സാലഭഞ്ജിക

നൃത്തം തുടങ്ങുന്നു നീ സാലഭഞ്ജികേ!
കത്തുന്ന തീയാണ് മുന്നിൽ

രക്തം കുടിക്കുന്ന മൃത്യുഘോഷത്തിൻ്റെ-
കത്തും ശ്‌മശാനങ്ങൾ പോലെ

നിശ്ശബ്ദമെല്ലാമൊടുങ്ങുന്ന പാതിരാ-
ക്കെട്ടിന്നമാവാസി പോലെ.

ദു:ഖങ്ങളെല്ലാം മുഖം പൂഴ്ത്തി
നിൽക്കുന്ന കൽത്താമരക്കുളം പോലെ.

സത്രങ്ങളും ഉറങ്ങുന്നു പാഴ്നാവിൻ്റെ
ഖഡ്ഗങ്ങൾ ചിത്തം മുറിക്കെ;

വൃദ്ധിയിൽ, പിന്നെ ക്ഷയിച്ച് പോകും
നിലാക്കുന്നിൻ്റെയാഴത്തിലെങ്ങോ-

അന്ധകാരം ചുരുൾമേഘങ്ങളായ്
പടർന്നന്തിയ്ക്ക് കൂട്ടായിരിക്കെ;

അന്തർഗതങ്ങൾ മറയ്ക്കുന്ന നിൻ-
ശിരോമണ്ഡലം തേടി ഞാൻ വന്നു.

വീതുളിക്കൈയ്യാൽ പിളർന്ന നിൻ
മാറിലെ ശോണവടുക്കണിൽ നിന്ന്

ഘോരരണപടയോട്ടങ്ങൾ കണ്ട-
നൂറ്റാണ്ടുകളോടിവരുന്നു

തൊട്ട് നോക്കി നിൻ്റെ കൽഹൃദയം
ഞാനുമുച്ചിയിൽ സൂര്യൻ ജ്വലിക്കെ!

നൃത്തമാടുന്നുണ്ടതിന്നും ശിരോമാല്യ-
രത്നലിഖിതങ്ങൾ പോലെ,

കൃഷ്ണപക്ഷത്തിൻ്റെ ചായങ്ങൾ-
മായ്ക്കുന്ന നക്ഷത്രമണ്ഡലം കാൺകെ

നൃത്തം തുടങ്ങുന്നു നീ സാലഭഞ്ജികേ-
ചിത്രച്ചുമർക്കളം തന്നിൽ

കൊത്തിവയ്ക്കുന്ന നിന്നോർമ്മയിൽ
ബുദ്ധൻ്റെ സത്യഗയകളുണ്ടാമോ?

*ഹമ്പിയിലും, *ഹളേബീടിലും, കണ്ടത്
നിൻ പുരാവൃത്തസ്തൂപങ്ങൾ

*ബാദാമിയിൽ, *പട്ടടക്കല്ലിനപ്പുറം
കാലം നടന്നു പോകുന്നു

നിൻ്റെയോളങ്ങൾ ഘടപ്രഭേ!
കണ്ടുകണ്ടിന്നത്തെ നൂറ്റാണ്ടിലെത്തി

പിന്നിലും മുന്നിലും ചിത്രങ്ങൾ കൊത്തുന്ന
ശില്പിയെ പോലെ ഋതുക്കൾ

കൽക്കെട്ടിലല്പമിരിക്കവെ
കണ്ണിലേയ്ക്കിറ്റ് വീഴുന്ന മഴകൾ

ലുംബിനിക്കാടും കടന്ന് ബുദ്ധൻ വന്ന
ചിന്ത തൻ മേച്ചിൽപ്പുറങ്ങൾ

കല്ലിലായ് ധ്യാനരൂപത്തിലാമാമല-
ക്കുന്നിൽ തപസ്സിരിക്കുന്നു.

നീ കണ്ട ബോധോധയത്തിൻ്റെയാ-
ഗയ, സാരാനാഥിൽ ചെന്ന് നിൽക്കേ!

നൃത്തച്ചിലമ്പുകൾ നിൻ കാലിൽ
നിന്നൂർന്നു പൊട്ടിത്തെറിച്ചങ്ങ് പോകെ;

നിൻ്റെ കണ്ണിൽ  കടൽ ക്ഷോഭങ്ങളു-
ണ്ടെന്ന് കണ്ട് നിൽക്കുന്നൊരാകാശം

നിൻ്റെ കണ്ണിൽ കനൽത്തീപെയ്ത
കാലങ്ങളുണ്ടെന്ന് ചൊല്ലുന്നു കാറ്റ്.

കാലം പലായനം ചെയ്യുന്നതും കണ്ട്
നീ സാലഭഞ്ജികേ നിൽപ്പൂ.

കല്ലിലായ് വേരോടി നിൽക്കുന്ന
പൂമരച്ചില്ലയിൽ വീണ്ടും പ്രതീക്ഷ

(*ബാദാമി (വാതാപി), പട്ടടക്കല്ല് കർണ്ണാടകയിലെ ചരിത്രസ്മാരകങ്ങളാണ്  നൂറ്റാണ്ടുകൾ പഴക്കമുള്ള  ഹാസൻ ജില്ലയിലെ ഹളേബീടിലെ ചരിത്രശില്പങ്ങൾ തകർക്കപ്പെട്ട നിലയിലാണ്. ബാഗൽക്കോട്ട് ജില്ലയിലെ പട്ടടക്കല്ല്, ബെല്ലാറി ജില്ലയിലെ തുംഗഭദ്രനദിക്കരയിലെ  ഹമ്പി എന്നിവ യുണെസ്കോ പൈതൃകകേന്ദ്രങ്ങളിൾ ഉൾപ്പെട്ട ചരിത്രസ്മാരകങ്ങളാണ് )

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.