സമത്വം

ലിംഗ നീതിക്കായുള്ള പോരാട്ടമുഖം;
നേതൃത്വപരമായ
സ്ത്രീ പങ്കാളിത്തത്തിനാഹ്വാനം…
കയ്യടികളുടെയകമ്പടികൾ
ആവേശകരമായ പ്രഭാഷണങ്ങൾ…
മാധ്യമങ്ങളിലെ വാർത്താപുരുഷൻ..
നവമാധ്യമങ്ങളിലെ
‘സ്ത്രീപക്ഷ പോരാളി!’

തിരക്കുപിടിച്ച
സായാഹ്‌ന സത്കാരങ്ങൾ…
ഉടുമുണ്ടിന്റെ വെണ്മക്കുറവും
തൂവെള്ള ജുബ്ബയിലെ ചുളിവുകളും
അലോസരപ്പെത്തുന്ന ദാമ്പത്യം…
ഭാര്യയുടെ
അലസതയെന്ന പരിഹാസം…
കഴിവുകെട്ടവളെന്ന ആക്രോശം..!

അവളുടെ
വിണ്ടുകീറിയ കൈവിരലുകൾ
രാപ്പകലുകളുടെ ജീർണതകളെ
അലക്കുകല്ലിൽ കുത്തിയെടുക്കുമ്പോൾ
സോപ്പ് കുമിളകൾക്കൊപ്പം
പൊങ്ങിക്കിടപ്പുണ്ടായിരുന്നു;
സ്ത്രീ പുരുഷ സമത്വത്തിന്റെ
കാലിക പ്രസക്തിയോതുന്ന,
ഉടയാത്ത ഒരു കുറിപ്പ്!

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.