സദാചാരം

നൊണ്ടി രാജപ്പൻ ആൽത്തറയിൽ കാലും നീട്ടിയിരുന്നു അവരെ ഓരോരുത്തരെയായി മാറിമാറി നോക്കി. എല്ലാ മുഖങ്ങളിലും ഒരേ ഭാവം; ഉരത്ത വാശി, മുഴുത്ത അസൂയ, പെരുത്ത കോപം. രാജപ്പന് ചിരി വന്നു. പക്ഷേ അത് അവൻ അകത്തേക്ക് തിരിച്ചെടുത്തു. ആരും നിസാരക്കാരല്ല. ടൗണിൽ ബിസിനസ് ഉള്ള ഗോപാലൻ കുട്ടി, സ്ഥലക്കച്ചവടക്കാരൻ മുകുന്ദൻ, പോസ്റ്റ്മാൻ അരവിന്ദൻ, എൽപിഎസ്സിൽ അറബി പഠിപ്പിക്കുന്ന അക്ബർ, പത്രം ഏജൻറ് ജോസൂട്ടി, റേഷൻ കടക്കാരൻ മുരളി, ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ അപ്പുക്കുട്ടൻ, ചായക്കട സേത്വാര്. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു തീരുമാനങ്ങളെടുക്കുന്നത് അവരാണ്. സ്ഥലത്തെ പോലീസ് സ്റ്റേഷനും കോടതിയും അവരുതന്നെ. ഇവരോട് ചിരിച്ചിട്ടാണെങ്കിലും മത്സരിക്കാൻ രാജപ്പന് വയ്യ. അതുകൊണ്ട് ഒരു ബീഡി കത്തിച്ച് അവൻ അവരുടെ വാക്കുകൾക്ക് കാതോർത്തു.

കയ്യിലിരുന്ന മൂക്കുപൊടി രണ്ടു മൂക്കിലും സമാസമം തള്ളിക്കയറ്റി കണ്ണടച്ചുപിടിച്ച് സേത്വാര് പറയുന്നു. “ദ്ങ്ങനെ വ്ട്ടാ പറ്റില്യ. ചോയ്ക്കണം.” പണ്ടത്തെ കുപ്പിസോഡ ചീറ്റുംപോലെ അയാൾ തുടരെത്തുടരെ തുമ്മി. കൂട്ടത്തിൽ ഇത്തിരി ഗൗരവം കൂടുതലുള്ള അറബിമാഷ് എല്ലാവരോടുമായി പറഞ്ഞു.” സേത്വേട്ടൻ പറയണതന്നെ ശരി. നമുക്ക് മെമ്പറോട് പറഞ്ഞ് നേരിട്ട് പോയി ചോദിക്കാം. ഇത് അമേരിക്കീം ലണ്ടനും ഒന്ന്വല്ലല്ലോ.” റേഷൻകട മുരളി വലത്ത് കവിളത്ത് കൈവെച്ച് മിഴിഞ്ഞ കണ്ണുകളോടെ അതിശയിച്ചു.”ന്നാലും അവൾടെ ഒരു ധൈര്യേ… നമ്മടെ നാട്ടിലൂല്യേ പെണ്ണുങ്ങള് .. ഒരുത്തന്റെ മോത്തു നോക്ക്വേ ചിറിക്യേ ചെയ്യോ .. ഓരോന്ന് കൊളത്തിൽ കുളിക്കണ കുളി കാണണം. ഉടുത്ത തുണി അഴിക്കില്യ. അത്ര നല്ല സ്വഭാവണ് എല്ലാർക്കും ..” ഇത്തവണ രാജപ്പന് ചിരി പൊട്ടി. പാടില്ല. പുറത്ത് കേട്ടുടാ.

സംഘം ഒത്തൊരുമയോടെ മെമ്പർ ശശികുമാറിന്റെ വീട്ടിലേക്ക് നടന്നു. അതാ കിറുകൃത്യം, അമ്പലമുക്കിലേക്ക് കിഴക്കുഭാഗത്തെ മൺപാതയിലൂടെ സോമലത നടന്നു കയറുന്നു. ഇവളാണ് പ്രശ്നം. ടൗണിൽ ബ്യൂട്ടിപാർലർ നടത്തുന്ന സോമലത. ഭർത്താവ് അതേ ബ്യൂട്ടിപാർലറിന്റെ അരികത്ത് മെഡിക്കൽ സ്റ്റോറും നടത്തുന്നു. രാത്രി സോമലതയെ കാണാൻ ബൈക്കിൽ ആരോ വരുന്നുണ്ടെന്നാണ് സംഘത്തിൻറെ കണ്ടെത്തൽ. 11 മണിയോടെ വന്നു പുലർച്ചെ നാലുമണിക്ക് തിരിച്ചുപോകുന്ന ബൈക്കിന്റെ വെളിച്ചം അവരിൽ പലരും ഒളിച്ചിരുന്ന് കണ്ടുപിടിച്ചു. സോമലതയും ഭർത്താവ് കൃഷ്ണകുമാറും ഗ്രാമത്തിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് അധികമായില്ല. അവർ മാത്രമേയുള്ളൂ, കുട്ടികളോ മറ്റു ബന്ധുക്കളോ ഇല്ല. ആരോടും അധികം ഇടപെടാറില്ല രണ്ടുപേരും . അതുതന്നെ ഗ്രാമത്തിന്റെ ശീലത്തിന് ചേരാത്ത ശീലം. പിന്നെ സോമലത സുന്ദരിയാണ്. ഗ്രാമത്തിലെ മറ്റു സ്ത്രീകളെ പോലെ കുളത്തിൽ കുളിക്കുകയോ മീൻ വാങ്ങാൻ റോഡിലേക്ക് നൈറ്റിയിട്ട് ഇറങ്ങി വരികയോ ചെയ്യാറില്ല. അതും പൊറുക്കാൻ പറ്റുന്ന തെറ്റല്ല.

അതുകൊണ്ടുതന്നെയാണ് സംഘത്തിലുള്ളവരും ഗ്രാമത്തിലുള്ളവരും സോമലതയെയും ഭർത്താവിനെയും സാകൂതം വീക്ഷിച്ചത്. അങ്ങനെ ആരും സ്വന്തം പാടും നോക്കി ഇവിടെ ജീവിക്കാൻ നോക്കണ്ട. സംഘത്തിൽ ഓരോരുത്തരും തലകുലുക്കി പറഞ്ഞുവെച്ചു. രാജപ്പൻ ആൽത്തറ വിട്ട് എഴുന്നേറ്റു. മെമ്പർ ശശിയുടെ വീട്ടിലേക്ക് ആവുന്നത്ര വേഗം യാത്രയായി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടുന്നത്ര ഗമയിൽ ശശി മുറ്റത്ത് സംഘത്തിന് നടുവിൽ കയ്യുംകെട്ടി നിൽപ്പാണ്. വേഷം കള്ളിമുണ്ടും വെള്ള ബനിയനും. അയാൾ സംഘത്തിനോട് കാര്യങ്ങളൊക്കെ കേട്ടശേഷം പറഞ്ഞു. “സംഭവമത്ര ശരിയല്ല. നമ്മൾ നേരിട്ട് ചെന്ന് ചോദിക്കുന്നത് ശരിയാവില്ല. പിന്നെ പോംവഴി പോലീസ് ആണ്. അതും ശരിയല്ല. നിങ്ങൾ ഒരു കാര്യം ചെയ്യ് . കയ്യോടെ പിടിക്കാൻ നോക്ക് എന്നിട്ട് എന്നെ വിളിക്ക്. നമുക്ക് ശരിയാക്കാം. രാജപ്പൻ ശശി പറഞ്ഞതൊന്നും നേരിട്ട് കേട്ടില്ല. സംഘാംഗങ്ങളുടെ സംസാരത്തിൽ നിന്നും പിടിച്ചെടുത്തതാണ്. ഇതൊന്നും അറിയാതെ സോമലത പെണ്ണുങ്ങളുടെ മുഖം മിനുക്കുന്നുണ്ടാവും. കാര്യത്തിന് ഒരു തീരുമാനമായ മട്ടിൽ സംഘാംഗങ്ങൾ ആത്മവിശ്വാസത്തോടെ പിരിഞ്ഞു.

പിറ്റേന്ന് മുതൽ അവർ സോമലതയുടെ വീടിനു പരിസരത്ത് ഊഴമിട്ട് കാത്തിരിപ്പായി. രാജപ്പന്റെ ഉറക്കം പൂർണമായി നശിച്ചു. മൂന്നുദിവസം ഒന്നുമുണ്ടായില്ല. നാലാം നാൾ കൃത്യം പതിനൊന്നരയ്ക്ക് ദൂരെ നിന്നും ബൈക്കിന്റെ ഇരമ്പൽ കേട്ടതും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുകുന്ദനും ജോസുകുട്ടിയും ജാഗരൂകരായി. രാജപ്പന്റെ നൊണ്ടിക്കാല് ആകാംക്ഷയോടെ നിലം തൊടാതെ നിന്നു. സോമലതയുടെ വീട്ടിനകത്ത് ലൈറ്റ് ഉണ്ടായിരുന്നു. മുകുന്ദൻ ഒരേസമയം ഒരേ മെസ്സേജ് പത്ത് നമ്പറുകളിലേക്ക് അയച്ചു. മെമ്പർ ശശി ഒഴികെ മറ്റ് 9 പേരും ഉടൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ശശി അടുത്ത മെസ്സേജ് ടോണിന് കാതോർത്ത് ഉറങ്ങുന്ന ഭാര്യയെ അരോചകമായി ഒന്ന് നോക്കി കിടക്കയിൽ തിരിഞ്ഞു കിടന്നു. സംഘാംഗങ്ങൾ ഒത്തുകൂടി . ഇത്തിരി മാറി രാജപ്പൻ നൊണ്ടിക്കാലിൽ കൈതാങ്ങി ചെരിഞ്ഞു നിന്നു .പോസ്റ്റുമാൻ അരവിന്ദൻ അമർഷത്തോടെ മുരണ്ടു. “അവളുടെ മരമണ്ടൻ ഭർത്താവ് അവിടെയുണ്ട്. ഇവളെയൊക്കെ സമ്മതിക്കാതെ വയ്യ കണ്ടോ കണ്ടോ വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറി ഉമ്മറത്തെ ലൈറ്റ് കെടുത്തി.

“സംഘാംഗങ്ങൾ എന്തോ സൗജന്യം ചെയ്യുന്നതുപോലെ ഇത്തിരി നേരം കാത്തുനിന്നു. പിന്നെ ഒന്നിച്ച് സോമലതയുടെ വീട്ടിനകത്തേക്ക് കയറി. വരാന്തയിലെ കോളിംഗ് ബല്ലിലേക്ക് അക്ബർ മാഷ് വിരൽ വയ്ക്കുമ്പോൾ നൊണ്ടി രാജപ്പൻ ഗേറ്റിൽ പിടിച്ചുനിന്നു ഉമിനീരിറക്കി. രണ്ടു മൂന്നു ബെല്ലടിക്കുശേഷം പുറത്തെ ലൈറ്റ് തെളിഞ്ഞു. സംഘാംഗങ്ങൾ മുറ്റത്ത് നിരന്നു നിൽപ്പാണ്. അവരുടെ മിഴികളിൽ സോമലതയെന്ന സുന്ദരിയുടെ അലങ്കോലപ്പെട്ട മുടിയും മുഖവും മാഞ്ഞപൊട്ടും ധൃതിയിൽ വാരിയുടുത്ത വസ്ത്രവും പ്രതീക്ഷയായി. വാതിൽ തുറന്നു വന്ന സോമലത വെളിച്ചത്തിലേക്ക് ഇറങ്ങിനിന്നു. കയ്യിൽ ഒരു പുസ്തകം, ഉറക്കക്ഷീണം ഇല്ലാത്ത മുഖം. “എന്താ?” വ്യക്തവും ദൃഢവുമായ ഒച്ചയിൽ സോമലത ചോദിച്ചപ്പോൾ സംഘാംഗങ്ങളിൽ ചിലർ ഒന്നു മഞ്ഞളിച്ചത് നൊണ്ടി രാജപ്പൻ കണ്ടു. തുടർന്ന് ഉത്തരവാദിത്വം പൂർണമായി ഏറ്റെടുത്ത് മുകുന്ദൻ സോമലതയോട് ചോദിച്ചു.” നിങ്ങളുടെ ഭർത്താവ് കൃഷ്ണകുമാർ ഇല്ലേ ഇവിടെ?”

“ഉണ്ട് “സോമലത പറഞ്ഞു.

“വിളിക്കണോ?”

മുറ്റത്തെ രണ്ടു ബൈക്കുകളിൽഒന്നിലേക്ക് കൂർപ്പിച്ചു നോക്കി മുകുന്ദൻ ചോദിച്ചു “ഈ ബൈക്കിൽ വന്ന ആൾ എവിടെ? കുറെ ദിവസമായി ഞങ്ങൾ കാണുന്നുണ്ട്. ഇതേ ഇവിടെ പറ്റില്ല.”പറയുന്നതിനോടൊപ്പം മുകുന്ദൻ അകത്തേക്ക് എത്തിച്ചു നോക്കിക്കൊണ്ടിരുന്നു. സോമലത കല്ലിച്ച മുഖത്തോടെ വാതിൽക്കൽ തന്നെ നിന്നു. ഇടയ്ക്ക് ഒരുവട്ടം അവൾ കയ്യിലുള്ള മൊബൈൽ ഫോണിലേക്ക് നോക്കി. ഇതിനിടെ രണ്ടാം മെസ്സേജ് കിട്ടിയ മെമ്പർ ശശിയുടെ ഹീറോഹോണ്ട സോമലതയുടെ ഗേറ്റിനുമുന്നിൽ ബ്രേക്ക് ഇട്ടു. നൊണ്ടി രാജപ്പൻ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു. ശശി ഹേമലതയോട് ഒച്ച താഴ്ത്തി ഇങ്ങനെ പറഞ്ഞു.”പെങ്ങളെ എല്ലാം അറിഞ്ഞിട്ടാണ് ഇവര് വന്നിരിക്കുന്നത് അവനെ വിളിക്ക്”

ഇതു പറയുമ്പോൾ മെമ്പർ എന്തിനാണ് സോമലതയോട് ഇത്ര ചേർന്നു നിൽക്കുന്നതെന്ന് രാജപ്പൻ ഇളം ചിരിയോടെചിന്തിച്ചു. സോമലത അപ്പോഴും അതേ നിൽപ്പു തന്നെ. മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ല .

അക്ബർമാഷിന്റെയും അപ്പുക്കുട്ടന്റെയും സമനില തെറ്റി. വിളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ വിളിക്കാം. മുന്നിലേക്ക് ഇരച്ചുകയറിയ സംഘത്തിന് സോമലത വഴി മാറി കൊടുത്തു. മെമ്പർ ശശി മുറ്റത്തുതന്നെ നിന്നു. രാജപ്പൻ തിടുക്കത്തിൽ സംഘത്തിൻറെ പിന്നാലെ നൊണ്ടിക്കേറി. ഒരൊറ്റ ബെഡ്റൂമും ഹാളും അടുക്കളയും മാത്രം ഉള്ള ആ കൊച്ചു വീടിനകം സംഘം ആകെ ഒന്ന് നോക്കി. ബെഡ്റൂമിന്റെ വാതിൽ കുറ്റിയിട്ടിട്ടുണ്ട്. പുറത്തുനിന്നും ഇട്ട കുറ്റി തുറക്കാൻ തുനിഞ്ഞ മുകുന്ദൻ അമ്പരന്നുകൊണ്ട് വിളിച്ചുപറഞ്ഞു. “ഇത് അകത്താണ് കുറ്റിയിട്ടിരിക്കുന്നത്.”

പുറത്തെ ഒച്ച കേട്ടാവണം വാതിൽ തുറന്നു. സിനിമാ നടിയെ പോലെ സുന്ദരനായ ഒരുവൻ അന്ധാളിച്ചു കട്ടിലിൽ ഇരിക്കുന്നു. കൂട്ടത്തിലുണ്ടായിരുന്ന എൽപിഎസിലെ അറബി മാഷ് അകത്തിരിക്കുന്നവനെ കണ്ട് വാപിളർന്നു. സ്കൂളിൽ കുട്ടികളുടെ പ്രിയപ്പെട്ട ഡാൻസ് മാഷ്. കണ്ണദാസൻ ! വാതിൽ തുറന്ന് സോമലതയുടെ ഭർത്താവ് അഴിഞ്ഞുപോയ കള്ളിമുണ്ട് വാരിപ്പിടിക്കുന്നു. സംഘാംഗങ്ങളും മെമ്പറും ഒരക്ഷരം മിണ്ടാതെ പുറത്തിറങ്ങുമ്പോൾ രാജപ്പൻ സോമലതയുടെ മുഖത്തേക്ക് വാ പൊളിച്ചു നോക്കി. അത് അപ്പോഴും കല്ലിച്ചു തന്നെയായിരുന്നു.

പാലക്കാട് ആലത്തൂർ സ്വദേശി. പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥ. മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ നോവലായ നാലാമത്തെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും. ആനുകാലികങ്ങളിലും ആകാശവാണി തൃശൂർ നിലയത്തിലും സൃഷ്ടികൾ അവതരിപ്പിച്ചിട്ടുണ്ട്.