സരിത ലോഡ്ജ് : അധ്യായം മൂന്ന്

സുകന്യയുടെ കഥ ഞാൻ പറഞ്ഞുനിർത്തുമ്പോൾ, അവളുടെ ജീവിതം തുടരുന്നുണ്ട്. മനുഷ്യരുടെ കഥകൾ അങ്ങനെ മുഴുവനും പറഞ്ഞുതീർക്കാൻ ആർക്കാണ് സാധിക്കുക?

ഇനി ഞാൻ പറയുന്നത് സുമതിയമ്മയുടെ കഥയാണ്.

സുമതിയമ്മ ഒരിക്കലും എന്റെ മുറികളിൽ താമസിച്ചിട്ടില്ല. ഇപ്പോൾ പ്രായം എഴുപത്തഞ്ചു കഴിഞ്ഞിരിക്കണം. എനിക്കവരെ അറിയുന്നത് എന്റെ തിണ്ണയിൽ ഉച്ചനേരത്തു വന്നുകിടക്കുന്ന ഒരു അഗതിയായ അമ്മ എന്ന നിലയിലാണ്. ഇവിടെ താമസിച്ചു മടങ്ങിയവരിൽ ഏറ്റവും കൂടുതൽ സമയം എന്നോടു സംസാരിച്ചിട്ടുള്ളത് അവരാണ്. ഇരുപതു വർഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും ഞങ്ങൾ തമ്മിലുള്ള സൗഹൃദം ഉടലെടുത്തിട്ട്. സുമതിയമ്മക്ക് മനുഷ്യരുമായല്ല, മറിച്ച് എന്റെ വരാന്തയിലെ തൂണുകളും ചുവരുകളുമായിട്ടാണ് സൗഹൃദം. അതിനാൽ അവരുടെ കഥയാവട്ടെ അടുത്തത്.

നഗരത്തിൽ, ഗ്രാമങ്ങളിൽ ലഭ്യമല്ലാത്ത ധാരാളം ജോലികളുണ്ട്. അതുചെയ്യാൻ സന്നദ്ധരായ തൊഴിലാളികളും വേണ്ടതുണ്ട്. നഗരത്തിൽനിന്നും ഏറെ അകലെയല്ലാതെ, ഗ്രാമച്ഛവി ഇനിയും കൊഴിഞ്ഞുതീരാത്ത, നെല്ലും പച്ചക്കറികളും വിളയുന്ന വയലുകൾ ഉള്ള ഒരിടത്തുനിന്നാണ് കാലങ്ങളായി പൊന്നനും സുമതിയും നഗരത്തിൽ എത്തിയിരുന്നത്. അതിരാവിലെ ഒരു വെറും കട്ടൻ പോലും കുടിക്കാതെ, മുഖം കഴുകി, ഉമിക്കരി കൂട്ടി പല്ലൊന്ന് വൃത്തിയാക്കി, ഉടുത്ത കൈലി മാറ്റി മറ്റൊന്നുടുത്ത് ഷർട്ടും ഒരു തോർത്തുമെടുത്ത് പൊന്നൻ വീടിനു പുറത്തിറങ്ങുന്നതിനിടയിൽ സുമതിയും ഒരു വലിയ പൊട്ട് നെറ്റിയിൽ തൊട്ട്, അല്പം എണ്ണതൊട്ട് ചീകി, മുടി കെട്ടിവെച്ച് രണ്ടു തൂക്കുപാത്രം കൈയിലെടുത്ത് പൊന്നന്റെ ഒപ്പം പിടിക്കാൻ വയൽവരമ്പിലൂടെ ഓടും. രണ്ടുപേരും ബസ്സ്റ്റോപ്പിൽ വെച്ചാവും കൂട്ടിമുട്ടുക. രാവിലെ നഗരത്തിലേക്കു പണിക്കിറങ്ങുന്നവർ തിങ്ങിനിറഞ്ഞ ബസിലേക്കു നൂണ്ടുകയറി സുമതി ഒന്ന് നിശ്വസിക്കും. ടിക്കറ്റ് എടുക്കേണ്ടതു പൊന്നനാണ്. അതിരാവിലെ ബസിൽ കയറുമ്പോഴുള്ള ചില അനുഭവങ്ങൾ സുമതിതന്നെ പറഞ്ഞുള്ള അറിവുകളാണ്. അവർ അതു പറയുമ്പോൾ ഞാനതു കണ്ണിൽക്കണ്ടതു പോലെ മനസ്സിൽ നിറയ്ക്കും.

അതിരാവിലെ, ഏതു ചൂടുകാലത്തും ഒരു നനുത്ത തണുപ്പുണ്ടാവും. മഴ തുടങ്ങുമ്പോഴേ പ്രയാസമുള്ളൂ. നനുത്ത മഞ്ഞിന്റെ കുളിരിൽ പുലർകാലയാത്രയിൽ സുമതിയമ്മയുടെ ഏറ്റവും വലിയൊരാഗ്രഹമാണ് രണ്ടുപേർ ഇരിക്കുന്ന സീറ്റിൽ ഒറ്റത്തവണയെങ്കിലും പൊന്നനുമൊത്ത് യാത്ര ചെയ്യുക എന്നത്. എന്നാൽ ഒരിക്കൽപോലും അവരുടെ നാട്ടിലൂടെ ഓടിയെത്തുന്ന ബസിൽ ആൾത്തിരക്കൊഴിഞ്ഞ് അവർ കണ്ടിട്ടുമില്ല. പിന്നെ, സുമതിയമ്മയുടെ ഇത്തരം കൊതികളൊന്നും പൊന്നൻ അറിഞ്ഞിട്ടുമില്ല കേട്ടോ.

പൊന്നൻ അത്യധ്വാനിയാണ്. ബീഡി വലിക്കും, പിന്നെ വൈകുന്നേരം നാട്ടിലെ കള്ളുഷാപ്പിൽ കയറി ചെറുതായി ഒന്നു മിനുങ്ങും. അത് എന്തിനാണെന്നു ചോദിച്ചാൽ ദേഹവേദന അറിയാതെ സുഖമായി ഉറങ്ങാനാണെന്ന മറുപടി കിട്ടും. നഗരത്തിലെ ഹോട്ടലുകളിൽ വിറക് എത്തിക്കുക, ചാരം നീക്കുക, ചുമട്ടുവെളളം വേണ്ടവർക്ക് അതെത്തിക്കുക, പിന്നെ ആരെങ്കിലും വിളിച്ചാൽ മരം മുറിക്കാൻ പോകുക, കൊത്താനും കിളയ്ക്കാനും പോകുക അങ്ങനെ… ഒരു പ്രത്യേക പണിയേ ചെയ്യൂ എന്ന വാശിയൊന്നും പൊന്നനില്ല. അയാൾ എന്തും ചെയ്യും. അതിനു കൂലി കിട്ടണം. കൂട്ടുകാരില്ല. കൂട്ടുകൂടി കുടിക്കില്ല. ഉച്ചനേരത്തു കഴിക്കാനുള്ളത് തൂക്കുപാത്രത്തിൽ കരുതിയിട്ടുണ്ടാവും. ഒരു മീൻകറിയും ചോറും, രണ്ടു പച്ച കാന്താരിയും കിട്ടിയാൽ ഉച്ചഭക്ഷണമായി. ഒരുകൂടു ബീഡിയും ഈ ചോറും രണ്ടു ചായയും ആണ് പൊന്നന്റെ ദിവസച്ചെലവ്. സുമതിക്കും പൊന്നനും മക്കളുണ്ടായിരുന്നില്ല. സുമതി ആദ്യകാലങ്ങളിൽ വീട്ടുപണികൾക്കാണ് പോയിരുന്നത്. അത്യാവശ്യം മിച്ചം പിടിച്ചതു വെച്ചാണ് വീടൊരെണ്ണം തട്ടിക്കൂട്ടിയതും. ഒറ്റമുറിയും അടുക്കളയും ഇറയവും. മച്ചിക്കും അവളുടെ ആമ്പെറന്നോനും കഴിയാൻ അതു ധാരാളമല്ലേ എന്നാണ് ആ കഥ പറഞ്ഞദിവസം അവർ എന്നോടു ചോദിച്ചതും. ശരിയാണ്, രണ്ടു മനുഷ്യർക്കു കഴിയാൻ വേറെ എന്തു വേണം!

ഞാൻ കാണുമ്പോൾ സുമതി യൗവ്വനം പിന്നിട്ടിരുന്നു. വീട്ടുവേലയ്ക്കു പോയിരുന്നത് അവസാനിപ്പിച്ച് ചില ചില്ലറ കച്ചവടമൊക്കെ തുടങ്ങിയ സമയമാണത്. അപ്പോഴേക്കും പൊന്നൻ ഒരു കടയിൽ സഹായിയായി കൂടിക്കഴിഞ്ഞിരുന്നു. രണ്ടു വയർ നിറയണം, അതിനു വേണ്ടതുണ്ടാക്കിയാൽ മതിയല്ലോ. കൂടുതൽ സമ്പാദിച്ചിട്ട് ആർക്കു കൊടുക്കാൻ എന്ന ചിന്തയിൽ നിന്നാണ് കൂട്ടി നോക്കുമ്പോൾ കൂലി അല്പം കുറഞ്ഞാലും കടകളിൽ എടുത്തുകൊടുക്കുന്ന പണി മതിയെന്നു പൊന്നൻ നിശ്ചയിച്ചതും ഒപ്പം മുതുകൊടിയും വരെ പണിയെടുക്കേണ്ടതില്ല എന്നു സുമതി തീരുമാനിക്കുന്നതും. അങ്ങനെയാണ് വലിയ മാർക്കെറ്റിൽ നിന്നും പച്ചക്കറിയെടുത്ത് വിൽക്കുന്ന പണി സുമതി തുടങ്ങിയത്. അധികമൊന്നുമില്ല, ഒരു ഒമ്പതുമണിക്ക് റോഡരികിലിരുന്നാൽ ഉച്ചച്ചൂട് തലയ്ക്കു മുകളിൽ കത്തിനിൽക്കും വരെയും പിന്നെ, ഉച്ചക്കുശേഷം മൂന്നര മണിക്ക് ഒരു ചായയും കുടിച്ച് ആറര മണി വരെയും അത് തുടരും. വീടിന് മുന്നിലെ വയലിൽ കൃഷിയിറക്കിയ പയറോ പടവലമോ പാവലോ കിട്ടിയാൽ, രാവിലെ ഒരു ചാക്കിൽ കെട്ടി ബസിന്റെ മുന്നിലിട്ട് കൊണ്ടുവന്ന് അതും വിൽക്കും. നാടൻ ഐറ്റം ഉണ്ടെങ്കിൽ ഉച്ചക്കുമുന്നേ വിറ്റുതീരും. എന്നാലും വീട്ടിലേക്ക് ഉടൻ പോകില്ല. പോക്ക് വൈകുന്നേരത്തെ ബസിൽ പൊന്നനൊപ്പം തന്നെ.

ഇതായിരുന്നു സുമതിയുടെ ജീവിതം. എന്നാൽ ആ കഥകളൊക്കെ കീഴ്മേൽ മറിഞ്ഞത് പിന്നീടാണ്. അപ്പോൾ മുതലാണ് സുമതി എന്റെ തിണ്ണയിൽ വിശ്രമിക്കാൻ എത്തിത്തുടങ്ങുന്നതും.

പൊന്നനും സുമതിയും മാത്രമുള്ള കൊച്ചു വീട്ടിലേക്ക് ചില ബന്ധുക്കൾ ഇടയ്ക്കെങ്ങാനും വന്നുപോകുന്നതൊഴിച്ചാൽ തികച്ചും ഒറ്റപ്പെട്ടു ജീവിച്ചിരുന്ന രണ്ടുപേരായിരുന്നു അവർ. മിതമായ സംസാരങ്ങളും ചില ചില്ലറ കലഹങ്ങളും ഇണക്കവും പിണക്കവും നിറഞ്ഞ ആ കൊച്ചു വീട്ടിലേക്കു സങ്കടങ്ങൾ മെല്ലെ കാലെടുത്തുവെച്ചത് ഒരു ചൂടുകാലത്താണ്.

അതിരാവിലെ പതിവുപോലെ കവലയിൽ ബസ് പിടിക്കാൻ ഓടിയതാണ് പൊന്നൻ. പക്ഷേ, എങ്ങനെയെന്നറിയില്ല, രാത്രിമഞ്ഞിന്റെ നനവിൽ വഴുക്കിയ വരമ്പിൽ തെന്നി പൊന്നാനൊന്നു വീണു. പിന്നാലെ വന്ന സുമതി അതൊരു വെറും വീഴ്ചയായിട്ടാണ് കണ്ടതും. പിടിച്ചെഴുന്നേൽപ്പിച്ച്, തോട്ടിലേക്കു നടത്തി കാലൊക്കെ കഴുകിച്ച് മുന്നോട്ടു നടക്കാനായുമ്പോൾ പൊന്നനു തന്റെ കാലാകെ മരവിച്ചതുപോലൊരു തോന്നൽ. പക്ഷേ വെറുമൊരു വീഴ്ച, അതിലെന്തു വരാൻ എന്നു കരുതി മുന്നോട്ടുതന്നെ നടന്നു. ഒരുവിധത്തിൽ ബസ് വന്നുനിർത്തുന്ന വളവിലെത്തി. വേദന അരിച്ചുകയറുന്നതു പൊന്നനറിഞ്ഞു. ബസിൽ ഒരു വിധത്തിൽ കയറി. എന്തോ, ടിക്കറ്റ് എടുക്കുമ്പോൾ കമ്പോളത്തിലേക്കുള്ളതിനു പകരം ആശുപത്രിപ്പടിയെന്നാണയാൾ പറഞ്ഞത്. സർക്കാർ ആശുപത്രിയാണ്. ഒന്നു പരിശോധിക്കാം എന്നേ പൊന്നൻ ചിന്തിച്ചുള്ളൂ. അന്ന് ആശുപത്രിയിൽ ഓ പി യിൽ ടിക്കറ്റെടുത്തു കയറിയ പൊന്നൻ ഏതാണ്ട് ഒരു മാസത്തിനുശേഷമാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. അതുവരെ ഓടിനടന്നു പണി ചെയ്ത പൊന്നന് ഇടതുകാൽ മുട്ടുവരെ നഷ്ടമായിരുന്നു. ഉണ്ടായിരുന്ന ചില്ലറ സമ്പാദ്യങ്ങൾ തീർന്നു. ദാരിദ്ര്യം മെല്ലെ എത്തിനോക്കി. ഉച്ചക്ക് കുടിക്കുന്ന പഴങ്കഞ്ഞിക്കു കൂട്ടായി കാന്താരിയും ഉപ്പും മാത്രമായ ദിവസം പൊന്നൻ, സുമതിയുടെ കണ്ണിലേക്കു നോക്കി.

ആ ദിവസത്തെക്കുറിച്ച് സുമതി പറഞ്ഞത് ഇങ്ങനെയാണ്.

ഇനിയെന്ത് എന്ന ചിന്തയായിരുന്നു അങ്ങേരുടെ നോട്ടത്തിന്റെ അർത്ഥം. അങ്ങേരുടെ കൂടെ ഇറങ്ങിപ്പോന്നിട്ട് എത്ര കാലമായെന്നറിയില്ല. കുറേയേറെ ഓണം ഞങ്ങളൊന്നിച്ച് അടപ്രഥമനും പഴവും ഞെരുടി ആഘോഷിച്ചു. ഒരിക്കലും ഒരു കുഞ്ഞില്ല ഞങ്ങൾക്കെന്നു ചിന്തിച്ചിട്ടില്ല. എന്തോ ഞങ്ങൾക്കതൊന്നും ഒരു വിഷയമായിരുന്നില്ല. കൂടെ പൊറുത്തുതുടങ്ങി കുറച്ചുനാൾ കഴിഞ്ഞ് ഞാൻ ഒരു വട്ടം ചോദിച്ചു, “പൊന്നാ നമുക്ക് പിള്ളേരൊന്നും വേണ്ടേ? ആൾക്കാര് ചോദിക്കുന്നു വിശേഷമുണ്ടോ എന്ന്. എന്തു പറയും ഞാൻ?”

അന്ന് പൊന്നൻ പറഞ്ഞത് ഇങ്ങനെയാണ്, “എടീ, മക്കളൊണ്ടാവുന്നത് ദൈവഹിതമാണ്. നീ നെനച്ചിട്ടാണോ നീയൊണ്ടായത്? അല്ലല്ലോ. അങ്ങേര് തരുമ്പോ, അതിപ്പോ നിന്റെ അറുപതാം പിറന്നാളിനായാലും നമ്മളതു സ്വീകരിക്കും. എന്റമ്മക്ക് അമ്പതു കഴിഞ്ഞാണ് ഞാനൊണ്ടായത്. അതുപോലെ ചെലപ്പോ കുറേ താമസിക്കും. ചെലപ്പോ പെട്ടെന്ന് പന്നി പെറും പോലെയും മക്കളുണ്ടാവും. നമ്മൾ അതൊന്നും ചിന്തക്കണ്ട. ആര് ചോദിച്ചാലും നീയൊന്ന് ചിരിച്ചാ മതിയെടീ. മറുപടി കിട്ടാതായാൽ ചോദ്യം നിൽക്കും.”

പൊന്നൻ പറഞ്ഞതു സത്യമായി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്കു മക്കളുണ്ടോ ഇല്ലയോ എന്നത് മറ്റുള്ളവർക്ക് ഒരു വിഷയമല്ലാതായി. ഞങ്ങളും അതു മറന്നു. ഒരു രാത്രി പൊന്നനേയും കെട്ടിപ്പിടിച്ച് നിലത്തു വിരിച്ച പായയിൽ കിടക്കുമ്പോൾ പൊന്നനതു പറയേം ചെയ്തു, “എടീ, ഇതു തന്നാ അതിന്റെ ശരി. എന്തിനാ ഇതിനെടേൽ മക്കളും മരുമക്കളും. പണിയെടുക്കുന്നു, തിന്നുന്നു… ദാ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്നു, ഉറങ്ങുന്നു. ഇതു മതി കൊച്ചേ. അല്ലേലും ഒടേതമ്പുരാനറിയാം എല്ലാം.”

സത്യത്തിൽ ഞാനും അന്നതു ശരിവച്ചതാണ്.

പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോ, ആ ഉച്ചനേരത്തെ പൊന്നന്റെ നോട്ടത്തിൽ എന്തോ എനിക്ക് പൊള്ളി. പൊന്നനു പുറത്തിറങ്ങാൻ പറ്റാതായേപ്പിന്നെ ഞാനും പുറത്തേക്കിറങ്ങിയിരുന്നില്ല. മലക്കറി കച്ചവടം ഞാൻ മതിയാക്കിയതാണ്. പക്ഷേ, ഇനി പറ്റില്ല. ജീവിക്കണ്ടേ? അങ്ങനെ, അഥവാ ഒന്ന് ആശുപത്രിയിൽ കാണിക്കേണ്ടി വന്നാലും നല്ലത് ആശുപത്രിപ്പടി തന്നെയെന്നു നിശ്ചയിച്ച്, അവിടെ അടുത്തുള്ള വീടുകളിൽ നല്ല നാടൻ പച്ചക്കറി കൊടുക്കാൻ പറ്റിയാൽ അന്നന്നത്തെ ചെലവ് കാശു കിട്ടുമല്ലോ എന്നോർത്ത് കച്ചവടം തുടങ്ങി. നാട്ടുചന്തയിൽ രാവിലെ അഞ്ചുമണിക്ക് എത്തിയാൽ കുറച്ചു നാടൻ മലക്കറി കിട്ടും. ചിലപ്പോൾ ചീര, മറ്റുചിലപ്പോൾ പയറോ വെണ്ടയോ വഴുതനയോ. അത് ഒന്നോ രണ്ടോ ചാക്കിൽ കൊള്ളുന്നതേ വാങ്ങൂ. ആറരയുടെ ബസിന്റെ മുൻഭാഗത്ത് ചാക്കു കേറ്റിയിട്ട് നേരെ ആശുപത്രിപ്പടിയിലെത്തും. അവിടൊരു കടയുടെ വശത്ത് വെച്ചിട്ടുള്ള വലിയ കുട്ടയിൽ, എടുക്കാൻ പറ്റുന്നത്ര മാത്രം എടുത്ത് അടുത്തുള്ള വീടുകളിൽ ചെല്ലും. വൈകുന്നേരത്തോടെ വിറ്റുതീർന്നാൽ കുട്ടയൊക്കെ അടുക്കിവെച്ച് ഇത്തിരി മീനും വാങ്ങി ഏഴുമണി ബസിൽ തിരിച്ചുപോകും. പക്ഷേ, പ്രായം കൂടുകയല്ലേ? ഉച്ചക്ക് ഇത്തിരിനേരം ഒന്നു നടുചായ്ച്ചാൽ ഒരാശ്വാസം കിട്ടും. അപ്പോഴാണ് പൊന്നൻ പറഞ്ഞത്, നീ ആ ലോഡ്ജുമാനേജരോടു ചോദിക്ക് ഇത്തിരിനേരം ഇരുന്നോട്ടെ എന്ന്.

അങ്ങനെയാണ് സുമതി ആദ്യമായി എന്റെ ഗേറ്റുകടന്ന് അകത്തു കയറുന്നത്.

സുമതി വന്ന് ആദ്യം മാനേജറെ കണ്ടു.

“ലോഡ്ജിന്റെ പിന്നാമ്പുറത്തെ കിണറുവക്കിലെ തിണ്ണയിലേക്ക് ഇച്ചിരെനേരം ഒന്നിരുന്നോട്ടെ മോനേ, ഈ ഉച്ചച്ചൂട് സഹിക്കാൻ വയ്യ. വെയിലാറുമ്പോ അമ്മച്ചി എണീറ്റു പൊയ്ക്കോളാം” എന്നു പറയുന്നതുകേട്ടാണ് ഞാൻ അവരെ ആദ്യമായി ശ്രദ്ധിച്ചത്.

പ്രായമായ ഒരു സ്ത്രീയല്ലേ എന്നു കരുതിയോ, ആശുപത്രിക്കടുത്ത് കച്ചവടം ചെയ്യുന്നവർ എന്ന നിലയിലോ ആകാം മാനേജർ അവരെ കോമ്പോണ്ടിലേക്കു കടക്കാൻ അനുവദിച്ചത്. പലരും കിണറുവെള്ളം തേടി അവിടെ വരാറുണ്ട്. മൂത്രമൊഴിച്ചും മറ്റുമൊക്കെ പരിസരം വൃത്തികേടാക്കാൻ തുടങ്ങിയതോടെ ആരേയും ഇപ്പോൾ ലോഡ്ജിന്റെ പിന്നിലേക്കു കടക്കാൻ അനുവദിച്ചിരുന്നില്ല.

“അമ്മച്ചിക്കിവിടെ മലക്കറിക്കച്ചവടമാണ് മോനെ. പണ്ടാണെങ്കിൽ ചൂടും മഴയുമൊന്നും ഒരു പ്രശ്നമല്ല. പക്ഷേ, ഇപ്പോ വയ്യ. തല ചുറ്റുന്നു. വെയിലാറുമ്പോ ഞാൻ പൊയ്ക്കോളാം.”

അന്ന് അങ്ങനെ പറഞ്ഞുവന്ന സുമതി, കിണറ്റിൽനിന്നും വെള്ളം കോരിക്കുടിച്ച്, ആ തിണ്ണയിലേക്കു ചാഞ്ഞു. മടിയിലെ തുണിസഞ്ചിയിൽ സൂക്ഷിച്ച പണം വയറിനോടു ചേർത്തുവെച്ച് കൈത്താങ്ങ് നൽകിയാണവർ കിടന്നത്. വിണ്ടുതുടങ്ങിയ കാൽപ്പാദങ്ങൾ, ഞരമ്പു തടിച്ച മെലിഞ്ഞ കൈകൾ, നരച്ചുതുടങ്ങിയ മുടി, ഇരുണ്ടുമെലിഞ്ഞ ദേഹം… ഇതൊക്കെ ശാരീരികമായ അവശത പ്രകടമാക്കുന്നുണ്ട്. കുറച്ചുനേരം കിടന്ന് ക്ഷീണം മാറ്റിയ ശേഷം അവർ എഴുന്നേറ്റിരുന്നു. കാലും നീട്ടിയുള്ള ആ ഇരുപ്പിൽ, അന്നുമുതലാണ് ഞങ്ങൾ തമ്മിൽ മിണ്ടാട്ടം തുടങ്ങിയത്. ആ ഭാഗത്തേക്ക് പുറമേ നിന്നും മറ്റാരും വരില്ലെന്ന ധൈര്യം, താമസക്കാർക്കു ആ തിണ്ണയിലേക്കു കടക്കാനാകില്ലെന്ന അറിവ് ഇതൊക്കെയാവും സുമതിയെക്കൊണ്ടു സംസാരിപ്പിച്ചത്.

ആദ്യം പറഞ്ഞ കഥകൾ സ്വന്തം ജീവിതത്തെക്കുറിച്ചായിരുന്നെങ്കിൽ പിന്നീടത് ദിവസേനയുള്ള കഥകൾ പങ്കുവയ്ക്കുന്നതിലെത്തി. സുമതിയെത്താത്ത ഞായറാഴ്ചകളിൽ ഉച്ചനേരങ്ങളിൽ ഞാൻ ഉറക്കം തൂങ്ങി. സത്യം പറഞ്ഞാൽ സുമതി എന്റെ പുറങ്കണ്ണായി. ഞാൻ ലോകത്തെ കൂടുതൽ അറിഞ്ഞത് സുമതി പറഞ്ഞ കഥകളിൽ കൂടിയാണ്.

ഒരു ദിവസം സുമതി എത്തിയത് ആകെ കനത്ത മുഖത്തോടെയാണ്. വന്നപാടെ ഒരുതൊട്ടി വെള്ളം വലിച്ച് അതുകൊണ്ടു കൈയും കാലും മുഖവും കഴുകി, ചോറുപാത്രം തുറന്നു. കുറേനേരം അങ്ങനെയാ പാത്രത്തിനു മുന്നിൽ ഇരുന്നെങ്കിലും ഒരു വറ്റുപോലും സുമതി കഴിച്ചില്ല. അവളുടെ കണ്ണ് ചാലിട്ടു നിറഞ്ഞൊഴുകുന്നുണ്ട്. അവളൊന്നു മിണ്ടിയിരുന്നെങ്കിൽ, നെഞ്ചു വിങ്ങുന്നുണ്ടെനിക്കും. എനിക്കൊന്നു മിണ്ടാനാകുമായിരുന്നെങ്കിൽ ഞാനവളെ നെഞ്ചോടു ചേർത്തു സമാധാനിപ്പിച്ചേനെ. പക്ഷേ, അതിനൊന്നും എനിക്കു സാധിക്കില്ലല്ലോ. ഞാൻ കാത്തിരുന്നു. അവൾക്കു മിണ്ടാതിരിക്കാനാകില്ല. ഒടുവിൽ അവൾ എഴുന്നേറ്റു. പിന്നെ, മതിലിനു മുകളിലൂടെ ഓടിപ്പോകുന്ന ചെമ്പൻപൂച്ചയെ ശബ്ദമുണ്ടാക്കി വിളിച്ച് ആ പാത്രത്തിലെ ചോറും മീൻകറിയും കുഴച്ച്, കിണറ്റിൻകരയിൽ നിന്നും അല്പം മാറ്റി ഇട്ടുകൊടുത്തു. ഉടുത്ത കള്ളിമുണ്ടിനും ബ്ലൗസിനും മധ്യത്തിൽ ഒട്ടിവലിഞ്ഞ വയർ കണ്ട് എനിക്കു സഹിക്കാനായില്ല. അവൾ ഒന്നും കഴിച്ചിട്ടില്ല. ഒന്നും മിണ്ടുന്നുമില്ല. ഞാൻ കാത്തു. അന്നെന്തോ പതിവിലും നേരത്തേ ഒന്നും മിണ്ടാതെ അവൾ മടങ്ങി. സൂര്യന്റെ തീജ്വാലകൾക്ക് ഒരു മങ്ങലുമേറ്റിട്ടില്ല. ഇവൾ ഈ ചൂടിൽ ഇതെങ്ങോട്ടാണ്?

എന്റെ ആശങ്കകൾക്ക് പിറ്റേന്ന് ഉച്ചക്കേ മറുപടി കിട്ടിയുള്ളൂ. അന്ന് ഉച്ചയ്ക്ക് അവൾ വന്നപ്പോൾ കൈയിൽ ഒരു വലിയ കുട്ടയുണ്ട്. അതിനൊപ്പം ഒരു ചെറുപലകയും ചാക്കുകളും കുറച്ചു പച്ചക്കറിയും ഉണ്ടായിരുന്നു. പച്ചക്കറി അപ്പാടെ പുതിയ മാനേജർ മുത്തുവിനു നൽകി. ശേഷം കുട്ടയും ചാക്കുകളും പിന്നാമ്പുറത്ത് കൊണ്ടുവെച്ച് ഭദ്രമാക്കി.

അവൾ മുത്തുവിനോടു പറഞ്ഞു,

”മോനെ, അങ്ങേർക്ക് കൂടുതലാണ്. എപ്പോഴും ബീഡി വലിയല്ലേ. ഇപ്പോൾ മുറിച്ച കാലിൽ പഴുപ്പ് കയറിയിരിക്കുന്നു. എനിക്കറിയില്ല എന്താകുമെന്ന്. ഞാനീ ചാക്കും കൂട്ടയുമൊക്കെ ഇവിടെ വെച്ചോട്ടെ? വേറൊരു വഴിയുമില്ലാഞ്ഞിട്ടാ മോനെ. ഞാനിപ്പോ വീട്ടിൽ പോകും. എന്നിട്ട്…. എന്നിട്ട്… അറിയില്ല…”

“ചേച്ചി സമാധാനമായിട്ട് പോയി വാ. സാധനങ്ങൾ അവിടിരിക്കട്ടെ. അങ്ങോട്ടാരും പോകില്ല.”

സുമതി കണ്ണുതുടച്ച് അന്നു പോയശേഷം പിന്നെ ഞാനവളെ കാണുന്നത് ഒന്നൊന്നര മാസത്തിനുശേഷമാണ്.

സുമതിയുടെ നാട്ടുകാരനാണ് മുത്തു. ആ പരിചയം കൊണ്ടാണ് സാധനങ്ങൾ സൂക്ഷിക്കാൻ മുത്തു അനുവാദം കൊടുത്തത്. അയാളുടെ സംസാരത്തിൽ നിന്നാണ് ആ ഒന്നര മാസത്തിനിടയിൽ നടന്ന കഥകൾ ഞാനറിഞ്ഞതും.

അന്ന് സുമതി പോയത് വീട്ടിലേക്കായിരുന്നില്ല. ആശുപത്രിയിലേക്കായിരുന്നു. വീട്ടുമുറ്റത്തു വീണുകിടന്ന പൊന്നനെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാരിൽ ചിലരാണ്. അവർ പറഞ്ഞു വിവരമറിഞ്ഞാണ് സുമതി പൊന്നനടുത്തേക്കു പാഞ്ഞതും. അവിടെയെത്തുമ്പോൾ പൊന്നന് പാതി ബോധമേയുള്ളൂ. എന്നിട്ടും അയാൾ സുമതിയെ തിരിച്ചറിഞ്ഞു.

“എനിക്കൊന്നും തരാൻ പറ്റിയില്ലെടീ പെണ്ണേ…”എന്ന് അവ്യക്തമായി പറഞ്ഞു. പൊന്നനു പിന്നീട് ബോധം തിരികെ കിട്ടിയില്ല. അബോധാവസ്ഥയിൽ വീണ്ടും രണ്ടുനാൾകൂടി തുടർന്ന് പൊന്നൻ കടന്നുപോയി. ആ ഒറ്റമുറിവീട്ടിൽ സുമതി ഏകയായി. ചില ബന്ധുക്കൾ ഒരാഴ്ച അവൾക്കൊപ്പം വന്നും നിന്നും കൂട്ടിരുന്നു. അവരും മടങ്ങിയതോടെ സുമതിയുടെ വീട് മരണവീടിന്റെ നിർവികാരത ഉപേക്ഷിക്കാതെ നിലകൊണ്ടു. പിന്നേയും ഏതാണ്ട് ഒരു മാസം കടന്നുപോയശേഷമാണ് സുമതി വീണ്ടും പുറത്തേക്കിറങ്ങിയത്.

അന്നാണവൾ വീണ്ടും എന്റെ തിണ്ണയിലേക്കു വന്നത്.
സുമതീ, നീ ദുഃഖിക്കരുത് എന്നൊക്കെ സമാധാനിപ്പിക്കാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാൽ സുമതി അവിടെവന്ന് മെല്ലെ നിലത്തേക്കു കിടന്നു കരയുകയാണ് ചെയ്തത്. എന്തു പറഞ്ഞാശ്വസിപ്പിക്കും അവളെ?

പോട്ടെ ജീവിതം ഇങ്ങനാണ് എന്ന തത്വചിന്തയോ, അതോ നീ എല്ലാം മറക്കണമെന്നോ?

ചില സമയങ്ങളിൽ വാക്കുകൾ വെറും അർത്ഥശൂന്യശബ്ദങ്ങൾ മാത്രമാണ്. എനിക്കൊരു പൊള്ളവാക്കും അവളോടു പറയാനാകില്ല. അവൾ മിണ്ടിത്തുടങ്ങാൻ ഞാൻ കാത്തിരുന്നു.

കരഞ്ഞുകരഞ്ഞ് വീർത്ത കൺപോളകളുമായി അവൾ എഴുന്നേറ്റിരുന്നു. വിളർത്തുമെലിഞ്ഞ്, ദേഹം ചുക്കിച്ചുളിഞ്ഞ് വാർദ്ധക്യം അവളിലേക്കു ആഴ്ന്നിറങ്ങി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

പെട്ടെന്നാണ് അവൾ വീണ്ടും പൊട്ടിക്കരഞ്ഞത്…. ആർക്കുവേണ്ടി ഞാൻ.. . എന്നുമാത്രം വാക്കുകൾ പുറത്തേക്കു ചിതറിവീണു. കുറച്ചേറെ നേരത്തിനുശേഷം അവൾ മടങ്ങി. പിന്നീട് എല്ലാ ദിവസവും അവളെത്തി. ചെമ്പൻ പൂച്ചക്ക് രണ്ടുരുളച്ചോറ് അപ്പോഴൊക്കെ കരുതിയിട്ടുണ്ടാകും.

അങ്ങനെയൊരു ദിവസം അവൾ ആ കഥ പറഞ്ഞു, സപ്രമഞ്ചക്കട്ടിൽ കഥ. പൊന്നനും സുമതിയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ നാളുകളിലൊന്നിൽ പൊന്നൻ പറഞ്ഞത്രേ, ”പെണ്ണേ എന്നും ഈ പഴമ്പായിലാകും ഉറക്കം എന്നു നീ കരുതണ്ട. ഒരിക്കൽ ഞാനും വാങ്ങുമെടീ ഒരു കട്ടിൽ, നല്ല അസ്സൽ കരിവീട്ടിയിൽ കടഞ്ഞ സപ്രമഞ്ചക്കട്ടിൽ. നോക്കിക്കോ, മഹാറാണിയായി അതിൽ നിന്നെ ഞാൻ കിടത്തും.”

അന്നതു കേട്ട് എന്താണപ്പാ സപ്രമഞ്ചക്കട്ടിൽ എന്നു ചോദിച്ചപ്പോൾ, രാജാക്കന്മാർ കിടന്നുറങ്ങുന്ന കട്ടിലാണെന്നാണ് മറുപടി കിട്ടിയത്. സപ്രമഞ്ചമൊന്നും കിട്ടിയില്ലെങ്കിലും കുറേക്കാലം കഴിഞ്ഞ് ഏതായാലും ഒരു കട്ടിൽ വാങ്ങിയെന്നും അതു വാങ്ങിയ രാത്രി നമ്മുടെ സപ്രമഞ്ചം ഇതാണെടീ എന്നുപറഞ്ഞ് കെട്ടിപ്പിടിക്കുമ്പോൾ പൊന്നന്റെ കണ്ണിൽ ഇച്ഛാഭംഗം കണ്ടിരുന്നെന്നും സുമതി ഉറപ്പിച്ചു പറഞ്ഞു.

ഇപ്പോ പൊന്നന്റെ സപ്രമഞ്ചത്തിൽ കിടക്കാൻ ഒരാളേ ഉള്ളൂ എന്നും പറഞ്ഞ് കണ്ണുതുടച്ചാണ് അന്നു സുമതി കഥ നിർത്തിയത്.

നമ്മളെ സ്നേഹിക്കാൻ പത്തും പതിനഞ്ചും മനുഷ്യരൊന്നും വേണ്ട, ഒറ്റ ഒരാൾമതി. ശ്വാസത്തിന്റെ, ഒരു നോട്ടത്തിന്റെ, പറയാത്ത വാക്കിന്റെ അർത്ഥം അറിയുന്ന ഒരാൾ. അങ്ങനൊരാളായിരുന്നു സുമതിക്ക് പൊന്നൻ. സത്യത്തിൽ ഇനി സുമതിയുടെ ജീവിതം നിറം നഷ്ടമായ ഒന്നാണ്. ഒരാളെയും പൊന്നന് പകരം വയ്ക്കാനാവില്ല.

ഞാനങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരിക്കവേ സുമതി ഒരിക്കൽ പറഞ്ഞു, “അറിയാവോ, ഞാനിങ്ങനെ ജീവിക്കുന്നതിൽ കാര്യമുണ്ടോ? ജീവനുണ്ട്. എന്നാൽ ജീവിതമുണ്ടോ? എന്ത് ജീവിതമാണിത്!”

കാലം കൊഴിഞ്ഞടർന്നപ്പോൾ സുമതി കൂടുതൽ ദുർബലയും വൃദ്ധയുമായി. വിറയ്ക്കുന്ന കാലുകൾ വേച്ചു വേച്ചു നീട്ടിവെച്ച് എന്നും നഗരത്തിലെത്തുന്നവൾ. ഒരു ദിവസം അവൾ യാത്ര പറയാനെത്തി.

“വയസ്സ് എഴുപതു കഴിഞ്ഞു. ഇനി ഒറ്റക്കു വയ്യ. ഒരു വൃദ്ധസദനത്തിലേക്കു പോകുകയാണ്. വീടും സ്ഥലവും കാലശേഷം ആ സ്ഥാപനത്തിന് നൽകും.”

പോകും മുൻപ് പുതുതായി വെച്ച പൈപ്പു തുറന്ന് കുറേ വെള്ളം കുടിച്ചശേഷം അവൾ നിരത്തിലേക്കിറങ്ങി നടന്നു മറഞ്ഞു.

സുമതിയും പൊന്നനും എന്റെ പ്രാണനെപ്പോലെ ഞാൻ കരുതിയുറപ്പിച്ചവർ. അവർ ഇനിയൊരിക്കലും എന്റെ മുറ്റത്ത് എത്തുകയില്ല. ഞാനും കണ്ണുതുടച്ചു.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.