സെൽഫിക്കുള്ളിൽ…

ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമേത് എന്നതിൽ പലവിധ തർക്കങ്ങൾ ഉണ്ടാകാം. വൈദ്യുതിയുടെ കണ്ടുപിടുത്തമാണോ? ചക്രങ്ങളുടെ കണ്ടുപിടുത്തമാണോ എന്നൊക്കെ തർക്കിക്കാൻ തുടങ്ങിയാൽ ആദിയുമന്തവും ഉണ്ടാകില്ല. എന്നാലോ, ലോകത്തെ അടിമുടി മാറ്റിയ ചിലതുണ്ട്, അതിൽ സെൽഫി ക്യാമറയുള്ള മൊബൈൽ ഫോൺ എന്ന പ്രതിഭാസം ഈ ലോകത്തെ പുനർനിർവചിച്ചതു പോലെ മറ്റൊന്നുമുണ്ടാകില്ല.

പണ്ട്, സ്റ്റുഡിയോയിൽച്ചെന്ന് മുഖം അനക്കാതെ, തിരിയാതെ, വളയാതെ, നെടുമൂച്ചിടാതെ ബലംപിടിച്ചിരുന്ന് നമ്മൾ ജീവിതത്തിൽ ആദ്യമായി എടുത്ത ഫോട്ടോ ഓർക്കുന്നോ? അച്ഛൻ നിൽക്കും, അമ്മ ഒറ്റക്കസേരയിൽ ഇരിക്കും, കൈക്കുഞ്ഞ് ഉണ്ടെങ്കിൽ അമ്മയുടെ മടിയിൽ സ്ഥാനംപിടിക്കും, അച്ഛനോടു ചേർന്ന് മൂത്ത പുത്രൻ, പുത്രി- ഒരു കുടുംബ ഫോട്ടോയുടെ മട്ട് ഏതാണ്ട് ഇപ്രകാരമായിരുന്നു. പിന്നീട് കഴുത്തിൽ തൂക്കിയിട്ടുനടക്കാവുന്ന ക്യാമറകൾ വന്നെത്തിയതോടെ ഫോട്ടോഗ്രാഫിയുടെ ലോകം സ്റ്റുഡിയോ ചുവരുകൾ തുറന്നു ആകാശച്ചോട്ടിലേക്കിറങ്ങി. പിന്നെ കാലം കുറേനാൾ നിശ്ചലമായിത്തുടർന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങൾക്കു വഴിമാറിയതോ, ഫിലിം വേണ്ടാത്ത ഡിജിറ്റൽ ക്യാമറ വന്നതോ, കോഡാക്ക് കമ്പനി വിപണിയിൽ സുല്ലിട്ടതോ ഒക്കെ കുഞ്ഞോളങ്ങൾ മാത്രമായിരുന്നു. യഥാർത്ഥ അവതാരം അണിയറയിൽ ഒരുങ്ങുകയായിരുന്നു. ഭാരതപ്പുഴയിൽ നിന്നും സൂപ്പർസ്റ്റാർ നരസിംഹം കുടഞ്ഞുയരുമ്പോലെ അതു വന്നു. മൊബൈൽ ചെപ്പിനുള്ളിൽ അടച്ചു വെച്ച സെൽഫി ക്യാമറ മിഴി തുറന്നു. ഒരു വിപ്ലവം ആരംഭിച്ചു.

പിന്നീട് നാം എന്തെല്ലാം കണ്ടില്ല!

കാമുകനും കാമുകിയും ഉറക്കമുണരുമ്പോൾ പരസ്പരം കൈമാറുന്ന ഉമ്മസെൽഫി മുതൽ വിരഹവേദനയിൽ പിടയുന്ന, ഹൃദയവേദന വെളിപ്പെടുന്ന സെൽഫി വരെ വൈറലായ കാലം പിറന്നു. ഇതിനിടയിൽ പ്രണയം അല്പം മൂല്യച്യുതിയേറ്റു കാമത്താൽ പൊതിയപ്പെട്ടുവെന്നു കേഴുന്നവർ ഇല്ലാതില്ലെന്നല്ല. അതിപ്പോൾ പണ്ട് പ്രണയം കണ്ണുകളിലായിരുന്നു മൊട്ടിട്ടതും വിരിഞ്ഞതും കൊഴിഞ്ഞതും. പിന്നീട് ഒന്നു മിണ്ടിയാൽ സ്വർഗമായി മാറിയ കാലം. കണ്ണിണകൾ കടുകു വറുത്തും, ആരാരുമറിയാതെ രണ്ടു വാക്കോതിയും പ്രണയം പുളകിതമായി. അതും കടന്നുപോയി, പിന്നെ മൊബൈൽ കാലം. അതോടെ കാണൽ വിശദമായ കാണലായി മാറി, മിണ്ടലും പരിധിക്കപ്പുറമായി. അങ്ങനെ പ്രണയം ഒരു പണയമായി മാറി. എല്ലാം വെളിപ്പെട്ടു കഴിഞ്ഞാൽ പിന്നെ അറിയാനെന്തുണ്ട് ബാക്കി? അപ്പോൾ പിരിയാൻ ഇരുകൂട്ടർക്കും എളുപ്പമായി. ഒറ്റയ്ക്കു ജീവിക്കുന്നതാണ് എളുപ്പമെന്നായി. എന്തിനു വയ്യാവേലികൾ? ആരും ആരേയും സഹിക്കണ്ട, ചുമക്കണ്ട. എൻ്റെ ലോകം, അത് എൻ്റേതു മാത്രമാണ്. എല്ലാവരും വിരുന്നുകാരാണ്.

വിടർന്ന പൂവിനരികിൽ നിന്നൊരു വിടർന്നചിരി ചേർത്ത സെൽഫിക്കെന്തു ചേല്! ഉച്ചയ്ക്കു ബിരിയാണിയാണ്. ആവിപാറുന്ന ബിരിയാണിപാഴ്സൽ തുറന്നുവെച്ചൊരു വശ്യമനോഹര സെൽഫി! അത് ഇൻസ്റ്റയിൽ തീപാറും പോലെ പടർന്നു കത്തി. കമൻറുകൾ പ്രവഹിച്ചു. വൈകുന്നേരം നാലു മണിക്കൊരു കട്ടൻ, ചൂടു കട്ടനും വർക്കിങ് ടേബിളും ചേർത്തൊരു സെൽഫി! അടിപൊളി. അതിനും കിട്ടി ലൈക്ക് വൺ കെ. ഇനി രാത്രി, എത്ര പേരാണ് ഇൻബോക്സിൽ. കമ്മിറ്റിമെൻ്റ് ഇല്ല. കമ്മിറ്റഡും അല്ല. സ്വാതന്ത്ര്യമുണ്ട്. പഴയകാലത്തെപ്പോലെ പാതിരാവിൽ പച്ച കത്തിച്ചു കിടന്നാൽ, എന്താ മോളൂസേ ഉറക്കം വരുന്നില്ലേ എന്ന സഹോദരസ്നേഹം പൊതിഞ്ഞ കോഴിച്ചോദ്യങ്ങൾ ഇല്ല. എല്ലാം നേർരേഖയിലാണ്. വരുന്നോ? അവിടെ രണ്ടു വാതിലും തുറന്നു കിടപ്പുണ്ട്. വേണ്ടന്നു വയ്ക്കാം, വേണമെന്നും നിശ്ചയിക്കാം. നീ എൻ്റെ ജീവൻ്റെ ജീവനാണ് എന്ന് രണ്ടുപേർക്കും നുണ പറയണ്ട. കേൾക്കുമ്പോൾ എല്ലാം നല്ലത്.

സ്വന്തം മുഖം കണ്ട്, സ്വന്തം മുഖത്തിൽ അഭിരമിച്ച്, സ്വന്തം നിശ്ചയത്തിൽ ജീവിക്കുമ്പോൾ എല്ലാം കൃത്യമാണോ?

അല്ലെന്നാണ് പുതിയ വാർത്തകൾ, എത്രമാത്രം സ്വന്തം ഉള്ളിലേക്കൊതുങ്ങി, സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ചു മുന്നേറുന്നോ, അത്രമാത്രം അസ്വസ്ഥരും ആകുന്നുണ്ട് നമ്മൾ ഉള്ളിൻ്റെയുള്ളിൽ. ടോക്സിക് ബന്ധങ്ങൾ നൽകിയ മുറിപ്പാട് ഓർത്താണ് കുറേപ്പേർ ഒരാൾക്കും പ്രവേശനമില്ലെൻ്റെ ജീവിതത്തിൽ എന്ന നിലപാടിലെത്തുന്നത്. എന്നാൽ അത്തരത്തിൽ ഉൾവലിയുമ്പോഴും ഉള്ളിൻ്റെയുള്ളിൽ ഒരു ചേർത്തുപിടിക്കൽ ആഗ്രഹിക്കുന്നുണ്ട് മനുഷ്യർ. അവിടെയാണ് കുഴപ്പങ്ങൾ ആരംഭിക്കുക. അതുവേണ്ട എന്ന് എത്ര ഉറക്കെ പറയുമ്പോഴും അതിലേക്ക് ആകർഷിക്കുകയാണ് മനുഷ്യമനസ്സ്. വിട്ടുവീഴ്ചയ്ക്കില്ല എന്ന കടുത്ത നിലപാട് വിഷാദത്തിലേക്കു കൂപ്പുകുത്താൻ വലിയ താമസമില്ല. മെല്ലെമെല്ലെ വിഷാദം അതിൻ്റെ നീരാളിക്കൈകൊണ്ടു വലയം ചെയ്യുമ്പോൾ, പ്രതിരോധിക്കാൻ കൂട്ടിന് ആരുമില്ലാതെ വന്നാൽ അതൊരു ആഴക്കടൽ നീന്തുന്നതിനു സമാനമാകും. അപ്പോഴും സോഷ്യൽ മീഡിയ പലതരം സമ്മർദ്ദങ്ങൾ ചിത്രരൂപത്തിൽ മസ്തിഷ്കത്തിലേക്ക് കയറ്റിവിടും. അതൊരു വല്ലാത്ത സമയമാണ്. മതി ജീവിതം എന്ന ചിന്തയിലേക്കു പിന്നെ അധിക ദൂരമില്ല.

സത്യം സെൽഫിയിൽ നിന്നും സെൽഫികൾ ഒഴിഞ്ഞു നിൽക്കുന്ന ലോകം വളരെ ചേർന്നാണ് നിലകൊള്ളുന്നത് എന്നറിയുക. ആത്മരതി നല്ലതാണ്. എന്നാൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിശ്ചയം അപകടം ക്ഷണിച്ചുവരുത്തും. ശരിയാണ് ഇന്ന് ആണിനും പെണ്ണിനും ഒറ്റയ്ക്കു ജീവിക്കാം. ആരും തടയില്ല. ഒരു പ്രതിബന്ധവും പുറമേയില്ല. എന്നാൽ ഒരു പ്രതിബന്ധമുണ്ട്. അത് അകമേയാണ്. അത് അപ്രിയ സത്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ഉള്ളിൽ രൂപപ്പെടുന്ന ദ്വന്ദം പിന്നീട് പ്രതിസന്ധികൾക്കു കാരണമാകുന്നു. ഒറ്റയ്ക്കാണ് താൻ എന്ന ചിന്ത എല്ലാമവസാനിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു.

എന്തുണ്ട് പ്രതിവിധി?

മനുഷ്യൻ സാമൂഹ്യ ജീവിയാണ് എന്നത് അംഗീകരിക്കുക. സാമൂഹ്യ ജീവിയെന്നാൽ സമൂഹമാധ്യമജീവി എന്നല്ല അർത്ഥം. മറ്റു മനുഷ്യരുമായി ഇടപെടുന്ന ജീവി എന്നു തന്നെയാണ് അർത്ഥം. അവിടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവയിൽ കുറേ വ്യക്തികൾ ഉണ്ട്. അവരിൽ എല്ലാവരും വേണ്ട, പക്ഷേ കുറച്ചുപേർ ഒപ്പം ഉണ്ടാകേണ്ടതുണ്ട്. അത് പ്രധാനമാണ്. എത്ര സെൽഫി എടുക്കുമ്പോഴും ആ സെൽഫിയിൽ സ്വന്തം മുഖത്തിനോടു ചേർന്ന് ഒരു മുഖം കൂടി വരുമ്പോഴാണ് ജീവിതത്തിനൊരു പൂർണത വരുന്നത്. അത് ആരുമാകട്ടെ, അങ്ങനെ ഒരാളുണ്ടാകുക പ്രധാനമാണ്. അപ്പോൾ മാത്രമാകും മനുഷ്യരായി തുടരാൻ നമുക്കാകുക.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.