പഠനം കഴിഞ്ഞ് നിക്കാഹും ഹണിമൂണും സ്വപ്നം കണ്ടിരിക്കുന്ന നാളുകളിലാണ് രണ്ടായിരത്തോടെ ലോകം അവസാനിക്കുമെന്ന വാർത്ത ഇടിത്തീയായി ഷാഹിനാൻ്റെ ചെവിയിൽ പതിച്ചത്. ലോകം അവസാനിച്ചാലും വേണ്ടില്ല; അത് തൻ്റെ ഹണിമൂൺ കൂടി കഴിഞ്ഞിട്ടായിരിക്കണേ എന്നായിരുന്നു അവളുടെ സ്വകാര്യ പ്രാർത്ഥന.
2000 ആണ്ട് പിറന്നു. ലോകം അവസാനിച്ചില്ല എന്ന് മാത്രമല്ല, അതിന് ഒരു മാറ്റവും ഉണ്ടായില്ല. രണ്ടുമാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ഷാഹിനാൻ്റെ മനം പോലെ നിക്കാഹും നടന്നു. ബന്ധുവീടുകളിലെ വിരുന്നൂട്ടലിന് ഒരാഴ്ച്ചകൊണ്ട് ഓടി വലംവെച്ച് പുതിയാപ്ല ആരിഫ് പൊന്നാനിക്ക് മടങ്ങി. മാസത്തിലൊരിക്കൽ നാലഞ്ചു ദിവസത്തെ അവധിക്ക് വീട്ടിൽ വരും. അതായത് കല്യാണം കഴിഞ്ഞ് നാലുമാസം ആയെങ്കിലും അവർ ഒരുമിച്ച് ഉണ്ടായിട്ടുള്ളത് പത്തോ പതിനഞ്ചോ ദിവസങ്ങൾ മാത്രം. ആരിഫിന്റെ വീട്ടിൽ ഇളയവൻ അഫ്സലും നബീസുമ്മയും നല്ല സ്നേഹമുള്ളവരാണെങ്കിലും പുതുമണവാട്ടിക്ക് മാരന്റെ പ്രണയത്തോളം മധുരിക്കുന്ന മറ്റെന്തുണ്ട്? അവൾ ഉമ്മയോടൊപ്പം വീട്ടിലെ കാര്യങ്ങളെല്ലാം ചുറുചുറുക്കോടെ ചെയ്തുതീർത്ത് ദിവസവും മഗ്‌രീബ് നമസ്കാരം കഴിഞ്ഞ് ലാൻഡ്ഫോണിനെ ചുറ്റിപ്പറ്റി നടക്കും. ജോലികഴിഞ്ഞ് തിരിച്ചു മുറിയിലെത്തിയാൽ ആരിഫിന്റെ വിളി വരും. ഒന്ന് – ഒന്നരമണിക്കൂർ നീളും ചിലപ്പോൾ അവരുടെ പഞ്ചാരവർത്തമാനം!
നാളെ വെള്ളിയാഴ്ച ആരിഫിന്റെ വരവിന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിപ്പാണവൾ. ഈ വരവിൽ പോകാനുള്ളയിടങ്ങളും ചെയ്യാനുള്ള കാര്യങ്ങളും ഇന്നലെ വൈകിട്ട് പറഞ്ഞിട്ടും തീർന്നില്ല. ഞായറാഴ്ച മാമാൻ്റെ മോള് ഹസീനാന്റെ നിക്കാഹിന് ആരിഫുമൊത്തു പോകാൻ പെരുത്ത സന്തോഷത്തിലായിരുന്നു ഷാഹിന.
“അതേയ്, ഹസീനാന്റെ പുതിയാപ്ല ദുബായിക്ക് മടങ്ങിപ്പോകുംമുമ്പ് അവര് ഊട്ടി കൊടൈക്കനാൽ ഒക്കെ ഹണിമൂൺ പോണൂന്നാ പറഞ്ഞത്. ഇമ്മക്കും പോയാലോ ഓര്ടെ കൂടെ?”
“എടീ മണ്ടത്തീ, എന്തിനാ അവരുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പാകണത്? ഹണിമൂൺ പോണത് കെട്ടിയോനും കെട്ട്യോളും മാത്രാല്ലേ.”
“എനിക്ക് പണ്ടേയുള്ള ഒരു പൂതിയാണ്. നമ്മൾ ഇനി എന്നാ പോവ്വാ?”
അതിൽ പിടിച്ചുകയറിയ അന്നത്തെ ചൂടുള്ള ചർച്ചയ്ക്കുശേഷം അവളിൽ മുളപൊട്ടിയ മോഹം കിനാവള്ളിയായി അവളുടെ മനസ്സിനെ വരിഞ്ഞുകെട്ടി.
നിക്കാഹിന് ചെല്ലുമ്പോൾ കുടുംബക്കാരുടെയൊക്കെ ചോദ്യത്തിന് ആരിഫിന്റെ വീട്ടിലെ വിശേഷങ്ങൾ നൂറുനാവിൽ പറയുന്നത് കിനാവുകണ്ട് അവളുറങ്ങി. നേരം വെളുത്തപ്പോഴാണോർത്തത്, ഹസീനാക്ക് കൊടുക്കാൻ പൊന്നാനീന്ന് അത്തറ് വാങ്ങിക്കൊണ്ടുവരാൻ ഇക്കാനോട് പറയണം. മാമാന്റെ വീട്ടിൽ വിരുന്നു ചെന്നപ്പോൾ ഇക്കാൻ്റെ ടീഷർട്ടിലെ മുല്ലപ്പൂമണമുള്ള അത്തറിന് കൊതി പറഞ്ഞുനടന്നതാണ് പെണ്ണ്! ഹസീനയ്ക്ക് മാത്രമല്ല ഷാഹിനയ്ക്കും ഖൽബിലുടക്കിയ മണമാണത്. ആരിഫ് പൊന്നാനിക്ക് പോയപ്പോൾ ഊരിയിട്ട ഷർട്ടെടുത്ത് തലയിണക്കിടയിൽ പാത്തു വെച്ചിരിക്കുകയാണവൾ. മുല്ലപ്പൂമണമുള്ള അവൻ്റെ വിയർപ്പ് പ്രാണനിലേക്ക് ശ്വസിച്ചാണ് അവളുറങ്ങുന്നത്.
പ്രാതലിന്റെ ഒരുക്കത്തിനുശേഷം അവൾ വെളിയംകോടുള്ള ആരിഫിന്റെ താമസസ്ഥലത്തേക്ക് വിളിച്ചു. നാലു കൂട്ടുകാർ ചേർന്ന് വാടകയ്ക്ക് പാർക്കുകയാണവിടെ. ഫോണെടുത്തത് കൂട്ടുകാരൻ അരവിന്ദനാണ്. കൊച്ചുവിശേഷങ്ങൾ കഴിഞ്ഞ് ആരിഫിനെ ചോദിച്ചപ്പോൾ “അവൻ അതിവെളുപ്പിനേ സ്ഥലം വിട്ടല്ലോ. ചെക്കന് ഇപ്പോ രാത്രി ഉറക്കോന്നുമില്ല. ഉച്ചയ്ക്ക് ഊണിന് ഒരാളെ കൂടി കരുതിക്കോ” എന്നുപറഞ്ഞ് അരവിന്ദൻ കളിയാക്കിച്ചിരിച്ചു.
ഷാഹിനാന്റെ ചങ്ക് സന്തോഷം കൊണ്ട് നെഞ്ചിനുള്ളിൽ കുതിച്ചുചാടി. ഇന്നലെ വിളിച്ചപ്പോൾപ്പോലും വെള്ളിയാഴ്ച വരുന്ന കാര്യമാണല്ലോ പറഞ്ഞത്. എന്തായാലും ഈ സർപ്രൈസ് താൻ അറിഞ്ഞതായി ഭാവിക്കുന്നില്ല. ഇക്കാൻ്റെ ഫേവറിറ്റ് തേങ്ങ ചുട്ടരച്ച ചമ്മന്തി ഊണിന് വിളമ്പി തിരിച്ചൊരു സർപ്രൈസ് കൊടുക്കണം. അടുക്കളയിലേക്ക് നടക്കുമ്പോൾ മാന്ത്രിക പരവതാനിയിലൂടെ ഒഴുകിപ്പറക്കുകയായിരുന്നു മനസ്സ്. മുഖത്തെ കള്ളച്ചിരി ഉമ്മച്ചി കാണാതെ തട്ടത്തിനടിയിൽ ഒളിപ്പിച്ചു. അരവിന്ദൻ പറഞ്ഞ സമയമനുസരിച്ച് മൂപ്പരെത്താൻ നേരമായിട്ടുണ്ട്. ഊണൊരുക്കി മൂടിവെച്ച് ഓടിപ്പോയി കുളിച്ചു. ഈറൻമുടിയിൽ തോർത്ത് ചുറ്റികെട്ടി. കല്യാണച്ചരക്കിനൊപ്പം ആരിഫിന്റെ ഇഷ്ടത്തിന് വാങ്ങിച്ച നീളൻകൈയ്യുള്ള പിങ്ക് നൈറ്റി എടുത്തിട്ടു.
“അന്നെ ഇങ്ങനെ കണ്ടിട്ടിൻ്റെ കൺട്രോള് പോണു മുത്തേ” എന്നാണ് അവളെ ആ വേഷത്തിൽ ആദ്യം കണ്ടപ്പോൾ അവൻ കാതിൽ കിന്നാരം പറഞ്ഞത്. അന്ന് അവൻ്റെ പിടുത്തത്തിൽ അവളുടെ കൈ മൈലാഞ്ചിച്ചാറുപോലെ ചുവന്നു. അതോർത്ത് അവൾക്ക് കഴുത്തിന് പുറകിൽ മഞ്ഞുതിർന്നപോലെ ശരീരമാകെ കുളിരുകോരി.
പിന്നെയുള്ള നിമിഷങ്ങൾ വാതിൽക്കലും ക്ലോക്കിലുമായി കണ്ണുകൾ കാണാനൂൽപ്പാലം കെട്ടിത്തുടങ്ങി. വഴിയിലെ ഓരോ നിഴലനക്കവും അവളുടെ കഴുത്തിന്റെ കശേരുക്കളിൽ കെട്ടിയതുപോലെയായിരുന്നു അതിൻെറ ചലനം.
ഗേറ്റിൽ കാറ്റുതട്ടി ചെറിയശബ്ദം ഉണ്ടായാലും അവളുടെ കാലുകൾ ഉമ്മറത്തെ ജനൽപ്പടിയിലെത്തും. വേനലിൽ മൊരിഞ്ഞ മണൽത്തരികളെ ഞെരിച്ച് അവൻ്റെ ഷൂസിന്റെ ശബ്ദം അടുത്തടുത്ത് വരുന്നത് അവൾ പലകുറി കേട്ടു. ഗേറ്റിന്റെ ഓടാമ്പല് തട്ടി അകത്തുവന്ന കുടുംബശ്രീയിലെ കച്ചവടക്കാരിയായ പതിവുകാരിയോട് അവൾക്ക് അന്ന് പതിവില്ലാതെ ദേഷ്യം തോന്നി.
ഊണിന് നേരായപ്പോൾ നബീസുമ്മ വിളിച്ചു. “എനിക്കിപ്പോ വെശക്കണില്ല, ഉമ്മച്ചി കഴിച്ചോളിൻ ” എന്നുപറഞ്ഞ് പൊരിഞ്ഞ വയറിനെ നുണകൊണ്ടൂട്ടി. കാത്തിരിപ്പിനൊപ്പം ഉള്ളിലെ തിക്കുമുട്ടലും കനത്തു. ടെറസിന്റെ മുകളിൽ അലക്കിയിട്ടതെല്ലാം പെറുക്കി മടക്കി എടുത്തപ്പോഴേക്കും ഒരു തലചുറ്റൽ. ഉച്ചവെയിലിന്റെ ചൂടിലും വയറിലെ തീയിലും അവൾ വാടിപ്പോയിരുന്നു.
വീണ്ടും അടുക്കളയിലെത്തി പാത്രം കഴുകലും പെരയടിക്കലുമായി ഉമ്മച്ചിക്ക് മുഖം കൊടുക്കാതെ നടക്കുമ്പോഴാണ് ആരിഫിന്റെ ആലോചന വന്നപ്പോൾ കൂട്ടുകാരി സീനത്തിന്റെ കളിയാക്കൽ ഓർമ്മ വന്നത്.
“കോതമംഗലംകാരി മൊഞ്ചത്തിക്ക് പൊന്നാനീന്ന് പുയ്യാപ്ല. അവിടെ മൂപ്പർക്ക് വേറെ കെട്ടിയോളും പിള്ളേരും ഒക്കെ കാണും.”
മിക്സിക്കുള്ളിൽ വട്ടംചുറ്റിയ ഇഡലി മാവിനൊപ്പം മനസ്സ് ചിന്തകളുടെ പ്രൊപ്പല്ലറിൽ ചതഞ്ഞരഞ്ഞു തൂവിപ്പോയി.
“പടച്ചോനേ, ഇനി അതെങ്ങാനും സത്യാണോ…… അങ്ങനെയൊന്നും ഉണ്ടാകല്ലേ”. ഷാഹിന ദിക്റുചൊല്ലി
തമ്പുരാനെ വിളിച്ചപേക്ഷിച്ചു.
വെളുപ്പിന് രണ്ടുപേരോടൊപ്പം ഒരു കാറിൽ കയറിപ്പോയെന്നാണ് അരവിന്ദൻ പറഞ്ഞത്. അസർ നമസ്കാരത്തിനിടെ കണ്ണീരൊഴുകിപ്പരന്നു. വഴിക്കണ്ണും പ്രാർത്ഥനയുമായി കഴിഞ്ഞ ഒരു പകൽ മരിച്ചുവീഴുന്നു. പിരിയുന്ന പകലിൻ്റെ ചങ്കിലെ ചോപ്പ് പടിഞ്ഞാറേ മാനത്താകെ ചിന്നിത്തെറിച്ച് കിടന്നു. ഷാഹിനാന്റെ ഉത്സാഹക്കുറവും അത്താഴത്തിനും വിശപ്പില്ലായ്മയും കൂടി കണ്ടപ്പോൾ നബീസുമ്മയ്ക്ക് പന്തികേട് തോന്നി. ശീലമില്ലാത്ത ഒരു കിടപ്പ് എന്താണെന്ന് ചോദ്യം വന്നപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും തുള്ളിക്കൊരുകുടം പെയ്തുതുടങ്ങി.
“ഉമ്മച്ചീ, ഇക്കാ വെളുപ്പിന് ആരോ രണ്ടുപേരുടെ ഒപ്പം കാറിൽ കേറി പോന്നൂന്നാ അരവിന്ദൻ പറഞ്ഞത്. ഉച്ചയ്ക്ക് മുന്നേ ഇങ്ങെത്തേണ്ടതല്ലേ. ഒന്ന് വിളിച്ചുകൂടിയില്ല. എവിടാ, എന്താ എന്നറിയാതെ…..”
“ഓൻ നാളെയല്ലേ വരൂ. വ്യാഴാഴ്ച ഓന് ജോലീള്ളതല്ലേ..” നബീസുമ്മയുടെ ആശ്വാസവാക്കൊന്നും അവളെ ഏശിയില്ല.
ആകെ ആശ്രയം അനിയൻ അഫ്സൽ ആണ്. അവനാണെങ്കിൽ ഇന്നലെ ടൂർ കമ്പനിയിലെ വണ്ടിയുമായി ഓട്ടം പോയതാണ്. രണ്ടുദിവസം കഴിഞ്ഞേ വരൂ. അവന് മൊബൈൽഫോണും ഉണ്ട്. അതിലേക്ക് എത്രതവണ വിളിച്ചൂന്ന് അവൾക്ക് തന്നെ നിശ്ചയമില്ല. വിളിക്കുമ്പോഴൊക്കെ പരിധിക്ക് പുറത്ത് അല്ലെങ്കിൽ തൽക്കാലം പ്രതികരിക്കുന്നില്ല. അവസാന രണ്ടുവട്ടം സ്വിച്ച്ഡ് ഓഫ്! അഫ്സലിന്റെ ഉറ്റചങ്ങാതി അയൽവക്കത്തെ നവാസിനെയും വിളിച്ചു. അഫ്സലിന്റെ നിഴലുതന്നെയാണ് നവാസ്. അവന്റെ ഫോണും അതുതന്നെ അവസ്ഥ. അഫ്സലിനെയും നവാസിനേയും കൂടപ്പിറപ്പുകളെപ്പോലെയാണ് ഷാഹിനക്ക്.
“ഉമ്മച്ചീ, ഞാൻ അഫ്സലിനെയും നവാസിനെയും വിളിച്ചുനോക്കി. ആരേയും കിട്ടുന്നില്ല. ഉമ്മച്ചിയെ കൂടി വിഷമിപ്പിക്കേണ്ട എന്നോർത്താ പറയാഞ്ഞത്.”
“ഓരിങ്ങെത്തിക്കോളും. ആങ്കുട്ട്യോളല്ലേ. ഏതെങ്കിലും ചരക്കുവണ്ടിക്ക് കേറിയാണേലും ഏതു പാതിരാത്രിക്കും ഓര് വന്നോളും. ജ്ജ് ബേജാറാവാണ്ട് വന്ന് അത്താഴം കഴിക്കിൻ.”
ആൺമക്കളെക്കുറിച്ച് നബീസുമ്മയ്ക്കുള്ള ചങ്കുറപ്പൊന്നും പുതുപ്പെണ്ണിനില്ല.
“യാ അള്ളാഹ്, എൻ്റെ ഇക്കായ്ക്ക് ആഫിയത്തും ദീർഘായുസ്സും കൊടുത്ത് നീ കാത്തോളണേ “
അവൾ അത്താഴവും വെടിഞ്ഞ് പരമകാരുണികനായ തമ്പുരാനോട് ദുആ ചെയ്ത് കണ്ണീരുകൊണ്ട് മുഖം കഴുകി, ക്ഷീണം കാരണം കിടന്നുറങ്ങിപ്പോയി. വയറിൽ നിന്ന് വിശപ്പിന്റെ ആന്തൽ തൊണ്ടവരെയെത്തി പൊള്ളിച്ചപ്പോൾ ഉറക്കം കൈവിട്ടു. തലവേദനയും മനസ്സിലെ ആധിയും ചുറ്റുമുള്ള ഇരുട്ടിന് ഭീകരരൂപം സൃഷ്ടിച്ചു. മുല്ലപ്പൂമണമുള്ള ഷർട്ടിലും കണ്ണീരിന്റെ പരലുകൾ ഉണങ്ങിപ്പിടിച്ചു. തലയിണക്കുള്ളിലേക്ക് മുഖം പൂഴ്ത്തി, അടുത്ത മുറിയിൽ ഉറങ്ങുന്ന ഉമ്മച്ചി കേൾക്കാതെ അവൾ നിശബ്ദം പെയ്തുകൊണ്ടിരുന്നു.
വെളുപ്പിന് മൂന്നുമണികഴിഞ്ഞ് ഫോൺബെൽ അടിക്കുന്നതുകേട്ട് അവൾ ഞെട്ടിയെഴുന്നേറ്റു. ഭക്ഷണം കഴിക്കാത്ത ഒരു ദിവസത്തിന്റെ ക്ഷീണമില്ലായിരുന്നു ഫോണിനടുത്തേക്ക് ഓടിയ അവളുടെ കാലുകൾക്ക്! ടൂർ കഴിഞ്ഞ് വീട്ടിലെത്തിയ അഫ്സൽ ആയിരുന്നു അത്. ഗേറ്റ് കടക്കുന്ന കാറിലിരുന്നുകൊണ്ട്, വാതിൽ തുറക്കാനുള്ള വിളി. ജനലിലൂടെ കാറിന്റെ വെട്ടം പൊട്ടിച്ചിതറി കണ്ണിലടിച്ചപ്പോൾ അവൾ നിലതെറ്റി വീഴാൻ തുടങ്ങി. വാതിൽ തുറന്നപ്പോൾ അഫ്സലിനൊപ്പം നവാസുമുണ്ട്. രണ്ടുപേരും നീണ്ട ഒരു യാത്രയുടെ അഴുക്കും ക്ഷീണവും പേറി അരണ്ട ചിരിയാലേ നിൽക്കുന്നു. അവൾ ആരിഫിനെ ഓർത്ത് ഒച്ചയുടെ ഉറവവറ്റി നിന്നു.
അഫ്സൽ അകത്തേക്ക് കയറിയപ്പോൾ നവാസ് കാറിൽ നിന്ന് ഒരു ബാഗെടുത്ത് ഷാഹീനായ്ക്ക് നേരെ നീട്ടി.
“ഇക്കാന്റെ ബാഗല്ലേ ഇത്. ഈ ബാഗ് തന്നെയല്ലേ കഴിഞ്ഞതവണ പോയപ്പോൾ താൻ അടുക്കിക്കൊടുത്തു വിട്ടത്?” താനൊരു വിഭ്രാന്തിയിൽ ആണെന്ന് അവൾ സംശയിച്ചു.
“അഫ്സലേ,…..” അവൾ അരവിന്ദൻ പറഞ്ഞ കാര്യങ്ങൾ മുറിഞ്ഞ വാക്കിലും പകുതി കണ്ണീരിലും പറഞ്ഞൊപ്പിച്ചു. അഫ്സലിന്റെ മറുപടിക്കായി കാത്ത് കണ്ണുതുടച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ഇരുട്ടിൽനിന്നും ഒരാൾ ഇറയത്തേക്ക് കയറി വന്നത്.
“ഇക്കാ ……….” അവൾ സ്ഥലകാലബോധമില്ലാതെ അലറിവിളിച്ചു. സന്തോഷമായിരുന്നോ സങ്കടമായിരുന്നോ ആ ശബ്ദത്തിൽ എന്ന് കേട്ടുനിന്ന മൂന്നുപേർക്കും മനസ്സിലായില്ല. അവൾ ഓടിപ്പോയി കട്ടിലിൽച്ചെന്ന് കമിഴ്ന്നടിച്ച് വീണു. കരച്ചിൽ ഉച്ചത്തിലായി. ഏങ്ങലടികൾ കൊണ്ട് ആ മുറി നിറഞ്ഞു. ആരിഫ് അവളുടെ അടുത്ത് ചെന്നിരുന്നു. ഇടയ്ക്കിടെ അവൾക്ക് ശ്വാസംമുട്ടുന്നതായി അയാൾക്ക് തോന്നി.
“ഷാഹിനാ …….” അയാൾ അവളുടെ തോളിൽപ്പിടിച്ചു കുലുക്കി.
ആരിഫിൻ്റെ വിളികൾക്കോ തോളിലെ സ്പർശത്തിനോ മുതുകിലെ തലോടലിനോ അവളുടെ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അതവളുടെ ഹൃദയത്തിലും ആത്മാവിലും നിന്നുയർന്നതായിരുന്നു.
കൊച്ചുകുട്ടിയെപ്പോലെ വളഞ്ഞുകൂടിയുള്ള അവളുടെ കിടപ്പും വിതുമ്പലും വലിയ തമാശയായി തോന്നി ആരിഫിന്. വണ്ടിപ്രിയനായ അയാൾ കളിയായിത്തന്നെ പറഞ്ഞു.
“എന്റെ പൊന്നേ, നീ ഇങ്ങനെ പിസ്റ്റൺ പിടിക്കാതെ. അഫ്സലും നവാസും കൂടി ഊട്ടിക്ക് പോകും വഴി പൊന്നാനിയിൽ വരാമെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കിട്ടിയ ചാൻസ് കളയണ്ടല്ലോ എന്നോർത്തു ഞാനും കൂടി. നിന്നോട് പറഞ്ഞാൽ നീ എന്തായാലും സമ്മതിക്കില്ലല്ലോ. അരവിന്ദനോടും നിന്നോടിത് പറയരുതെന്ന് ഞാൻ ഏൽപ്പിച്ചിരുന്നു.”
അത്രയും വിളിച്ചിട്ടും അഫ്സലും നവാസും ഫോൺ എടുക്കാതിരുന്നതിൻ്റെ കാരണവും ഷാഹിനയ്ക്ക് മനസ്സിലായി. തനിക്ക് ആരിഫിനെക്കുറിച്ചുള്ള കരുതലും സ്നേഹവും ആരിഫിന് തന്നെക്കുറിച്ചുള്ള വിചാരങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അവളുടെ ഉള്ളിൽ ചൂടുകല്ലിൽ പത്തിരിയെന്നപോലെ പൊള്ളിത്തിണർത്തു.
“അള്ളാഹ്, ഞങ്ങള് പുതിയൊരു ജീവിതം തുടങ്ങിയിട്ടേയുള്ളൂ. നീ തന്നെ തുണ” അവൾ റബ്ബിനോട് തേടിക്കൊണ്ടിരുന്നു.
“നമുക്ക് അടുത്ത മാസം തന്നെ ഒരുമിച്ച് ഊട്ടിക്ക് പോകാം. നീയൊന്ന് കരച്ചിൽ നിർത്ത്.” ആരിഫിന്റെ ശബ്ദത്തിൽ നേരിയ ദേഷ്യം കലർന്നിട്ടുണ്ടായിരുന്നു.
അതായിരുന്നു ഹണിമൂണിനെക്കുറിച്ചുള്ള അവരുടെ അവസാന സംസാരം. അല്ലെങ്കിലും കഴിഞ്ഞ പതിനാറ് മണിക്കൂറോളം തിന്ന തീയിൽ അവളുടെ മധുവിധു ആശകൾ കരിഞ്ഞുപോയിരുന്നു.