വെള്ളം ഉയരുമ്പോൾ ജനങ്ങൾ താഴേക്കിറങ്ങണം

‘വെള്ളം ഉയരുമ്പോൾ, ജനങ്ങൾ താഴേക്കിറങ്ങണം’ എന്നത് ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ യാങ്‌സീ നദീതീരത്തെ ഒരു പ്രാദേശിക പഴഞ്ചൊല്ലാണ്. ചൈനയിലെ പ്രധാന നദിയായ യാങ്‌സീയിൽ പണിയുന്ന ത്രീ ഗോർജസ് ഡാം കാരണം കുടിയൊഴിക്കപ്പെടേണ്ടി വരുന്ന സാധാരണക്കാരും ദരിദ്രനുമായ പ്രദേശ വാസികളുടെ ജീവിതചിത്രം പകർത്തിയ ഡോകുമെന്ററി സിനിമയാണ് ചൈനീസ്-കനേഡിയൻ സംവിധായകൻ യുങ് ചാങ് ന്റെ “അപ്പ് ദ യാങ്‌സീ”  (Up the Yangtze).

 2007 ലാണ് ഈ   ഡോകുമെന്ററി   ഇറങ്ങുന്നത്. യാങ്‌സീ നദിയിൽ നിർമിച്ച ത്രീ ഗോർജസ് ഡാമിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്ന ആളുകളുടെ കഥയോടൊപ്പം കർഷക-ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉപഭോക്തൃ മുതലാളിത്തത്തിലേക്കുള്ള ചൈനയുടെ  മാറ്റത്തെയാണ് ഈ ചിത്രം കാണിക്കുന്നത്.  “സിൻഡി”  എന്ന കൗമാരക്കാരിയാണ് ഒരു പ്രധാന കഥാപാത്രം.

ഡാം കാരണം വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട ഒരു ദരിദ്ര കർഷക കുടുംബത്തിൽ നിന്നുള്ള ഈ പെൺകുട്ടി, പട്ടിണിയിൽ നിന്നും രക്ഷനേടാൻ തൻറെ ഗ്രാമത്തിൽ നിന്നും ക്രൂയിസ് ഷിപ്പിൽ ജോലി ചെയ്യാൻ പോകുന്നതും, അവിടെ അവളുടെ പൊരുത്തപ്പെടലുകളും ആണ് ഇതിൽ പ്രതിപാദിക്കുന്നത്.  ടൂറിസത്തിന്റെ പുതിയ ലോകവുമായി ബന്ധപ്പെട്ടപ്പോൾ അതിനോട് പൊരുത്തപ്പെടാനാവാതെ കണ്ണീരു വാർക്കുന്ന, മുങ്ങിക്കൊണ്ടിരിക്കുന്ന തന്റെ കുടിലിനെ കുറിച്ചോർത്ത് ദുഃഖിക്കുന്ന കൗമാരക്കാരിയുടെ  മുഖം. ചൈനയുടെ ആധുനികവൽക്കരണത്തിന്റെ ഇരുണ്ട വശങ്ങൾ ഈ ചിത്രം തുറന്നുകാട്ടുന്നു.

സാമ്പത്തിക വളർച്ചയുടെ നിഴലിൽ അദൃശ്യരാകുന്ന ദുര്ബല വിഭാഗങ്ങളുടെ കഥയാണ്. അത് സംവിധായകൻ ബോധപൂർവം പറയുന്നതാണ്. സിൻഡിയുടെ കുടുംബം പോലുള്ളവർ പ്രകൃതിയുമായി ചേർന്ന ജീവിതം വിട്ട് നഗരത്തിലെ അന്യമായ പരിസ്ഥിതിയിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു. ക്രൂയിസ് ഷിപ്പിലെ ആഡംബര ലോകവും, അതിൽ ജോലി ചെയ്യുന്ന യുവാക്കളുടെ സ്വപ്നങ്ങളും വാസ്തവികതയും തമ്മിലുള്ള ആഘാതം ചിത്രം ശക്തമായി ചിത്രീകരിക്കുന്നു.

ഈ സിനിമയിലെ മറ്റൊരു കഥാപാത്രമാണ് പത്തൊമ്പത്കാരനായ “ജെറി”  സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ നിന്നെത്തിയ ഈ യുവാവ് ക്രൂയിസിൽ ഒരു പോർട്ടർ, ഗായകൻ എന്ന നിലയിൽ ജോലി ചെയ്യുന്നു. പണത്തിനായുള്ള അവന്റെ പ്രയത്നങ്ങൾ സിൻഡിയുടെ കഥയുമായ് വിപരീതമാണ് രണ്ടു ജീവിതങ്ങളുടെ വ്യത്യാസങ്ങൾ സൂചിപ്പിക്കാനാണ് ഇങ്ങനെ ഒരു കഥാപാത്രം കൂടി ചേർത്തിരിക്കുന്നത്. . ഇതിലൂടെ  ഗ്രാമീണ ജീവിതത്തിന്റെ നഷ്ടവും നഗരവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങളും ചിത്രം സൂക്ഷ്മമായി പകർന്നു തരുന്നു.

“അപ്പ് ദ യാങ്‌സീ” എന്ന ഈ സിനിമ  സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തെ മനുഷ്യത്വത്തോടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയാണ്. ചൈനയുടെ “പുരോഗമനം” എന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന മനുഷ്യവേദന ഈ  സിനിമയിൽ നമുക്ക് കാണാം. നർമ്മദയുടെ തീരത്തെ ആദിവാസികളുടെയും ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ യാങ്‌സീ നദീതീരത്തെ ജനതയുടെയും ഒരേ ശബ്ദമാണ്. വെള്ളം ഉയരുമ്പോൾ മുങ്ങിക്കൊണ്ടിരിക്കുന്ന കുടിലിനെ നോക്കി വേദനയോടെ മലയിറങ്ങുന്ന മനുഷ്യരുടെ മുഖങ്ങൾക്കെല്ലാം ഒരേ ഛായയാണ്.  കുടിയിറക്കപ്പെട്ട അനാഥത്വം അവരുടെ മുഖത്ത്  നിറഞ്ഞിരുന്നു. കഷ്ടപ്പെട്ടു വളർത്തിയ ചോളപ്പാടങ്ങൾ വിളവെടുക്കാനാകാതെ ഡാമിന്റെ വൃഷ്ടി പ്രദേശമായി മുങ്ങിക്കൊണ്ടിരിക്കുന്നതും അവസാനം തങ്ങളുടെ കുടിലിനു മീതെ വെള്ളം വന്നു നിറയുന്നതും അവർ കാണുന്നു. വികസനത്തിന്റെ വഴികളിൽ എല്ലാം നഷ്ടപെട്ട കുറെ മനുഷ്യരുടെ രോദനങ്ങൾ കൂടിയുണ്ടാകും എന്ന യാഥാർഥ്യത്തെ  പച്ചയായി കാണിക്കുന്ന ഈ ഡോക്യുമെന്ററി ആഴമുള്ള അനുഭവമാണ്.

മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.