വൈവാ വോസി

യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വൈവാ വോസിയാണ് നടക്കുന്നത്. എം.എ.മലയാളത്തിന് പണ്ടു മുതല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നുണ്ടല്ലോ. വളരെ നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ വാചാപരീക്ഷയ്ക്കായി വന്നു കഴിഞ്ഞു. ചിലര്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ചിലര്‍ ചില ‘ഗൈഡുകള്‍’ നോക്കി പഠിക്കുന്നു. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ലായെന്ന മട്ടില്‍ ഇരിക്കുന്നവരെയും അവിടെ കാണാം.

ഞങ്ങള്‍ രണ്ടുപേരും വൈവാ വോസി നടക്കുന്ന ഓഫീസിലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്‍റെ വരാന്തയില്‍ ഇരിക്കുന്നവരെല്ലാം പെട്ടെന്നേഴുന്നേറ്റ്, ഭവ്യത കാണിച്ച്, ‘ഗുഡ്മോണിംങ്ങ്’ പറഞ്ഞു. ചില ‘ഗുഡ്മോണിംങ്ങുകളെ’ പ്രത്യേകം ശ്രദ്ധിച്ചു. വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ കുറേ വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള എനിക്ക് കുട്ടികളുടെ, (സോറി ചിലര്‍ എന്നേക്കാള്‍ പ്രായകൂടുതലുള്ളവരാണെന്ന് എനിക്കറിയാം) പെര്‍ഫോമെന്‍സിനെ തിരിച്ചറിയാനുള്ള കഴിവൊക്കെയുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍.

അതിവിനയവും ബഹുമാനവുമൊക്കെ കാണിച്ച് അധ്യാപകരുടെ ഇന്‍ന്‍റേണല്‍ മാര്‍ക്കിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലാന്‍ പറ്റും എന്നാണവര്‍ കരുതിയിരിക്കുന്നത്. പഠിക്കാനുള്ള അവസരം പലവിധ കാരണങ്ങളാല്‍ നഷ്ടപെട്ട ഇവര്‍ക്ക് ഇങ്ങനെയുള്ള നാട്യങ്ങള്‍ ഗുണം ചെയ്യുമെന്ന് വിശ്വസിച്ചു പോരുന്നു. വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളെക്കുറിച്ച് ചില പൂര്‍വ്വ ധാരണകളൊക്കെയുള്ള ഞങ്ങള്‍ വാചാ പരീക്ഷയ്ക്കു മുമ്പുതന്നെ ചില തീരുമാനങ്ങളില്‍ എത്തിചേര്‍ന്നു. മാര്‍ക്കിന്‍റെയും ഗ്രേഡിന്‍റെയും കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക ഇത്തരം പരീക്ഷകള്‍ക്ക് മുമ്പ് പതിവാണല്ലോ.

നാല്പത്തിയഞ്ചു വയസ്സു പ്രായം തോന്നുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ് ആദ്യം വന്നത്. യമുന സുരേഷ്, എവിടെയാണ് വീടെന്ന് ഞാന്‍ അവരുടെ ഹാള്‍ടിക്കറ്റ് നോക്കി ചോദിച്ചു. ചിറയന്‍കീഴ് സ്വദേശമാണെന്നു പറഞ്ഞു. മലയാളം പഠിക്കാനുള്ള സാഹചര്യത്തെക്കുറിച്ചു ഞാന്‍ ചോദിച്ചു. എന്നേക്കാള്‍ സീനിയറായ മാഷ് അവരുടെ കുടുംബത്തെക്കുറിച്ചും ചോദിച്ചു. അവര്‍ പറഞ്ഞു തുടങ്ങി.

“അച്ഛന്‍ സ്കൂള്‍ ഹെഡ്മാഷായിരുന്നു. അച്ഛന്‍ വീട്ടില്‍ സ്ട്രിക്ട് ആയിരുന്നു. മറുത്തൊന്നും പറയാന്‍ സമ്മതിച്ചിരുന്നില്ല. അമ്മ പണ്ടേ അച്ഛന്‍റെ അനുസരകള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശീലിച്ചിരുന്നു. ബി.എ. മലയാളം പഠിക്കാനായിരുന്നു എനിക്കു താല്പര്യം. പക്ഷേ അച്ഛന് ബി.എസ്.സി. ഫിസിക്സും. ഫിസിക്സ് പഠിച്ചപ്പോള്‍ സെക്കന്‍ഡ് ലാംഗ്വേജായി മലയാളം പഠിച്ചതായിരുന്നു എന്‍റെ ഒരു ആശ്വാസം. പി.എസ്.സി പരീക്ഷ കഴിഞ്ഞ ഉടനെ വിവാഹം നിശ്ചയിച്ചു. നാട്ടിലെ പ്രശസ്തനായ ഒരു വക്കീലിന്‍റെ മകനായിരുന്നു. അച്ഛന്‍ എന്നോടൊന്നും ചോദിക്കാതെ വിവാഹം ഉറപ്പിച്ചു.
ഭര്‍ത്താവിനെ കുറിച്ച് പറയാനാണെങ്കില്‍, സാറന്മാര് ‘വടക്കുനോക്കിയന്ത്രം’ സിനിമ കണ്ടിട്ടുണ്ടോ?

ഞങ്ങള്‍ കണ്ടിട്ടുണ്ടെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

ഞാന്‍ അങ്ങോട്ടു ചോദിച്ചു. ‘ഭര്‍ത്താവ് തളത്തില്‍ ദിനേശന്‍റെ സ്വഭാവക്കാരനാണല്ലേ?

അവര്‍ വിഷമിച്ചുകൊണ്ട് തലയാട്ടി.

“എന്നെ ഒരു സ്ഥലത്തേക്കും വിടുമായിരുന്നില്ല. എവിടെയെങ്കിലും പോകണമെങ്കില്‍ കൂടെ ആളുണ്ടാകും. ഇപ്പോള്‍ മക്കള്‍ കോളേജ് പഠനമൊക്കെ കഴിയാറായി. എനിക്ക് എന്‍റെ ആഗ്രഹമൊന്നു നടത്തണം. അതിനുവേണ്ടിയാണ് പഠിക്കാന്‍ വന്നത്. എം.എ. പഠനമൊക്കെ കഴിഞ്ഞ് ഏതെങ്കിലും പ്രൈവറ്റ് സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ പറ്റിയാല്‍ …..”

“സാരമില്ലാ …. നിങ്ങള്‍ക്ക് പഠിപ്പിക്കാനൊക്കെ പറ്റും. സീനിയര്‍ അദ്ധ്യാപകന്‍ അവരെ ആത്മവിശ്വാസത്തിലേക്കുയര്‍ത്തി. നമുക്ക് ചോദ്യങ്ങളിലേക്കു കടക്കാം”. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.

വത്സല കുമാര്‍ ഷിപ്പിയാര്‍ഡില്‍ ദിവസവേതനത്തില്‍ പണിക്കു പോകുന്നു. വൈപ്പിനിലാണ് വീട്. വീട്ടില്‍ രണ്ട് സഹോദരിമാര്‍ വിവാഹം കഴിയാതെ ഇരിക്കുന്നു. സുഹൃത്തുക്കളും വീട്ടുകാരുമൊന്നുമറിയാതെയാണ് വത്സലകുമാര്‍ എം.എ.ക്ക് പഠിക്കുന്നത്. അവര്‍ അറിഞ്ഞാല്‍ കളിയാക്കുമെന്ന്. പഠന സാമഗ്രികളെല്ലാം പി.ഡി. എഫ് ഫയലുകളാക്കി മൊബൈലില്‍ ആണത്രെ പഠനം. വത്സലകുമാറിന്‍റെ ഈ മറുപടികള്‍ ഞങ്ങളെ അതിശയിപ്പിച്ചു. ചെറുകഥയിലും കവിതയിലുമെല്ലാം സാധാരണ വിദൂരവിദ്യാഭ്യാസ വിദ്യാര്‍ത്ഥികളേക്കാള്‍ അറിവ് അയാള്‍ക്കുണ്ടായിരുന്നു.

“സാറേ, പഠിക്കാനുള്ള ആഗ്രഹം മാത്രമാണ് എനിക്കിപ്പോഴുള്ളത്. നാല്പത്തിയഞ്ച് വയസ്സായി. വിവാഹമോഹങ്ങളൊന്നുമില്ല. ജോലി തന്നെ സ്ഥിരമല്ല. വീടാണെങ്കില്‍ മറ്റുള്ളവരെ കാണിക്കാനും കൊള്ളില്ല. എം.എ. ജയിക്കണം. എന്നിട്ട് കൂട്ടുകാരുടേയും നാട്ടുക്കാരുടേയും അടുത്ത് പറയണം. തോക്കാണെങ്കില്‍ ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി.”

വത്സലകുമാറിന്‍റെ മറുപടിയില്‍ വളരെയധികം സന്തോഷമുണ്ടായിരുന്നു. പഠനം പലര്‍ക്കും പല ലക്ഷ്യങ്ങളാണ്. മാനവിക മൂല്യങ്ങളില്‍ നിന്നെല്ലാമകന്ന ജനത പണത്തിനായി നെട്ടോട്ടമോടുന്ന സമകാലിക ചുറ്റുപാടില്‍ വിദ്യാഭ്യാസം ഒരു ചരക്കാണല്ലോ. ഞാനോര്‍ത്തു.

“ബി.ടെക് പഠിക്കുന്ന പകുതിപ്പേരും തോല്‍ക്കുകയാണ്. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ എഞ്ചിനിയര്‍ ആക്കാനാണു താല്‍പര്യം. കുട്ടികള്‍ക്കാണെങ്കില്‍ അതൊട്ടുമില്ലതാനും. ഇങ്ങനെ പെട്ടന്ന് പണമുണ്ടാക്കുന്ന തിരക്കിലാണ് മാതാപിതാക്കളും ചില കുട്ടികളും.” സീനിയര്‍ അദ്ധ്യാപകൻ പറഞ്ഞു നിര്‍ത്തി. അദ്ദേഹത്തിന്‍റെ മകന്‍ ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എംഫില്‍ ഡ്രാമ ചെയ്യുകയാണ്. മകന് നാടകത്തോടാണ് കമ്പം. ആ വഴി തന്നെ പോകട്ടെയെന്ന് തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ തീരുമാനം നന്നായെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

വത്സലകുമാറിന്‍റെ പഠനം എന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു. തോല്‍വിയുടെ ആഴമേറിയ ഗര്‍ത്തങ്ങളില്‍ നിന്ന് പൊന്തിവന്നതാണല്ലോ ഞാന്‍. പ്രീഡിഗ്രിയും, ഐ.ടി.ഐ.യുമെല്ലാം തോല്‍ക്കുകയും പിന്നീട് എഴുതിയെടുക്കുകയും ചെയ്ത ഒരു ചരിത്രം എനിക്കുണ്ടല്ലോ. ഇല്ലായ്മയോടുള്ള പടവെട്ടലാണ് സത്യത്തില്‍ എന്‍റെ പഠനം. വത്സലകുമാര്‍ പോകുമ്പോള്‍ സീനിയര്‍ അദ്ധ്യാപകന്‍ ഇങ്ങനെ പറഞ്ഞു…

“ജോലിയൊന്നും തന്നെ ഇതു പഠിച്ചതുകൊണ്ട് കിട്ടില്ലെന്നറിഞ്ഞിട്ടും ഈ പ്രായത്തിലും ഇതിനുവേണ്ടി ശ്രമിക്കുന്നതു തന്നെ വല്യ കാര്യമാണ്. നമ്മളൊക്കെ പഠിച്ചത് ജോലികിട്ടാന്‍ വേണ്ടിയല്ലേ…..”

സാധാരണയായി വിദൂരവിദ്യാഭ്യാസത്തിലൂടെ പഠിക്കുന്നവര്‍ വാചാ പരീക്ഷയ്ക്ക് വരുമ്പോള്‍ ഒന്നുംതന്നെ ഓര്‍മ്മയിലില്ലെന്നാണ് പറയുന്നത്.

“പഠിച്ചിരുന്നു, ഇപ്പോള്‍ ഓര്‍മ്മയില്ല, പഠിക്കാനൊക്കെ വല്യ ആഗ്രഹമുണ്ട് സാറേ, പക്ഷേ സമയം കിട്ടാറില്ല. കഥകളൊക്കെ വല്യ ഇഷ്ടമാ സാറേ, വായിക്കാന്‍ സാധിക്കാറില്ല”. ഇമാതിരി ഉത്തരങ്ങള്‍ എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും വന്നുകൊണ്ടിരുന്നു.

സിലബസിനപ്പുറം പോകാത്ത, സിലബസിലെ ടെക്സ്റ്റുകള്‍ വായിക്കാതെ സ്റ്റഡിമെറ്റേരിയല്‍ മാത്രം വായിച്ച് പരീക്ഷയെഴുതുന്ന ഇവരോട് ചോദ്യങ്ങള്‍ ചോദിച്ച് നമ്മള്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളും നിരവധിയാണ്. ഇത്തരത്തിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ്ദാന വ്യവസ്ഥകളോട് എനിക്ക് പണ്ടേ മുതലേ എതിര്‍പ്പാണ്. പക്ഷേ വിദ്യാഭ്യാസം ഒരു കച്ചവട ചരക്കായി മാറികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതിനോടും പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. പിന്നെയൊരു നല്ല കാര്യമെന്തെന്നു വച്ചാ സാഹിത്യം പഠിക്കുന്നതു കൊണ്ടു മനുഷ്യരുടെ സൗന്ദര്യത്തിലും രാഷ്ട്രീയത്തിലുമെല്ലാം മാറ്റങ്ങളുണ്ടാകുമല്ലോ എന്ന ആശ്വാസമാണ്. കുറച്ചു പേരെങ്കിലും മനുഷ്യരാകുമല്ലോ.

“സിലബസിലെ ഏറ്റവും ഇഷ്ടപ്പെട്ട പേപ്പറേതാണ്?”

കുട്ടി വളരെ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.

“അനുകല്പനവും ചെറുകഥാ സാഹിത്യവും”

ഞങ്ങള്‍ക്ക് വളരെയധികം ഇഷ്ടം തോന്നി. പെട്ടെന്ന് തന്നെ ഇങ്ങനെ ഉത്തരം ലഭിക്കുക അപൂര്‍വ്വമാണല്ലോ. ഞങ്ങള്‍ ചോദ്യങ്ങളിലേക്ക് കടന്നു. കുട്ടി ഒന്നിനു പുറകേ ഒന്നായി ഉത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. രജിത്തിന്‍റെ വീട് പാലക്കാടാണ്. ഗവ.കോളേജില്‍ എം. എയ്ക്ക് അഡ്മിഷന്‍ കിട്ടി ഒരു മാസം പോയതാണ്. അപ്പോഴാണ് അമ്മ മരിച്ചത്. അച്ഛന്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. അമ്മയാണ് നോക്കികൊണ്ടിരുന്നത്. ഇപ്പോള്‍ രജിത്താണ് അച്ഛനെ ശുശ്രൂഷിക്കുന്നത്. ബന്ധുക്കളാരും തന്നെ ഇല്ല. റഗുലര്‍ പഠനം ഉപേക്ഷിച്ച് ഇപ്പോള്‍ വിദൂരവിദ്യാഭ്യാസം വഴി പഠിക്കുന്നു.

രജിത്തിനോട് ഞങ്ങള്‍ നെറ്റും, ജെ ആര്‍ എഫും നേടാന്‍ പറഞ്ഞു. വളരെയേറെ സ്ത്രൈണഭാവം രജിത്തിന്‍റെ ശരീരചലനങ്ങളിലും സംഭാഷണങ്ങളിലും ഞാന്‍ കണ്ടു. രജിത്ത് പഠിക്കുവാനും ജോലി നേടുവാനും ശ്രമിച്ചുകൊണ്ടിരിക്കണമെന്ന് സീനിയര്‍ അദ്ധ്യാപകനും ഉപദേശിച്ചു. അച്ഛന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും മരുന്നുമെല്ലാം എടുത്തുവച്ചിട്ടാണ് രജിത്ത് വന്നിരിക്കുന്നത്.

നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മാനവിക മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നഷ്ടപ്പെടുന്നതാണ്. ബിരുദാനന്തര ബിരുദവും, ബി.ടെകും, എം.സി.എയും ഒക്കെ പഠിച്ച വിദ്യാര്‍ത്ഥികള്‍ പഠിച്ച ഉടനെ തന്നെ വിദേശത്തേക്ക് പോയി പണം സമ്പാദിക്കാനാണല്ലോ ശ്രമിക്കുന്നത്. നാട്ടിലെ രാഷ്ട്രീയക്കാരെ ഒക്കെ കുറ്റം പറയുകയും എന്നാല്‍ നാടിനു വേണ്ടി ഒന്നും ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നുമില്ല. പണം, പണം, പണം. ഇതിനു അപവാദമായവര്‍ കുറച്ചു ശതമാനം കാണും. നേഴ്സറി മുതല്‍ ഡൊണേഷന്‍ കൊടുത്തു വളരുന്നവര്‍ പിന്നെ ഇങ്ങനെയല്ലാതെ എങ്ങനെ ചിന്തിക്കും. ഞാന്‍ ആലോചിച്ചു.

നാല്പതിനോടടുത്തു പ്രായം ചെന്ന ഒരു വിദ്യാര്‍ത്ഥിയാണ് പിന്നെ വന്നത്. മേരി വര്‍ഗീസ് സ്വയം പരിചയപ്പെടുത്തി. ഭര്‍ത്താവിന് മാര്‍ക്കറ്റിലാണ് ജോലി. രണ്ടു കുട്ടികളുണ്ട്. ഏഴാം ക്ലാസ്സിലും അഞ്ചാം ക്ലാസിലും പഠിക്കുന്നു.

പ്രാരാംബ്ദം കൊണ്ടും ജീവിത സാഹചര്യം കൊണ്ടും മേരിവര്‍ഗീസിനു പ്രായകൂടുതല്‍ തോന്നിക്കുന്നതാണെന്ന് എനിക്കു തോന്നി.

“വീട്ടില്‍ ഭര്‍ത്താവ് പഠിക്കുന്ന കാര്യത്തില്‍ പ്രോത്സാഹിപ്പിക്കാറുണ്ടോ?”

“ഞാന്‍ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ അങ്ങേര് അപ്പോള്‍ ജനാലയില്‍ മാറാലയോ ചുവരില്‍ മാറാലയോ കാണും. എനിക്കിതിപ്പോള്‍ ശീലമായി. ഞാന്‍ അങ്ങേരില്ലാത്തപ്പോള്‍, കുട്ടികള്‍ സ്കൂളില്‍ പോയി കഴിഞ്ഞ സമയത്ത് ഇരുന്ന് പഠിക്കും. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ളവര്‍ അങ്ങനെ പഠിച്ചവരൊന്നുമല്ലാ. എനിക്ക് എന്തെങ്കിലും ജോലി നേടണമെന്നുണ്ട്. പി.എസ്.സി.യൊക്കെ എഴുതുന്നുണ്ട്. അങ്ങേര്‍ക്ക് ഞാന്‍ പി.എസ്.സി. പരീക്ഷ എഴുതുന്നതും താല്പര്യമില്ല. വീട്ടില്‍ കഷ്ടപ്പാട് തന്നെയാണ്. വീടാണെങ്കില്‍ എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീഴാമെന്ന അവസ്ഥയിലാണ്. ജോലി വേണം. അതെന്‍റെയൊരു വാശിയാണ്. മക്കളെ ഞാന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. രണ്ടുപേരും അത്യാവശ്യം നന്നായി പഠിക്കുന്നുണ്ട്.”

“ആട്ടെ, മേരി വര്‍ഗീസിന് ഏറ്റവും ഇഷ്ടപ്പെട്ട പേപ്പര്‍ ഏതാണ്? അതില്‍ നിന്നാവാം ചോദ്യങ്ങള്‍.”

“ചെറുകഥാ സാഹിത്യം ഇഷ്ടമാണ് പിന്നെ….. പിന്നെ ഫെമിനിസവും ഇഷ്ടാ.”

ഞങ്ങള്‍ മേരിയുടെ മറുപടി കേട്ട് ചിരിച്ചു.

“ജീവിതവുമായി ബന്ധമുള്ളതുകൊണ്ടായിരിക്കാം ഫെമിനിസം ഇഷ്ടപ്പെട്ടതെല്ലേ? ഏതായാലും ഫെമിനിസം നിങ്ങളുടെ ഉള്ളില്‍ കയറിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ചോദ്യങ്ങള്‍ തുടങ്ങാമല്ലേ?”

മേരി വര്‍ഗ്ഗീസിന്‍റെ പ്രതികരണങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു. ചിലര്‍ക്ക് ജീവിതം തന്നെയാണ് സിലബസ്സ്. സിലബസ്സിനെ അന്യമായി കാണാത്തവിധം ജീവിതം അതില്‍ ലയിച്ചുകിടക്കുന്നു.

“ഈശോമിശ്ശിയായ്ക്ക് സ്തുതിയായിരിക്കട്ടെ. ഞാന്‍ ഇന്നലെ സാറന്മാരെ സ്വപ്നത്തില്‍ കണ്ടിരുന്നു. നിങ്ങളിങ്ങനെ ഇരിക്കുന്നു. ഞാന്‍ സാറന്മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കാതെ ഇങ്ങനെ ഇരിക്കുന്നു. സാറന്മാരേ, ഞാന്‍ ഒന്നും പഠിച്ചിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് ഉരുണ്ട് കൂടി ഇത്രവരെ ആയി. ഇതാ ആ പരീക്ഷ കൂടി ഒന്നു കഴിയണം.” സിസ്റ്റര്‍ പറഞ്ഞു.

“എന്താ സിസ്റ്ററിന്‍റെ പേര്? ഏതു മഠത്തിലാണ്?”

ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് സിസ്റ്റര്‍ ഉത്തരം പറഞ്ഞു.

“ഞങ്ങള്‍ കണ്‍വേര്‍ട്ട്സ് ക്രിസ്ത്യന്‍സാണ്. മട്ടാഞ്ചേരിയിലെ അരയസമുദായമായിരുന്നു പൂര്‍വ്വികര്‍. അമ്മയുടെ അമ്മ മുതലാണെന്നു തോന്നുന്നു ഞങ്ങള്‍ ഈ മതത്തിലേക്കു വന്നത്.”

“വീട്ടിലേക്കെന്നും പോകാറില്ലേ,” ഞങ്ങള്‍ ചോദിച്ചു.

“ഓ …. പോവാറൊന്നുമില്ലന്നേ….. വീട്ടില്‍ പോയി…… എന്തിനാന്നേ. ഞാന്‍ മഠത്തില്‍ തന്നെ കഴിച്ചു കൂട്ടും. പഠിക്കാത്തവര്‍ അടുക്കള പണി ചെയ്യേണ്ടിവരും. അടുക്കള പണിയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് പഠിക്കുന്നത്.”

“അപ്പോ, ഇപ്പോള്‍ അടുക്കള പണിയില്ലാലേ?.. അവിടെ പുസ്തകങ്ങളൊക്കെ വായിക്കാന്‍ കിട്ടുമോ?”

“ഞങ്ങള്‍ക്ക് മഠത്തില്‍ ചെറിയൊരു ഗ്രന്ഥശേഖരമുണ്ട്. മതഗ്രന്ഥങ്ങളാണ് കൂടുതല്‍. മുമ്പു മലയാളം പഠിച്ച ഒരു സിസ്റ്ററായിരുന്നു മഠം സൂപ്പീരിയര്‍. അവര്‍ ശേഖരിച്ചുവച്ച കുറേ പുസ്തകങ്ങള്‍ അവിടെയുണ്ട്. മാധവികുട്ടിയുടെ കഥകളൊക്കെ അവിടെയുണ്ട്. മാധവിക്കുട്ടി, അവരെന്തു സ്ത്രീയാ. എന്തുട്ട് കഥകളാ അവരെഴുതിയിരിക്കുന്നത്. ഞാനൊന്നും വായിച്ചിട്ടില്ല. എങ്ങനെയെങ്കിലും സര്‍ക്കാറിന്‍റെ നാലുകാശ് സമ്പാദിക്കണം.”

“ഓ, മഠം ജോലി വാങ്ങി തരുമല്ലോ. ടീച്ചറായിട്ടാണോ? അതോ മറ്റു വല്ലെങ്കിലുമോ?”

“ടീച്ചറാകുവാന്‍ എനിക്കിഷ്ടമല്ല. അല്ലെങ്കില്‍ തന്നെ പഠിക്കാന്‍ എന്തു ബുദ്ധിമുട്ടാ. സ്കൂളിലെ ഒരു സിസ്റ്റര്‍ വത്തിക്കാനിലേക്ക് പോയി. ഇനി അവര്‍ മടങ്ങി വരില്ലാ. എനിക്കാ ജോലി തരാമെന്ന് പറഞ്ഞിട്ടുണ്ട്. അതിന്‍റെ പേപ്പര്‍ വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നു.”

“അതൊക്കെ പോട്ടെ, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേപ്പര്‍ ഏതാണെന്നു പറയൂ. അതില്‍നിന്ന് ചോദിക്കാം.”

“എന്‍റെ പൊന്നു സാറന്മാരേ, ഈശോ മിശിഹാ രക്ഷിച്ച് ഞാനെങ്ങനെയോ ഇവിടെ വരെയെത്തി. നിങ്ങള്‍ അറിഞ്ഞുകൊണ്ട് എന്തെങ്കിലും ഇട്ടാല്‍ മതി. ഇനി സാറന്മാര് ചോദ്യം ചോദിക്കുമ്പോള്‍ ഞാനൊന്നും മിണ്ടിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സങ്കടമാകൂലോ. എന്തെങ്കിലും ഇട്ടാല്‍ മതി.”

ഞങ്ങള്‍ അന്യോന്യം നോക്കി. ഇവരെ പറഞ്ഞുവിടാമെന്ന അര്‍ത്ഥത്തില്‍. അവരെണീറ്റു.

“സാറന്മാര്‍ക്കു വേണ്ടി ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാമേ എന്നു പറഞ്ഞു.”

ഞാന്‍ അവരോട് ചോദിച്ചു. “സിസ്റ്റര്‍ക്ക്, മഠം ഒരു സ്കൂള്‍ ടീച്ചറുടെ ജോലി തന്നാല്‍ അത് ഇഷ്ടമില്ലെങ്കിലും സ്വീകരിക്കുമോ?”

“ദൈവനിശ്ചയം നമുക്ക് തടുക്കാന്‍ പറ്റുമോ സാറേ.”

പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. സമയം വൈകിയിരിക്കുന്നു. നാളെയും വൈവാവോസിയുണ്ട്. ഞങ്ങള്‍ മാര്‍ക്കെഴുതി, എല്ലാം പൂരിപ്പിച്ചു. സീനിയര്‍ അദ്ധ്യാപകന്‍ വിദ്യാഭ്യാസമേഖലയിലെ മൂല്യശോഷണത്തെ കുറിച്ച് ആകുലപ്പെട്ടു. പാവം, പ്രായമായതുകൊണ്ടാണ്. വിദ്യാഭ്യാസം കച്ചവടമാകുമ്പോള്‍ മൂല്യത്തില്‍ ശോഷണമുണ്ടാകാം. എന്നാല്‍ അര്‍ഹരായവര്‍ക്ക് ജോലി കിട്ടണ സമൂഹം രൂപപ്പെടട്ടെ എന്നാശിക്കാം.

വൈവാ വോസി കഴിഞ്ഞ് ഓഫീസില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ വരാന്തയില്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ കാണാനെന്നോണം ഇരിക്കുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്ന് ‘നമസ്കാരം’ പറഞ്ഞു.

അവരുടെ മുഖങ്ങളിലെല്ലാം ഭാവി ലോകത്തിലേക്കു നീളുന്ന പ്രകാശങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് ചലിക്കുന്നവരാണ് ഞങ്ങള്‍. ബഹു രാഷ്ട്ര കമ്പനികള്‍ക്കനുസരിച്ചും മതാധികാരത്തിനുമനുസരിച്ചും വിദ്യാഭ്യാസം മാറികൊണ്ടിരിക്കുമ്പോള്‍ ചോദ്യങ്ങള്‍ എവിടെ ചെന്നു നില്‍ക്കും. ആര് തോല്‍ക്കും, ജയിക്കും. ഓരോ വൈവാവോസിയും വിദ്യാര്‍ത്ഥികള്‍ നമ്മോടു ചോദിക്കുന്ന ചോദ്യങ്ങള്‍ കൂടിയാണ്.

എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശി. തൃശൂർ ശ്രീ കേരളവര്‍മ്മ കോളേജിൽ മലയാള വിഭാഗം മലയാള വിഭാഗം പ്രൊഫസര്‍.