രമേ ഇവിടെ വരാറുള്ളൂ. ആർക്കും ഒരു ശല്യവും ഇതു വരെ ഉണ്ടാക്കിയിട്ടില്ല. പിന്നെ അടി വന്നു. അയാൾ ഒരു വിധമെഴുന്നേറ്റു. ഇനി ഇവിടെ നിന്നാൽ അപകടമാണ്. അത്രയ്ക്കും രോഷത്തിലാണ് ചെറുപ്പക്കാർ. അയാൾ പാതി ഉറക്കത്തിൽ നടന്നു പോകുന്നത് പോലെ ചെന്ന് ഭാണ്ഢമെടുത്ത് തിരിഞ്ഞു നോക്കാതെ നടന്നു തുടങ്ങി. ‘മേലാൽ ഇവിടെ കണ്ടു പോകരുത്’ എന്ന ഭീഷണി ശബ്ദം അയാളുടെ പിന്നാലെ ഓടി വന്നതയാളറിഞ്ഞു.
‘ഇത്രയൊക്കെ കഷ്ടപ്പെട്ട് ഒപ്പിച്ചിട്ട് ഒടുക്കം പത്രത്തിലും ടീവീലും ഫോട്ടോയും വീഡിയോയും വന്നത് ആ വൃത്തികെട്ട തെണ്ടീടെ..’
വീണ്ടും ചില അക്രോശങ്ങളും ഭീഷണികളും അയാൾ അവ്യക്തമായി കേട്ടു. അയാൾ പതിയെ നടന്നു കൊണ്ടിരുന്നു. ഇനി മറ്റൊരിടം കണ്ടെത്തണം..ഒന്നു തലചായ്ക്കാൻ. അതാണ് ലക്ഷ്യം. അതുമാത്രമാണ് ലക്ഷ്യം.