സ്വപ്‌നാടനം

കവിതയിൽ,
ഞാൻ ദാരിദ്യ്രരേഖയ്ക്ക്
താഴെയുള്ളവൻ
മേൽത്തട്ടിലെ ഭരണിയിൽ
കവിതകൾ സൂക്ഷിച്ച തമ്പ്രാക്കൾ
ഓണത്തിനും,വിഷുവിനും
പുതുവർഷത്തിനും
ഉദ്ബോധനഘോഷവുമായി
വാരികകളിൽ നിറയും
അവരുടെ കീശ കരകവിയും.

ഭാര്യമാർ പട്ടിൻ്റെ പകിട്ടിൽ
പട്ടികൾക്ക് തീറ്റകൊടുക്കും.
പത്രാധിപേശ്വരൻമാർ
അവർക്ക് ജിപേ വഴി
വരംചൊരിയും
വരട്ടുചൊറി പിടിച്ച കവിതയായാലും
സ്വർണ്ണ താമ്പോലം നൽകും.

കണ്ണെത്താദൂരത്ത്
ഒരു രൂപയുടെ റേഷനരിവാങ്ങാൻ
ചിന്തിച്ചൊരു കവി,
അയാളുടെ മാറാവ്യാധിയായ
കവിതയുമായ് ജനം കൂടുന്നിടത്ത്
നിറംമങ്ങിയ വസ്ത്രമണിഞ്ഞ്
തെണ്ടുന്നു.

ഇതിനിടയിൽ
ചേരിയിൽ ചേരാതെ നിൽക്കുന്ന
അസ്പൃശ്യനായ കവിയുടെ
നിഴലിനെപ്പോലും
സംഘടനാ പശയസ്‌ത്രമെയ്യുന്ന
പാർട്ടി കവികൾ,
പശയിൽ ഒട്ടിച്ചുകഴിഞ്ഞാൽ
അവർക്കുവേണ്ടി മാത്രം കുര.

സ്‌നേഹം അടവെച്ച
കവികളുടെ
കവിതാമുട്ടവിരിയുന്നതും നോക്കി
ഞാൻ സ്വപ്‌നാടനത്തിലാണ്….

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".