
സുനീതിയുടെ കഥ
കഥ പറയാൻ നിശ്ചയിച്ചാൽപ്പിന്നെ മുന്നൊരുക്കങ്ങൾ വേണ്ടതുണ്ട്. പറയേണ്ടതൊക്കെ ഓർത്തെടുക്കണം. അതിൽ നിന്നും ഒഴിവാക്കേണ്ടവ ഒഴിവാക്കണം.
ഒഴിവാക്കേണ്ടവയോ എന്നു നെറ്റിചുളിഞ്ഞോ? അതെ, ചില വസ്തുതകൾ അതു നിറം പിടിപ്പിച്ച നുണകളേക്കാൾ ഭയപ്പെടുത്തുന്നവയാണ്. അവ ഒരിക്കലും ഒരു ചുണ്ടിൽനിന്നും മറുകാതിലേക്ക് എത്തിപ്പെടാനുള്ളവയല്ല. അവ എനിക്കൊപ്പം അവസാനിക്കേണ്ടതുണ്ട്. എന്നിരുന്നാലും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതൊക്കെ നിങ്ങളുമായി ഞാൻ പങ്കിടാതിരിക്കില്ല. അസത്യവും പറയില്ല. അതെന്റെ വാക്ക്. എഴുതപ്പെട്ട ആത്മകഥകളിൽ നിറം പിടിപ്പിച്ച ആത്മരതികളല്ലെന്നുറപ്പിക്കാവുന്ന എത്രയെണ്ണം ചൂണ്ടിക്കാട്ടാനാവും? എന്നാൽ ഒന്നുറപ്പിക്കാം എന്റെ ഈ മരണമൊഴിയിൽ അതിന്റെ ആവശ്യമേ ഇല്ല. ഞാൻ എല്ലാം കാണുന്നവളാണ്. ഈശ്വരനെപ്പോലെ എന്നു പറഞ്ഞാലും അതിശയോക്തിയല്ലത്. ഈശ്വരനോ? അത്രത്തോളം പോകണമോ എന്നൊക്കെ ചിന്തിക്കുംമുൻപു പറയാം, തൂണിലും തുരുമ്പിലും ഈശ്വരനുണ്ട്. ഈ സത്രത്തിന്റെ തൂണിലും തുണിയിലും ഞാനുമുണ്ട്. വിവസ്ത്രതയും രതിപാരവശ്യങ്ങളും നിരാശയും അമർഷവും ഗതികേടും കബളിപ്പിച്ചതിന്റെ ആനന്ദവും ഒക്കെ എന്റെ കണ്ണിൽ മാറിമറിയുന്ന അവസ്ഥകൾ മാത്രം. ഏതായാലും കഥയിലേക്ക് അഥവാ കാര്യത്തിലേക്കു വരാം,
ആദ്യ കാര്യക്കഥ സുനീതിയെക്കുറിച്ചാണ്.
തന്റെ മകൻ, സപത്നിയാൽ അപമാനിക്കപ്പെട്ടതറിഞ്ഞു മനസ്സ് തകർന്ന, ഉത്താനപാദന്റെ ഭാര്യ, ധ്രുവന്റെ അമ്മയായ സുനീതിയെക്കുറിച്ചല്ല, മറിച്ച് നീതിയെ, അപ്രിയ സത്യത്തെ, മറച്ചുനിർത്തി ജീവിതം മുന്നോട്ടോടിച്ച സുനീതിയുടെ കഥയാണ് ആദ്യത്തേത്.
ഞാനവളെ ആദ്യം കണ്ടത് ഒരു പകലാണ്. അതെത്ര വർഷം മുന്നേയാണ്! അന്നവൾ ഒരു ഹാഫ് സാരി ചുറ്റിയിരുന്നു. വയലറ്റ് പൂക്കളുള്ള കറുത്ത പാവാട, കറുത്ത ബ്ലൗസ്, വെളുത്ത ദാവണി. അതാ വെളുത്ത സുന്ദരിക്കു നന്നായിച്ചേരുന്നുണ്ടായിരുന്നു. അരയ്ക്കു മുകളിലെത്തുംവിധം ചുവന്ന റിബ്ബൺ കെട്ടി മെടഞ്ഞിട്ട അവളുടെ മുടിയുടെ കനം എന്നെ കൊതിപ്പിച്ചു. കാലിലെ വെള്ളിക്കൊലുസ് രാപ്പനിയേറ്റു കറുത്തിരുന്നു. ഒരു ചെറിയ മുത്തുമാലയും, അതിനും മുകളിലൊരു കറുത്ത ചരടിൽ കോർത്ത വെള്ളി ഏലസും അവളുടെ കഴുത്തിൽ ആഭരണങ്ങളായപ്പോൾ ഒരു ചെറിയ ഇയർറിങ്ങ് കാതിൽ ഞാന്നു കിടന്നു. അതിന്റെ കിന്നരികൾ അവളുടെ കവിളിൽ അമർന്നതുകൊണ്ടാവാം ചതുങ്ങിയിരുന്നു. മുടിക്കെട്ടിൽ ഒരു മുല്ലപ്പൂ മാത്രം മുടിയിഴകൾക്കിടയിൽ മറഞ്ഞിരുന്നു. ആ ഒരെണ്ണം പടർത്തിയ നറുമണമാണ് സത്യത്തിലെന്നെ മയക്കത്തിൽ നിന്നുണർത്തിയതും.
അന്നവിടെ അധികം തിരക്കുണ്ടായിരുന്നില്ല. നഗരത്തിലെ സർക്കാർ ആശുപത്രിയിൽ തുടർചികിത്സകൾക്കായി ദൂരദേശത്തുനിന്നും വന്ന രോഗികളും കൂട്ടിരിപ്പുകാരും മടങ്ങിപ്പോയിരുന്നു. പുതിയവർ വൈകുന്നേരത്തെ ട്രെയിനിൽ വന്നണയുംവരെ ഒരു നിശ്ശബ്ദതയാണു ചുറ്റിലും. രണ്ടു നിലയിലായി ഇരുപതു മുറികൾ. അതിൽ ഓഫീസ് മുറിയും കെയർടേക്കർമാർക്ക് വിശ്രമിക്കാനുള്ള മുറികളും കഴിഞ്ഞാൽ പതിനെട്ടു മുറികൾ സത്രം തേടി എത്തുന്നവർക്കുള്ളതാണ്. നഗരത്തിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മാസവാടകക്കാർ അഞ്ചുപേരും മുറികൾ പൂട്ടി ഓഫീസിലേക്കു പോയിക്കഴിഞ്ഞിരുന്നു. താഴത്തെ നിലയിലെ മൂന്നാം നമ്പർ മുറിയിലും മുകളിലെ നൂറ്റിയഞ്ചാം മുറിയിലും മാത്രം താമസക്കാർ ഉണ്ടായിരുന്നു. മൂന്നാം നമ്പർ മുറിയിൽ തങ്ങിയത് ഒരു ഭർത്താവും ഭാര്യയുമാണ്. അവർ ചികിത്സ തേടിവന്നവരാണ്. അതിന്റെ കനത്ത ദുഃഖം അവരുടെ മുഖത്തു പ്രകടവുമായിരുന്നു. നൂറ്റിയഞ്ചിൽ നഗരത്തിൽ തൊഴിൽ തേടിയെത്തിയ ഒരു ഹൈറേഞ്ചുകാരൻ പയ്യനായിരുന്നു താമസം. ഒരു മാസത്തെ കാശ് പറഞ്ഞുറപ്പിച്ചാണ് അവൻ താമസം തുടങ്ങിയത്. അവനന്ന് പുറത്തുപോയിരുന്നില്ല. ഒമ്പതു മണിയോടെ കൈയിൽ കറുത്ത ഫയലിൽ സർട്ടിഫിക്കറ്റുകളും കുത്തിനിറച്ച്, പോൺസ് പൗഡർ കുടഞ്ഞിട്ട സുഗന്ധം പരക്കുന്ന ഷർട്ടും പാന്റും ധരിച്ച് അവൻ ഇറങ്ങി നടക്കുമ്പോൾ ഞാൻ ആശീർവദിച്ചിരുന്നു, അവൻ ജോലി കിട്ടിയെന്ന വാർത്തയുമായിട്ടാവണം തിരിച്ചുവരേണ്ടതെന്ന്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും കാര്യമായ പുരോഗതി അക്കാര്യത്തിൽ ഉണ്ടായിട്ടില്ല.
പറഞ്ഞു വരുന്നത് വഴി മാറിപ്പോകുന്നല്ലേ?
സുനീതിയിലേക്കു വരാം.
അന്നവൾ വന്നത് ഒറ്റയ്ക്കായിരുന്നില്ല. കൺമഷി പടർന്ന കണ്ണുകളിൽ ഒളിച്ചുകളിച്ച നാണത്തിൽനിന്ന് ഒപ്പം വന്നിരിക്കുന്ന ആൾ അവളുടെ കാമുകനാണെന്നു മാത്രം എനിക്കു കണ്ടെത്താനായി. ഇരുണ്ട നിറമുള്ള, ഉറച്ച പേശികളുള്ള അയാൾ സുന്ദരനല്ല എന്നു പറയാനാകില്ല. വളരെ ധൃതിയിലായിരുന്നു അയാളുടെ നീക്കങ്ങൾ. മിസ്റ്റർ ആൻഡ് മിസിസ് വിജയൻ എന്ന പേരിൽ അവളുടെ പേര് ഒളിപ്പിച്ചുപിടിക്കാനുള്ള അയാളുടെ വ്യഗ്രത എന്നെ രസിപ്പിച്ചു. ഇത്തരം നാടകങ്ങൾ നിത്യേന കാണുന്ന റിസപ്ഷനിസ്റ്റ് ഗോപിയും റൂംബോയി അബുവും മുഖത്തു യാതൊരു ഭാവഭേദവും വരുത്താതെ അഡ്വാൻസ് കാശിൽ മാത്രം മുഖം നട്ടു. ഉടനെ അബു മുകൾനിലയിലെ നൂറാം നമ്പർ മുറിയുടെ താക്കോലും പുതിയ ബഡ്ഷീറ്റുമെടുത്ത് മുന്നിൽ നടന്നു.
‘സുനീതി, വരൂ’ എന്ന വിളിയിൽ അവളുടെ പേര് ഞങ്ങൾക്കു വെളിപ്പെട്ടുകിട്ടി. ധ്രുവനക്ഷത്രത്തിന്റെ അമ്മയാകേണ്ടവൾ, അവൾ ഇനി എത്തരം ജീവിതമാകും നയിക്കുക?
അല്ല, മറ്റൊരാളിന്റെ ജീവിതം ഇങ്ങനെ ചുഴിഞ്ഞുനോക്കുന്നതു ശരിയോ? ഞാൻ അവളിൽ നിന്നും ശ്രദ്ധ മാറ്റി.
ഒന്നാം നിലയിൽ നൂറാം നമ്പർ മുറിയുടെ വാതിലടഞ്ഞു.
“നിനക്കു സമാധാനമായോ? ഞാൻ പറഞ്ഞില്ലേ ഇതിലൊന്നും പേടിക്കാനില്ലെന്ന്. നമ്മൾ ആശുപത്രിയിൽ വന്നു. ഡോക്ടറെ കണ്ടു മടങ്ങിച്ചെല്ലുന്നു. അത്ര തന്നെ. അതിനിടയിൽ ഞാനോ നീയോ എവിടെപ്പോയി എന്നതൊന്നും ആരും ശ്രദ്ധിക്കില്ല.” അയാൾ അവളെ തന്നിലേക്കല്പം ബലമായി ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു.
“എനിക്കു പേടിയുണ്ട്. അമ്മയറിഞ്ഞാൽ? അമ്മാവന്മാരറിഞ്ഞാൽ? അവരെന്നെ വെട്ടിക്കൊല്ലും. ഉറപ്പാണ്.”
അവൾ അയാളുടെ നെഞ്ചിലേക്കു മുഖം ചേർത്തുകൊണ്ടാണതു പറഞ്ഞത്.
“അത്ര പേടിയാണെങ്കിൽ നീ തിരിച്ചു പൊയ്ക്കോ…’
അയാൾ അവളെ തള്ളിമാറ്റി.
അവളുടെ കണ്ണുനിറഞ്ഞു. ”അതല്ല, ഞാൻ… എനിക്ക്….” അവൾ വിക്കി.
അയാൾ പഴയതിലും ആവേശത്തിൽ അവളെ വരിഞ്ഞുപിടിച്ചു.
ഞാൻ കണ്ണുകൾ പിൻവലിച്ചു. കാരണം ഇനി അവിടെ നടക്കുന്നത് എനിക്കു കാണാപ്പാഠമാണ്. ആദ്യത്തെ എതിർപ്പ്, പിന്നത്തെ മൗനസമ്മതം, ഒടുവിലെ കുറ്റബോധവും കരച്ചിലും. ഒന്നും പതിവുതെറ്റിച്ചില്ല. ഒന്നു കുളിച്ച്, കറുപ്പിൽ വയലറ്റുപുള്ളിപ്പാവാടയ്ക്കു പകരം ചുവപ്പിൽ ചെറിയ റോസുപൂക്കളുള്ള പാവാടയുടുത്താണ് അവൾ പുറത്തിറങ്ങിയത്. ചുറ്റും നോക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. അയാൾക്കു മുന്നിൽ വേഗത്തിൽ നടന്ന് അവൾ ലോഡ്ജിന്റെ ഗേറ്റുകടന്ന് ഒരു മാത്ര അയാൾക്കായി കാത്തുനിന്നു. അയാളും തിടുക്കത്തിലായിരുന്നു. എന്നിരിക്കിലും അയാൾ അബു കാണാതെ ഗോപിയുമായി ഒരു ആശയ വിനിമയം നടത്തിയതു ഞാൻ കണ്ടെത്തി. അയാൾ പുറത്തിറങ്ങിയതിനു പിന്നാലെ അവിടേക്കു വന്ന അബു തിടുക്കപ്പെട്ട് ആ താക്കോലുമായി നൂറാം നമ്പർ മുറിയിലേക്കോടി.
വന്നത് കന്യകയാണോ എന്നറിയണം. അതാണാ പാച്ചിലിനു പിന്നിൽ. മുറി തുറന്ന് അകത്തു കയറി കട്ടിലിലെ മങ്ങിയ വെള്ളവിരിയിൽ സൂക്ഷ്മ വീക്ഷണം നടത്തി അവൻ ആ യാഥാർത്ഥ്യം കണ്ടെത്തി. അതെ, അവൾ കന്യകയാണ്! അവൻ പടിയിറങ്ങി വരുന്നതു നോക്കിയിരുന്ന ഗോപിയോട് അക്കാര്യം അവൻ ആവർത്തിച്ചു. “അണ്ണാ, കൊച്ചു പെണ്ണണ്ണാ…. അതിന്റെ കാര്യം തീരുമാനമായി.” ഗോപി ഗൂഢമായിച്ചിരിച്ചു.
ഒരു സത്രം സൂക്ഷിപ്പുകാരന്റെ നിഗൂഢമായ ആനന്ദങ്ങളാണിതൊക്കെ.
ആ നേരംപോക്കിനോടു വിടപറഞ്ഞ് ഗോപിയും അബുവും അടുത്ത കാര്യങ്ങളിലേക്കു കടന്നു.
സുനീതിയുടെ കഥ അവിടെ അവസാനിക്കുകയായിരുന്നില്ല, ആരംഭിക്കുകയായിരുന്നു. നാട്ടിൻപുറത്തെ, അച്ഛൻ ഉപേക്ഷിച്ച, അമ്മയുടെ തണലിൽ വളർന്ന പെൺകുട്ടി നഗരത്തിന്റെ കബളിപ്പിക്കലിന് ഇരയായിരിക്കുന്നു. വിജയനെന്ന വേട്ടക്കാരന്റെ അനേകം ഇരകളിൽ ഒരുവൾ മാത്രമായിരുന്ന അവൾക്ക്, ജീവിതം മുന്നിൽ തളർന്നു കിടന്നപ്പോൾ ഒരു ജോലി അത്യാവശ്യമായി. ഒരു കടയിൽ തൂപ്പുജോലിയാണ് ആദ്യം അവൾക്കു കിട്ടിയത്. അതുകൊണ്ട് എന്താവാൻ? വിജയൻ അപ്പോഴും അവളെ വിട്ടൊഴിഞ്ഞിരുന്നുമില്ല. ഇപ്പോൾ വിജയനുവേണ്ടിയല്ല, ആവശ്യക്കാർ മാറിമറിയുന്നു. ഉച്ചഭക്ഷണ ഇടവേളകളിൽ അവൾ അധികജോലി ചെയ്തു. ഗോപി ഇല്ലാത്ത ഒരു ദിവസം അബുവും, അബു അറിയാതെ ഗോപിയും അവളുടെ ഇടപാടുകാരായി. അതിനും ശേഷമാണ് ഇക്കഥകൾ ഒന്നുമറിയാതെ, തൊട്ടടുത്ത പെയിന്റ്കടയിൽ ജോലിക്കെത്തിയ സുരേഷുമായി അവൾ പ്രണയത്തിലായത്.
“എടീ പെണ്ണേ, എനിക്കു നിന്റെ പിന്നാലെ പാട്ടു പാടി നടക്കാനൊന്നും പറ്റില്ല, എനിക്കു നിന്നെ കെട്ടണം. സമ്മതമാണോ?” ഇതുമാത്രമേ സുരേഷ് അവളോടു ചോദിച്ചുള്ളൂ. “എന്നെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?” എന്ന അവളുടെ ചോദ്യം അവൻ പുച്ഛിച്ചു തള്ളി. അതോടെ നിരുപാധികം അവൾ സമ്മതം മൂളി.
അവൻ അവളെ കെട്ടാൻ നിശ്ചയിച്ച കാര്യം സ്വന്തം വീട്ടിൽ അറിയിച്ചു. അഞ്ച് ആൺമക്കളിൽ ഒരുത്തൻകൂടി പെണ്ണുകെട്ടുന്നു എന്നതിനപ്പുറം എട്ടു മക്കളുള്ള ഗോപിക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. കെട്ടാൻ ആയാൽ പോറ്റാനാകണം. ഇല്ലെങ്കിൽ രണ്ടുപേരും വേല ചെയ്ത് അന്നത്തിനുള്ള വക കണ്ടെത്തണം. താനും അങ്ങനെ തന്നെയായിരുന്നു. ഗോപിക്കൊരു തുണയില്ലെന്നു കണ്ട് ആരും പെണ്ണന്വേഷിച്ചില്ല. സ്വയം ഒരു തോന്നൽ തോന്നിയപ്പോൾ കൂടെ പോരുമെന്ന് ഉറപ്പുള്ള ഒരുത്തിയെ കെട്ടുകയായിരുന്നു. ചെന്നു കാര്യം പറഞ്ഞു വിളിച്ചിറക്കി കൊണ്ടുവന്ന് വീടിനോടു ചേർന്ന് ഒരു ചായ്പ്പു കെട്ടി പൊറുതി തുടങ്ങുകയായിരുന്നു. മകനും അത്രയൊക്കെത്തന്നെ മതി. ഗോപിയും ഭാവി മരുമകളെക്കുറിച്ചന്വേഷിച്ചില്ല.
മാരിയമ്മൻ കോവിലിൽ ചെന്നു മഞ്ഞച്ചരടിൽ താലി കോർത്തു സുരേഷ് സുനീതിയെ സ്വന്തമാക്കി.
ഒരു പുതുപ്പെണ്ണിന്റെ പ്രണയവശ്യതയോടെ അവൾ അവന്റെ ഇണയായി.
മകന്റെ വിവാഹത്തിന്റെയന്നു രാത്രിയിൽ ലോഡ്ജിൽ നടന്ന മദ്യസത്കാരത്തിൽ വിജയനും ഗോപിയും അബുവും ഒക്കെ പഴയ പല വീരകഥകളും അയവിറക്കുന്നതിനിടയിൽ സുനീതിയെക്കുറിച്ചും പറഞ്ഞു രസിച്ചു.
“അതൊരു വരാലു പോലെ…”
പറഞ്ഞത് വിജയനാണ്.
“അത്രയ്ക്കുണ്ടോ? കൊള്ളാം, പിന്നാ മുടി, അതാണെന്നെ ലഹരിപിടിപ്പിച്ചത്. ബാക്കിയൊക്കെ ആരു കണ്ടു!” ഗോപി പറഞ്ഞു.
എന്തോ, ഭോഗിച്ച പെണ്ണുങ്ങളിൽ പ്രണയം തോന്നിയതു സുനീതിയോടായതിനാലാവും അബു അവളുടെ കാര്യത്തിൽ നിശ്ശബ്ദനായി.
രാവു പുലരുംവരെ ചാരായത്തിലാറാടി അവർ കല്യാണരാവ് ആഘോഷിച്ചു.
സുരേഷിന്റെയും സുനീതിയുടേയും കെട്ടുകഴിഞ്ഞ് മാസം ഒന്നുകഴിഞ്ഞാണ് ഗോപി തന്റെ വീട്ടിൽ നിൽക്കുന്ന സുനീതിയെക്കാണുന്നത്. ഭാര്യ പറഞ്ഞ് വിശേഷമറിഞ്ഞ അയാൾ വേഗം മടങ്ങി ലോഡ്ജിലെത്തി.
പിറ്റേന്ന് അബു അയാളെ ഫാനിൽ, ഉടുത്തലുങ്കിയിൽ തൂങ്ങി നിൽക്കുന്നതു കണ്ടെത്തുംവരെ അയാളുടെ മരണപ്രവേശം ഞാൻ മാത്രമേ കണ്ടുള്ളൂ, അറിഞ്ഞുള്ളൂ.
തുറന്നു പറയട്ടെ, ആ മരണം ഞാനും കൊതിച്ചതാണ്.
രാത്രി വൈകി അയാൾ വന്നു കയറിയതും, ചില കണക്കുകൾ ഡയറിയിൽ കുറിച്ചിട്ടതും ഞാൻ കണ്ടു. പിന്നെ, നൂറാം നമ്പർ മുറിയുടെ തോക്കോൽ കണ്ടെത്തി (അന്നും അതിൽ ആളുണ്ടായിരുന്നില്ല രാപാർക്കാൻ ) മുറിയിലേക്കു കടന്ന്, മുറി ചാരി, അയാൾ വിങ്ങിക്കരഞ്ഞു. സുനീതിയെ ആദ്യം കണ്ട കാഴ്ച മുതൽ വൈകുന്നേരം വീട്ടിൽ കണ്ട കാഴ്ച വരെ അയാൾ എണ്ണി.
ആർക്കാണ് തെറ്റിയത്?
അന്വേഷിക്കാതെ, അറിയാതെ വിവാഹം കഴിച്ച മകനോ?
സ്വന്തം ജീവിതവഴി കൃത്യമായി അറിഞ്ഞിട്ടും വിവാഹത്തിനു സമ്മതിച്ച അവൾക്കോ?
അപരിചിതയായ, മകളുടെ പ്രായമുള്ള പെൺകുട്ടിയോടു കാമം തീർത്ത തനിക്കോ?
ഒരുകുപ്പി ചാരായത്തിനും അയാൾക്ക് ഉത്തരം നൽകാനായില്ല!
ഒടുവിൽ ഒരു ആത്മഹത്യാക്കുറിപ്പു പോലും എഴുതാൻ നിൽക്കാതെ ഫാനിൽ സ്വന്തം ലുങ്കി അഴിച്ചു കുരുക്കിട്ട് അയാൾ ഉത്തരം കിട്ടാൻ അവസാന വഴി കണ്ടെത്തി.
അയാൾക്ക് ഉത്തരം കിട്ടിയിരിക്കുമോ, എനിക്കറിയില്ല.
ഒന്നു പറയട്ടെ, സുനീതി വീണ്ടും വന്നു, നൂറാം നമ്പർ മുറിയിൽ അവൾ പിന്നീടും പലവട്ടം ഉച്ചനേരങ്ങളിൽ വന്നുപോയി. അങ്ങനെ കിട്ടിയ നൂറിന്റെ, അമ്പതിന്റെ, ഇരുപതിന്റെ മുഷിഞ്ഞ നോട്ടുകൾ ചേർത്ത് അവളൊരു വീടുവെച്ചു. സുരേഷാണ് ആ വീടിനു പേരിട്ടത്. ഗോപീനിലയം!
ആ പേര് സുനീതിയെ തെല്ലും അസ്വസ്ഥയാക്കിയില്ല എന്നത് എന്നെയും അത്ഭുതപ്പെടുത്തി.
അക്കാലത്താണ് ഒരു ദിവസം സുനീതി ലോഡ്ജിലേക്ക് ഒറ്റയ്ക്കു വരുന്നതും നൂറാം നമ്പർ മുറിതന്നെ ചോദിച്ചു വാങ്ങുന്നതും. ഗോപി മരിച്ചശേഷം അബുവും എന്നെ വിട്ടുപോയിരുന്നു. മുറി കുറ്റിയിട്ട് അവൾ ആ കട്ടിലിൽ മലർന്നു കിടന്നു. പിന്നെ എഴുന്നേറ്റ് പുറത്തേക്കുള്ള ഏക ജനാല തുറന്നിട്ടു. കാൽമുട്ടുകൾക്കിടയിൽ തലവെച്ച് അവൾ കുറേ കരഞ്ഞു. പിന്നെ ബാഗിൽ നിന്നും ഒരു പുള്ളിപ്പാവാട പുറത്തെടുത്തു. ഞാനതു മുൻപ് കണ്ടിട്ടുണ്ട്. കറുപ്പിൽ വയലെറ്റു പുള്ളികൾ ഉള്ള പാവാട. അവൾ ചുരിദാർ പാന്റ് അഴിച്ചുമാറ്റി ആ പാവാടയുടുത്തു. പണ്ട് അര മറഞ്ഞുകിടന്നിരുന്ന മുടി ഇപ്പോൾ നെഞ്ചോളമേ നീളമുള്ളൂ. കണ്ണിനു കീഴെ കറുപ്പു പടർന്നിരിക്കുന്നു. കവിളിൽ കരിമംഗലം പടർന്നു ചുവന്നുകിടപ്പുണ്ട്. അന്നു കണ്ട സുനീതിയോ ഇത്?
കാഴ്ചകൾ കാലം മാറ്റുന്നുണ്ട്.
കഴുത്തിൽ കറുത്ത ചരടും മുത്തുമാലയുമല്ല, സ്വർണത്തിന്റെ നേരിയ മാലയും ചെറിയൊരു താലിയുമുണ്ട്. കാലിലെ കറുത്ത വെള്ളിപ്പാദസരം അപ്രത്യക്ഷമായിരിക്കുന്നു.
ഞാനവളെത്തന്നെ നോക്കിയിരുന്നു.
അന്നവൾ അയാൾക്കൊപ്പം ആദ്യമായി വന്നത് പ്രണയത്തിന്റെ പാരമ്യത്തിലാണ്. മെഡിക്കലിൽ കിടക്കുന്ന കൂട്ടുകാരിയുടെ അമ്മയെ കാണാൻ എന്ന വ്യാജേനയാണവൾ അവിടേക്കു വന്നത്. വിജയനെ അവൾ പരിചയപ്പെടുന്നത് ഒരു മണ്ഡലവ്രതക്കാലത്താണ്. എന്നും കോവിലിൽ കുളിച്ചുതൊഴുതേ ജലപാനം ചെയ്യൂ എന്ന അവളുടെ വ്രതമാണ് അയാളെ അവൾക്കുമുന്നിൽ എത്തിച്ചത്. കുളിച്ചുതൊഴുന്ന വെളുത്തു മെലിഞ്ഞ നീണ്ട മുടിയുള്ള ഇരുപതുകാരിയിൽ അയാൾക്ക് പ്രണയമല്ല, കാമമല്ല, മറിച്ച് കച്ചവട സാധ്യതയാണ് തെളിഞ്ഞത്. അയാൾ അവളോടടുത്തു, ഉച്ചപ്പൂജയും തൊഴുതുമടങ്ങുന്ന അവളെക്കാത്ത് അയാൾ ആളൊഴിഞ്ഞ ഇടവഴികളിൽ കാത്തുനിന്നു. അവൾക്കയാളെ അവഗണിക്കാനായില്ല. കൃത്യം പതിനഞ്ചാം ദിനം അയാൾ അവളോടു പ്രണയം പറഞ്ഞു. അവളതു സർവ്വാത്മനാ സ്വീകരിച്ചു. കണ്ണുകൊണ്ടു കണ്ടാൽ ദാഹം തീരില്ല. അയാൾ അവളോടു തന്റെ കൗതുകം പങ്കുവെച്ചു. യൗവ്വനത്തിൽ ആണിനു മാത്രമല്ല പെണ്ണിനും ചില ആഗ്രഹങ്ങളുണ്ട്. അതിനു സദാചാര വിലക്കുകളേക്കാൾ ശക്തിയുണ്ട്. കൂട്ടിലിട്ട തത്ത അനന്തവിഹായസ്സു കൊതിക്കുന്നതുപോലെ അവളും അയാളുടെ ചിറകിലേറിപ്പറക്കാൻ കൊതിച്ചു.
ആഗ്രഹങ്ങൾ നല്ലതാണ്. തിരഞ്ഞെടുക്കുന്ന വഴി തെറ്റുമ്പോൾ ആഗ്രഹം ജീവിതം നശിപ്പിക്കുന്ന വലിയ തെറ്റായി മാറുന്നു. സുനീതിക്കു സംഭവിച്ചതും അതുതന്നെ. തെറ്റ് ഒരു വട്ടമാണ് മനസാക്ഷിയെ കുത്തിനോവിക്കുക. പിന്നീടത് സ്വാഭാവിക പ്രക്രിയയായി മാറും. ഇവിടെയും അതു തന്നെ സംഭവിച്ചു. സുനീതിക്ക് അവൾ അകപ്പെട്ട വിഷമവൃത്തത്തിൽ നിന്നും പുറത്തു കടക്കാനായില്ല.
സുനീതി, അവൾ കണ്ട മുഖങ്ങൾ എണ്ണി, പലപ്പോഴും മുഖങ്ങൾ വ്യക്തമല്ലെന്നവൾ തിരിച്ചറിഞ്ഞു.
മുഖമില്ലാത്ത ശരീരങ്ങൾ…
അവൾ ആ മുറി വിട്ടു പുറത്തിറങ്ങി.
ഞാനതു വരെ മാത്രമാണവളെ കണ്ടത്.
അന്നു വൈകുന്നേരം ലോഡ്ജിന്റെ പുതിയ മാനേജർ ആനന്ദൻ റൂം ബോയ് അനിയോടു പറയുന്നതു കേട്ടു, ഒരു പെണ്ണ് സ്റ്റാൻഡിനകത്തുവെച്ച് ബസ് ഇടിച്ചു മരിച്ച കഥ.
അത് സുനീതിയായിരുന്നു!
ഞാനാ പുള്ളിപ്പാവാട വീണ്ടും ഓർത്തെടുത്തു. അതിലെ വയലറ്റു പൂക്കൾക്ക് ഇപ്പോൾ ചുവപ്പുനിറമാണ്.
(തുടരും)
