ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 21
സന്ധ്യയാവുന്നത്നു മുന്‍പ് കതിര് വീട്ടില്‍ തിരിച്ചെത്തി. കുളിച്ചു വസ്ത്രം മാറി വേപ്പിൻ ചുവട്ടില്‍ എത്തിയപ്പോഴേക്കും മണ്ട്രം തുടങ്ങിയിരുന്നു. മാണിക്കത്തെ കാണാതായത്തിനു ശേഷം ഗ്രാമമുഖ്യന് ചുമതലകളില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ട് നില്‍ക്കുകയാണ്. ഒരേയൊരു മകനായിരുന്നു. അവന്റെ നഷ്ടം അയാളെ തകര്‍ത്ത് കളഞ്ഞിരുന്നു. പെരിയോര്‍ക്ക് ഇത് കണ്ടു സഹതാപമുണ്ടായിരുന്നു. പക്ഷെ, മുന്നോട്ടു വച്ച കാല് ഇനി പിന്നോട്ടെടുക്കാനാവില്ല. നെടുമാനാണ് തല്‍ക്കാലത്തേക്ക് മുഖ്യന്റെ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
“മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് നമ്മുടെ വേട്ട സംഘത്തില്‍ നിന്നൊരാളെ കാണാതാവുന്നത്. തിരച്ചിലില്‍ അയാളുടെ തോക്കും ചെരിപ്പുകളും കിട്ടിയിട്ടുണ്ട്. അയാള്‍ക്ക് ജീവന് ഇത് വരെ നഷ്ടപ്പെട്ടിട്ടില്ല എന്ന് തന്നെ കരുതാം. വേട്ടക്കിടയില്‍ ഒരാള്‍ക്ക് ഇതുപോലെ ഒരപകടമോ, മരണമോ സംഭവിക്കുകയാണെങ്കില്‍ അയാളുടെ ആത്മാവ് ചിതറിപ്പോവാതിരിക്കുവാന് വേണ്ടി ചടങ്ങുകള്‍ നടത്തേണ്ടതും കാടിന്റെ അതിരുകളില്‍ നിന്നും ഗ്രാമത്തിലേക്ക് വഴി കാണിക്കാന്‍ പത്തു ദിവസത്തേക്ക് വിളക്കുകള്‍ കത്തിക്കണമെന്നുമാണ് നിയമം. ഈ ദിവസങ്ങളില്‍ വേട്ട ഉണ്ടാവുകയില്ല. പത്തു ദിവസം കൂടി കഴിഞ്ഞാല്‍ വേട്ട സംഘം കാട് കയറും.”
താമ മുന്‍ നിരയില്‍, മാണിക്കത്തിന്റെ അമ്മയുടെ അടുത്തിരിക്കുന്നുണ്ടായിരുന്നു. താന്‍ കൂടി കൂട്ട് നിന്നിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന കുറ്റബോധം അവള്‍ക്കുണ്ടായിരുന്നു. പക്ഷെ, കാട്ടിലെ മൃഗങ്ങളുടെ ഭയം അവര്‍ അനുഭവിക്കണം. എന്നാല്‍ മാത്രമേ അവര്‍ക്കതൊരു പാഠമായുകയുള്ളൂ.
മാണിക്കത്തിന്റെ അമ്മ കരഞ്ഞു തളര്‍ന്ന് ആ ആള്‍ക്കൂട്ടത്തില്‍ ഇരുന്നു. അവന് മരിച്ചതായാണ് ഇവിടെയെല്ലാവരും കരുതുന്നത്. അന്ത്യകര്‍മങ്ങള്‍ തുടങ്ങി വയ്ക്കാനാണ് ഇന്നത്തെ മണ്ട്രം. ഒരു താലത്തില്‍ അവര്‍ മകന്റെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളും അവന് ഉപയോഗിച്ചിരുന്ന സാധനങ്ങളും കൊണ്ട് വന്നിരുന്നു. മ മണ്ട്രത്തിനു ശേഷം കറും കൂന്തലിയമ്മയുടെ മുന്പില് ആ താലം വയ്ക്കും . കാണാതായ തന്റെ മകന്, എന്നത്തെയും പോലെ സന്ധ്യക്ക് തന്നെയും വിളിച്ചു വീട്ടിലേക്കു കയറി വരും എന്ന പ്രതീക്ഷയും അവനോടൊപ്പം മരിക്കുകയാണ്.
ചടങ്ങുകള്‍ക്ക് ശേഷം ഗ്രാമത്തിലെ മുതിർന്നവരെല്ലാവരും കാടിന്റെയറ്റത്തെക്ക് നടന്നു അവിടെ നിന്നും ഗ്രാമത്തിലേക്ക് ചൂട്ടു വിളക്കുകള്‍ കത്തിച്ചു കുത്തി നിറുത്തി. ആത്മാവിനു വീട്ടിലേക്കുള്ള വഴി. പത്തു ദിവസത്തേക്ക് ആ വിളക്കുകള്‍ കേട്ടു പോകാതെയിരിക്കാന്‍ ചെറിയ സംഘങ്ങള്‍ കാവലുണ്ടാവും. പകല്‍ പോലും ആ വിളക്കുകള്‍ കെടില്ല.
തിരികെ വരുമ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഒരാളെ കാട്ടില്‍ കാണാതാവുന്നത്. അയാളെ കണ്ടു കിട്ടാത്തതിനാല്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും ഉറപ്പില്ല. അഥവാ മരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ആത്മാവിന്റെ കഷ്ണങ്ങള്‍ പലയിടങ്ങളിലെക്കായി ചിതറിപ്പോയി പരസ്പരം കണ്ടെത്താന്‍ കഴിയാതെ അവിടെയെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാവും. കുറച്ചു ദിവസം കൂടി കഴിയുമ്പോള്‍ അവ ശാന്തരായി പരസ്പരം കണ്ടെത്തി ഗ്രാമത്തിലേക്ക് തിരിച്ചു വരും. ഗ്രാമ മുഖ്യനും നെടുമാനും അവരുടെ കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്മാരും വിളക്കുകള്‍ക്കു കാവല്‍ നിന്നു. ബാക്കി യുള്ളവര്‍ നിശ്ശബ്ദരായി ഗ്രാമത്തിലേക്ക് തിരിച്ചു നടന്നു.
“ഇനി പോവുമ്പോള്‍ അവന്റെ കെട്ടഴിച്ചു വിട്ടേക്ക്”, വീട്ടി;ല്‍ കയറിയതും പെരിയോര്‍ പറഞ്ഞു.
കതിര് തലയാട്ടി. “അവനിപ്പോഴും ക്ഷീനിച്ചിട്ടില്ല. പക്ഷെ ഭയപ്പെടുത്താന്‍ അധികമൊന്നും വേണ്ട. വേട്ടക്കാരനായിട്ടും ഇവിടുള്ളവര്ക്കെന്താണ് കാട്ടില്‍ ഒറ്റയ്ക്ക് ജീവിക്കാനറിയാത്തത്?”
“എന്റെ കാലത്ത് അങ്ങിനെയായിരുന്നില്ല. ഒറ്റയ്ക്ക് കാട്ടില്‍ പോകുന്നവരുണ്ടായിരുന്നു. അന്ന് പക്ഷെ ചുറ്റും കാണുന്ന സാധനങ്ങളായിരുന്നു വേട്ടയുപകരണങ്ങള്. മൃഗക്കൊഴുപ്പും ചാരവും തേച്ചു ഉണക്കിയെടുത്ത വടികളായിരുന്നു വില്ല്. തീയില്‍ ചുട്ടു പദം വരുത്തിയ പുളിങ്കമ്പുകള്‍ അമ്പുകളും. കൊള്ളുന്ന മൃഗങ്ങളുടെ തോലൊക്കെ തന്നെ വൃത്തിയാക്കി പദം വരുത്തി ഉണക്കി സൂക്ഷിക്കും. അമ്പതെണ്ണമെങ്കിലും വിറ്റാലാണ് ഒരു തോക്ക് വാങ്ങാനുള്ള പണം ഒക്കുക. ഇന്നത്തെ പോലെ കാടുകയറ്റത്തിനു കിട്ടുന്ന സമ്മാനമായിരുന്നില്ല തോക്കുകള്‍. കാടിനെ അറിഞ്ഞു ഭയപ്പെട്ടും ബഹുമാനിച്ചും വേട്ടയാടുമ്പോള്‍ കിട്ടുന്ന ഒന്നായിരുന്നു.
പിന്നീട് ആര്‍ത്തി കൂടിയപ്പോള്‍ കൂട്ടം കൂടിയുള്ള വേട്ടക്കു തുടക്കമായി. ആള്‍ക്കൂട്ടത്തില്‍ ജീവിച്ചു, ആള്‍ക്കൂട്ടത്തെ അനുസരിച്ച് പതുക്കെ ഒറ്റയ്ക്ക് ജീവിക്കേണ്ടതെങ്ങിനെയെന്നു അവര്‍ മറന്നു.” പെരിയോര്‍ നെടുവീര്‍പ്പിട്ടു.
“അവന് ആ ഗുഹയില്‍ നിന്നും പുറത്തു പോവാതിരിക്കാന്‍ ശ്രമിക്കണമെന്ന് കടുവയോടു പറയണം. അവന് പേടികളെ അതിജീവിച്ചു രക്ഷപ്പെട്ടാലും ആ കാട്ടില്‍ തന്നെ അലയണം. പത്തു ദിവസത്തേയ്ക്ക് ആരും അങ്ങോട്ട് പോവുകയില്ല. നീ നാളെ സന്ധ്യക്ക് തന്നെ തിരികെ വരണം. രണ്ടു ദിവസം കഴിഞ്ഞു താമയെ കൊണ്ട് പോകണം. കാട്ടില്‍ നിന്നും ഇരുട്ട് മാറുന്നതിനു മുന്‍പ് അവിടെയെത്തണം. .” താത്തപ്പന്‍ ആകെ തളര്ന്നിരിക്കുന്നുവെന്നു അവനു തോന്നി.
പിറ്റേന്ന് രാവിലെ തന്നെ കതിര് കാട്ടിലേക്ക് തിരിച്ചു. കടുവയെ കണ്ടതിന ശേഷം തിരിച്ചു വന്നു. വിളക്കിന് കാവല്‍ നില്ക്കുന്നവരുടെ അടുത്തു പോയി കുറച്ചു നേരമിരുന്നു. മാണിക്കത്തെ വലിച്ചുകൊണ്ട് പോയ ആ മൃഗം ഇപ്പോഴും ആ കാട്ടിലെവിടെയോ ഉണ്ട്. മനുഷ്യന്റെ രുചി അതറിഞ്ഞു കഴിഞ്ഞു. വേട്ട സംഘങ്ങള്‍ കാട്ടില്‍ പോയ സമയത്ത് അത് ഗ്രാമത്തിലെക്കിറങ്ങിയാല് അപകടമാണ്. അതിന്റെ വേവലാതി എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. അടുത്ത ഘട്ടം തുടങ്ങാനുള്ള സമയമായി.
വീട്ടിലേക്കുള്ള വഴിയാകെ നിശ്ശബ്ദമായിരിക്കുന്നെന്ന് അവന് ശ്രദ്ധിച്ചു. വേപ്പ് മര ചുവട്ടിലും മൈതാനത്തിലും ബഹളക്കാരായ ചെറുപ്പക്കാരുടെ കൂട്ടങ്ങളില്ല. കൃഷി കഴിഞ്ഞും കിണറ്റുകരയില്‍ വെള്ളമെടുത്തും വീട്ടിലേക്ക് പോകാനൊരുങ്ങുന്ന പെണ്ണുങ്ങള് പരസ്പരം താഴ്ന്ന ശബ്ദത്തില്‍ സംസാരിച്ചു. ആരും പുറത്തു പറഞ്ഞു തുടങ്ങിയിട്ടില്ലെങ്കിലും ഭയം ഗ്രാമത്തില്‍ മുഴുവനും പടര്‍ന്നു കഴിഞ്ഞുവെന്നു അവനു മനസ്സിലായി. കൂടി വന്നാല്‍ ഈ വേട്ടക്കാലം കൂടി. അതോടെ ഈ ഗ്രാമവും അതിനോടൊപ്പം ഈ കാടും രക്ഷപ്പെടും.
വീട്ടിലെത്തിയപ്പോഴേക്കും അവനു തല ചൂടായത് പോലെ തോന്നി. തുടക്കത്തില്‍ ഒരു സാഹസികനെയും രക്ഷകനെയും പോലെയാണ് തോന്നിയത്. പക്ഷെ, ഇന്ന് ഗ്രാമത്തില്‍ ചിലവഴിച്ഛപ്പോഴാണ് തന്റെ ചെയ്തികളുടെ വ്യാപ്തി മനസിലാക്കുന്നത്. താത്തപ്പന്‍ തന്റെ ചുമലില്‍ വച്ചു തന്നിരിക്കുന്ന ഭാരം മൂലം എത്ര പേരാണ് വേദന അനുഭവിക്കേണ്ടി വരിക? കിണറ്റില്‍ നിന്നും തണുത്ത വെള്ളം കോരി തലവഴി ഒഴിച്ചിട്ടും അവനു പനിക്കുന്നത് പോലെ തോന്നി. തല ഒന്ന് തണുത്തപ്പോള്‍ ഇന്ന് തന്നെ ഗ്രാമത്തിലേക്കയച്ചത് മനപ്പൂര്വമായിരുന്നെന്നു അവന് തിരിച്ചറിഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ അവന് എഴുന്നേറ്റു. വിളക്കുകള്‍ക്കു കാവലിരിക്കുന്നവര്ക്കുള്ള ഭക്ഷണമുണ്ടാക്കി. അത് പൊതിഞ്ഞെടുത്തു ആ ദിവസം മുഴുവന്‍ അവരുടെ കൂടെ ചിലവഴിച്ചു. ഗ്രാമത്തിലുള്ളവര്‍ വേട്ടക്കാരല്ലാതിരിക്കുമ്പോള് തന്റെയും താത്തപ്പന്റെയും പോലെയുള്ളവരാണെന്നു അവനു മനസ്സിലായി. കാട് അവര്‍ക്കും വലുതാണ്. അവരുടെ നിലനില്‍പ്പിനു കൂടി കൈവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് മാത്രം അവര്‍ മനസ്സിലാക്കുന്നില്ല. തന്റെ താത്തപ്പനും അങ്ങിനെതന്നെയായിരുന്നല്ലോ എന്ന് അവനോര്‍ത്തു. ജീവിതത്തില്‍ വന്ന കുറേ അനര്‍ത്ഥങ്ങളും നഷ്ടങ്ങളും തന്നെയാണ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയത്. ഒരു പക്ഷെ, ഗ്രാമത്തിലുള്ളവരും അതെ പാതയില്‍ കൂടി പോവുകയാണെങ്കില്‍ അവരുടെ കാഴ്ചപ്പാടുകളും മാറിയാലോ?
ഇനി രണ്ടു ദിവസം കൂടിയുണ്ട് ബാക്കി. അത് കഴിഞ്ഞാല്‍ വിശപ്പിനു ഇര പിടിക്കാന്‍ അനുവദിക്കണം. ഫലമനുസരിച്ചാവും അടുത്ത വേട്ട.
അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 22 : മാണിക്കം മടങ്ങി വരുമോ ?