
അഗ്നിസമുദ്രങ്ങൾ
കടന്നൊറ്റയ്ക്കൊരു പായ് വഞ്ചിതുഴനീട്ടി
അസമയത്തെത്തിയൊരഥിതി.
തടവു ചാടിയ ജയിൽ പുള്ളിയെപ്പോലെ
കാരിരുമ്പഴിക്കൂട് തകർക്കുന്ന,
കുടിയൊഴിപ്പിക്കാനാവാത്ത മോഹങ്ങൾ,
പ്രതീക്ഷകളുടെ തൂക്കു പാലങ്ങൾ കടന്ന്
അരക്ഷിത മിന്നൽ വെളിച്ചങ്ങളിൽ ചരിക്കുന്നു.
പക്ഷിച്ചിറകുകളാൽ അലംകൃതമായ
ആകാശത്ത് കാറ്റ്
നിഴൽചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു .
ഊണും ഉറക്കവുമൊഴിഞ്ഞ
ശവ സമാന ശരീരങ്ങൾ ,
സ്വയം സ്നേഹ പാഠങ്ങളുരുവിട്ടെങ്കിലും
നിവൃത്തി കേടിന്റെ താളങ്ങളിൽ നൃത്തം വച്ച
നീറിപ്പിടയുന്ന മനസ്സിൽ തെളിയുന്ന പ്രിയ മുഖങ്ങൾ,
ചോരകിനിയുന്ന പടനിലങ്ങളിലൂടെ
തീ കട്ടെടുത്തോടുന്ന ദേവനെപ്പോലെ
പ്രാണനെ ഒളിച്ചു കടത്തുന്നവർ,
ബന്ദിയാക്കപ്പെടുന്ന ജീവനുകൾ ,
കണ്ണുനീരിലടക്കം ചെയ്തിട്ടും
ലളിത ലാളനകൾ കൊതിക്കുന്ന
പാവം ഹൃദയം.
നിഷ്കളങ്ക രക്തത്തിനുമേൽ സ്ഥാപിക്കപ്പെട്ട സാമ്രാജ്യമായി ഭൂമി,
വേദനിച്ചിട്ടും കരയാനാവാത്ത മണ്ണ്.
തീക്കൊള്ളിയാനുകളായി ശരവേഗത്തിലെത്തുന്ന
മരണത്തിനോടരുതേയെന്നിരക്കുന്ന
പിഞ്ചു കൈകൾ,
വിജനദ്വീപുകൾ പണിയുന്നഹൃദയഭേദകർ,
അസംബന്ധനാടകത്തിന് കോപ്പുകൂട്ടുന്നവരുടെ
ബധിര കർണങ്ങളിൽ
അകലെയാവുന്ന കിളിയൊച്ചകൾ.
അശാന്തി പർവതങ്ങളിൽ കുടുങ്ങുന്ന
വ്യഥിത യൗവ്വനങ്ങൾ ,
രക്തം കിനിയുന്ന പാവക്കുട്ടികൾ ,
പിടഞ്ഞുകൊണ്ടിരുന്ന കൈകാലുകൾ ,
ജനാധിപത്യവും സ്വാതന്ത്ര്യവും
ഉന്മാദ ചങ്ങലയിൽ കുടുക്കിയിട്ടി യിരിക്കുന്നു,
പലായനത്തിന്റെ പായ്‌വഞ്ചി തുഴഞ്ഞെത്തിയ അതിഥി
സമാധാനത്തിന്റെ
വെള്ളരി പ്രാവുകളെ കടന്നൽ കുത്തേൽപ്പിക്കുന്ന
വിശുദ്ധ ആഘോഷങ്ങൾ
കണ്ട് മനസ്സുടഞ്ഞിരിക്കുന്നു.
