സന്ധിക്കും വരേയ്ക്കും വണക്കം

മാങ്ങാച്ചുന വീണ പോൽ
പൊള്ളിക്കരുവാളിച്ച
കവിളുമായ് നിൽക്കുന്നു,
മാവിൻചോട്ടിൽ
മഴക്കോള് വീണ്
വെയില് പാതിമറഞ്ഞ
വിളറിയ നട്ടുച്ച.

കൊട്ടിയുറയും
പഞ്ചാരിമേളപ്പെരുക്ക-
പെരുമ കണക്കെ ഉയരും
ഇടിമുഴക്കത്തിൻ
മുറുക്കം.

മേഘകലശങ്ങളുയർന്ന് തൂവി
ജലധാരതൻ
അഭിഷേകം തുടരവേ
എട്ട് ദിക്കും
ഒളിമങ്കയായ് വിളങ്ങി ഭൂമി.

ആലവട്ടം വീശും കാറ്റ്
വെഞ്ചാമരമായ് ഉഴറും മേഘം
തിടമ്പായ് മഴയെ
മുതുകിലേറ്റുമാകാശം
പകൽപ്പൂരമായ് വേനൽ.

പൊടിപൂരം
പൂചൂടും
മരങ്ങളുടെ കുടമാറ്റം.

പകലിരവ്
സന്ധിക്കും മൂവന്തിയിൽ
വെളിച്ചത്തിൻ പുടമുറിയുടുത്ത്
വലംവെച്ചഗ്നിയാം കടലിനെ
ചന്ദ്രാർക്കൻ.

മലയിടുക്കിൽ
*ലാജഹോമമായ്
കോടമഞ്ഞുയരും വേളയിൽ
*ഉപചാരം ചൊല്ലി-
പിരിയുമിരുവരെയും
കാണാറായ്,
“സന്ധിക്കും വരേയ്ക്കും വണക്കം “.

*ഉപചാരം ചൊല്ലിപ്പിരിയൽ- തൃശ്ശൂർ പൂരത്തിൽ അവസാനം പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട് കഴിഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയൽ എന്ന പ്രധാന ചടങ്ങ് നടക്കാറുണ്ട്.

**ലാജഹോമം- വിവാഹ ചടങ്ങുകളിൽ നടത്തുന്ന ഹോമം.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.