നർബോനാപുരം ഒരു കുഗ്രാമമാണെന്നു അവിടുത്തെ ആളുകളെല്ലാം നമ്മൾ ചാത്തനാട്ടുകാരെപോലെയല്ലെന്നും എത്സമ്മയോടു സുഹൃത്ത് ജാൻസി പറഞ്ഞപ്പോൾ എല്ലാ പെണ്ണുങ്ങളെയുംപോലെ തനിക്കു വന്നു ചേരാൻ പോകുന്ന സൗഭാഗ്യത്തിൽ കണ്ണു കടി മൂത്തിട്ടാണവൾ അതു പറയുന്നതെന്നു എൽസമ്മ ഉറച്ചു വിശ്വസിച്ചു. കെട്ടു പ്രായം തികഞ്ഞിട്ടും കെട്ടു നടക്കാതെ മൂത്തു നരകിച്ചു നിൽക്കുന്ന ജാൻസി അങ്ങനെ പറയും വരെ എത്സമ്മയ്ക്കു നർബോനാപുരത്തെയോ അവിടെയുള്ള ആളുകളെപ്പറ്റിയോ കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. ജാൻസി ഇടങ്കോലിട്ടു മുടക്കാൻ ശ്രമിക്കുന്നത് തനിക്കു വരാനിരിക്കുന്ന സൗഭാഗ്യമാണെന്ന തിരിച്ചറിവ് എത്സമ്മയ്ക്കു പുതിയ കുതിരശക്തി പ്രധാനം ചെയ്തു.
എൽസമ്മ പണ്ടേ ഇങ്ങനെയാണ് ആരെങ്കിലും എതിരിടാനുണ്ടെന്നു കണ്ടാൽ അവൾക്കു ഉത്സാഹം കൂടുമെന്നു മാത്രമല്ല ശത്രുവിന്റെ മേൽ വിജയം നേടിയേ അവൾ വിശ്രമിക്കൂ. കഴിഞ്ഞ പള്ളി പെരുന്നാളിനു കളിച്ച നാടകത്തിലെ ജോൻ ഓഫ് ആർക്കിന്റെ വേഷമവളുടെ ജീവിതം തന്നെയാണെന്നു അവൾക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.ആരൊക്കെ അവഗണിച്ചാലും ആരൊക്കെ മാറ്റി നിർത്തിയാലും പിന്മാറാത്ത പോരാട്ട വീര്യമുള്ളവൾ .
ശബര്യാർ പുണ്യവാളന്റെ പള്ളിയിൽ കുർബാന കണ്ടിരുന്ന മൂശാരി പറമ്പിലെ മറിയാമ്മയുടെ മുഖം മ്ലാനമായിരുന്നു. ഏക മകൻ ലുക്ക് ക്രിസ്തുവിന്റെ തിരുശരീരം പോലെ വീതം വെയ്ക്കപ്പെടുവാൻ പോവുകയാണെന്ന തോന്നലിൽ മറിയാമ്മയുടെ ഉള്ളം കൊയ്ത്തുമെതിയന്ത്രത്തിന്റെ എൻജിൻ പോലെ പൊള്ളി. കണ്ണും കരളുമായവൻ നാളെമുതൽ മറ്റൊരുവളുടേതു കൂടി ആകുന്നു എന്നത് ഒരിക്കലും പോരെടുക്കില്ല എന്നുമുൻപ് കുടുംബ കൂട്ടായ്മകളിൽ വീമ്പിളക്കിയിരുന്ന മറിയാമ്മ എന്ന പുത്തൻ അമ്മായി അമ്മയുടെ രക്തമിടിപ്പിന്റെ വേഗത പ്രകാശ വേഗത്തിനും മുകളിലേക്കുയർത്തി.
കേരളസർക്കാരിന്റെ ജലഗതാഗത വകുപ്പിൽ അഞ്ചക്ക ശമ്പളക്കാരനും മാർത്തോമാശ്ലീഹാ മാർഗ്ഗംകൂടിച്ച പാരമ്പര്യ ക്രിസ്ത്യാനിയുമായ മകൻ ലൂക്കിനു ചേർന്ന സീറോ മലബാർ ഇണയെ തേടി മറിയാമ്മ അപ്പർ കുട്ടനാടു മുഴുവൻ നടന്നിട്ടും ചാത്തനാട്ടു നിന്നുള്ള ലത്തീൻ കത്തോലിക്കാ പെണ്ണിനെ തന്നെ കെട്ടേണ്ടിവന്നതാണ് അവന്റെ ആദ്യ പരാജയം എന്നവർ ഉറപ്പിച്ചു പറഞ്ഞു .
അമ്മച്ചി ലൂക്കിനെല്ലാമായിരുന്നിട്ടും എൽസമ്മ വന്നു കേറിയ നാളുമുതൽ ലൂക്കിന്റെ നിലപാടു തറകൾ പലതവണ മാറി മറിഞ്ഞു. രാത്രിയിൽ വിശുദ്ധയും പകൽ ലൂസിഫറുമാകുന്ന രണ്ടു സ്ത്രീജന്മങ്ങൾക്കിടയിൽ ലുക്ക് നിസ്സഹായയാനായ പരദേശിയായി. ജോൻ ഓഫ് ആർക്കിന്റെ നിശ്ചയ ദാർഢ്യത്തിൽ പോരടിക്കുന്ന എത്സമ്മയെ നാടോടിക്കഥകളിലെ ദുർമന്ത്രവാദിനിയെപ്പോലെ മറിയാമ്മ അക്രമിച്ചും പ്രതിരോധിച്ചും ദിവസങ്ങൾ മുന്നോട്ടുപോയി. ജലഗതാഗതം പോലെ, വിശാലമായ കായലുകളുടെ വിരിമാറിലേയ്ക്കുള്ള സുഖ യാത്രയല്ല രണ്ടു സ്ത്രീകൾക്കിടയിൽ പെട്ടുപോയ തന്റെ ജീവിതമെന്നു ലുക്ക് വേഗം തിരിച്ചറിഞ്ഞു. വേമ്പനാട്ടു കായലിന്റെ അറിയാ തുരുത്തുകളിൽ എവിടെയോ നിയന്ത്രണമില്ലാത്ത ഒഴുകുന്ന കെട്ടുവഞ്ചിയിലെ തുഴക്കാരനെപ്പോലെ ലൂക്ക് ജീവിതമെന്ന തോണിയുമായി ജലപ്പരപ്പുകളിൽ നിന്നും ജലപ്പരപ്പുകളിലേയ്ക്ക് ഒഴുകി മാറി.
പാരമ്പര്യവാദികളും പാശ്ചാത്യരും എപ്പോഴും യുദ്ധസന്നദ്ധരാണെന്നു അടിവരയിട്ടു കൊണ്ട് അനിവാര്യമായതു സംഭവിച്ചു. മറിയാമ്മയുടെ നാക്കുകൾ തൊടുത്തു വിട്ട പ്യുരിറ്റനിസം പ്രതിരോധിക്കാൻ കഴിയാതെ എൽസമ്മ അടുപ്പിൽ വെന്തു കിടന്നിരുന്ന പന്നിയിറച്ചി കറിചട്ടിയോടെ ആറ്റിലേക്കെറിഞ്ഞു . നർബോനാപുരം പള്ളിയിലെ അമ്പുപെരുന്നാളിനു കൊടി കയറിയ അന്നു തന്നെ മുഴുത്ത പന്നിത്തുണ്ടങ്ങൾ തിന്നാൻ കിട്ടിയ കായലിലെ ആഫ്രിക്കൻ മുഷികൾ യഥാർത്ഥത്തിൽ അവൻ പുണ്യവാനായിരുന്നു എന്നു ഏറ്റു പറഞ്ഞു .
എൽസമ്മ കൊടിയേറ്റു പെരുന്നാളിനു വന്ന ജാൻസിയെ കണ്ടു പൊട്ടിക്കരഞ്ഞു. അന്നിവളെ തെറ്റിദ്ധരിച്ചില്ലായിരുന്നെങ്കിൽ ഈ നരകത്തിലേയ്ക്കു താൻ എത്തിപ്പെടില്ലായിരുന്നെന്നു എൽസമ്മ മൂന്നുവട്ടം ആണയിട്ടു പറഞ്ഞു. അപ്പോഴും കല്യാണമൊന്നുമാകാത്ത ജാൻസി തന്നെ ഇങ്ങനെയൊരു പരീക്ഷണത്തിലേയ്ക്കു തള്ളിയിടാതിരുന്ന സകല ദൈവങ്ങൾക്കും പുണ്യവാളനും ഉള്ളിൽ സ്തുതി പറഞ്ഞു.
ലുക്ക് ഇപ്പോളൊരു അന്യഗ്രഹ ജീവിയാണ്. നാലും നാല്പതും തലകൾ ചേരുന്ന നാട്ടിൽ ചേരാത്ത നാലു മുലകളെയോർത്തു വേമ്പനാട്ടു കായലിന്റെ കരയിലിരുന്നയാൾ കണ്ണുനീർ വാർത്തു. കിഴക്കൻ വെള്ളം ഒഴുകി വരാതിരുന്നിട്ടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാഞ്ഞിട്ടും വേമ്പനാട്ടു കായലിലെ ജലനിരപ്പു ക്രമാതീതമായി ഉയർന്നു. കണ്ണുനീരിന്റെ ഉപ്പുകലർന്ന വെള്ളം അമിതമായി കുടിച്ചിട്ടാകണം നർബോനാപുരം പള്ളിജെട്ടിയിൽ നാലു വലിയ വരാലുകൾ ചത്തു മലച്ചു വെള്ളത്തിനു മീതെ പൊന്തി.
അമ്പുപെരുനാളിന്റെയന്നു രാവിലെ നർബോനാ പുരം ഗ്രാമവാസികൾ വിചിത്രമായ കാഴ്ചയുടെ വർത്തകേട്ടാണ് പള്ളിമുറ്റത്തേയ്ക്കോടിയത്. പള്ളി മോണ്ടളത്തിൽ പെരുന്നാളിനു മുന്നോടിയായി നടന്ന ചെണ്ടമേളം ഒന്നു പെരുക്കി പൊടുന്നനെ നിലച്ചു. കൈചേങ്ങലയുമായി നിന്ന കൃഷ്ണവാര്യർ രക്തസമ്മർദ്ദം സഹിക്കാനാവാതെ നിലച്ച താളത്തിനു ശേഷവും ചേങ്ങിലകൾ താളമില്ലാതെ ആഞ്ഞു പെരുക്കി.
മാതാവിന്റെ ഗ്രോട്ടോയ്ക്ക് താഴെ പൂത്തു പന്തലിച്ചുനിന്ന വേപ്പുമരത്തിന്റെ കൊമ്പിൽ സ്വയം ബന്ധിതനായ പുതിയ പുണ്യവാളൻ.
രണ്ടു സ്നേഹത്തിനിടയിൽ ഞെരുങ്ങപ്പെട്ട സ്രാങ്ക് ലൂക്കിന്റെ ദേഹത്തിനു മുകളിൽ ഇങ്ങനെ ഒരു കുറിപ്പുണ്ടായിരുന്നു
സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത്.?