വേട്ടക്കാലം ആരംഭിക്കുകയായി

ബുച്ചിബൂബൂ  നോവൽ – അദ്ധ്യായം 19

തിരുവിഴാ കഴിഞ്ഞു. ഗ്രാമ വഴികള്‍ ഒഴിഞ്ഞു തുടങ്ങിയിരുന്നു. പെണ്ണുങ്ങള്‍ ഉത്സവ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ എത്തുന്നതിനു മുന്‍പ് കച്ചവടക്കാര്‍ ഉപേക്ഷിച്ച് പോയ വസ്തുക്കള്‍ തിരഞ്ഞു ആണ്‍കുട്ടികളുടെ കുഞ്ഞു കൂട്ടങ്ങള്‍ അവിടെയെല്ലാം അലഞ്ഞു നടന്നു. ചേരന്‍ വേപ്പുമരച്ചുവട്ടില്‍ പഴയ വേട്ടക്കാരുടെ കഥകള്‍ കേട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ കൂട്ടുകാരുടെയൊപ്പം അലഞ്ഞു നടക്കാന്‍ അവനു മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഗ്രാമത്തലവന്റെ വീടിനു മുന്‍പില്‍ വലിയ പന്തലുയരുന്നുണ്ട്. നാളെ വേട്ടക്കാലം ആരംഭിക്കുകയാണ്. വേട്ടക്കാരന്‍ ആവുന്നത് വരെ ഈ ചടങ്ങുകളിലൊക്കെ വലിയ ഉത്സാഹമായിരുന്നു. ചത്തു വീഴുന്നതിനു മുന്‍പ് ആ ചെന്നായുടെ കണ്ണിലെ ഭാവമാണ് ഇപ്പോഴും മനസ്സില്‍. ജീവിതകാലം മുഴുവന്‍ കാത്തിരുന്നത് കണ്ണില്‍ ചോരയില്ലാത്ത ഈ ജീവിതത്തിനു വേണ്ടിയായിരുന്നോ? സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് കാട്ടില്‍ പോയത്: കൂടുതല്‍ ചോദ്യങ്ങളാണിപ്പോള്‍ മുന്‍പില്‍.

പുതിയ ചേലയും വളകലുമിട്ടു മുടിയില്‍ പൂ ചൂടി താമ വരുന്നുണ്ട്. സാധാരണയായി അവളെ ഇത്ര ഒരുങ്ങി കാണാറില്ല. ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളുടെ പോലെയല്ല അവളുടെ ചിന്തകള്‍. ഇന്ന് പക്ഷെ, ആഘോഷത്തിന്റെ ദിവസമാണ്. അമ്മയുടെ നിര്‍ബന്ധത്തിനായിരിക്കണം . പനിക്ക് ശേഷം തന്നെ സന്തോഷിപ്പിക്കാന്‍ അവള്‍ കഴിയുന്ന പോലെയൊക്കെ പരിശ്രമിക്കുന്നുണ്ട്. അടുത്തു വന്നപ്പോഴാണ് ശ്രദ്ധിച്ചത്. മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍പ്പിച്ചിരിക്കുകയാണ്.

“ചടങ്ങുകള്‍ തുടങ്ങാറായി. കുളിച്ചു മുഖ്യന്റെ വീട്ടിലേക്കെത്താന്‍ പറഞ്ഞു.”

“ ഇഷ്ടമല്ലെങ്കില്‍ നിന്റെ പഴയ ഉടുപ്പുകള്‍ തന്നെ മതിയല്ലോ?’  ചിരിച്ചുകൊണ്ടവന്‍ ചോദിച്ചു.

“കാട് കയറ്റത്തിന് തന്നെ നാണം കെടുത്തിയത്തിനുള്ള ദേഷ്യം നിന്റെ പനിയോടു കൂടിയാണ് മാറിയത്. ഇനിയതുപോലെ പറ്റില്ല. എനിക്ക് വൈദ്യം പഠിക്കണം. അതിനു അമ്മ പറയുന്നത് കുറച്ചെങ്കിലും അനുസരിച്ചേ പറ്റൂ.” താമ തിരിഞ്ഞു നടന്നു.

ഒരു പക്ഷെ ഇനിയധികം ചടങ്ങുകളുണ്ടാവില്ല. എല്ലാം അവസാനിക്കാന്‍ പോവുകയാണ്. വേട്ടയില്ലെങ്കില്‍ ഈ ഗ്രാമത്തിലുള്ളവര്‍ എന്ത് ചെയ്യും? എല്ലാവരും ഇവടം ഉപേക്ഷിച്ച് പോകുമോ?

കാടിന് വേണ്ടി വേട്ടക്കിറങ്ങുമ്പോള്‍ കറുംകൂന്തലിയുടെ അനുഗ്രഹത്തോട് കൂടി വേണമെന്ന് തോന്നി.

മുഖ്യന്റെ വീട്ടില്‍ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. പതിനഞ്ചോളം വേട്ടക്കാര്‍ കാട് കയറുന്നുണ്ട്. അവര്‍ക്കുള്ള ഭക്ഷണം വിളമ്പി തുടങ്ങിയിരുന്നു. പച്ചക്കറികളും പഴങ്ങളും മീനും. ഇറച്ചിയില്ല. വേട്ടയില്‍ ആദ്യത്തെ മൃഗത്തെ കൊണ്ട് വരുന്നത് വരെ ഇനി ഇവിടെ മാംസാഹാരം ഉണ്ടാവില്ല. പണ്ടെങ്ങോ വിശപ്പിനു വേണ്ടി വേട്ടയാടിയിരുന്നതിന്റെ അവശിഷ്ടമാണ് ഈ ആചാരമെന്ന് താത്തപ്പന്‍ പറഞ്ഞിരുന്നു.

നാളെ വെളുക്കുമ്പോള്‍ അവര്‍ പുറപ്പെടും. കാട്ടില്‍ ഇരുട്ട് വീഴുന്നതിനു മുൻപ് എത്തി താവളമൊരുക്കണം. ആള്‍ക്കൂട്ടത്തിനിടയില്‍ അവള്‍ താത്തപ്പനെ കണ്ടു. വേട്ടക്കാരുടെ രീതികളോട് താല്പര്യമില്ലെങ്കിലും കാർമേഘത്തിനുള്ള ബലി കഴിക്കാന്‍ താത്തപ്പന്‍ എല്ലാ വര്‍ഷവും വരാറുണ്ട്. പക്ഷെ, ഇപ്രാവശ്യം കതിരില്ല. അവന്‍ കാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തനിക്കുള്ള ജോലി വരുന്നതേയുള്ളൂ. അതിനെക്കുറിചോര്‍ത്തപ്പോള്‍ തന്നെ കൈവെള്ളകള്‍ വിയര്‍ക്കുന്നത് അവളറിഞ്ഞു.

സദ്യക്ക് ശേഷം കാര്‍മേഘം പുറത്തിറങ്ങി. എല്ലാ വര്‍ഷവും വരുന്ന പോലെയല്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ആചാരത്തിനു ഒരു വേട്ടക്കാരനായിരുന്നു സദ്യയുണ്ണുന്നത്. കാടിന്റെ ശക്തി തന്നില്‍ നിറയുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. കതിര്‍ പുലര്‍ച്ചെ തന്നെ പുറപ്പെട്ടിരിക്കുന്നു. ഇരയ്ക്ക് മുന്‍പേ വേട്ടക്കാരന്‍ സഞ്ചരിക്കണം. നാളെ വേട്ടക്കാര്‍ കാട് കയറും. ഇരയ്ക്ക് വേണ്ടി വേട്ടക്കാരന്‍ അവിടെ കാത്തിരിപ്പുണ്ട്.

മഴ നനഞ്ഞു കുതിറന്ന കരിയിലകള്‍ അവന്റെ കാലിനടിയില്‍ പൊടിയുന്നുണ്ടായിരുന്നു. പുതിയ ജീവന്‍. പുതിയ തുടക്കം. കാലില്‍ പറ്റിക്കിടന്നിരുന്ന അട്ടകളെ അവന്‍ പറിച്ചു കളഞ്ഞു. അവയിപ്പോള്‍ അവനെ ഭയപ്പെടുത്തുന്നില്ല. കാട്ടിലുള്ളവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കാവല്‍ക്കാര്‍ വഴി എല്ലാവരിലേക്കും എത്തിയിട്ടുണ്ട്. ആവശ്യമുള്ളയിടങ്ങളില്‍ അവര്‍ കാത്തു നില്‍ക്കുന്നുണ്ട്. കാട് തന്നെ എന്തിനോ കാത്തിരിക്കുന്ന പോലെ അവനു തോന്നി.

താത്തപ്പന്‍ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു. മാസങ്ങളായി കാട്ടില്‍ നിന്നും പഠിച്ച അറിവുകളും. കടുവ പറഞ്ഞ തന്ന കാട്ട് നീതിയും താത്തപ്പന്‍ തനിക്കു ചെറുപ്പം മുതല്‍ പറഞ്ഞു തന്ന കാര്യങ്ങളും തമ്മില്‍ കാര്യമായ അന്തരമൊന്നുമില്ല. ആരെയും ആവശ്യമില്ലാതെ ഉപദ്രവിക്കരുത്. ഭക്ഷണത്തിനല്ലാതെ വിനോദത്തിനു വേണ്ടി കൊല്ലരുത്. കാട് ജീവന്‍ തന്നെയാണ്. നമുക്ക് തന്ന ജീവന്‍ തിരിച്ചു കൊടുക്കേണ്ടതുണ്ട്.

കടുവയുടെ ഗുഹയ്ക്കുള്ളിലാണ് കാത്തിരിക്കുന്നത്. വേട്ട ഏറെ ക്ഷമ വേണ്ട ഒന്നാണ്. കെണി വീണ് കഴിഞ്ഞാല്‍ പിന്നെ കുറച്ചു നേരത്തേക്ക് ഇര ബോധമില്ലാതെയിരിക്കും. ഏകദേശം പത്തു നിമിഷങ്ങളോളം അവരെ കീഴ്പ്പെടുത്താനുള്ള സമയമുണ്ട്. ഇപ്രാവശ്യം രണ്ടെണ്ണതിനെ കിട്ടിയാല്‍ പിന്നെ കുറച്ചു ദിവസത്തേക്ക് വേട്ടയുണ്ടാവില്ല. കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ വേട്ട മറക്കപ്പെടും. പക്ഷെ, പഴയതിലേക്ക് തിരച്ചു പോകാന്‍ അവര്‍ക്ക് അധികം സമയം ആവശ്യമുണ്ടാവില്ല. മൃഗങ്ങളെല്ലാം ഒരുപോലെയാണ്: കണ്ടുകൊണ്ടിരുന്നാല്‍ ,അനുഭവിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ ഓര്‍മ്മയുണ്ടാവൂ. ഒരേയോരനുഭവം, ഒരേയൊരു വേദന അവര്‍ക്ക് മറക്കാനുള്ളതാണ്.

ഇടയ്ക്ക് കാട്ടിലെക്കിറങ്ങാന്‍ താത്തപ്പന്റെ അനുവാദമുണ്ട്. വേട്ടക്കാരുടെ കൂട്ടങ്ങളെ കണ്ടു മുട്ടിയാല്‍ അവര്‍ പ്രത്യേകിച്ചൊന്നും ചോദിക്കാറില്ല. പരിചയത്തിന്റെ പേരില്‍ കുശലം ചോദിക്കും ചിലര്‍. ചിലര്‍ തലയൊന്നനക്കും. വേട്ടക്കിടയില്‍ അധികമാരും സംസാരിക്കില്ല. കൺ പീലിയടയുന്ന നേരത്തിന്റെയത്രയും ശ്രദ്ധ തെറ്റിയാല്‍ മതി, ജീവന്‍ വരെ നഷ്ടപ്പെടാന്‍.

ഗുഹയ്ക്ക് പുറത്തു അനക്കം കേട്ടു. കടുവ വന്നിരിക്കുന്നു. “ഒരു കൂട്ടം വേട്ടക്കാര്‍ കാടിനുള്ളിലേക്ക് കയറിയിട്ടുണ്ട്. പുഴക്കരയില്‍ നിന്നും കുറച്ചു മാറി ഒരു വലിയ മരത്തിനു ചുവട്ടിലാണ് അവരുടെ താവളം. അവിടെ അധികം മൃഗങ്ങള്‍  പോവാറില്ല. അവര്‍ താവളം കൂട്ടി കഴിയുമ്പോഴേക്കും ഇരുട്ട് വീഴും.”

“ഇന്നപ്പോള്‍ വിശ്രമിക്കാം. എന്തെങ്കിലും കഴിച്ചിട്ട് എല്ലാവരോടും നന്നായി ഉറങ്ങാന്‍ പറയണം. നാളെ മുതല്‍ ഉറക്കമുണ്ടാവില്ല. വേട്ടക്കാരന്‍ ഇര കുടുങ്ങുന്നത് വരെ കണ്ണടക്കില്ല”

കടുവ പോയപ്പോള്‍ അവന്‍ ഗുഹയ്ക്കകത്ത് തന്നെ തീ കൂട്ടാന്‍ തീരുമാനിച്ചു. പുഴക്കരയിലുള്ള സ്ഥിരം താവളം ഇനി പറ്റില്ല. വേട്ട നന്നാവാന്‍ കാര്‍മേഘത്തിന് കാണിക്ക വയ്ക്കാന്‍ വരുന്നവരുടെ തിരക്കായിരിക്കും അവിടെ. മാത്രമല്ല, അവരുടെ താവളവും അടുത്താണ്.

ഇന്ന് വീട്ടില്‍ നിന്നും കൊണ്ട് വന്ന ആഹാരമുണ്ട്. ഒരു പക്ഷെ, ദിവസങ്ങളോളം കാട്ടിലെ കായകളും കിഴങ്ങുകളും തിന്നു വിശപ്പടക്കേണ്ടി വരും. പക്ഷെ അത് തന്നെ തളർത്തേണ്ടതിനു പകരം മുന്നോട്ടു പോകാനുള്ള കരുത്താണ് തരിക എന്നാണ് താത്തപ്പന്‍ പറഞ്ഞത്.

ഭക്ഷണം കഴിഞ്ഞു അവന്‍ ഗുഹയുടെ നിലത്തു കിടന്നു. വേട്ടക്കാരനായത്തിനു ശേഷം ആദ്യത്തെ ഇരയുടെ ഹൃദയം തിന്നുമായിരുന്നത്രേ ഗ്രാമത്തിലെ വേട്ടക്കാര്‍. അങ്ങിനെ ചെയ്യുന്നതിലൂടെ ഇരയുടെ ശക്തി തങ്ങളിലെക്കും എത്തിച്ചേരും എന്നാണവര്‍ വിശ്വസിച്ചിരുന്നത്. ഇപ്പോള്‍ മറ്റു പലതുമെന്ന പോലെ ആ ചടങ്ങും ഇല്ലാതായി. അതിനു പകരമാണ് ആദ്യത്തെ ഇരയുടെ ചോര വേട്ടക്കാരന്റെ മുഖത്തു തേക്കുന്നത്. ചിലര്‍ കുറച്ചു നാക്കില്‍ വക്കാറുമുണ്ട്

കടുവ വന്നു ഗുഹയുടെ മറ്റൊരറ്റത്ത് ചുരുണ്ട് കിടന്നു. “നാളെ കാടിന്റെ നിലത്തു വെളിച്ചമെത്തുന്നതിനു മുന്‍പ് തയ്യാറാവണം.”

അടുത്ത ദിവസത്തേക്ക് ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സില്‍ ഒന്നോടിച്ചു നോക്കിയിട്ട് കതിര്‍ കണ്ണടച്ചു. ആദ്യത്തെ ഇര ആരായിരിക്കും? എത്ര നാള്‍ കൂടി ഇനി വേട്ടക്കാരനായി ജീവിക്കേണ്ടി വരും? ആദ്യത്തെ വലിയ ഇരയാണ്. ആദ്യം കൊന്ന മൃഗത്തിന്‍റെ ചോര കണ്ടപ്പോള്‍ തല കറങ്ങിയതുപോലെയാവുമോ ഈ വേട്ടയും? ഒന്നുമറിയില്ല.

പലതുമാലോചിച്ചു അവന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു. ഉറക്കത്തില്‍ അവന്‍ വേട്ടക്കാരെയും ഇരകളെയും വേട്ടയും സ്വപ്നം കണ്ടു. അവന്‍ കാർമേഘമായി മാറിയിരുന്നു. ഇരുട്ടിലൂടെ നടക്കുന്ന, കരിയിലകളില്‍ ചവിട്ടിപ്പോലും ശബ്ദമുണ്ടാക്കാത്ത കൗശലക്കാരനായ വേട്ടക്കാരന്‍. രാത്രി അവസാനിക്കാറായപ്പോഴേക്കും അവന്‍ എഴുന്നേറ്റു. അവനു സംശയങ്ങളില്ലായിരുന്നു. ഇന്ന് മുതല്‍ വേട്ട ആരംഭിച്ചു കഴിഞ്ഞു.

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 20  :  വേട്ടമുതലില്ലാതെ മടക്കം

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.