ശരീരം നമ്മളോടും ശരീരത്തോട് നമ്മളും ചെയ്യുന്നത്

ശരീരം നമ്മളോട് ചെയ്യുന്നത്
ബാല്യത്തിലെ ആദ്യ ഓട്ടത്തെ
വീഴ്ചയെ അപ്രതീക്ഷിതമായി
ഒടുവിലത്തെ വാർദ്ധക്യത്തിലേക്ക്
എത്തിക്കുന്നതാണ്.
ഉറക്കത്തിൽ മൂത്രമൊഴിച്ചു പോകുന്നത്,
ബലക്ഷയമായ കൈകളിൽ നിന്ന്
പാത്രങ്ങൾ പൊട്ടിച്ചിതറുന്നത്,
നിറഞ്ഞ വെയിലിലും വഴുതി വീഴുന്നത്,
പല്ല് പൊഴിഞ്ഞ ചിരിയിൽ
നിഷ്കളങ്കത പൂക്കുന്നത്.
എന്നിട്ടും,
നമ്മളിപ്പോഴും നടക്കാതെ ഓടുന്നു.
വെട്ടിപ്പിടിച്ചു തീരാത്തത്രയും ദൂരേക്ക്.
കാൽവരിയിലെത്തും മുന്നേ കാലിടറുന്നു.

ശരീരം നമ്മളോട് ചെയ്യുന്നത്
ആദ്യത്തെ വിചാര വികാരങ്ങളെ
വാർദ്ധക്യത്തിലേക്ക് എത്തിക്കുന്നതാണ്.
പാലിന്റെ ആദ്യ നറും ചൂട്,
ആദ്യത്തെ കാഴ്ച,
വിളർത്ത നിലാവ്,
ചുവന്ന സന്ധ്യ,
ഗർഭപാത്രത്തിലെ കിടത്തം,
ആദ്യത്തെ കൗമാരത്തിലേക്ക്,
ആദ്യത്തെ യൗവനത്തിലേക്ക്,
നമ്മളെയത് എത്തിക്കുന്നു.

ശരീരത്തോട് നമ്മൾ ചെയ്യുന്നത്
കണ്ണാടിക്കു മുന്നിൽ നിർത്തി അതിന്റെ
അപരനെ കണ്ടെത്തുന്നതാണ്
ഇനി മുളക്കാനുള്ള
അവസാന മറുകിനെയത്
കാട്ടിത്തരുന്നു
ഒടുവിൽ പൊഴിയുന്ന വെളുത്ത രോമത്തെയും
ശരീരത്തിന്റെ അവസാന നിൽപ്പിനെയും
എന്തിനു,
അസ്ഥികൂടത്തെ പോലും കാട്ടിത്തരും
കർമ്മഫലങ്ങളെയും.

ശരീരം നമ്മളോട് ചെയ്യുന്നത്
കണ്ണാടിക്കു മുന്നിൽ വെച്ച് നമ്മളെ
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും
നോവിക്കുകയും ചെയ്യുന്നതാണ്.
നമ്മളപ്പോൾ ഏറ്റവും മുന്തിയ
മെയ്ക്കപ്പിനുള്ളിൽ വൃഥാ
ഒളിച്ചിരിക്കാൻ ശ്രമിക്കും.
എന്നിട്ടും, ഏറ്റവും ദൈന്യമായ
വേലിയേറ്റം അപകർഷതയും
ഏറ്റവും ക്രൂരമായ വേലിയിറക്കം
പ്രായത്തിന്റേതുമാണെന്ന്
കണ്ണാടി വെളുക്കനെ ചിരിക്കും.

പൊട്ടിയ കണ്ണാടി നമ്മളോട് ചെയ്യുന്നത്
വധുവിൽ നിന്നകറ്റി
നിത്യകന്യകയാക്കുന്നതാണെന്ന് പഴമ.
നിത്യകന്യകകൾ മത്സ്യഗന്ധികളാണെന്ന്
കണ്ണാടി പതുക്കെ പരദൂഷണം പറയും
മറ്റാരെയോ പ്രതിഫലിച്ചു കണ്ടെന്നു.
അപ്പോൾ എങ്ങു നിന്നോ വന്ന
പിക്കാസോ ചുവരിൽ കറുത്ത ചായം
മുക്കി വെളിച്ചത്തിന്റെ മുന കൊണ്ട്
അവളെ അഗാധമായി വരയുന്നു
ശരീരം എല്ലാർക്കും ഒരു പോലെ
എന്ന് ഊഹിക്കാം.

ശരീരം നമ്മളോട് ചെയ്യുന്നത്
ഓർമ്മപ്പെടുത്തലുകൾ മാത്രമാണ്.
ഇഷ്‍ടമില്ലാത്തതൊക്കെ
അവിടവിടങ്ങളിലായി അദൃശ്യതയോടെ
എന്നാൽ, നിങ്ങൾക്ക് മാത്രം
ദൃശ്യമാകും വിധത്തിൽ
ഇഷ്ടങ്ങൾക്കു മീതെ മുഴച്ചു നിൽക്കും.
നിങ്ങൾക്കപ്പോൾ ശരീരം
അന്യഗ്രഹ ജീവിയുടെ പോലെ
ഭയത്തിന്റെയും അറപ്പിന്റെയും
നിഴലുകൾ വീഴ്ത്തും.
വസ്ത്രം കൊണ്ടപ്പോൾ
ഏതോ കാലത്തെ ഉണങ്ങിയ
നഖത്തിന്റെ പോറൽ മറയ്ക്കും.
വേദനയുടെ പുറമ്പോക്ക് ഭൂമിപോലെ
ശരീരം ഓർമ്മകളുടെ
കാട് പിടിച്ചു കിടക്കും.

ശരീരത്തോട് കണ്ണാടി ചെയ്യുന്നത്
ചങ്ങാതിയെ ഓർമ്മപ്പെടുത്തലാണ്.
കണ്ണാടി തൊട്ട നമ്മുടെ
ഭൂതകാലത്തിന്റെ
കറുത്തൊരു പൊട്ട്
വീണ്ടും നെറ്റിയിലേക്കുദിക്കാൻ
കൊതിയോടെ നോക്കുന്നു.
കണ്മഷിയുടെ പോറൽ,
തൂവിയ സിന്ദൂരത്തിന്റെ ശോണിമ,
ഉണങ്ങിയ ചന്ദനക്കുറി,
കണ്ണാടി ശരീരത്തിന്റെ ഭാവികാലത്തെ
മിഴിച്ചു നോക്കുന്നു.

ശരീരം നമ്മളോട് ചെയ്യുന്നത്
നമ്മൾ നമ്മളെത്തന്നെ മീട്ടുന്നതാണ്.
തുരുമ്പെടുത്തവ ഉണർന്നേക്കാം.
തന്ത്രികളിലപ്പോൾ
രാഗങ്ങൾ പൊഴിയും
ശ്രുതി ലയങ്ങളുടെ
നിമ് നോനതകളിൽ നിന്ന്
മണമുള്ള പൂക്കൾ പറിക്കും.
ഒരു പാട്ട് മൂളി വണ്ടലയുന്നെന്ന് തോന്നും.
കാട്ടരുവികളിൽ കിളികളുടെ
കുറുകൽ കേൾക്കും.
നെഞ്ചോന്നു പിളർന്നു നോക്കിയാൽ
യൗവനത്തിന്റെ തുടിപ്പോടെ
മാന്തളിരിൻ നിറമുള്ള മനസ് കാണും .

ശരീരത്തോട് നമ്മൾ ചെയ്യുന്നത്
പാഴായ ജീവിതത്തെ
ആദ്യ ജന്മത്തിൽ നിന്ന്
എങ്ങനെ രണ്ടാമത്തെ ജന്മത്തിൽ
രാജാവാക്കാം എന്നാണ്.

ശരീരം നമ്മളോട് ചെയ്യുന്നത്
പാഴായ രണ്ടാമത്തെ
ജന്മത്തിരുന്നു ആദ്യത്തെ ജന്മത്തിൽ
നമ്മൾ രാജാവായിരുന്നിരിക്കാം
എന്ന ആശ്വസിപ്പിക്കലാണ്.
ഞാനിപ്പോൾ രണ്ടാം ജന്മത്താണെന്ന്
തോന്നുന്നു .

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു