പഴയ വീട്
പൊളിച്ചുമാറ്റുമ്പോൾ
ഓർമ്മയുടെ
അടുപ്പും കുണ്ടിൽനിന്ന്
അമ്മ എഴുന്നേറ്റ്
നടന്നെന്നിരിക്കും.
ഉലക്കാക്കുണ്ടിൽ നിന്ന്
വിശപ്പിൻ്റെ
തീപ്പൊരി ചിന്നി
തെറിച്ചേക്കാം.
അമ്മിക്കല്ലിളക്കുമ്പോൾ
എരിവ് വന്ന്
ഒരിക്കൽ വിശപ്പടങ്ങാത്ത
വയർ –
പൊള്ളിച്ചേക്കാം
പഴയ
കട്ടില പടിയിൽ
ബന്ധങ്ങൾ മണത്ത്
ജീവിച്ച
ഒരു പൂച്ചയിറങ്ങി നടന്നേക്കാം.
ജനൽ പാളികൾ
തകരുമ്പോൾ
ഹൃദയത്തിൻ്റെ
പുറം കാഴ്ചകൾ അടഞ്ഞ് തുടങ്ങും.
വാതിലുകളുടെ
വിജാഗിരികളിൽ നിന്ന്
പെങ്ങൾ അടക്കിവെച്ച
ഞരക്കം വന്ന്
മുറുകിപ്പെട്ടുന്നുണ്ടാകണം.
വരാന്തകൾ
ഇളക്കിമറിക്കുമ്പോൾ
ഭാവി ജീവിതം
കാത്തിരുന്നവരുടെ
ചന്തി പൊള്ളുമായിരിക്കും.
തിണ്ണയുടെ
പരുപരുപ്പിൽ
നിന്ന്
മരിച്ച കാരണവൻമാർ ഇറങ്ങി നടന്നേക്കാം.
ഇപ്പോൾ –
കിടപ്പ് മുറിയുടെ
ഓരത്ത്
ആരോ
ബന്ധങ്ങളുടെ ഒരു കീറ
പായ ചുരുട്ടി വെച്ചിട്ടുണ്ടാകും.
അച്ഛനമ്മമാർ
നെയ്തുകൂട്ടിയ
കാല്പപനികതയുടെ
ചിലന്തിവലകളിലൊന്നിൽ നിന്നും
മോന്തായവും കഴുക്കോലുകളും അടർന്നിരിക്കണം.
എന്നിട്ടും…
പൊളിച്ച് മാറ്റിയ
ഒരു വീട്
മുറ്റത്ത് ഉണ്ടെന്ന് തോന്നുന്നത്
വാത്സല്ല്യത്തിൻ
കരിപറ്റിയ ഒരു ചുവര്
മനസിൽ ഉണ്ടായിരുന്നിട്ടാകണം…