സരിത ലോഡ്ജ്

ആത്മഭാഷണം

ഒരു ലോഡ്ജ്, അഥവാ സത്രം. എനിക്കെന്താണ് മനുഷ്യരോടു പറയാനുള്ളത്? രണ്ടു വ്യത്യസ്ത ലോകങ്ങളിൽ അചേതനവും സചേതനവുമായവയ്ക്കിടയിൽ ഒരു സംഭാഷണം സാധ്യമോ എന്നു നെറ്റി ചുളിക്കുന്നവരോട്, എല്ലാം നിർമിച്ചിരിക്കുന്നത് പരമാണുക്കൾ കൊണ്ടാണെന്നും, ഏതിലും അടങ്ങിയ സൂക്ഷ്മകണങ്ങൾ ഒന്നുതന്നെയെന്നുമൊക്കെ വിശദീകരിക്കാൻ എനിക്കാഗ്രഹമുണ്ടെങ്കിലും ഇപ്പോൾ ഈ മരണവക്ത്രത്തിൽ നിന്നുകൊണ്ട് ജീവിതദർശനങ്ങളേക്കാളേറെ എന്റെ സ്വന്തം ജീവിതം അടയാളപ്പെടുത്തി ഉടഞ്ഞുതീരാനാണ് ഞാൻ കൊതിക്കുന്നത്.

ഒരു ലോഡ്ജ്, അതിനൊരു ആത്മാവുണ്ടോ എന്നു ചിന്തിക്കണ്ട. ഉണ്ട്, ചുരുങ്ങിയ പക്ഷം നഗരത്തിന്റെ വളർച്ചയിലെ തലമുറ കൈമാറ്റത്തിന്റെ അൻപത്തിയഞ്ച് നീണ്ട വർഷങ്ങൾ താണ്ടിയ എനിക്ക് ചിലതൊക്കെ പറയാനുണ്ട്. അതിനെ ആത്മകഥയെന്നോ, മരണമൊഴിയെന്നോ വിവക്ഷിക്കാം. ആദ്യത്തേതാണെങ്കിൽ അതിൽ ആത്മരതിക്കു പ്രാധാന്യമേറും. എന്നാൽ മരണമൊഴി, അതു മരണമെന്ന തണുപ്പ് ചുറ്റും പൊതിയുന്ന വേളയിലെ വെളിപ്പെടുത്തലുകളാണ്. അതിൽ നിരാശയോ വേദനയോ അല്ല സത്യത്തിന്റെ കൂർത്തു തിളങ്ങുന്ന മുനകളാണു പ്രത്യക്ഷപ്പെടുക. അതു രചിക്കുന്ന ചിത്രത്തിൽ നിണം പൊടിഞ്ഞിരിക്കും, അപ്പോഴും അതു സത്യമായിരിക്കും.

നിങ്ങൾ ചിലപ്പോൾ ചിന്തിച്ചേക്കാം, പക്ഷപാതരഹിതമാകുമോ എന്റെ മൊഴി എന്ന്. നിശ്ചയമായും ഞാനെന്റെ പക്ഷത്തിൽ നിലകൊണ്ടുകൊണ്ടാവും കാര്യം അഥവാ കഥ പറയുക. അതിൽ മാറ്റമില്ല.

അൻപത്തിയഞ്ച് വർഷങ്ങൾ നഗരത്തിന്റെ തിരക്കിൽ, പൊടിയിൽക്കുളിച്ച്, മഴയിൽ നനഞ്ഞു കുതിർന്ന്, കത്തുന്ന വെയിലിൽ തോലടർന്നു ഞാൻ കണ്ടുതീർത്തത് ഒന്നും രണ്ടുമല്ല, എത്രയെത്രയോ ജീവിതങ്ങളാണ്. പ്രണയം പങ്കിട്ട് ഒഴിഞ്ഞു പോയവരും, രാവു വെളുക്കെ ശരീരം മാത്രം നൽകി മനസ്സ് പവിത്രമാക്കി സൂക്ഷിച്ചവരും, സർക്കാർ ആശുപത്രിയിലെ പരാധീനതകൾക്കിടയിൽ രോഗത്തിന്റെ രൂക്ഷതയിൽ എരിഞ്ഞ്,

സ്വയം അവസാനിപ്പിച്ചവരും ഉണ്ട്. കള്ളവാക്കു വിശ്വസിച്ച് പുറപ്പെട്ടിറങ്ങി, വീടും വീട്ടുകാരും നഷ്ടമായവരും, ദൂരെ ദിക്കിൽ നിന്നും ഉറ്റവരുടെ ചികിത്സയ്ക്കായി വന്നുമടങ്ങിയവരും ഒക്കെ എന്റെ ഓർമച്ചിത്രത്തിൽ ഭദ്രമാണ്. എന്നിരുന്നാലും അവർ എട്ടു പേർ എന്റെ ജീവിതത്തിന്റെ നിറനിലാവായും, അമാവാസി രാവായും വന്നു കടന്നുപോയവരാണ്. ഒരർത്ഥത്തിൽ എന്റെ ഈ മൊഴി എട്ടു ജീവിതകഥകളാണ്. ആരിൽ നിന്നാരംഭിക്കണം എന്നെനിക്കു ശങ്കിക്കാനില്ല, ക്രമങ്ങൾ കൃത്യമാണു മനസ്സിൽ. പറയുകയേ വേണ്ടൂ.

അവർ എട്ടു പെണ്ണുങ്ങൾ എന്നെഴുതണം എന്നുണ്ട്, എങ്കിലും ഞാനതിങ്ങനെ കുറിക്കുന്നു, എട്ടു മനുഷ്യർ, അവരുടെ ജീവിതം.

ലിംഗനിർണയം നടത്തി, ഭേദം പറഞ്ഞാണു മനുഷ്യർ ജീവിതം ആരംഭിക്കുന്നതു തന്നെ.

കുഞ്ഞ് ജനിച്ചു, ആണോ, പെണ്ണോ?

നോക്കൂ വിവേചനം, വിഭജനം ആരംഭിക്കുന്നത് എത്ര കൃത്യമായും സൂക്ഷ്മമായുമാണ്!

ഇതു തന്നെയല്ലേ മനുഷ്യർ തുടർ ജീവിതത്തിലെമ്പാടും പിന്തുടരുന്നതും?

ഞാനാര് ഇതൊക്കെ പുലമ്പാൻ?

അതെ, അചേതനം, ചേതനയില്ലാത്തത്, എന്നിട്ടും ആത്മാവുള്ളതെന്നു ഞാൻ വെറുതേ….

ഇനി നാളുകളില്ല,

എണ്ണിയൊടുങ്ങാം….

തരികളായി തിരികെ ഭൂമിയിലേക്ക്….


(തുടരും…)

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.