‘സമുറായ് ജീവിക്കുന്നത് അവന്റെ പ്രഭുവിനു വേണ്ടിയാണ് മാത്രമാണ്, മരിക്കുന്നതും. നോക്ക് സുഭദ്രേ, നീയൊരു സമുറായ് ആകണം. ഒരിക്കലും പരാജയപ്പെടാത്ത സമുറായ്.’
ഇടതുകൈയുടെ പെരുവിരലും ചൂണ്ടുവിരലും കൊണ്ട് താത്തമ്മ, സുഭദ്രയുടെ മെല്ലിച്ച വിരലുകളില്‍ കൂട്ടിപ്പിടിച്ചിരുന്നു. ജീവന്‍ പോവുകയാണ്. കണ്ണുകളിലൂടെയാവും താന്‍ ദേഹത്തില്‍ നിന്നും ദേഹിയെ വിടുതല്‍ ചെയ്യുക എന്നു താത്തമ്മ മുന്‍കൂട്ടിപ്പറഞ്ഞിരുന്നതിനാല്‍ അവള്‍ അവരുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കിയിരുന്നു. കൃഷ്ണമണികള്‍ ഒന്നു കറങ്ങി മെല്ലെ നിശ്ചലമായി. വിരല്‍ക്കുരുക്കില്‍ നിന്നും സുഭദ്ര സ്വയം മോചിതയായി. ഇനി ശേഷിക്കുന്നത് അവസാന കടമകള്‍. കണ്ണുകള്‍ തിരുമ്മിയടച്ച്, കാല്‍വിരലുകള്‍ കൂട്ടിക്കെട്ടി, ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്, നല്ല വെള്ളമുണ്ട് ഉടുപ്പിച്ച്, വെളുത്ത വോയല്‍ തുണിയുടെ ബ്ലൗസ് ധരിപ്പിച്ച്, പച്ചയില്‍ സ്വര്‍ണ്ണക്കരയുള്ള നേരിയത് പുതപ്പിച്ച്, ഭസ്മക്കുറി വരച്ച്, പിന്നെ ഏറ്റവുമൊടുവിലായി ആരോരും കാണാതെ ഒരു ചെറുകണ്ണീര്‍ത്തുള്ളി കൈത്തണ്ടയില്‍ വീഴ്ത്തിപ്പൊട്ടിച്ച്, അങ്ങനെയാണ് താത്തമ്മയെ സുഭദ്ര യാത്രയാക്കിയത്. അതൊരു അനുഷ്ഠാനം പോലെയാണവള്‍ നിര്‍വഹിച്ചത്. അതിനു കാരണമുണ്ട്, അവള്‍ താത്തമ്മയ്ക്കു കൊടുത്ത വാക്കാണത്. അതോടെ തനിക്കു സെപുകു അനുഷ്ഠിക്കാനും മടിയില്ലെന്നു സുഭദ്ര തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ അവള്‍ വെറും സുഭദ്രയല്ല, സമുറായ് സുഭദ്രയാണ്.
താത്തമയ്ക്കു കൊടുത്ത വാക്ക് പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും താത്തമ്മ അവളുടെ ഭര്‍ത്താവിന് ജന്മം കൊടുത്തവര്‍ കൂടിയാകുമ്പോള്‍. താത്തമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തുവന്നു എന്ന ഒറ്റക്കാരണത്താലാണ് അയാളെ അവള്‍ വിവാഹം കഴിച്ചത്. പത്തൊമ്പതാം വയസില്‍ ഇരുപത്തിയെട്ടുകാരനെ ചൂണ്ടിക്കാട്ടിപ്പറഞ്ഞു,
‘സുഭദ്രേ, എന്റെ മകനാണ് ഇവന്‍. ഭാര്യയേക്കാള്‍ ഒരമ്മയെപ്പോലെ നീ അവനൊപ്പം ഉണ്ടാകണം. നീ കൈ ഒഴിയരുത് അവനെ.’
ജനിച്ച്, ചോരിവായ്കൊണ്ട് അമ്മിഞ്ഞപ്പാല്‍ നുണയണം എന്നു ചിന്തിക്കും മുന്നേ അമ്മ എന്നതു വെറുംവാക്ക് മാത്രമായ ഒരുവള്‍ക്ക്, ‘അമ്മയെത്തീനി’ ചെല്ലപ്പേരായ് വലതു ചെവിയില്‍ അമര്‍ത്തിപ്പറഞ്ഞ് അച്ഛനും പടി ഇറങ്ങുമ്പോള്‍ താത്തമ്മയാണ് ‘ഇത് ഏന്‍ പൊണ്ണ്’ എന്നു പറഞ്ഞ് പശുവിന്‍ പാലില്‍ പഞ്ചസാര ഇട്ടു, കാച്ചി തണുപ്പിച്ചതു നാവിലിറ്റിച്ചു പ്രാണന്‍ നല്‍കിയത്. അതേ താത്തമ്മയുടെ മകന്‍,
കിടക്കയിലെ കുടമുല്ലമൊട്ടുകളെ വിരിയാനനുവദിക്കാതെ ഞെരിച്ച്, ചതച്ച്, താത്തമ്മയുടെ മരുമകളാക്കി സുഭദ്രയെ മാറ്റിയതോടെ ജീവിതം മെല്ലെയതിന്റെ ഗതിവേഗം വീണ്ടെടുത്തു. അന്നുരാത്രി അയാൾ പറഞ്ഞ പലതിൽ ഒന്നു മാത്രം അവൾ എന്നുമോർത്തു, ‘നീ അമ്മയുടെ മാത്രം ചോയിസാണ്.’
ജീവിതം ആയുധം നഷ്ടപ്പെട്ട പോരാളിയുടെ പടയൊരുക്കം പോലെയാണെന്നവൾ തിരിച്ചറിഞ്ഞു. അപ്പോൾ രക്ഷക്കെത്തിയതും താത്തമ്മ തന്നെ. മദ്യത്തിന്റെ ഗന്ധം ദുര്‍ഗന്ധമല്ലെന്നും അതു ശരീരത്തില്‍ പടര്‍ന്നാല്‍ കയറിയാല്‍ പിയേഴ്‌സ് നന്നായി പതച്ച് കുളിക്കുയാണു പടപൊരുതുന്നതിലും നല്ലതെന്നും അവളെ പഠിപ്പിച്ചതും താത്തമ്മയാണ്. ഒടുവില്‍, എന്തിന്? എവിടേക്ക്? എന്നീ ചോദ്യങ്ങള്‍ പിന്‍വലിക്കൂ എന്ന് ഇടതു ചെവിയില്‍ ഒരു മര്‍മ്മരം പോലെ പറഞ്ഞതും താത്തമ്മ തന്നെ.
തനിച്ചാകുന്ന രാത്രികളില്‍ വീടിന്റെ മച്ചില്‍, ഇത്തിരിയുള്ള ജനാല, പുറത്തെ വലിയ ആകാശത്തെ അവള്‍ക്കു മുന്നിലേക്കു ചുരുക്കിനല്‍കി. ഓരോ നക്ഷത്രവും ഓരോ ആത്മാക്കളാണെന്നു തിരിച്ചറിഞ്ഞ സുഭദ്ര അവയെ ആവേശിക്കാന്‍ തയ്യാറായി. എന്നാല്‍ ജീവിതംപോലെ കണ്ണുചിമ്മി ഓരോ ആത്മാവും സുഭദ്രയെ കടന്നുപോയി. പിറക്കാന്‍ തീരെ അനുയോജ്യമല്ല അവളുടെ ഗര്‍ഭപാത്രം എന്ന് അരുള്‍ ചെയ്ത് ഒന്നല്ല, എട്ടു പ്രാവശ്യമാണ് അവ മടങ്ങിയത്. ആ സങ്കടല്‍ മറികടക്കാന്‍ ആവതും പണിപ്പെടുമ്പോഴാണ് താത്തമ്മ അതും പറഞ്ഞത്. ആത്മാക്കള്‍ തീരുമാനിക്കും ഏത് ഗര്‍ഭപാത്രം എന്ന്. നമ്മള്‍ ആരുമല്ല എന്ന്. പിന്നീടും രാത്രി നക്ഷത്രങ്ങള്‍ നോക്കി നില്‍ക്കുന്നത് സുഭദ്ര തുടര്‍ന്നുവെങ്കിലും അവളുടെ ഗര്‍ഭപാത്രം ആത്മാക്കള്‍ കുടികൊള്ളാത്ത ഇടമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
കാലത്തിന്റെ തീവ്രചലനത്തില്‍, താത്തമ്മ കൂടുതല്‍ വൃദ്ധയും സുഭദ്ര കൂടുതല്‍ യൗവ്വനയുക്തയുമായി. അവളുടെ ഭര്‍ത്താവിന് പൗരുഷം പതിന്മടങ്ങായി. ചില പകലുകളില്‍ പതിവില്ലാത്ത ഉന്മേഷത്തില്‍ അയാള്‍ അവളെ വലം കൈയാല്‍ കോരിയെടുത്ത് ഇടം കൈയ്യിലേക്കു കിടത്തി മുടിക്കെട്ടില്‍ പിടിച്ചുയര്‍ത്തി ചുംബിച്ചു. അപ്രതീക്ഷിതമായ സ്പര്‍ശനത്തില്‍ സുഭദ്ര പതറി. അയാളുടെ വിരലുകള്‍ക്കിത്ര മാര്‍ദ്ദവമുണ്ടോയെന്ന് അവള്‍ അമ്പരപ്പെട്ടു. എന്നാല്‍ അയാളുടെ കവിളുകളില്‍ ഇടക്കിടെ പടരുന്ന അരുണിമ ആദ്യം കണ്ടെത്തിയതു താത്തമ്മ തന്നെ. പതിവിലും വൈകി ഉച്ചയുറക്കം കഴിഞ്ഞ്, മേലുംകഴുകി അടുക്കളയിലെത്തിയ ആ വൈകുന്നേരം, ചായക്കൊപ്പം കഴിക്കാന്‍ ഉപ്പുമാവ് കിണ്ടിക്കൊണ്ടിരിക്കവേയാണ് താത്തമ്മ അവളോട് ആദ്യമായി അതും പറഞ്ഞത്.
‘സുഭദ്രേ, നീയൊരു സമുറായ് ആകണം. ആണിനു മാത്രമല്ല പെണ്ണിനുമാകാം സമുറായ്. നിന്റെ മാനത്തെ നീ പ്രഭുവായിക്കാണണം. അതിനു മുറിവേറ്റാല്‍, ഒരു സമുറായ് എന്ന നിലയില്‍ നീ സെപുകു അനുഷ്ഠിക്കണം.’ ദീര്‍ഘനിശ്വാസത്തോടെ, അതേസമയം തിളയ്ക്കുന്ന ചോര കണ്ണുകളിലേക്ക് പടര്‍ത്തിയെടുത്ത് താത്തമ്മ ആവേശത്തോടെ തുടര്‍ന്നു.
‘ടാന്‍ടോ എന്ന നീളന്‍ കത്തി വയറ്റില്‍, ഇടത് നിന്നും വലത്തേക്ക് ആഴത്തില്‍ വരയുമ്പോള്‍ നിണമൊഴുകും. കൈ വിറയ്ക്കരുത്. അപ്പോള്‍ നീ ഓര്‍ക്കണം അതൊരു നീര്‍ച്ചാല്‍ പോലെയല്ല ഒരു മഹാനദി പോലെയാണ് ആര്‍ത്തിരമ്പിയൊഴുകേണ്ടതെന്ന്. ആ പ്രവാഹത്തിനു മാത്രമേ നിന്റെ മാനത്തിന്റെ കണക്ക് തീര്‍ക്കാനാകൂ.’ താത്തമ്മ വല്ലാതെ അണക്കുന്നുണ്ടായിരുന്നു.
അവരുടെ വാക്കുകള്‍ സുഭദ്ര അപഗ്രഥിക്കാറില്ല. എങ്കിലും തേര്‍ത്തട്ടിലെ അര്‍ജുനന് കൃഷണന്‍ എന്ന പോലെയാണ് താത്തമ്മ അവള്‍ക്ക്. പോര്‍ഭൂമിയില്‍ യുദ്ധം ചെയ്യേണ്ടത് ധര്‍മമാണെന്നും താത്തമ്മ അവളോടു പലപ്പോഴും ആവര്‍ത്തിച്ചു. അതിരാവിലെ മുറ്റത്ത് അരിക്കോലമിടുമ്പോഴോ, സഹസ്രനാമം ജപിക്കാനിരിക്കുമ്പോഴോ, പഴയ പത്രം ആക്രിക്കാരനു തൂക്കിക്കൊടുക്കുമ്പോഴോ എന്തിന് ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലേക്ക് കൂപ്പുകുത്തുമ്പോള്‍ പോലും അതു സംഭവിച്ചിരുന്നു.
ഇപ്പോള്‍, താത്തമ്മയും നക്ഷത്രമായിരിക്കുന്നു.
ഒരു മരം അതിന്റെ ചില്ലകള്‍ ആകാശത്തിന്റെ അവസാന അതിരും ഭേദിച്ച് വീണ്ടും പടര്‍ത്തുന്ന അതേ താളത്തില്‍, മറ്റൊരുവളോടുള്ള അവൻ്റെ പ്രണയം സുഭദ്രയെ ആ രാത്രിയും പതിനായിരം കഷണങ്ങളാക്കുകയും അതില്‍ നിന്ന് ചോരയിറ്റിക്കുകയും ചെയ്തു. അയാള്‍ ആ മരമായ് സ്വയം പ്രഖ്യാപിച്ച ഒരു ഘട്ടത്തില്‍, ആകാശത്ത് പരന്നു വിസ്തൃതമായ ആ ചില്ലകളില്‍ ഓരോ തുണ്ടുകളായി സുഭദ്ര കെട്ടിയിടപ്പെട്ടു.
സ്വന്തം സ്വത്വം നഷ്ടമായാല്‍, ചിതറിയ തുണ്ടുകളായാല്‍ പിന്നെ രൂപം എവിടെ? സുഭദ്ര വെറും തുണ്ടുകള്‍ മാത്രമാണ്. രണഭൂമിയില്‍ ഋഷികേശനില്ലാത്ത ഗുഡാകേശനെന്ന വിധം ഓരോ തുണ്ടിലും തുടിക്കുന്ന, രക്തമിറ്റുന്ന ഓരോ ഹൃദയവും അവള്‍ പേറി. മുറിവേറ്റ ഹൃദയം നല്‍കുന്ന വേദന പതിനായിരക്കണക്കിന് ഹൃദയങ്ങളുടെ ആര്‍ത്തനാദത്തിന് വഴിമാറുന്നത് അവളറിഞ്ഞു. സുഭദ്ര ഓര്‍ത്തു, താത്തമ്മ പഠിപ്പിച്ച കണക്കു ക്ലാസുകള്‍.
പിന്നെ അവള്‍ ജീവിതത്തെ എങ്ങനെ എളുപ്പവഴിയില്‍ ക്രിയചെയ്യാമെന്ന് ഓര്‍ത്തെടുത്തു. പടവുകള്‍ കാണാതെ ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്ക് ഒറ്റച്ചാട്ടം. അതാണ് ഏറ്റവും എളുപ്പം. പക്ഷേ സുഭദ്ര അത്തരം എടുത്തു ചാട്ടക്കാരിയല്ല. ഉത്തരമായ തന്റെ മൂല്യത്തിലേക്ക്, ബൊഡമാസ് പ്രകാരം അവള്‍ യാത്ര ചെയ്തു. ഓരോ കെട്ടുകള്‍ അഴിക്കുമ്പോഴും ആകാശത്ത് തൂങ്ങിയാടുന്ന ഒരു ഹൃദയമെങ്കിലും ഇല്ലാതാകണമെന്ന് അവള്‍ കണക്കുകൂട്ടി. ഏറ്റവും ഒടുവില്‍ ഇംഗ്ലീഷ് അക്ഷരമായ എക്‌സില്‍ എത്തുമ്പോള്‍ ചോരയിറ്റുന്ന എല്ലാ ഹൃദയങ്ങളും അപ്രത്യക്ഷമാകുമെന്നും.
അവളുടെ കണക്കുകൂട്ടല്‍ കേട്ട് ചുമരിലെ രാമച്ചമാലക്ക് പിന്നിലിരുന്ന് താത്തമ്മ സ്വയം പറഞ്ഞു, ‘പൊട്ടി തന്നെ പൊട്ടി’. പിന്നെ വിവാഹം കഴിഞ്ഞ് പത്ത് മാസം ഗര്‍ഭം പൂര്‍ത്തിയാകും മുൻപ് ഒറ്റയ്ക്കാക്കി കടന്നു പോയ, ആഫ്റ്റര്‍ഷേവ് ലോഷന് ഇത്ര മണമുണ്ടെന്ന് പഠിപ്പിച്ച സ്വന്തം പിംഗളനെ. ചരിഞ്ഞ കണ്ണുകൊണ്ട് അവര്‍ നോക്കി. അയാള്‍ മന്ത്രിക്കുകയാണ്, സ്വന്തം ആത്മാവിനെ വേദനിപ്പിക്കുകയാണ് സുഭദ്ര. അത് തെറ്റാണ്. അവള്‍ ഒരു സമുറായ് ആയി മാറിയ സ്ഥിതിക്ക് അവള്‍ക്ക് വിധിച്ചത് സെപെകുതന്നെ. താത്തമ്മയും അനുകൂലിച്ചു. രാമച്ചമാലക്ക് പിന്നില്‍ ചില്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞ് രണ്ട് പേര്‍ നിശ്വസിച്ചു.
സുഭദ്ര മനസ് നിശ്ചലമാക്കി. തുടര്‍ന്ന്, ആ സത്യം അംഗീകരിച്ചു. അവള്‍ യഥാര്‍ത്ഥ ലോകത്തില്‍ അയാളുടെ ചുമല്‍ചാരി നില്‍ക്കുമ്പോഴും അയാളുടെ കണ്ണുകള്‍ ആ ചെറിയ ചതുരപ്പെട്ടിയിലെ മറ്റൊരുവളുടെ സ്‌നേഹഭാഷണത്തില്‍ മുഴുകിയിരിക്കുകയാണ് എന്ന സത്യം. ആ തോന്നല്‍പ്പെട്ടിയില്‍ നിന്ന് പ്രവഹിക്കുന്ന സ്‌നേഹമാകാന്‍ സുഭദ്രക്ക് കഴിയാത്തിടത്തോളം സുഭദ്ര തന്റെ ഹൃദയം അജ്ഞാതമായ തന്റെ മൂല്യം കണ്ടെത്താന്‍ വിട്ടു കൊടുക്കുകയും ഹൃദയമില്ലാത്തവളായ് മരിക്കുകയും ചെയ്യും. ഓരോ രാവിലും എരിഞ്ഞു തീരുന്ന ഹൃദയം.
യുദ്ധകാഹളം മുഴങ്ങുകയാണ്. സുഭദ്ര യുദ്ധസജ്ജയായി. ഇവിടെ യുദ്ധം അതീവ സൂക്ഷ്മതയോടെയാണ് നയിക്കേണ്ടത്. അതേസമയം, യുദ്ധത്തിലാണെന്ന് എതിരാളി തിരിച്ചറിയുവാനും പാടില്ല. ശത്രുവിന്റെ ചിന്തകള്‍ക്ക് മേല്‍ അവളുടെ ചിന്തകള്‍ മിന്നല്‍ പിണരാകണം. അയാള്‍ പല്ലുതേക്കുമ്പോള്‍, പത്രം വായിക്കുമ്പോള്‍, അക്ഷരങ്ങളില്‍ നിറയുന്ന കാമത്തില്‍ ഉണര്‍ത്തപ്പെടുമ്പോള്‍ ഒക്കെ സുഭദ്രയുടെ ചിന്തകള്‍ ചിറക് വിടര്‍ത്തിപ്പറക്കുന്ന പരുന്തായി. അയാളുടെ ചിന്തകളെ പിന്തുടര്‍ന്നു. ദോശ ചുടുമ്പോഴും, ഡയറിലെ ഉണങ്ങിയ തുണികള്‍ തേച്ച് ചുളിവ് മാറ്റുമ്പോഴും അത് തുടര്‍ന്നു.
കല്ലെടുത്തിട്ട് വെള്ളപ്പരപ്പില്‍ ഓളങ്ങള്‍ ഉണ്ടാക്കുന്ന അതേ കൗതുകത്തോടെയാണ് ജീവിതത്തിന്റെ താളവും സ്വന്തം ജീവന്റെ അഭിമാനവും തിരിച്ചുപിടിക്കേണ്ടത് എന്ന് അവള്‍ കണക്കുകൂട്ടി. അതേസമയം, കൈയില്‍ നിന്നും വഴുതിപ്പോകുന്ന ആത്മാഭിമാന തന്മാത്രകള്‍ക്ക് നീല നിറമാണെന്നും പിടിക്കപ്പെടുന്നവയ്ക്കു ചുവന്ന നിറമാണെന്നും അവള്‍ കണ്ടെത്തി. വഴുതിപ്പോകുന്നവ അവളെ നോക്കി പൊട്ടിച്ചിരിച്ചു. മെല്ലെമെല്ലെ അതും അവളുടെ വരുതിയിലായി. ചെറുചുവപ്പ്, കടും ചുവപ്പായി. അവള്‍ തന്നെ ചുവപ്പായി.
‘ഒരു സ്ത്രീ സ്വയം ഹൃദയത്തില്‍ കുത്തി മരിക്കുകയോ?’ ആരോ പറഞ്ഞു. അസാധ്യം!
ചില്ലുകൂടിന്റെ ബന്ധനത്തില്‍ നിന്ന് ഇഡയും പിംഗളനും സ്വതന്ത്രരായി. അവര്‍ രാമച്ചഹാരവുമായി അവള്‍ക്കായി കാത്തു നിന്നു. വൈദ്യുതിചൂളയിലേക്ക് എടുക്കപ്പെട്ട് തലമുടി ആളിക്കത്തിയപ്പോള്‍ സുഭദ്ര പുഞ്ചിരിച്ചു. ആത്മാഭിമാനം വീണ്ടെടുക്കലാണ് പ്രധാനം.
സമുറായ് മരണത്തിലൂടെയും വിജയിയാകുന്നു.