
അന്തി ചോക്കുന്നതിൻ മുൻപേ-
നടന്ന് കണ്ടന്നാ പ്രശാന്തമാം മണ്ണ്..
കൈയിൽ തലോടുന്ന ശില്പഗ്രാമങ്ങളിൽ
കണ്ണുനീരുപ്പിൻ്റെ പാട്ട്
നീളൻ വരാന്തയിൽ തൂങ്ങിയാടും
ചിത്രമോരോന്നിലും പുരാവൃത്തം
പ്രാചീനമാകുടീരത്തിന്ന് മുന്നിലായ്
ധ്യാനലീനം കാറ്റ് നിന്നു.
ലോകമൊന്നായി വന്നെത്തി നോക്കും-
കാവ്യസാധകത്തിൻ മഷിത്തൂവൽ
ചുറ്റും പൊഴിഞ്ഞുവീഴുന്നു സുഗന്ധ-
നീരൊപ്പുന്ന വാക്കിലെ മഞ്ഞ്
തീരപ്പെരുക്കങ്ങളിൽ നിന്നുലഞ്ഞ്-
വന്നേറുന്ന ചക്രവാതങ്ങൾ!
രാവിൻ്റെ ഗന്ധർവ്വഗാനങ്ങൾ-
മേഘങ്ങളാധിതീർക്കും ഇരുൾച്ചില്ല..
ചക്രവാളത്തിൽ കിഴക്ക് തൊട്ടെത്തുന്ന-
മുഗ്ദ്ധമാം ഭൂപാളരാഗം
*വർഷമംഗൾ തുടങ്ങുന്നു കാലത്തിൻ്റെ-
കത്തുന്ന തീ കെടുത്തുന്നു
ചിത്രസ്തൂപങ്ങളിൽ ഗ്രാമം പകർത്തുന്ന-
നക്ഷത്രകാവ്യരൂപങ്ങൾ!
സത്യമാലേഖനം ചെയ്യുവാനെത്തവേ
കിട്ടും വിലങ്ങിൻ്റെ ശബ്ദം
പള്ളിവാളിൻ മുനത്തുമ്പിൽ തുളുമ്പുന്ന
സങ്കടം ചോക്കുന്ന കണ്ണിൽ
ഓരോ വിലങ്ങും തകർത്ത് പോകാമെന്ന്
ഗീതാഞ്ജലിഗീതനാദം
പട്ടും, വളകളും വേണ്ടെന്ന് വയ്ക്കുന്ന-
ഒറ്റയാക്കപ്പെട്ട സത്യം
നീ വിലങ്ങിട്ട് പോയാലും ജ്വലിക്കുമീ-
പ്രാണൻ്റെ നാളം, വെളിച്ചം
നീ ദയാശൂന്യം തകർക്കാനൊരുങ്ങിലും
ആ ഗ്രാമഗാനമുണ്ടാകും
ഇന്ദ്രഗർവം പോലെയന്ധകാരം നിൻ്റെ-
ചിന്തയെ മൂടിവയ്ക്കുമ്പോൾ
അഗ്നിഗർഭത്തിലേക്കിട്ട് ഭേദ്യം ചെയ്ത
ശുദ്ധസ്വരസ്ഥാനഗീതം
നീ ചതിക്കൂട്ടിലിട്ടാക്രമിക്കുമ്പോഴും
ആ പാട്ടജയ്യമായീടും…
ശാന്തിമന്ത്രം സാധകം ചെയ്ത പാട്ടത്-
ശാന്തിനികേതനഗാനം..
ആ പാട്ടിലഗ്നിയും മഞ്ഞുമുണ്ടായിടും
ആ പാട്ടിൽ ഭൂമിയുണ്ടാകും…
നിശ്ശബ്ദമാക്കുവാൻ കാലത്തിനാകാത്ത-
നിത്യസത്യത്തിൻ്റെ ഗാനം..
ആ പാട്ട് വീണ്ടും പുനർജനിക്കും അതിൽ-
മാറ്റൊലിക്കൊള്ളും പ്രപഞ്ചം!
====================================================
*കൽക്കത്തയിൽ നിന്നും 130 കി.മി. വടക്കുള്ള പ്രക്യതിസുന്ദരമായ ബോൽഗ്രപൂർ ഗ്രാമപ്രദേശത്ത് രബീന്ദ്രനാഥ് ടാഗോർ ശാന്തിനികേതൻ വിദ്യാലയം സ്ഥാപിച്ചു. കുട്ടികളെ വിദ്യാലയത്തിന്റെ സങ്കുചിതമായ ഭിത്തികൾക്കുള്ളിൽനിന്നു മോചിപ്പിച്ച് പ്രക്യതിയുമായി ബന്ധമുള്ളവരാക്കിത്തീർക്കുകയും അവർക്ക് സാമൂഹികമായി ജീവിക്കുവാനും വളരുവാനും സ്വാതന്ത്ര്യം നൽകുകയും ചെയ്യുക എന്നതായിരുന്നു ടാഗോറിന്റെ ലക്ഷ്യം. 1913-ൽ നോബൽ സമ്മാനത്തിൽനിന്നു ലഭിച്ച മുഴുവൻ തുകയും ശാന്തിനികേതനത്തിനു വേണ്ടി അദ്ദേഹം ചിലവഴിച്ചു. “ഇൻഡ്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച” എന്നാണ് ജവഹർലാൽ നെഹ്റു ശാന്തിനികേതനെ വിശേഷിപ്പിച്ചത്. 1921-ൽ ഈ വിദ്യാലയം വിശ്വഭാരതി സർവകലാശാലയായി.
*രബീന്ദ്രടാഗോർ രചിച്ച രബീന്ദ്രസംഗീതത്തിൽ ഗായകർ പാടാറുള്ള വർഷാമംഗൾ എന്ന രചന.
