
സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകത്തിനെഴുതിയിരിക്കുന്ന ആമുഖമാണിത്. മലയാള സിനിമയിൽ ദലിതരെ എങ്ങനെയൊക്കെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്? ദലിത് ജനതകളുടേയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധാനങ്ങൾ പലപ്പോഴും ദൃശ്യമാധ്യമങ്ങളിലും കലകളിലും പ്രതിലോമപരമായിട്ടാണ് അവതരിപ്പിക്കാറുളളത്. ദളിത്ചരിത്രത്തെയും വർത്തമാനത്തെയുമെല്ലാം ഗുപ്തമാക്കിവയ്ക്കുക എന്നത് ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെയുളള സമകാലിക കേരളീയ മണ്ഡലത്തിലും കണ്ടുവരുന്നുണ്ട്.
ആധുനികാനന്തര കാലഘട്ടത്തെ ദൃശ്യമാധ്യമങ്ങളുടെ സമൂഹം എന്നു വിളിക്കുന്നതിൽ നിന്നുതന്നെ സിനിമയെന്ന ജനപ്രിയകലയുടെ പ്രസക്തിയും തിരിച്ചറിയുന്നുണ്ട്. ദലിത് പ്രതിനിധാനങ്ങളിലെ ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം എന്നിവ മലയാളസിനിമയിൽ എപ്രകാരമാണ് ആവിഷ്‌കരിക്കപ്പെടുന്നതെന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ വർത്തമാനകാലത്തെ ദലിത് രാഷ്ടീയവും ദലിത്ചരിത്രവും സംസ്‌കാരവുമെല്ലാം തിരിച്ചറിയാം. കൂടാതെ പാരിസ്ഥിതികവും ലിംഗപരവുമായ പ്രശ്‌നങ്ങൾ ദലിതരുടെ ഇത്തരം പ്രതിനിധാനങ്ങളെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്നും മനസ്സിലാക്കാം.
സമകാലിക വൈജ്ഞാനികമണ്ഡലത്തിൽ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പഠന (Cultural Studies)ത്തിന്റെ സിദ്ധാന്തങ്ങളാണ് ഈ പുസ്തകത്തിലെ വിവിധ ലേഖനങ്ങളുടെ രീതിശാസ്ത്രമായി ഉപയോഗിക്കുന്നത്. ദലിത്‌വാദം, പരിസ്ഥിതിവാദം, പ്രാദേശികതാവാദം, ദേശരാഷ്ട്രവിമർശനം എന്നീ സങ്കല്പനങ്ങൾ ഇവിടെ വിശകലനങ്ങളിൽ പ്രയോഗിക്കപ്പെടുന്നുണ്ട്. സിനിമകളുടെ വിപണിരാഷ്ട്രീയം, താല്പര്യം എന്നിവ ദലിത് വിരുദ്ധമായ ആശയങ്ങൾക്ക് എപ്രകാരമൊക്കെയാണ് വഴി തെളിയിക്കുന്നതെന്ന് ഇത്തരം രീതിശാസ്ത്രത്തിലൂടെ കണ്ടെത്താവുന്നതാണ്.

ആര്യബ്രാഹ്‌മണിക മേധാവിത്വവും നവമുതലാളിത്ത അധീശത്വവും വർത്തമാനകാലത്ത് സിനിമാലോകത്തെ അടക്കിഭരിക്കുകയും അവർക്കനുകൂലമായ പ്രത്യയശാസ്ത്രവുമാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ദലിത് വിരുദ്ധമായ അധീശത്വം നിലനിൽക്കെതന്നെ ദലിത് ഏകോപനവും പ്രതിരോധവും വർത്തമാനസിനിമകൾ ഇന്ന് ഏറ്റെടുക്കുന്നുണ്ട്. ദലിതനുഭവങ്ങളുടെ വ്യത്യസ്ത പ്രമേയങ്ങളും ജീവിതവുമെല്ലാം മലയാളസിനിമയിൽ എങ്ങനെയെല്ലാം ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് ഇവിടെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു. മുഖ്യമായും ദലിത്‌വാദവും സാംസ്‌കാരികപഠനവും തമ്മിലുളള ചേർച്ചയിലാണ് ഇതിലെ ലേഖനങ്ങൾ മുന്നോട്ടു പോകുന്നത്.
ആദ്യകാല സിനിമകളിലെയും സമാന്തര സിനിമകളിലെയും ദലിത്പ്രതിനിധാനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് ആദ്യത്തെ രണ്ട് ലേഖനങ്ങൾ പരിശോധിക്കുന്നു. മലയാളസിനിമാചരിത്രത്തിലെ പ്രധാനപ്പെട്ട ചില സിനിമകളുടെ വിശകലനത്തോടെയാണ് ഇത് നടത്തുന്നത്. കേരളീയ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും വിമർശനമാണ് ഇവിടെ ആത്യന്തികമായി വിലയിരുത്തപ്പെടുന്നത്. തൊണ്ണൂറുകളിലെ മലയാള സിനിമകളിലെ ദലിത് പ്രതിനിധാനവും നവഹൈന്ദവവാദവും, ഡിജിറ്റൽ കാലഘട്ടത്തിലെ സിനിമകളിലെ ദലിത് രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ലേഖനങ്ങളാണ് തുടർന്നു വരുന്നത്.
കീഴാളർ, ഫോക്, ജനപ്രിയസംസ്‌കാരം, മലയാള സിനിമാ ഗാനങ്ങളിലെ ഫോക് , പുലിജന്മം എന്ന സിനിമയിലെ ഫോക്, കരി എന്ന സിനിമയിലെ കറുത്ത ഹാസ്യം എന്നിവ തുടർന്നു വരുന്ന ലേഖനങ്ങളിൽ വിശകലനം ചെയ്യുന്നു. ജനപ്രിയസംസ്‌കാരത്തിൽ ഫോക്‌ലോറിന്റെ ഘടകങ്ങൾ എങ്ങനെയാണ് ദലിത്-കീഴാളപക്ഷ രാഷ്ട്രീയം ഉണ്ടാക്കുന്നതെന്ന് ഇവിടെ അന്വേഷിക്കുന്നു. ജനപ്രിയസംസ്‌കാരത്തിൽ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെയധികമാണ്. ഫോക്, ക്ലാസിക് കലകളും സാംസ്‌കാരിക ചിഹ്നങ്ങളും സിനിമകളിൽ കടന്നുവരുമ്പോൾ നിർമ്മിക്കപ്പെടുന്ന രാഷ്ട്രീയമാണ് ഇവിടെ അന്വേഷിക്കുന്നത്.

രാജേഷ്. എം. ആര്‍
ദലിത് വിരുദ്ധവും ദലിത്പക്ഷവുമായ ആശയങ്ങൾ എങ്ങനെയൊക്കെയാണ് ജനപ്രിയസംസ്‌കാരത്തിൽ നിർമ്മിക്കപ്പെടുന്നതെന്ന ചർച്ചയും ഇവിടെ നടക്കുന്നുണ്ട്. പുലിജന്മം, കരി എന്നീ സിനിമയിലെ ഫോക്‌ലോർ എങ്ങനെയാണ് ദലിത് രാഷ്ട്രീയം പറയാൻ ശ്രമിക്കുന്നതെന്നും ഇവിടെ വിശകലനം ചെയ്യുന്നു. മലയാള സിനിമാഗാനങ്ങളിലെ ഫോക്‌സംഗീതത്തിന്റെ അർത്ഥസവിശേഷതകൾ എന്തൊക്കെയാണെന്നും അന്വേഷിക്കുന്നുണ്ട്. ജനപ്രിയ സംഗീതത്തിന്റെ ചേരുവകൾക്കനുസൃതമായി ഫോക് സംഗീതം എങ്ങനെയൊക്കെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും ചരിത്രപരമായി ഇവിടെ വിലയിരുത്തുവാൻ ശ്രമിക്കുന്നു.
പൊന്തൻമാട, തകരച്ചെണ്ട, ഏഴുദേശങ്ങൾക്കുമകലെ എന്നീ സിനിമകളെ അടിസ്ഥാനമാക്കിയാണ് ദലിതരുടെ ഭൂമിയുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ലേഖനം അന്വേഷിക്കുന്നത്. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പോരായ്മകളിലേക്കാണ് ഈ ലേഖനത്തിന്റെ അന്വേഷണം നീങ്ങുന്നത്. കൂടാതെ വികസനത്തിന്റെ പേരുപറഞ്ഞ് ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ദലിതരുടെ ജീവിതത്തെക്കുറിച്ചും ഇവിടെ വിശകലനം ചെയ്യുന്നുണ്ട്. പതിനൊന്നാം സ്ഥലം ആറടി എന്നീ സിനിമകളെക്കുറിച്ചുള്ള ലേഖനവും ഭൂമിയുടെ രാഷ്ട്രീയമാണ് വിശകലനം ചെയ്യുന്നത്.
മാൻഹോൾ, പേരറിയാത്തവർ എന്നീ സിനിമകളെക്കുറിച്ചുള്ള ലേഖനത്തിൽ തൊഴിലും ജാതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്. ബ്രാഹ്‌മണിക പ്രത്യയശാസ്ത്രങ്ങൾക്കെതിരെയുളള ദലിത് വിമർശനങ്ങൾ സമകാലിക മലയാളസിനിമയിൽ എങ്ങനെ ആവിഷ്‌കരിക്കുന്നുവെന്നാണ് പിന്നീടുള്ള ലേഖനം അന്വേഷിക്കുന്നത്. ചിതറിയവർ, മഹാത്മ അയ്യൻകാളി, പാപ്പിലിയോ ബുദ്ധ, ബോധി എന്നീ സിനിമകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ബൗദ്ധാശയങ്ങളും അംബേദ്കറിസവും കേരളത്തിൽ മുന്നോട്ടുവയ്ക്കുന്ന ദലിത് ബൗദ്ധികപരിസരം വിശകലനം ചെയ്യുവാനാണ് ഇവിടെ ശ്രമിക്കുന്നത്. ചരിത്രത്തിൽ നിന്ന് അയ്യൻകാളിയുടെയും ബുദ്ധന്റെയുമെല്ലാം ആശയം സ്വാംശീകരിച്ച് വർത്തമാനകാലത്ത് ബ്രാഹ്‌മണ്യ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ എങ്ങനെ പ്രയോഗിക്കുന്നുവെന്ന് ഇവിടെ വിലയിരുത്തുവാനും ശ്രമിക്കുന്നു. ദലിത് ശരീരവും ഭാഷയുമെല്ലാം ഒഴിവു ദിവസത്തെ കളി, കമ്മട്ടിപ്പാടം എന്നീ സിനിമകളിൽ എപ്രകാരമാണ് ദൃശ്യവത്കരിച്ചിരിക്കുന്ന അന്വേഷണമാണ് തുടർന്നുള്ള ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
ദുരഭിമാനക്കൊലയും ജാതിയും – സിനിമയിലെ ദൃശ്യപാഠങ്ങൾ, ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ, സെൻസർഷിപ്പും ദലിത് സിനിമയും, ആദിവാസി രാഷ്ട്രീയം മലയാള സിനിമയിൽ, തമിഴ് പടത്തിലെ ദലിത് ജീവിതങ്ങൾ എന്നിവയാണ് തുടർന്നു വരുന്ന ലേഖനങ്ങൾ. ദലിതരെ ദൃശ്യവത്കരിച്ചിരിക്കുന്ന മലയാളത്തിലെ എല്ലാ സിനിമകളെയും ഈ പുസ്തകം ഉൾക്കൊണ്ടിട്ടില്ലായെന്നു പറയാം. എന്നാൽ ദലിത് പ്രതിനിധാനങ്ങളുടെ വൈവിധ്യങ്ങളെ ഏറെക്കുറെ സ്വീകരിച്ചിട്ടുമാണ് ഈ പുസ്തകം മുന്നോട്ടു പോയിട്ടുള്ളത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനുള്ളിൽ പലപ്പോഴായി എഴുതിയ ലേഖനങ്ങൾ സമാഹരിച്ചതാണ് സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന ഈ പുസ്തകം.








