
അയ്യപ്പൻ്റെ അമ്പലത്തിൽ “ബാലെ”യുള്ള ദിവസമാണ് സത്യപാലന് സ്വന്തം സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ കിട്ടിയത്. ഉത്സവം തുടങ്ങിയിട്ട് ഒരാഴ്ചയായി. മുടിയേറ്റും കഥകളിയും കഴിഞ്ഞു. അമ്പലം അടുത്തായത് കൊണ്ട് ഒരു രാത്രി പോലും ഉപേക്ഷിക്കാതെ അമ്പലമുറ്റത്ത് എത്തണമെന്നാണ് ഭാര്യ ഗീതയുടെ ആഗ്രഹം.
വൈകിട്ട് നേരത്തെ എത്തണേ? ബാലയുള്ള കാര്യം അറിയാല്ലോ? ബാലിസുഗ്രീവ യുദ്ധമാണ്, സ്റ്റേഷനിലേക്ക് ഇറങ്ങിയപ്പോൾ അവൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു.
ഇന്നലെ എസ്. പിയും ഇതുതന്നെയാണ് പറഞ്ഞത്. രാവിലെ കൃത്യസമയത്ത് സ്റ്റേഷനിൽ എത്തണം. സത്യപാലൻ പോലീസുകാരനായിട്ട് 8 വർഷമായി. ക്യാമ്പിലെ മടുപ്പ് ജീവിതത്തിന് ശേഷം ലോക്കൽ സ്റ്റേഷനിലേക്കുള്ള ആദ്യ വരവാണ്. കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ മതി.
സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു സംശയം, വലതുകാൽ വച്ച് കയറണോ, ഇടതുകാൽ വയ്ക്കണോ?
വാ….വാ
കണ്ടുപരിചയമുള്ള പാറാവുകാരൻ വിളിച്ചു.
അകത്ത് കയറിയത് വലത് കാലിലോ ഇടത് കാലിലോ?
യൂണിഫോമിട്ട് SHO യുടെ മുറിയിലെത്തി നീട്ടി ഒരു സലൂട്ട് കൊടുത്തു.
പുതിയ പോലീസാണ് സർ. ജോയിൻ ചെയ്യാൻ വന്നതാണ്!
ങ….കൊള്ളാം!
ഇവിടെ ആളില്ലാതിരിക്കാ,
എവിടാ വീട്?
കൈപ്പട്ടൂരിൽ!
അടുത്താണല്ലോ? അവിടെയല്ലെ അമ്പലത്തിൽ ഉത്സവം?
അതെ സർ!
എന്താ ഇന്ന് പരിപാടി?
ബാലെയാണ് സർ!
എന്നാ വൈകിട്ട് ഇത്തിരി നേരത്തെ പൊയ്ക്കോ!
സതീശാ……. ദാ! മ്മക്ക് പുതിയ ഒരാള്! ഇങ്ങേരെ ഒന്ന് വരവ് വെച്ചേക്ക്! പുള്ളിക്കാരൻ്റെ അമ്പലത്തിൽ ഉത്സവമാ കേട്ടോ. വൈകിട്ട് നേരത്തെ വിട്ടേക്കണേ!
ചെയ്യാം സർ… ചെയ്യാം സാർ!
അടുത്ത മുറിയിൽ റൈറ്ററുടെ ശബദം മധുരമുള്ളതായി.
എസ്. പി തന്ന പാസ്പോർട്ട് ( പോലീസുദ്യോഗസ്ഥരുടെ യാത്രാരേഖ ) കൊടുത്ത് ജോയിൻ ചെയ്തു. സ്റ്റേഷൻ കൊള്ളാം, പോലീസുദ്യോഗസ്ഥർ നല്ല സ്നേഹമുള്ളവർ, യാതൊരു തിരക്കുമില്ല.
സത്യപാലനെ റൈറ്റർ വിളിക്കുന്നെ..
സാർ ……
സത്യപാലാ! എസ് ഐ യുടെ കൂടെ ഒന്ന് ജനറൽ ആശുപത്രി വരെ പോണെ! എ.എസ്.ഐ ജോയി സാറും ഉണ്ടാകും. ഇതാ പാസ്പോർട്ട്. സത്യപാലൻ പാസ്പോർട്ടിലേക്ക് നോക്കി.
ഡെഡ് ബോഡി ബന്തവസോ?
ഈശ്വരാ ഞാനോ?
ഹാ! സത്യപാലൻ ആദ്യ ഡ്യൂട്ടി അടിച്ചെടുത്തല്ലോ? ഡെഡ് ബോഡി ബന്തവസ് ഐശ്വര്യമാ! …… തുടക്കം ഗംഭീരമായല്ലോ!
എന്താണ് ഡെഡ് ബോഡി ഡ്യൂട്ടി, എന്തൊക്കെയാണ് ചെയ്യേണ്ടത്, ശവത്തിന് കാവൽ നിൽക്കണോ? ഇതുവരെയും മരിച്ച ആളുടെ അത്ര അടുത്ത് പോലും നിന്നിട്ടില്ല. ചോര കാണുന്നത് തന്നെ പേടി. തല കറങ്ങി താഴെ വീഴും.
ഇന്നാ! ഈ ഫയലും സാധനങ്ങളുമായി കാറിൽ കയറിക്കോളു. കാറിൽ എസ്. ഐയും ജോയി സാറും മരിച്ച ആളുടെ ബന്ധുവുമുണ്ട്.
ജോയിയേ! കാർന്നോര് ആശുപത്രിയിൽ കിടന്ന് മരിച്ചതായത് കൊണ്ട് കുഴപ്പമൊന്നുമില്ല. എന്തോ കീടനാശിനിയാ കഴിച്ചത്. വിശ്ര എടുത്ത് നോക്കണം. കുറേ സ്വത്തുക്കളുള്ളത്കൊണ്ട് പരാതിക്കാരുമുണ്ട്. ഒന്ന് ശ്രദ്ധ വേണം.
ശരി സർ!
ജനറൽ ആശുപത്രിയുടെ മോർച്ചറി മുറിക്ക് മുന്നിൽ കുറെ ആളുകൾ നിൽക്കുന്നുണ്ട്. പോലീസിനെ കണ്ട് ആളുകൾ അൽപ്പം അകന്ന് മാറി. എന്താ വല്ലാത്ത മണം. മടുപ്പിക്കുന്ന മണം. മരണത്തിൻ്റെ മണമാണോ?
സത്യപാലാ! കാഷ്വാലിറ്റിയിൽ ചെന്ന് ബോഡി വാങ്ങു.
ബോഡി വാങ്ങുകയോ?
നീ അവിടെ ചെന്ന് ഡ്യൂട്ടി നേഴ്സിനോട് പറഞ്ഞ് അവിടത്തെ ബുക്കിൽ ഒന്ന് ഒപ്പിട്ടു കൊടുത്താൽ മതി. എന്നിട്ട് ഇങ്ങ് പോരെ!
ബോഡി ഫ്രീസറിൽ നിന്ന് എടുക്കണം. നിങ്ങളാരെങ്കിലും രണ്ടുപേരങ്ങ് ചെന്നു സഹായിച്ചെ! സത്യപാലാ! നീ കൂടെ ഒന്ന് ചെല്ല്.
ഞാനോ?
ഫ്രീസർ റൂമിലെ തണുപ്പിനുള്ളിലേക്ക് അറിയാതെയാണെത്തിയത്. മണം, മരണത്തിൻ്റെ വല്ലാത്ത മണം.
അറ്റൻ്റർ ഒരു ഫ്രീസറിൻ്റെ വലിപ്പ് പുറത്തേക്ക് തുറന്നു.
പച്ചത്തുണിയിൽ പുതഞ്ഞ ഒരു രൂപം എടുത്ത് സ്ട്രെച്ചറിലേക്ക് കിടത്തണം.
ആ ….അങ്ങിനെ എല്ലാവരും അടിയിലൂടെ കൈയിട്ട് പൊക്ക്!
സാറെ! സാറും പിടിക്ക്.
ഞാനോ?
ആ തൊപ്പി അങ്ങ് മാറ്റ് സാറേ!
മരവിച്ച ആ ശരീരത്തിൻ്റെ തണുപ്പ് സത്യപാലൻ്റെ കൈകളിലൂടെ ഹൃദയത്തിലേക്കെത്തി. മരണത്തിൻ്റെ മണവും മരണത്തിൻ്റെ തണുപ്പും.
സത്യപാലാ! ഫോട്ടോഗ്രാഫറെ വിളിച്ചു ഫോട്ടോ എടുപ്പിക്കൂ.
പഞ്ചായത്ത്കാരെയും വിളിച്ചു നിർത്തു.
പഞ്ചായത്തുകാരോ?
അത് ബന്ധുക്കളെയും നാട്ടുകാരെയും..
ജോയി സമയം കളയണ്ട. പേപ്പറും പേനയുമൊക്കെ എടുത്ത് പ്രേതവിചാരണ റിപ്പോർട്ട് എഴുതി തുടങ്ങിക്കോ!
…… തീയതി….. പകൽ….. മണിക്ക്, ജനറൽ ആശുപത്രി മോർച്ചറിയിൽ ഒരു സ്ട്രെച്ചറിൽ പച്ചനിറത്തിലുള്ള ആശുപത്രി ഷീറ്റ് പുതച്ച് ……..
സത്യപാലാ! ബോഡിയിൽ നിന്ന് ആ ഷീറ്റ് മാറ്റിക്കെ!….
ഞാനോ?
നീ ഇതെങ്ങോട്ട് നോക്കിയാ ഷീറ്റ് മാറ്റുന്നെ? നേരെ നോക്കി സാവധാനം എടുക്ക് !
മുടിയുടെ നീളം, ഉയരം. സത്യപാലാ! ടേപ്പിൻ്റെ അറ്റം നെറുകയിലേക്ക് ചേർത്ത് പിടിക്കൂ. അടയാളം, മൂക്കിൻ്റെ വലത് ഭാഗത്ത് കാണുന്നത് ഒരു മറുകാണോ?
സത്യപാലാ! ആ പഞ്ഞിയെടുത്ത് മൂക്കിൻ്റെ ഭാഗത്തെ ചോര തുടച്ച് കളഞ്ഞെ.
ഞാനോ?
ഏറെ പ്രായം ചെന്ന മനുഷ്യൻ
കൂർത്തു വളഞ്ഞ മൂക്ക് മൂക്കിനുള്ളിലെ വളർന്നിറങ്ങിയ രോമങ്ങളിലൂടെ ചോര ഒഴുകുന്നു. പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് അയാൾ തന്നെ നോക്കുന്നതുപോലെ തോന്നി സത്യപാലന്.
ആ ഷർട്ട് അഴിച്ചു മാറ്റു.
ബ്ലേഡ് എടുത്ത് ഷർട്ടിൻ്റെ കൈകൾ കട്ട് ചെയ്യു.
നെഞ്ചിലെന്താണ് കറുത്ത പാട്?
സത്യപാലാ! ആ പഞ്ഞിയെടുത്തൊന്ന് തുടയ്ക്ക്.
അരയിലെ മുണ്ട് അഴിച്ച് മാറ്റു.
കറുത്ത ഷഡ്ഡിയോ?
സത്യപാലാ! ബ്ലേഡ് എടുത്ത് അത് മുറിച്ച് മാറ്റു. ഞാനോ?
വിസർജ്യം ഉണ്ടോ?
അറപ്പോടെ സത്യപാലൻ മുഖം തിരിച്ചു.
തുടകളും കാലുകളും നോക്ക്.
രണ്ട് പേരിങ്ങ് വന്നെ!
ഒന്ന് കമിഴ്ത്തി കിടത്തിക്കെ. സത്യപാലാ! നീ കൈയിട്ട് അവിടെ പിടിക്ക്.
ഞാനോ?
കഴുത്തും പുറവും ചന്തി ഭാഗവുമൊക്കെ നോക്കൂ.
മതി മതി. അത്ര മതി. ഇനി നേരെ കിടത്തു.
സത്യപാലൻ മോർച്ചറി മൂലയിലെ വാഷ്ബേസിനിൽ കൈകഴുകി. തലകറങ്ങുന്നതുപോലെ ! മുഖം കഴുകാൻ അറപ്പ് തോന്നി.
താനൊരു ശവശരീരത്തെ തൊട്ടിരിക്കുന്നു. മരിച്ച ആളുടെ എല്ലാ ഭാഗങ്ങളിലും താൻ തൊട്ടിരിക്കുന്നു. സത്യപാലന് വല്ലാതെ പേടി തോന്നി.
പോക്കറ്റിൽ ഫോൺ വല്ലാതെ റിങ്ങ് ചെയ്യുന്നുണ്ട്. ഗീതയാണ് എത്ര തവണയാണ് വിളിച്ചിരിക്കുന്നത്. സൈലൻ്റിലിട്ടത് നന്നായി.
ഞാൻ ജോയിൻ ചെയ്തു. പുറത്ത് ഡ്യൂട്ടിയിലാണ്. പിന്നെ വിളിക്കാം. അവൾക്കാശ്വാസമാകാൻ ഇത്രേം മതി.
നേരത്തെ വരണേ ബാല!….. പൂർത്തിയാക്കും മുമ്പ് കട്ട് ചെയ്തു.
സത്യപാലാ! ഇത് സർജനെ ഏൽപ്പിക്കു. പോസ്റ്റ്മോർട്ടത്തിനുള്ള കത്താണ്. കഴിയുമ്പോൾ പേപ്പറിൽ ഒപ്പിട്ട് വാങ്ങി ബോഡി ബന്ധുക്കൾക്ക് കൊടുത്തിട്ട് നീയും പോരെ.
പിന്നെ സർജനെന്താ പറഞ്ഞത് എന്ന് ഒന്ന് വിളിച്ച് പറഞ്ഞേക്കണം.
എന്നാ ഞങ്ങള് പോട്ടെ?
ബന്ധുക്കൾ അവിടവിടായി നിൽപ്പുണ്ട്. മോർച്ചറിക്കുള്ളിൽ തല്ലിപ്പൊട്ടിക്കുന്ന ശബ്ദം. രണ്ട് മണിക്കൂർ എടുക്കും
അല്ലെ സാറെ?
ങ ….
സാറിന് ചായ വേണോ?
വേണ്ട ..
അല്പം വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചിരുന്നു.
സാറെ! സർജൻ വിളിക്കുന്നു,
എന്നെയോ?
അകത്തേക്ക് ചെല്ല് സാറെ!
ഞാനോ?
മടിച്ച് മടിച്ചാണ് വാതിൽ തുറന്നത്.
ഓ …..ദൈവമെ!
മേശമേൽ അയാൾ തല തകർന്ന് നെഞ്ചിൻകൂടുകൾ തുറന്ന് ചിതറിത്തെറിച്ച് ചോര കൂമ്പാരം.
ദാ! നിങ്ങൾ നോക്കിക്കെ! ഇയാളുടെ ആമാശയം മുഴുവൻ എന്തോ ലിക്കറാ.
വിഷം മാത്രമല്ല!
ഹ***” സത്യപാലൻ വായും പൊത്തി പുറത്ത് ചാടി വാഷ് ബേസിനിലേക്ക് ഓടി.
സത്യപാലൻ സമനിലയിലേക്കെത്താൻ ഏറെ സമയമെടുത്തു.
എല്ലാം കഴിഞ്ഞു സാറെ! ബന്ധുക്കളെ വിളിച്ചോ.
പിന്നെ സാറെ! ദാ! വിശ്രയും ലറ്ററും മൂന്ന് ടിന്നുണ്ട്. ലീക്കാകാതെ കൊണ്ടു പോണേ! രണ്ട് കവർ വാങ്ങി അതിലിട്ടോ.
വിശ്രയോ?
സത്യപാലൻ റൈറ്ററെ വിളിച്ചു.
സാർ! വിശ്രയും കവറും തന്നിട്ടുണ്ട്. അങ്ങോട്ട് കൊണ്ടുവരാം.
ഹേയ്! അതിങ്ങോട്ടല്ല. മരിച്ച ആളുടെ ആന്തരിക അവയവങ്ങളാ. മരണകാരണം അറിയാൻ പരിശോധനക്ക് എടുത്തത്. ഫോറൻസിക് ലാബിൽ തിരുവനന്തപുരത്ത് കൊണ്ട് കൊടുക്കണം.
അപ്പോ, ആരാ സാർ കൊണ്ടുപോകുന്നത്?
സത്യപാലാ നീ തന്നെ.
ഞാനോ?
നിനക്ക് മാത്രമെ അത് കൊണ്ടു പോകാനധികാരമുള്ളു. ആ ലെറ്ററിൽ നിൻ്റെ പേരും നമ്പരും എഴുതിയിട്ടുണ്ട്.
സാർ! എനിക്ക് വൈകിട്ട് ബാലെ!
ഇപ്പോൾ പതിനൊന്ന് മണിയല്ലെ ആയുള്ളു? ഇപ്പോ പോയാ 4 മണിക്ക് എത്താം. കൊടുത്തിട്ട് വഞ്ചിനാടിന് മടങ്ങാം. രാത്രി ബാലയും കാണാം. നാളെ റെസ്റ്റും കിട്ടും. പിന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്താട്ടോ. ഫോറൻസിക് ലാബ്! ഉള്ളൂര് കെമിക്കൽ ലാബും. മാറിപ്പോകരുത്. അഞ്ച് മണിക്ക് മുമ്പെത്തണം. പിന്നെ, സൂക്ഷിച്ച് കൊണ്ടു പോകണം. മറിഞ്ഞ് വീണ് പൊട്ടിപ്പോകരുത്. രണ്ട് കവർ വാങ്ങിച്ചോ.
താൻ പെട്ടുപോയെന്ന് സത്യപാലന് മനസിലായി.
അശാന്തമായ മനസോടെ സത്യപാലൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. മരിച്ചയാളുടെ മണം മോർച്ചറിയുടെ മണം ആ KSRTC ബസിനുള്ളിൽ സത്യപാലനെ ചുറ്റിപ്പറ്റി നിന്നു. തൻ്റെ കാൽച്ചുവട്ടിലെ പ്ലാസ്റ്റിക്ക് കൂടിൽ മരണപ്പെട്ട കാരണവർ ഒതുങ്ങിക്കൂടിയിരിക്കുന്നത് പോലെ അയാളുടെ മണം തന്നെ പൊതിഞ്ഞതു പോലെ!
സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ വാങ്ങേണ്ടിയിരുന്നില്ല. ഈ ദിനം കുറച്ച് സമയം കൊണ്ട് താനാകെ തകർന്നിരിക്കുന്നു.
ഗീത വിളിക്കുന്നു.
എന്തിനാണിങ്ങനെ ഇവൾ തെരുതെരെ വിളിക്കുന്നത്? തിരുവനന്തപുരം പോകുകയാണെന്ന് പറഞ്ഞതല്ലെ, രാത്രി വരാം. ബാലെ 11 മണിക്കല്ലെ? ഒമ്പതരയ്ക്ക് ഞാൻ തിരിച്ചെത്തൂല്ലേ. ഇതൊന്ന് കൊണ്ട് കൊടുക്കട്ടെ.
ഉച്ചഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയിരിക്കുന്നു. എല്ലാവരും ഇറങ്ങി. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. വല്ലാത്ത മണം! കാർന്നോരുടെ മണം! പൊട്ടിയടർന്ന തലയും ചോര നിറഞ്ഞ നെഞ്ചിൻ കൂടും മുമ്പിൽ! ഹോ!…. ഒന്നും വേണ്ട. ഒരു കുപ്പി വെള്ളം വാങ്ങി വണ്ടിയിലിരുന്നു.
ഒന്ന് മയങ്ങിപ്പോയി. എന്തോ ഒരു ബഹളം വണ്ടി വഴിയിൽ കിടക്കയാണ്.
എന്ത് പറ്റി?
ബ്രേക്ക് ഡൗണാണ്, പോകില്ല.
എല്ലാവരും ഇറങ്ങി റോഡരികിൽ നിൽക്കയാണ്. കരിഞ്ഞു പോകുന്ന വെയിൽ.
അഞ്ച് മണിക്ക് മുമ്പ് എത്തില്ലെ? ഫോറൻസിക് ലാബിലെ സമയം അഞ്ച് മണിയാണെന്ന് സതീശൻ സാർ പ്രത്യേകം പറഞ്ഞിരുന്നു.
കുറെ നേരമായല്ലോ, ബസ്സൊന്നും കാണുന്നില്ലല്ലോ? വണ്ടിയിൽ സീറ്റ് കിട്ടുമോ? ഇത്രയും പേരും കൂടി കയറിയാൽ തിരക്കാവും.
ആദ്യം വന്ന ബസിൽ തന്നെ കയറി. ഒരു ചേട്ടൻ വല്ലാതെ ഇടിച്ചു കയറിയപ്പോൾ, കൂട് ഇടയ്ക്ക് പെട്ടു. അയാളെ തള്ളി അത് വലിച്ചെടുത്തപ്പോ കുപ്പി പൊട്ടിയോ? പ്ലാസ്റ്റിക്കാണ്. എന്നാലും അടപ്പ് തുറന്നോ?
ഒരു വല്ലാത്ത മണം! കൂട് നനഞ്ഞോ?
നല്ലവനായ കണ്ടക്ടർ അയാളുടെ സീറ്റ് ഒഴിഞ്ഞു തന്നു. യൂണിഫോമിൻ്റെ ഗുണം!
സത്യപാലൻ വാച്ച് നോക്കി. സമയം 4 ആകുന്നു. എന്ത് ബ്ലോക്ക്? വണ്ടി ഇത്തിരി വേഗം പോയെങ്കിൽ! സ്റ്റാൻഡിൽ നിന്ന് ലാബിലേക്ക് ഓട്ടോ വിളിക്കാം.
ട്രെയിൻ അഞ്ചേമുക്കാലിനാണ്. അത് സമയമുണ്ട്. തമ്പാനൂര് എത്തിയപ്പോൾ നാലര കഴിഞ്ഞു. വണ്ടിയിൽ നിന്ന് ഇറങ്ങും മുമ്പേ കണ്ടക്ടർ ഓർമ്മിപ്പിച്ചു. സാറെ കൂടിലെ സാധനം പൊട്ടിയിട്ടുണ്ട്. നല്ല മണം. സൂക്ഷിച്ചോ!
അയാൾ പതുക്കെ ചിരിച്ചു.
ഫോറൻസിക് ലാബിലേക്ക് തിരക്കിട്ടാണ് സത്യപാലൻ ചെന്നത്. ഭാഗ്യം! അകത്താളുണ്ട്.
സർ!
എന്താണ്?
വിശ്ര!
ഇപ്പഴോ?
ഇപ്പോൾ സമയമെന്തായി?
4.50
ആ ബോർഡ് ഒന്ന് വായിച്ച് നോക്ക്.
പരിശോധനക്കുള്ള സാധനങ്ങൾ 4.30 ന് മുമ്പായി എത്തിക്കണം. അതിന് ശേഷം വരുന്നവ യാതൊരു കാരണവശാലും സ്വീകരിക്കില്ല.
ഞാൻ ഒത്തിരി ദൂരെ നിന്ന് എറണാകുളത്ത് നിന്നാണ് വരുന്നത്.
ഇത് സ്വീകരിക്കാൻ ലാബിലുള്ള ആരും ഇല്ല. അവർ ഇന്നത്തെ രജിസ്റ്റർ ക്ലോസ് ചെയ്ത് പോയി. രാവിലെ 9 മണിക്ക് വരൂ. ഇത് ലീക്ക് ചെയ്ത് നനഞ്ഞിട്ടുണ്ട്. അത് സൂക്ഷിക്കേണ്ടത് നിങ്ങളല്ലെ?അത് മരിച്ച ആളുടെ അവയവങ്ങളല്ലെ അതിനല്ലെ നിങ്ങളെ നിയമിച്ചയച്ചത്? അതിനല്ലെ നിങ്ങൾക്ക് ശമ്പളം തരുന്നത്?
ഇത് ഇവിടെ വാങ്ങി വെയ്ക്കാൻ പറ്റില്ലെ?
ഇല്ല.
ഞാനിതെവിടെ സൂക്ഷിക്കും? സത്യപാലന് സങ്കടവും ദേഷ്യവും വന്നു.
നിങ്ങൾ കൈയിൽ തന്നെ സൂക്ഷിക്ക്. എന്നിട്ട് രാവിലെ വരു.
അയാൾ അകത്തേക്ക് പോയി.
ഓഫീസടച്ച് എല്ലാവരും പോയി.
ഇതെവിടെയെങ്കിലും വലിച്ചെറിഞ്ഞാലോ?
ഫോൺ ബെല്ലടിക്കുന്നു. അവളാണ്. എടുത്തില്ല. എടുക്കണ്ട. രാവിലെ ഇറങ്ങിയപ്പോ അവൾ പുറകിൽ നിന്ന് വിളിച്ചത് കൊണ്ടല്ലെ? തല ചെകിടിക്കുന്നു.
കാർന്നോരുടെ മണം വല്ലാതാക്കുന്നു. ചീഞ്ഞ് തുടങ്ങിയോ? കാർന്നോരുടെ ആത്മാവ് ഈ കടലാസ് കൂടിനൊപ്പമുണ്ടോ?
ഇനിയെന്ത്? എവിടെ പോകും? നന്ദാവനം ക്യാമ്പിലേക്ക് പോയാലോ? പക്ഷെ, ഇതെവിടെ സൂക്ഷിക്കും? നിരത്തിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. ഒരു ഇടവഴിയിലാണ് ആ ബോർഡ് കണ്ടത്.
മുറികൾ വാടകക്ക്.
പഴകിയ ഒരു ലോഡ്ജ്. അത്ര വൃത്തിയില്ലാത്ത പഴകിയ മുറി ഒരെണ്ണം ഏർപ്പാടാക്കി. ശമ്പളം കിട്ടിയ പൈസ അൽപ്പമുള്ളത് നന്നായി. പ്ലാസ്റ്റിക്ക് കൂടെടുത്ത് മുറിയുടെ മൂലക്ക് വെച്ചു. കാർന്നോര് മൂലയ്ക്കിരിക്കട്ടെ. ഒന്ന് കുളിക്കണം. അടുത്ത കടയിൽ നിന്ന് തോർത്തും കൈലിയും ടീ ഷർട്ടും സോപ്പും പേസ്റ്റും ബ്രഷുമൊക്കെ വാങ്ങി. കുളി കഴിഞ്ഞപ്പോൾ ആശ്വാസം. എന്നിട്ടും ശരീരത്തിലെ മണം പോകുന്നില്ല. പുതിയ രണ്ട് കവർ വാങ്ങി, പാഴ്സൽ ഒന്നുകൂടി ഭദ്രമാക്കി. ശരീരത്തിലെ മണം മുറിയിലേക്ക് മാറി.
വിശപ്പില്ല. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല.
ഗീതയെ വിളിച്ചു. കാര്യങ്ങൾ അവൾക്ക് ബോധിക്കുന്നില്ല. അവൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. അവൾക്ക് മുന്നിൽ ബാലെ മാത്രമെയുള്ളു . അമ്പലം അടുത്തല്ലെ മക്കളുമൊന്നിച്ച് പോകട്ടെ.
നഗരം ഇരുട്ടിലേക്ക് വീണുതുടങ്ങി. എല്ലാവരും അമ്പലത്തിൽ പോയി തുടങ്ങിയിരിക്കും. ഗീത പതം പറഞ്ഞ് മക്കളുമൊന്നിച്ച് സ്റ്റേജിന് മുന്നിലുണ്ടാവും ഓ! ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. വല്ലാത്ത ക്ഷീണം. മനസും ശരീരവും ക്ഷീണമാണ്. ഉറങ്ങിപ്പോയതും ഉണർന്നതും പെട്ടെന്നാണ്.
ചോരവാർന്ന നെഞ്ചിൻ കൂടുമായ് കാരണവർ മുന്നിൽ നിൽക്കുന്നു. മുറിയാകെ മണമാണ്. മനം പിരട്ടുന്ന മണം! മരണത്തിൻ്റെ മണം!
പ്ലാസ്റ്റിക്ക് കൂട് തുറന്നിട്ടില്ലല്ലോ. തലതകർന്ന, നെഞ്ചിൻ കൂട് തകർന്ന, ആ രൂപമല്ലാതെ മറ്റൊരു ചിന്തയില്ല. മറ്റൊന്നും മനസിലേക്ക് വരുന്നില്ല. പുറത്തേക്ക് ഇറങ്ങി നടന്നാലോ? ലോഡ്ജിൽ ഒരനക്കവുമില്ല. ലോഡ്ജും നഗരവും ഉറക്കത്തിലാണ്. കണ്ണുകളിൽ ഉറക്കത്തിൻ്റെ ആലസ്യമാണ്. എന്നിട്ടും ഉറങ്ങാൻ കഴിയുന്നില്ല. മുറിയിലെ വെളിച്ചം അണയ്ക്കാൻ കഴിയുന്നില്ല. കണ്ണടച്ചാൽ, ലൈറ്റണച്ചാൽ, എല്ലിൻ കൂട് തകർന്ന നെഞ്ച് പിളർന്ന, തലയോട്ടി തകർന്ന രൂപം മുന്നിൽ വന്ന് നിൽക്കുന്നു.
മണം. അസഹനിയമായ മണം.
ആരെങ്കിലും ഒരു കൂട്ടുണ്ടായിരുന്നെങ്കിൽ! ആ പ്ലാസ്റ്റിക്ക് കൂടിലേക്ക് നോക്കാൻ സത്യപാലന് പേടി തോന്നി. സത്യപാലൻ തിരിഞ്ഞ് കിടന്നു. മണം പുറകിലാണ്.
പുറകിൽ അയാൾ നിൽപ്പുണ്ടോ? സത്യപാലൻ എഴുന്നേറ്റിരുന്നു. കുപ്പിയിൽ നിന്ന് അൽപ്പം വെള്ളമെടുത്ത് കുടിച്ചു. എഴുന്നേറ്റ് ചെന്ന് ജനാലകൾ തുറന്നിട്ടു. ജനാലക്കപ്പുറം ഇരുട്ടിൽ ആരെങ്കിലും നിൽപ്പുണ്ടോ? സുഗ്രീവനോ, ബാലിയോ, ഹൃദയം പിളർന്ന ഒരാൾ രൂപമോ? ഭയത്തോടെ ജനൽ വാതിലടച്ചു.
കിഷ്കിന്ധയിൽ നിന്ന് ഒളിച്ചോടിയ സുഗ്രീവനെ കൊല്ലാൻ ഋശ്യമൂകാ ചലത്തിലെ വനാന്തരങ്ങളിൽ തിരയുന്ന ബാലിയുടെ കഥ പറയുന്ന ബാലെ അമ്പല പറമ്പിൽ നിറഞ്ഞാടുമ്പോൾ ആ പഴകിയ ലോഡ്ജിൻ്റെ നിശബ്ദതയക്കുള്ളിൽ ഭയം നിറഞ്ഞ മനസ്സോടെ സത്യപാലൻ മറ്റൊരു സുഗ്രീവനായ് ഉള്ളിലുറഞ്ഞ ഭയത്തോടെ കണ്ണുകളടയ്ക്കാതെ ഉറങ്ങാതെ പുലരിയെ കാത്തിരിക്കയായിരുന്നു.
