ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 18
ഇപ്പോഴും ചെറുതായി മഴ പൊടിയുന്നുണ്ട്. ബൂബൂ ഇരുട്ടി തുടങ്ങിയപ്പോഴാണ് മാളത്തില്‍ വന്നു കയറിയത്. കാട്ടൂകൂട്ടങ്ങളിലെക്ക് ബുച്ചി ഇപ്പോള്‍ വരാറില്ല. പക്ഷെ, ബൂബുവിനെ നിര്‍ബന്ധിച്ചു പറഞ്ഞയക്കും. കാട്ടിലെ വിവരങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്.
“മഴ തീരാറാവുമ്പോള്‍ നിറം മാറുന്നവര്‍ കുറേ പേര്‍ ഒത്തു കൂടാറില്ലേ? കാട്ടതിരിൽ വരെ അവര്‍ കൂടിയിട്ടുണ്ട്. ഭയങ്കര ബഹളമാണത്രെ! കഴിഞ്ഞ പ്രാവശ്യത്തെ പോലെയല്ല, കുറേപേര്‍ അരുവിയ്ക്കടുത്തും വന്നിരുന്നു. ബാക്കിവന്ന ഇറച്ചിയും പഴങ്ങളും അവിടെ വച്ചു പോയിട്ടുണ്ട്. കടുവയും കൂട്ടരും ഭയങ്കര സന്തോഷത്തിലാണ്. പക്ഷെ അവരുടെ ബഹളം കഴിയുമ്പോഴേക്കും വേട്ടക്കാര്‍ കാട്ടില്‍ വരുന്ന സമയമാവും. കരുതിയിരിക്കണമെന്ന് കടുവ പ്രത്യേകം പറഞ്ഞിരുന്നു.”
“വലിയവര്‍ക്കു എന്തെങ്കിലും മാറ്റമുണ്ടോ?” ബുച്ചി ചോദിച്ചു.
“പോരാട്ടം വേണമെന്ന് പറയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കുരങ്ങന്മാരും പന്നികളും നമ്മുടെ പക്ഷത്താണ്. വലിയവര്‍ ഞങ്ങള്‍ ഉണ്ടെന്നു തന്നെ ഗൗനിച്ചില്ല.” ബൂബുവിന് അത് പറയുമ്പോള്‍ കുറച്ചു സങ്കടമുണ്ടായിരുന്നു. കടുവയുമായി വരയന്‍ എന്ന ചെന്നായ വാക്കാല്‍ ഏറ്റുമുട്ടിയത് അവള്‍ ബുച്ചിയെ അറിയിച്ചു. “മഴ തുടങ്ങുന്നതിനു മുന്‍പ് അവസാനമായി ഒരു വേട്ടക്കാരന്‍ വന്നിരുന്നത്രേ. ഒറ്റയ്ക്കായിരുന്നു. സാധാരണയായി അവര്‍ കൂട്ടമായിട്ടാണ് വരവ്. വരയന്റെ കൂട്ടത്തിലൊരാളെ കൊന്നുവത്രേ. ആ ചെന്നായക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു. പതുക്കെയായിരുന്നത്രേ നടന്നിരുന്നത്. എന്നിട്ടും ആ വേട്ടക്കാരന്‍ വെറുതെ വിട്ടില്ല. ചത്തു കഴിഞ്ഞും പിന്നെയും നിലത്തിട്ടു വലിച്ചു. അയാള്‍ ഒറ്റയ്ക്കായിരുന്നെങ്കിലും കൈയ്യിലെ വടി കണ്ടു ഭയന്ന് കൂടെയുള്ളവര്‍ ഒളിച്ചിരുന്നുവത്രേ. ചത്ത ചെന്നായ്ക്ക് വേട്ടക്കാരനെക്കളും വലിപ്പമുണ്ടായിരുന്നു. എന്നിട്ടും അയാളെ എല്ലാവർക്കും ഭയമായിരുന്നു. അങ്ങിനെയുള്ളവരോടാണോ പോരാടാന്‍ പോകുന്നതെന്ന് ചോദിച്ചായിരുന്നു വഴക്ക്.
ഒരാളെ കണ്ടു ഭയന്നൊളിച്ച ചെന്നായ്കൂട്ടത്തെ കടുവ കണക്കിന് കളിയാക്കി. അപ്പോള്‍ വലിയവര്‍ വീണ്ടും പറഞ്ഞു, ഒളിച്ചു ജീവിക്കുകയായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ജീവന്‍ കളയാനാണ് നമുക്കാവേശമെന്ന്.”
“നമ്മളും ജയമുണ്ടാവും എന്ന് പറയുന്നില്ലല്ലോ? ഭയന്ന് ജീവിക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ. കാട്ടുനിയമങ്ങളിലും ഇരയ്ക്ക് സ്വന്തം ജീവന് വേണ്ടി പോരാടാനുള്ള അവസരം കൊടുക്കുന്നുണ്ട്. അതിനു നിറം മാറുന്നവരുടെ ഇടയില്‍ നിന്ന് തന്നെ ഒരാളുടെ സഹായം കിട്ടുകയാണെങ്കില്‍ അതില്‍ എന്താണ് തെറ്റ്? അവരുടെ ഇടയില്‍ ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ ശേഷിയില്ലാത്ത ഒരാളെ നിറം മാറുന്നവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ കൊല്ലുന്നത് കണ്ടിട്ടും ഭയന്ന് പിന്മാറുകയാണ് അവര്‍ ചെയ്തത്. ഭീരുവായി ജീവിക്കുന്നതിലും നല്ലത് ചെറുത്തു നിന്ന് ചാവുന്നത് തന്നെയാണ്.”
“ഇത് തന്നെയാണ് കടുവയും പറഞ്ഞത്. പക്ഷെ വലിയവര്‍ അതിനോട് യോജിക്കുന്നില്ല. ആ ചെന്നായെ കൊന്നയാള്‍ ഒറ്റയ്ക്ക് വീണ്ടും കാട്ടില്‍ വന്നിരുന്നുവത്രേ! കൈയ്യില്‍ വടിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അയാളുടെ കൂടെ കതിര്‍ ഉണ്ടായിരുന്നെന്ന്. നമ്മുടെ കൂടെ നില്‍ക്കുന്നവരെ എന്ന് നമുക്ക് തോന്നുമെങ്കിലും അവര്‍ ചതിക്കാന്‍ സാധ്യതയുണ്ടെന്നും വരയന്‍ പറഞ്ഞു.” ബൂബുവിനും മനസ്സില്‍ സംശയം കയറിത്തുടങ്ങിയിരുന്നു.
“നമ്മള്‍ ഇരു കൂട്ടരുടേയും ഇരകളാണ്. കാട്ടുകൂട്ടങ്ങളില്‍ വേട്ട പാടില്ല എന്ന നിയമം ഉള്ളതുകൊണ്ടല്ലേ വലിയവര്‍ നമ്മളെ തീറ്റയാക്കാത്തത്? വിശന്നിരിക്കുമ്പോള്‍ ആദ്യം കിട്ടുന്ന അവസരത്തിൽ അവര്‍ എന്നെയും നിന്നെയും കൊല്ലാന്‍ മടിക്കില്ല. എന്നിട്ടും നമ്മള്‍ അവരെ വിശ്വസിക്കുന്നുണ്ട്. കതിര്‍ നിറം മാറുന്നവരില്‍ നിന്നുമുള്ള വേട്ടക്കാരന്‍ തന്നെയാണ്. വിശപ്പിനു വേണ്ടി കാട്ടുനിയമങ്ങള്‍ക്കനുസരിച്ചാണ് വേട്ടയാടുന്നതെന്ന് മാത്രം. ഇത് വരെ നമ്മളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല. എന്റെ അഭിപ്രായത്തില്‍ വിപത്താണെന്ന് നമുക്കുറപ്പാകുന്നതുവരെ അവരെ വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല. അതിനു വേട്ടക്കാര്‍ വരുന്നത് വരെ കാത്തിരിക്കുകയാണ് പോംവഴി.” ബുച്ചിയുടെ സംസാരം കേട്ടുകൊണ്ടാണ് സികപ്പനും പെരിയപച്ചൈ എന്ന തത്തയും വന്നത്.
“ബുച്ചി പറയുന്നത് ശരിയാണ്. “,പെരിയപച്ചൈ പറഞ്ഞു.” ഈ കാട് നമ്മുടേത് കൂടിയാണ്. അതിനെ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും ശ്രമിച്ചു മരിക്കുന്നതില്‍ ഒരു അഭിമാനമുണ്ട്. വലിയവര്‍ക്കു ഇത്രയും കാലം ചെയ്യാന്‍ കഴിയാത്തതാണ് നമ്മള്‍ ചെയ്തിരിക്കുന്നത്. അതില്‍ നിന്നും നമ്മളെ പിന്തിരിപ്പിക്കാന്‍ അവര്‍ ശ്രമിക്കും,കാരണം, നമ്മള്‍ ആ ശ്രമത്തില്‍ ജയത്തിന്‍റെ ഒരംശമെങ്കിലും കണ്ടാല്‍ പിന്നെ അവര്‍ നമ്മളെക്കാള്‍ ശക്തരാണെന്നോ അവര്‍ക്ക് നമ്മളെ അപകടങ്ങളില്‍ നിന്നും നാശത്തില്‍ നിന്നും സംരക്ഷിക്കാനാവുമെന്നോ അവകാശപ്പെടാനാവില്ല. നമ്മുടെ ജയം അവരെ സംബന്ധിച്ച് കാടിന്റെ ജയമല്ല, മറിച്ച്, അവരുടെ തോല്‍വിയെയാണ് സൂചിപ്പിക്കുന്നത്.”
അവരോരോന്നു പറഞ്ഞിരിക്കുമ്പോഴേക്കും കാട്ടുകൂട്ടത്തിലെ മറ്റു വിശേഷങ്ങളുമായി എല്ലാവരും എത്തിച്ചേര്‍ന്ന് മാളത്തിലൂടെ കടുവയുടെ ഗുഹയിലേക്ക് യാത്രയായി. അവിടെ കുറച്ചുകൂടി വലിപ്പമുള്ളതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. ഈ ആശയം ആദ്യം തുടങ്ങിയത് പോലെയല്ല; ഇപ്പോള്‍ കൂടുതല്‍ പേര്‍ അതിനെ ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു. കടുവ ഇപ്പോഴും പറയുന്ന കാര്യം ബുച്ചിയോര്‍ത്തു; “മനസ്സിനുള്ളില്‍ ഒരു ചെറിയ വിശ്വാസത്തിന്റെ കണികയുണ്ടായാല്‍ മതി, അതിനെ ഊതിപ്പെരുപ്പിച്ചു വലിയൊരു കാട്ടുതീയാക്കാനും മറ്റുള്ളവരിലേക്ക് പടര്‍ത്താനും ഉള്ള കരുത്തുണ്ടാവും”. അവിടെ കൂടി നിന്നവരില്‍ അവനെക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളവരുണ്ടായിരുന്നു. പക്ഷെ അവര്‍ തന്നില്‍ വിശ്വസിക്കണമെങ്കില്‍ ആ വിശ്വാസത്തിനു എന്ത് കരുത്തുണ്ടാകും!
അവന്‍ ബൂബുവിനെ നോക്കി. അവളെ കിട്ടിയത് മുതല്‍ ഇന്ന് വരെ അവളെ മാത്രം സംരക്ഷിക്കാനാണ് ശ്രമിച്ചത്. കാടെന്ന വലിയ കുടുംബം എന്നും തന്നോടോപ്പമുണ്ടായിരുന്നു എന്ന കാര്യം തിരിച്ചറിയുന്നത് അടുത്ത കാലങ്ങളിലാണ്. അവന്‍ എല്ലാവരെയും ഒന്ന് നോക്കി. കൂട്ടത്തില്‍ കാട്ടിലെ ഒരുവിധം എല്ലാവരുമുണ്ട്. താൻ അവസാനം കാട്ടുകൂട്ടത്തില്‍ പോയിരുന്നപ്പോള്‍ എതിര്‍ത്തിരുന്നവര്‍ പോലും. കൂട്ടത്തില്‍ കീരിയും കാട്ടുപന്നിയെയും പാമ്പിനെയും ഒക്കെ ബുച്ചി കണ്ടു. “ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ എന്‍റെ കുടുംബം എനിക്ക് നഷ്ടപ്പെട്ടതാണ്. അന്ന് മുതല്‍ ബൂബൂ എന്‍റെ കൂടെയുണ്ട്. അവിടുന്നുമിവിടുന്നും കൂടെ കൂടിയ കുറേ കൂട്ടുകാര്. ഇപ്പോള്‍ നിങ്ങളും.
“കാട് നശിക്കാതിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇവിടെ മുന്പുണ്ടായിരുന്നവര്‍ പലരും ഇന്നിവിടെയില്ലാത്തത് നമ്മള്‍ സ്വയം രക്ഷിക്കുന്ന കാര്യം മാത്രമോര്‍ത്തു മാളങ്ങളില്‍ പതുങ്ങിയിരുന്നത് കൊണ്ടാണ്. ഇരുട്ടില്‍ നിന്നും പുറത്തു വരേണ്ട കാലമായി. ഭയന്ന് ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നത് തന്നെയാണ്.
“ഇനി അധികം ഇരുളും പകലും മാറാനില്ല. വേട്ടക്കാര്‍ കാട്ടില്‍ കയറാനുള്ള സമയമായി. പതിവുകള്‍ക്കു മാറ്റമില്ല. കാവല്‍ പഴയത് പോലെ തന്നെ നടക്കും. പക്ഷെ, ഇനി നമ്മള്‍ ഭയക്കില്ല. എങ്ങോ നഷ്ടപ്പെട്ടുപോയ കാട്ടറിവുകള്‍ നമ്മള്‍ ഓര്‍ത്തെടുക്കേണ്ട സമയമായി. നമ്മുടെ ജീവന് വേണ്ടി പോരാടിത്തുടങ്ങി എന്ന് കരുതി മുന്‍പുണ്ടായിരുന്ന പോലെത്തന്നെ കാവലുണ്ടാവണം. മേഘത്തിനെയും കതിരിനെയും മുഴുവനായും വിശ്വസിക്കണമെങ്കില്‍ അവരുടെ പ്രവര്‍ത്തിയിലൂടെ കാട്ട് നീതി അനുസരിക്കുന്നവരാണെന്നു നമുക്ക് ബോധ്യമാവണം. പക്ഷെ അവര്‍ കൂടെയില്ലെങ്കില്‍ ഈ യുദ്ധം നമുക്ക് സാധ്യമാവുകയുമില്ല.”
“ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?” സീരന്‍ എന്നാ കീരി പിന്നില്‍ നിന്നും ചോദിച്ചു. ”ഇനി അധികം ദിവസങ്ങളില്ല. അവര്‍ അധികം വേട്ടയാടാത്തവര്‍ക്കാണ് കൂടുതല്‍ സഹായിക്കാനാവുക എന്ന് എനിക്ക് തോന്നുന്നു.“
“വേട്ടയാടപ്പെടുന്നവര്‍ക്കും പണിയുണ്ട്. ഇരുളും പകലും മാറി വരുമ്പോള്‍ മേഘം വരുമെന്നാണ് കതിര്‍ പറഞ്ഞത്. എന്താണ് ചെയ്യാനുള്ള കാര്യങ്ങളെന്ന് അപ്പോള്‍ അറിയാം. നിറം മാറുന്നവര്‍ ഇനി ഈ കാട്ടിലേക്ക് കയറുന്നത് സൂക്ഷിക്കേണ്ട കാലമായി. നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം അവര്‍ ചെന്നായ്ക്കളെപ്പോലെ കൂട്ടമായി വരുന്നവര്‍ ആണെന്നാണ്. വളരെ അപൂര്‍വ്വമായേ അവര്‍ ഒറ്റയ്ക്കേ കാട്ടിനുള്ളില്‍ കയറാറുള്ളൂ. കൂട്ടമായി അവരെ ആക്രമിക്കാന്‍ നമുക്ക് പറ്റില്ല. ഓരോരുത്തരെയായി എങ്ങിനെ നേരിടാമെന്നതിനെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.” കടുവ പറഞ്ഞു.
“കാട്ടിലെ കാവല്‍ ശക്തിപ്പെടുത്തണം. ഇപ്പോള്‍ നമ്മുടെയിടയില്‍ കൂടുതല്‍ പേരുണ്ട്. നമ്മളറിയാതെ നിറം മാറുന്നവര്‍ക്ക് ഈ കാട്ടിലെ ഒരു കരിയിലയില്‍ പോലും ചവിട്ടാനാവരൂത്. ഇനി മുതല്‍ മരങ്ങളിലുള്ളവര്‍ മാത്രമല്ല, മറ്റുള്ളവരും ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഒളിഞ്ഞിരിക്കാന്‍ കഴിയുന്നവര്‍. പുഴയിലെ മീനുകള്‍ക്ക് പോലും നമ്മളെ സഹായിക്കാന്‍ കഴിയും. ഇനിയുള്ള ദിവസങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. നമ്മളിലോരോരുത്തരുടെയും ഈ കാടിന്റെയും നിറം മാറുന്നവരുടെയും ജീവിതങ്ങള്‍ ഒരിക്കലും അഴിയാനാവത്ത വിധം കുരുങ്ങാന്‍ പോവുകയാണ്.” കടുവ നിര്‍ത്തി.
കാട്ടിലെ കാവല്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം എല്ലാവരും ശരി വച്ചു. സികപ്പനും കൂട്ടരും കൂടാതെ കീരികളും പാമ്പുകളും ഓന്തുകളും അരണകളും മുള്ളന്‍ പന്നികളും മുതല്‍ പല തരം പക്ഷികള്‍ വരെ ഇതിനു തയ്യാറായി.
ബൂബു അവരുടെയെല്ലാം ഇടയില്‍ ഓടി നടന്നു. കാട്ടുനീതിക്ക് അനുസരിച്ചായിരിക്കും ഇനി ബൂബുവിന്റെ ജീവിതം. അവളെ നോക്കിയിരിക്കുമ്പോള്‍ ബുച്ചി ഓര്‍ത്ത്. ഇനിയവളെ കാട് രക്ഷിക്കും. നിറം മാറുന്നവര്‍ ഇനിയധികം കാലം ഈ കാട്ടില്‍ ധൈര്യത്തോടെ കയറി വരില്ല.
കാട്ടിലുള്ളവര്‍ തയ്യാറായി കാത്തിരുന്നു. ഇനി കതിര്‍ വരുന്നത് വരെ.
അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 19 : വേട്ടക്കാലം ആരംഭിക്കുകയായി