വെറുതെയൊരു സ്വപ്നം

എപ്പോഴെന്നറിയില്ല. രാവിരുണ്ടു വെളുക്കുന്ന അവസാന നിമിഷത്തിലെങ്ങോ ആണ്.

കോട്ടൺ സാരിയുടെ ഭംഗിയിൽ ഒതുങ്ങി ശൈലജേച്ചി ചിരപരിചിതയെ പോലെ ഓട്ടോയിറങ്ങി വീട്ടിലേയ്ക്ക് കയറി വന്നു.

“ആഹാ മെൽബൺ സുന്ദരി….. നാട്ടിൽ എന്നാ എത്തിയത്. ?’

അത്ഭുതത്തോടെയുള്ള എന്റെ ചോദ്യത്തിന് കവിളിൽ പിടിച്ച് ‘ഇന്നലെ എത്തിയതേയുള്ളൂ…. നിന്റെ വീടല്ലേയടുത്ത്. ആദ്യ സന്ദർശനം നിന്റെയടുത്തേയ്ക്ക് ആകാമെന്ന് കരുതി’

“എവിടെ മക്കൾ?”

അന്തംവിട്ടു നിൽക്കുന്ന ഞാൻ പെട്ടെന്ന് കസേര നീക്കിയിട്ടു

‘ഇരിക്ക് ചേച്ചി…. അവര് അപ്രത്ത് ഉണ്ട് …..സായി …. അമ്മു… ഇവിടെ വാ”

“ഞാനൊട്ടു പ്രതീക്ഷിച്ചില്ല. എവിടെവച്ചെങ്കിലും കാണാന്നെ കരുതിയുള്ളൂ. സന്തോഷായി.”

അടുക്കും ചിട്ടയുമില്ലാതെ പുസ്തകങ്ങളും തുണികളും വാരിവലിച്ചിട്ടിരിക്കുന്നിടത്തേയ്ക്ക് ചേച്ചിയുടെ കണ്ണു പോയപ്പോൾ സ്വയം തുണിയുരിയുന്ന പോലെ തോന്നി.

“യാത്ര സുഖമായിരുന്നോ ചേച്ചി ?” നോട്ടം മാറ്റാൻ ഞാൻ ചോദിച്ചു.

“നല്ല മഞ്ഞുവീഴ്ചയാ അവിടെ. ഇവിടെയെത്തിയപ്പോൾ നല്ല ചൂടും. ശരീരം കാലാവസ്ഥയോട് പൊരുതി നിൽക്കുകയാ .”

സംസാരിക്കുമ്പോൾ തന്നെ ഞാൻ അടുക്കളയിലേത്തി ചായയ്ക്ക് വെള്ളം വച്ചു. രാവിലെ ഉണ്ടാക്കിയ ഇലയട ഒന്നു ചൂടാക്കി.

” പ്രവാസികൾക്ക് ഇലയട നല്ല ഇഷ്ടാകും” ടേബിളിൽ കൊണ്ടു വയ്ക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“ആഹാ … ഞാൻ വരുനെന്ന് നിന്നോടാരാ പറഞ്ഞേ…?”

ആശ്ചര്യത്തോടെ ചേച്ചി എന്നെ നോക്കി.

“അതാണ് സ്നേഹം …” ചേച്ചിയോട് ചേർന്നിരുന്നു ഞാൻ പറഞ്ഞു.

പിന്നെ ഒരുപാട് വിശേഷങ്ങൾ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ ശൈലജേച്ചി …

സമയം 12 മണി. ചേച്ചി ഇപ്പോ പോകുന്നുണ്ടാകുമോ ആവോ ? ഭക്ഷണമൊന്നുമായില്ല. ചായ കുടിച്ച് വിശേഷങ്ങൾ പറഞ്ഞ ശേഷം പോകുമെന്നാ കരുതിയത്.

“ചേച്ചി ഊണ് കഴിച്ചിട്ടല്ലേ പോകുകയുള്ളൂ.”

“നിന്റെ കൈപുണ്യം അറിഞ്ഞിട്ടു തന്നെ പോകുന്നുള്ളൂ.”

ഞാൻ ആകെ അങ്കലാപ്പിലായി. എന്ത് കറിവയ്ക്കും. ഇഞ്ചിക്കറിയും അച്ചാറും ഇന്നലത്തെ സാമ്പാറുമുണ്ട്. വേറെ ഒന്നും വച്ചിട്ടുമില്ല.

വാഴക്കുലച്ചതിൽ നിന്ന് ഒരു പടല കായയുരിഞ്ഞ് ഒരുപ്പേരി. കായയിട്ട് മോര് ഒഴിച്ചു കറി, തേങ്ങ ചമ്മന്തി പപ്പടം വറുത്ത് 1.30 ആയപ്പോഴെയ്ക്കും ചോറു കൊടുത്തു.

“നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ഊണ് ഗംഭീരമാക്കിയേന്നെ …” കുറ്റപ്പെടുത്തലോടെ ഞാൻ പറഞ്ഞു.

“ഇതെന്താ കുഴപ്പം . ഞാൻ കഴിക്കണമെന്നാഗ്രഹിച്ചതു മുഴുവൻ ഇവിടെയുണ്ട് പിന്നെയെന്താ ..?”

അടുക്കളയിൽ നിന്ന് പാത്രങ്ങൾ ടേബിളിൽ കൊണ്ടു വയ്ക്കുന്നതിനിടയിൽ ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ പിന്നെയും പിന്നെയും ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു.

ചേച്ചി എല്ലാം ആസ്വദിച്ചു കഴിക്കുന്നതു കണ്ടപ്പോൾ തെല്ലു ആശ്വാസം തോന്നി.

“വായയ്ക്ക് രുചിയായി കഴിക്കുന്നത് നാട്ടിൽ വരുമ്പോഴാ … ” പാത്രങ്ങളെല്ലാം കഴുകി വയ്ക്കുന്നതിനിടയിൽ ചേച്ചി പറഞ്ഞു.

“ഒന്നു കിടക്കുന്നോ …?” റൂമിലെ ബെഡ് ഷീറ്റ് മാറ്റി വിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“നീ ഇവിടെയിരിക്ക്. ” ബെഡിന്റെ ഒരു തലയ്ക്കൽ ഞാനിരുന്നു.

ചേച്ചിയുടെ ഹാപ്പിയുടെ ഉല്ലാസ യാത്രകൾ കുട്ടികൾക്ക് വായിക്കാൻ എടുത്തു കൊടുത്തു.

“ചേച്ചി ഈ കുട്ടികൾ കുറച്ച് മുതിർന്നതാ..” ചിരിച്ചു കൊണ്ടു ഞാൻ ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.

“അവർ ആസ്വദിച്ച് വായിക്കുമെങ്കിൽ വായിക്കട്ടെ …” ബാഗിന്റെ സിബ്ബ് വലിച്ചടച്ചു കൊണ്ട് പറഞ്ഞു.

“ചേച്ചി മനക്കലപ്പടി വീടെടുത്തത് ഞാൻ അറിഞ്ഞില്ല ട്ടോ …’

“ആരും അറിഞ്ഞിട്ടില്ല. ശാന്തമായ സ്ഥലം. എനിക്കിഷ്ടായി.’ പതുക്കെ ബെഡിനോട് ചാരിയിരുന്നു.

“കുറച്ചുനേരം കിടന്നോള്ളൂ ചേച്ചി.” ഞാൻ എഴുന്നേറ്റു.

4 മണിയാക്കുമ്പോ ചായ കൊടുക്കണം. പഴംപൊരിയുണ്ടാകാം.

ഒരിക്കലും പ്രതീക്ഷിക്കാതെയുള്ള വിരുന്നുകാരിയെ എങ്ങനെ ഊട്ടണമെന്നറിയാതെ ഉഴലുകയാണ് ഞാൻ.
5 മണിയാകുമ്പോ പോകും.

ചേട്ടനെ വിളിച്ചാലോ …

പറഞ്ഞു കേട്ട അറിവേയുള്ളൂ ചേട്ടന് . മെൽബണിന് വരുന്ന സ്നേഹം നിറഞ്ഞ ഒരോ മെസേജും ചേട്ടന് കാണിച്ചു കൊടുക്കും. അകലങ്ങളിൽ നിന്ന് വാക്കുകളിൽ തേൻ പുരട്ടാൻ ആർക്കാ കഴിയാത്തതെന്ന ഭാവം.

ഇന്ന് വരുമ്പോ അന്തംവിടും. .

എണ്ണയോടൊപ്പം പഴം പൊരി വിറങ്ങലിക്കുന്നതു കണ്ടപ്പോൾ പതുക്കെ കോരിയെടുത്ത് പാത്രത്തിലേയ്ക്ക് പകർത്തി. വാൽ പാത്രത്തിൽ തിളച്ച ചായ ഫ്ളാസ്കിൽ പകർത്തി. ടേബിളിൽ എടുത്തു വച്ചു.

“എന്നെ ഉറങ്ങാൻ സമ്മതിക്കില്ലല്ലേ …!?” പഴംപ്പൊരിയുടെ മണമടിച്ച് ചേച്ചി എന്റെ മുന്നിൽ.

“വാ ചേച്ചി … ചായ കുടിക്ക്. ചേട്ടൻ ഇപ്പം വരും. വന്നിട്ട് പോയാൽ മതി .. ട്ടോ …” സ്നേഹപൂർവ്വം തോളിൽ തട്ടി.

“ഞാനിന്ന് പോകുന്നില്ല. ഒരന്തി നിന്റെ കൂടെ നിൽക്കണം.”

അത്ഭുതത്തോടും അത്യധികമായ സന്തോഷത്തോടും കുട്ടിയാണ് ഞാൻ ഇത് കേട്ടത്.

“ചേച്ചി …”

“അതേ മോളേ …”

“ഇന്ന് നിന്റെ കൂടെ കഴിയാൻ എനിക്ക് അനുവാദം തന്നിട്ടുണ്ട്.”

അന്തംവിട്ടു കണ്ണു തുറന്നു നോക്കിയപ്പോൾ ജനലിനരികിൽ നിന്ന് നേർത്ത നിലാവെളിച്ചം കണ്ണിലേയ്ക്ക് പതിച്ചു. സമയം നോക്കി. 5 മണി. അമ്പലത്തിൽ നിന്നും പ്രഭാതഭേരി കേൾക്കുന്നുണ്ട്.

വെറുതെ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്ത് വാട്സ്അപ്പ് നോക്കി. മെൽബണിന് ശൈലജേച്ചിയുടെ മെസേജ്, ‘സുപ്രഭാതം’

ഫോൺ ഓഫ് ചെയ്ത് ചിരിയോടെ വീണ്ടും ഒരു സ്വപ്നത്തിനായ് കണ്ണടച്ചു.

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.