സേമിയപ്പായസം

അമ്മാളുവിന്റെ മകൻ വാസൂട്ടന് ദൂരെയൊരു നഗരത്തിലെ ഇടത്തരം ഹോട്ടലിൽ പണ്ടാരിപ്പണിയാണ്. നാട്ടിൽ ചെറിയൊരു ചായക്കടയും അല്ലറ ചില്ലറ കല്ല്യാണം വീട് കേറൽ, പിറന്നാള്, ചാവടിയന്തിരം എന്നിവയ്ക്കൊക്കെ പാചകപ്പണിയെടുത്തു കഴിയുമ്പോഴാണ് അവൻ കാർത്തുവിനെ കെട്ടുന്നത്. അതോടെ അവന്റെ ഉത്തരവാദിത്വം കൂടിവരികയാണെന്ന് അവന്റെയുള്ളിൽ നിന്നും വീടിനുള്ളിൽ നിന്നും ഓർമ്മപ്പെടുത്തലുകൾ ഉണ്ടായി.  പ്രമേഹത്തിന്റെ അസ്കിത പാരമ്പര്യമായി കിട്ടിയിട്ടുള്ളതിനാൽ, കിഡ്നിയുടെ സില്ലീപ്പർ അടിച്ചുപോയി കുടുംബത്തിന്റെ ഭാവി അരക്ഷിതമാകുമോ എന്നൊരുഭയം  അവനെ ചുഴിഞ്ഞു നിൽപ്പുണ്ടായിരുന്നു.  

കെട്ടിച്ചുവിട്ട ഒരേയൊരു പെങ്ങൾ ചന്ദ്രി അമ്മായിയമ്മയുമായി ഉടക്കുണ്ടാക്കി സ്വന്തംവീട്ടിൽ പൊറുതി തുടങ്ങിയിട്ട് കൊല്ലം മൂന്നാലഞ്ചായി. അതിനെടേല് കെട്ട്യോൻ രണ്ടുതവണ വന്നു രാപ്പാർത്തു വിളിച്ചിട്ടും, “ആ തള്ളടെ പൊക പൊങ്ങാതെ ഞാനിനി അങ്ങോട്ടില്ല “എന്ന ഉഗ്രൻ ശപഥത്തിൽ അവളുറച്ചു നിന്നു. അതോടെ വാസൂട്ടൻ അളിയന്റെ കാലുപിടിച്ചു കെഞ്ചിയിട്ടും, അങ്ങേരു വേറെ കെട്ടി. അതുതടയാൻ അവൾ പലയടവും പയറ്റിയിട്ടും ഗുണമുണ്ടായില്ല. ശേഷം വാസൂട്ടനും ആ പേജങ്ങടച്ചു. അതോടെ ചന്ദ്രിയ്ക്ക്  ആങ്ങളയോട് ഉള്ളിലൊരു അലോസരം വളർന്നത് വാസൂട്ടനോ, അമ്മയോ അവൾപോലുമോ അറിഞ്ഞില്ല.

അങ്ങനെയൊരു സമയത്താണ് വാസൂട്ടനാൽ കെട്ടപ്പെട്ടു കാർത്തു വലതുകാലുവെച്ചു അമ്മാളുവിന്‌ മരുമോളായും ചന്ദ്രിയ്ക്ക് നാത്തൂനായും വന്നു കേറിയത്‌. സമ്പത്തു കുറവായതിനാൽ തന്റെ ഭർത്താവിന് ഒരു നെലേം വെലേം സ്വന്തം വീട്ടിൽ ഇല്ലായിരുന്നെന്നും, അതിനാലാണ് തനിക്ക് അമ്മായിയമ്മയിൽ നിന്ന് പോര് അനുഭവിക്കേണ്ടി വന്നതെന്നും, എന്റാങ്ങളയ്ക്ക് ആ ഗതി വരാതിരിക്കാൻ നല്ല വല്ല ജോലിയ്ക്കും പോയി കൈ നെറച്ചും പണം വാരി വരണമെന്നും ചന്ദ്രി തരത്തിലും തഞ്ചത്തിലും കാർത്തൂന്റേം നേരാങ്ങളേടേം കാതിലും മനസ്സിലും നെറച്ചു. നാത്തൂന്റെ സ്നേഹോം കരുതലും കണ്ട് കാർത്തൂന്റെ കരളിൽ ആനന്ദനടനം ആടിനാൻ .

കിടപ്പറയിലെ കിതപ്പൊന്നടങ്ങിയപ്പോൾ, ദിഗംബരാസനത്തിൽ കിടന്ന കെട്ടിയോന്റെ കാതിൽ അക്കാര്യം ഉണർത്തിച്ചിട്ടാണ്, അനാവൃതഗാത്രത്തെ മൂടാനുള്ള  ഉടുപുടവകൾ അന്ധകാരത്തിൽനിന്നും അവൾ തിരഞ്ഞെടുത്തത്. അവളൊരുക്കിയ ഒതുക്കമുള്ള വാർപ്പിൽ ദം ബിരിയാണിയ്ക്കു കനലിട്ടതിന്റെ പൊകയടങ്ങും മുമ്പേ, അതിന്റെ മൂടി അവൾ മാറ്റിയത് അവനെ തെല്ലുനിരാശപ്പെടുത്തി! ആ നിമ്നസ്ഥലികളിൽ കുശിനികൂട്ടുന്ന പരിപാടി ഉപേക്ഷിക്കാൻ ഒട്ടും മനസ്സില്ലാഞ്ഞിട്ടും, അവൾക്കുവേണ്ടി വാസൂട്ടൻ തോൾസഞ്ചിയുമെടുത്തു പടിയിറങ്ങി. ഉള്ളു പിടഞ്ഞപ്പോഴും കാർത്തൂന്റെ കണ്ണുകൾ ചിരിതൂകി. എന്നാൽ നേരെ മറിച്ചായിരുന്നു ചന്ദ്രിയുടെ അവസ്ഥ!

ആഴ്ചയവസാനം ഉച്ചയ്ക്ക് ജോലിസ്ഥലത്തുനിന്നും മടങ്ങുന്ന വാസൂട്ടൻ വൈകുന്നേരത്തോടെ വീട്ടിലെത്തുകയും, ഏറെനേരവും  ഭാര്യയുമായി സല്ലപിച്ചിരിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ശീലമാക്കി.  ഭക്ഷണം കഴിഞ്ഞാലുടൻ ഇരുവരും കിടപ്പറപൂകലും പതിവായി. മുറിക്കുള്ളിൽ നിന്നുമുയരുന്ന കാർത്തുവിന്റെ അടക്കിപ്പിടിച്ച ഇക്കിളിച്ചിരികളും സീൽക്കാരങ്ങളും ചന്ദ്രിയുടെ തരളവിലോല മനസ്സിൽ അരുതായ്കകൾ തോന്നിക്കലും തുടർച്ചയായി. കനച്ചുമണക്കുന്ന  തലയിണയെപ്പുണർന്നും, വിജ്യംഭിത മേനിയിലെ നിമ്ന്നോന്നതങ്ങളിൽ ഹസ്താശ്ലേഷണങ്ങളും അംഗുലീപരിലാളനങ്ങളും നടത്തി അവൾ സ്വയമടങ്ങാൻ ശ്രമങ്ങൾ നടത്തി അസംതൃപ്തയാകുന്നതും ആവർത്തിച്ചുകൊണ്ടിരുന്നു. വാസൂട്ടന്റെ കൂർക്കംവലിയുടെ ആന്തോളനങ്ങൾ വാതിലിനിടയിലൂടെ ചന്ദ്രിയുടെ കാതിലെത്തുന്നതോടെ അവളൊന്നടങ്ങും .

തിങ്കളാഴ്ചകളിൽ പുലർച്ചെ മൂന്നരയ്ക്കുള്ള ഷക്കീലയ്ക്ക് അയാൾ കോഴിക്കോട്ടേക്ക് മടങ്ങിപ്പോകും . അങ്ങനെയുള്ള ദിവസങ്ങളിൽ ചിന്താക്രാന്തസന്താപവിരഹിണിയായ കാർത്തുവിന് ഉച്ചവരെയെങ്കിലും ജോലികളിൽ ശ്രദ്ധിക്കാൻ കഴിയാറില്ല. നാത്തൂനാണെങ്കിൽ അവളെ അന്നേരങ്ങളിൽ ശല്യപ്പെടുത്താറുമില്ല. ഊണൊക്കെ കഴിഞ്ഞു പതിയെ രണ്ടുപേരുംകൂടെ അയല്പക്കത്തൊക്കെ കറങ്ങാൻ പോകും. ചെല്ലുന്ന വീട്ടിലെല്ലാം ആങ്ങളേം നാത്തൂനും തമ്മിലുള്ള പൊരുത്തോം ഇരുത്തോമെല്ലാം വലിയവായിൽ എല്ലാവരെയും അറിയിക്കും. അതെല്ലാം കേട്ട് രോമാഞ്ചകഞ്ചുകമണിയുന്ന കാർത്തു നാത്തൂന്റെ സ്നേഹത്തിൽ തരളമാനസയായി നമ്രശിരസ്കയായി, ഇടതുകാലിന്റെ തള്ളവിരൽകൊണ്ടു നിൽക്കുന്നിടത്ത് അർദ്ധവട്ടം വരച്ചുകൊണ്ടേ നിൽക്കും. അതുകാണുമ്പോൾ നാത്തൂനെ ചേർത്തുപിടിച്ചുമ്മവെച്ചുകളയും ചന്ദ്രി. കാണുന്നവർക്കൊക്കെ ആ നാത്തൂന്മാരുടെ സ്നേഹത്തിൽ കുശുമ്പ് തോന്നിപ്പോകും!

അങ്ങനെയിരിക്കെ അടുത്ത ശനിയാഴ്ചയായി. പതിവുപോലെ വാസൂട്ടൻ വന്നു. രണ്ടുപേർക്കും സ്വസ്ഥത നൽകി ചന്ദ്രി, അമ്മയ്ക്ക് ഭാഗവതം വായിക്കാനിരുന്നു. അത്താഴത്തിനു പുറകെ, ആങ്ങളയ്ക്കും നാത്തൂനും നല്ല മധുരത്തിലൊരു  പായസം വിളമ്പി അവർ കഴിക്കുന്നതു നോക്കിയിരുന്നു. കിട്ടിയതുകഴിച്ചപടി എഴുന്നേൽക്കാൻ ശ്രമിച്ച ആങ്ങളക്ക് ഒരു ഗ്ലാസ്കൂടി അവൾ വിളമ്പി. മധുരം കൂടുതലാണെന്ന് പ്രമേഹക്കാരൻ ആങ്ങള പറഞ്ഞപ്പോൾ, “സാരോല്ലടാ.. എന്നൂല്ലല്ലോ. ഇതു നിനക്കിഷ്ടപ്പെട്ട സേമിയനാ.. നിനക്കായിച്ചേയി ഉണ്ടാക്ക്യേതാ ” ന്നവൾ ചിണുങ്ങി. പണ്ടേ  കൈവിഷം കിട്ടിയപോലെ സേമിയപ്പായസത്തോട് ഒരു വല്ലാത്ത ക്രേസ് ഉണ്ടായിരുന്ന ആങ്ങളച്ചാർ, ആ സ്നേഹത്തിനു മുമ്പിൽ ഒരു ഗ്ലാസ് കൂടി സേവിച്ചു.  അരമണിക്കൂർ പോലും തികയുന്നതിനു മുൻപേ വാസൂട്ടൻ വലിയ വായിൽ കോട്ടുവായിടാൻ തുടങ്ങി. “അവനുറക്കം വരുന്നൊണ്ട് കൊച്ചേ,നീ പാവിരിച്ചു കൊട് ” എന്നു നാത്തൂനോട് മൊഴിഞ്ഞിട്ടവളും, കിടപ്പറയിൽ കേറി.  വാസൂട്ടന്റെ കൂർക്കംവലി ചെമ്പടകൊട്ടിക്കയറുമ്പോൾ സുശീല, പെറ്റതള്ളയെ കെട്ടിപ്പിടിച്ചു മനഃസമാധാനത്തോടെ കിടന്നുറങ്ങും .

പതിവ് സ്നേഹപ്രകടനങ്ങളെല്ലാം  ഏറെ ഇഷ്ടമായിരുന്നെങ്കിലും, വാരാന്ത്യരജനികളിലെ സേമിയപ്പായസമൂട്ടു വഴിപാടിൽ നാത്തൂനോട് കാർത്തുവിനുള്ളിൽ അനല്പമായ നീരസം മുളച്ചുപൊന്തി. കഴിഞ്ഞകുറേ രാത്രികളിൽ, മുനയൊടിയുന്നതു പോയിട്ടൊന്നെയ്യാൻ പോലും കരുത്തില്ലാതെ കുഴഞ്ഞുപോയ ബാണവുമായി തന്റെ കാമദേവൻ ബെട്ടിയിട്ട ബാഴകണക്കിനു കൂർക്കം വലിച്ചുറങ്ങുന്നത് പതിവായപ്പോൾ, അവൾക്കു ചന്ദ്രിയെ കൊന്നുതിന്നാനുള്ള കലിപ്പായി.

ആ ആഴ്ചയവസാനവും വാസൂട്ടൻ വീടണഞ്ഞു. പതിവുപോലെ അവർക്ക് സംസാരിക്കാൻ സമയം കൊടുത്ത ചന്ദ്രി, കേശാണ്ണന്റെ കടേന്നു വാങ്ങിവന്ന പാൽ തിളപ്പിച്ചു വെച്ചു. അമ്മയ്ക്ക് ഭാഗവതം വായിക്കാൻ ചന്ദ്രി പോയനേരം, കെട്ട്യോന് കുളിക്കാൻ എണ്ണയെടുക്കാനായി കാർത്തു അടുക്കളയിലൊന്നു പോയി. വാസൂട്ടൻ കുളികഴിഞ്ഞെത്തി അത്താഴത്തിനിരുന്നപ്പോൾ പതിവിനു വിപരീതമായി ചന്ദ്രിമാത്രം വന്നില്ല. തികട്ടിവന്നൊരു ചിരിയമർത്തിവെച്ച് കാർത്തു നാത്തൂനെ സ്നേഹത്തോടെ വിളിച്ചു തിരക്കിച്ചെല്ലുമ്പോൾ,  പൈതങ്ങളുടെ വമനൗഷധം പോലെ പാലുപിരിഞ്ഞ പായസക്കലത്തിൽ പ്ലിങ്ങസ്യാ  നോക്കി, അടുക്കളപ്പുറത്തു പാത്രം കഴുകുന്നിടത്ത് കുന്തിച്ചിരിപ്പുണ്ടായിരുന്നു ചന്ദ്രി.  അത്താഴം കഴിച്ചു വാസൂട്ടനെക്കൂട്ടി മുറിയിൽക്കേറി കതകടയ്ക്കുമ്പോൾ കാർത്തൂന്റെ ഉള്ളിൽ പലവർണ്ണത്തിലുള്ള ലഡ്ഡു തുടരെത്തുടരെ പൊട്ടിക്കൊണ്ടിരുന്നു. ഏറെ നാളുകൾക്കുശേഷം അവളുടെ സീൽക്കാരങ്ങൾ ഓടുകൾക്കിടയിലൂടെ അടുക്കളപ്പുറത്തെത്തുമ്പോഴും പാലുപിരിഞ്ഞതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചന്ദ്രി !

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഓട്ടോത്തൊഴിലാളിയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ, സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്. 'അന്തർദ്ദാഹം' എന്ന കവിത സമാഹാരവും 'വണ്ണക്കരയിലെ വിശുദ്ധർ' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.