കടൽത്തീരത്തുള്ള എന്റെ വീട്
പറിച്ചു നടുക പ്രയാസകരമാണ്.
മൂവേഴ്സിന്റെ വണ്ടിയിൽക്കൊള്ളാത്ത
പലതുമുണ്ടവിടെ.
തിരമാലകളെയും മഞ്ഞസൂര്യനെയും
കൊണ്ട് പോകണം…
അതിൽ ഓർമ്മകളുടെ ആഴവും
കുസൃതികളുടെ ചിലമ്പലുമുണ്ട്.
ആൾക്കൂട്ടത്തിന്റെ ആരവങ്ങളും
പാറക്കെട്ടുകളുടെ സ്വച്ഛന്ദതയും കൊണ്ടുപോകണം…
അവയിൽ സൗഹൃദങ്ങളുടെ ഖനി ഒളിച്ചിരിപ്പുണ്ട് .
ബാൽക്കണിയിൽ വിരിച്ചിട്ട ആകാശവും
കൊച്ചുമകൾ ചുമരിൽ കോറിയിട്ട ചിത്രങ്ങളും
എങ്ങിനെ കൊണ്ടുപോകും … ?
വീടുമാറ്റത്തിനിടയിൽ ഉപേക്ഷിക്കേണ്ടുന്ന
സാധനങ്ങളുടെ ഒരു കൂന തന്നെയുണ്ട്.
അയാൾ സമ്മാനിച്ച ഒരു ബാഗും
അതിൽപ്പെടും.
ഇളംപച്ച നിറമുള്ള ആ ബാഗ്
ഒരുപാട് യാത്രകളെ ഓർമ്മിപ്പിക്കും.
ആ ഓർമ്മകളത്രയും
അവിടെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ഓർമകളും തിരമാലകളുമില്ലാത്ത
ശൂന്യത നിറഞ്ഞ
ഒരു നഗരത്തിലാണ് ഇപ്പോഴെന്റെ വീട്.